Grab your copies!Bundle discounts available!Contact us for Book shops  discounts !

വൈജയന്തി

മഹാഭാരതയുദ്ധം സത്യത്തിൽ ധർമ്മവും അധർമ്മവും തമ്മിലുള്ള യുദ്ധമായിരുന്നോ? യുദ്ധമര്യാദകൾ പലതും പാണ്ഡവപക്ഷവും കൈവിട്ടിട്ടില്ലേ?

ഉവ്വ്, കൈവിട്ടിട്ടുണ്ട് – എന്നിരുന്നാലും അത് ധർമ്മാധർമ്മങ്ങൾ തമ്മിലുള്ള യുദ്ധമായിരുന്നു.

അതെങ്ങനെ ന്യായീകരിക്കപ്പെടും?

അധർമ്മത്തെ നേരിടാൻ പലപ്പോഴും അധർമ്മം കൊണ്ടേ കഴിയൂ. അതുതന്നെയാണ് ന്യായീകരണം!

തെല്ലും നീതിയോ ന്യായമോ ഇല്ലാതെ സദാ മറ്റുള്ളവരെ ഉപദ്രവിക്കാൻ ഇറങ്ങിത്തിരിച്ച ഒരാളെ നേരിടാൻ നീതിയുടെ വഴികളിലൂടെ മാത്രം പോയാൽ സാധ്യമാവില്ല. അങ്ങനെയാവുമ്പോൾ അയാൾക്കുള്ള മറുപടി അയാളുടെ അതേ നാണയത്തിൽത്തന്നെ കൊടുക്കേണ്ടിവരും!

നിരാലംബയായ ദ്രൗപദിയെ ബലം പ്രയോഗിച്ച്‌ കൗരവസഭയിലേക്ക് കൊണ്ടുവരാൻ ദുര്യോധനൻ ഉത്തരവിട്ടു. അതിനുശേഷം വസ്ത്രാക്ഷേപം ചെയ്യാനും ഉത്തരവിട്ടു. ദുര്യോധനൻ്റെ ആ ആജ്ഞ പൂർത്തീകരിക്കാൻ ദുശ്ശാസനന് കഴിയാതെപോയത് ആ സഭയുടെ പുറത്തുനിന്ന് കൃഷ്ണൻ ഇടപെട്ടതുകൊണ്ട് മാത്രമാണ്.

സഭയിലിരുന്ന ഗുരുജനങ്ങളടക്കമുള്ള ‘നീതിമാന്മാർ’ അതു തടയാൻ ശ്രമിച്ചില്ല. അഥവാ, അവരതിന് കണ്ണടച്ച് അനുവാദം കൊടുത്തു.

രാജ്യത്ത് ന്യായവും നീതിയും നിലനിർത്താനുള്ള ബാധ്യസ്ഥത രാജസദസ്സിനുണ്ട്. പ്രത്യേകിച്ച് സ്ത്രീജനങ്ങൾക്ക് നീതി ഉറപ്പാക്കാൻ രാജാവ് പ്രതിജ്ഞാബദ്ധനാണ്. എന്നാൽ ദ്രൗപദിക്ക് നേരിടേണ്ടിവന്ന കൈയേറ്റവും അപമാനവും തടയാൻ രാജാവോ രാജസദസ്സോ വേണ്ടവിധം ശ്രമിച്ചോ? – ഇല്ല. അതാണ് സത്യം.

അപ്പോൾ ഒരു കാര്യം ഉറപ്പിക്കാം – ആ സഭയും, അതിലിരുന്ന എല്ലാവരും അതിൻ്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരും.

മാനവരാശിയുടെ അവസാനം വരെ നിലനില്ക്കുന്ന ഇതിഹാസകാവ്യമാണ് മഹാഭാരതം. അപ്പോൾ കാലാകാലങ്ങളായി ഈ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യവംശത്തിന് ഈ മഹാഗ്രന്ഥം കൊടുക്കേണ്ട സന്ദേശമെന്താണ്?

നിരാലംബയായ ഒരു സ്ത്രീയെ അപമാനിച്ചവരും അതിന് കൂട്ടുനിന്നവരുമൊക്കെ യുദ്ധത്തിനു ശേഷവും വിജയശ്രീലാളിതരായി വിരാജിച്ചു എന്നതാവണമോ ആ സന്ദേശം?

ഒരിക്കലുമല്ല! അവരൊക്കെ ഉചിതമായ ശിക്ഷ ഏറ്റുവാങ്ങി എന്നുതന്നെയാവണം ആ സന്ദേശം. അതാണ് യുദ്ധത്തിലെ കൗരവരുടെ പരാജയവും, മരണവും. അങ്ങനെ സംഭവിച്ചെങ്കിലേ ആ കർമ്മചക്രം പൂർത്തിയാവുകയുള്ളൂ.

ഒരുപക്ഷേ അതായിരുന്നു പാണ്ഡവപക്ഷവും, അവരെ മാനസികമായി നയിച്ച ശ്രീകൃഷ്ണനും അല്പനേരത്തേക്കെങ്കിലും നീതി കൈവെടിയാനുണ്ടായ സാഹചര്യം.

അതവിടെ നില്ക്കട്ടെ.

രണ്ടിലൊന്ന് തിരഞ്ഞെടുക്കാനുള്ള അവസരം ലഭിച്ചപ്പോൾ കൃഷ്ണൻ്റെ സൈന്യത്തെ എടുക്കാതെ നിരായുധനായ കൃഷ്ണനെ സ്വീകരിച്ചപ്പോൾത്തന്നെ പാണ്ഡവർ ജയിച്ചു കഴിഞ്ഞിരുന്നു!

‘ആയുധമെടുക്കാത്ത’ കൃഷ്ണൻ പാണ്ഡവരെ മരണത്തിൽ നിന്ന് രക്ഷിച്ച കഥകൾ അനേകമാണുള്ളത്. അവയിലൊരെണ്ണം ഭഗദത്തനും അർജ്ജുനനും തമ്മിലുള്ള യുദ്ധം നടക്കുമ്പോഴാണുണ്ടായത്.

ഭീഷ്മർ ശരശയ്യയിലേക്ക് വീണുകഴിഞ്ഞ് ഗുരുവായ ദ്രോണർ കൗരവരുടെ സർവ്വസൈന്യാധിപനായി.

അങ്ങനെ യുദ്ധം തുടരവേ, അർജ്ജുനൻ കൗരവപക്ഷത്തുള്ള ഭഗദത്തനുമായി ഏറ്റുമുട്ടി. അതോടൊപ്പം ഭഗദത്തൻ്റെ ‘സുപ്രതീകം’ എന്ന ആന ഭീമനുമായും ഏറ്റുമുട്ടി.

ഭഗദത്തനും അദ്ദേഹത്തിൻ്റെ ആനയും ഏറെ വിശേഷശക്തികളുള്ളതാണ്.

മഹാശക്തനും ദുർവൃത്തനുമായ നരകാസുരൻ്റെ പുത്രനാണ് ഭഗദത്തൻ. അദ്ദേഹത്തിൻ്റെ കൈയിലാണെങ്കിൽ പ്രതിവിധികളില്ലാത്ത നാരായണാസ്ത്രവും ഉണ്ട്!

ഭഗദത്തൻ്റെ സുപ്രതീകം എന്ന ഗജവീരനാണെങ്കിൽ പതിനായിരം ആനകളുടെ ശക്തിയാണുള്ളത്.

അത്രതന്നെ ശക്തിയാണ് ഭീമനുമുള്ളത്. തന്നോട് തുല്യബലമുള്ള ആനയോട് ഭീമസേനൻ പൊരുതിയത് എഴുത്തച്ഛൻ്റെ മഹാഭാരതം കിളിപ്പാട്ടിൽ വർണ്ണിച്ചിരിക്കുന്നത് ഇങ്ങനെയാണ്-

‘………………..…..വീരൻ ഭഗദത്തൻ
പത്തുസഹസ്രം ഗജത്തിൻബലമുള്ള
മത്തഗജത്തിൽ കഴുത്തിൽക്കരേറിനാൻ.
അത്രബലമുള്ള വൃത്രാരിജാഗ്രജൻ
പത്തുനൂറാർത്തു പാഞ്ഞെത്തിയടുത്തുടൻ
കുത്തുന്ന കുംഭിയുമൊത്തുന്ന ഭീമനു-
മെത്തിയെതിർത്ത പോരെത്രയുമദ്ഭുതം!’

അവർ തമ്മിലുള്ള പോരാട്ടം ഏറെനേരം തുടർന്നു. തുല്യബലമാണെങ്കിലും ആനയ്ക്ക് ഭീമനെക്കാൾ ഏറെ വലുപ്പമുണ്ട്. ഭീമൻ്റെ കൈകളെക്കാൾ നീളമേറിയ തുമ്പിക്കൈയും അതിനുണ്ട്.

പരസ്പരം കീഴ്പ്പെടുത്താൻ അവർ ആഞ്ഞ് ശ്രമിച്ചുകൊണ്ടിരുന്നു. ഭീമനെ പിടിക്കാൻ ആനയും, ആനയിൽ നിന്ന് ഒഴിഞ്ഞുമാറി അതിനെ പ്രഹരിക്കാൻ ഭീമനും കിണഞ്ഞ് പരിശ്രമിച്ചു.

ഒടുവിൽ ആനയ്ക്ക് ഭീമനെ തൻ്റെ തുമ്പിക്കൈയ്യിൽ ഒതുക്കിപ്പിടിക്കാൻ കഴിഞ്ഞു!

ആ പിടിയിൽ നിന്ന് സ്വയം മോചിപ്പിക്കാൻ ഭീമന് കഴിഞ്ഞില്ല. തുമ്പിക്കൈയ്യിൽ കിടന്ന ഭീമനെ ആന സർവ്വശക്തിയുമെടുത്ത് മേല്പോട്ടെറിഞ്ഞു. താഴെ വീഴുന്ന ഭീമനെ കുത്തിക്കീറാൻ തയ്യാറെടുത്ത് തൻ്റെ കൊമ്പുകൾ ഉയർത്തിപ്പിടിച്ച് സുപ്രതീകം എന്ന ആ ഗജവീരൻ ഉറച്ചങ്ങനെ നിന്നു.

അത് കണ്ട കൗരവസൈന്യം സന്തോഷത്താൽ എല്ലാം മറന്ന് ആ കാഴ്ച നോക്കിനിന്നു! കൗരവരായ നൂറ് പേരെയും യുദ്ധത്തിൽ വധിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഭീമനിതാ കേവലമൊരു ആനയുടെ കൊമ്പിൽ ഒടുങ്ങാൻ പോകുന്നു! അതിലും വലിയ ആനന്ദം അവർക്കെന്താണുള്ളത്!

എന്നാൽ വായുവിലേക്ക് ഭീമൻ ഉയർന്നതിനും വീണതിനും ഇടയിൽ മറ്റൊരത്ഭുതം നടന്നിരുന്നു.

അർജ്ജുനൻ ഒരസ്ത്രം ആ ആനയുടെ നേർക്കയച്ചു!

പിന്നെ നടന്നത് എഴുത്തച്ഛൻ്റെ വരികളിൽത്തന്നെ വായിക്കണം-

‘വാരണവീരൻ തലയറ്റു വില്ലറ്റു
വീരൻ ഭഗദത്തൻതൻ്റെ തലയറ്റു
നാലാമതാനതൻ വാലുമരിഞ്ഞിട്ടു
കോലാഹലത്തോടു പോയിതു ബാണവും.
നീലമലപോലെ വൻകരി വീണിതു,
ചാലവേ ചാരേ ഭഗദത്തവീരനും.
ഭീമനതിന്മീതെ വന്നു വീണീടിനാൻ
പൂമഴപെയ്താരമരരുമന്നേരം.’

അർജ്ജുനൻ അയച്ച ആ അസ്ത്രം ആദ്യം ആനയുടെ തലയറ്റു. തുടർന്ന് ഭഗദത്തൻ്റെ വില്ലും അദ്ദേഹത്തിൻ്റെ തലയും അറ്റു. അതിനുശേഷം (നാലാമതായി) ആനയുടെ വാലും അരിഞ്ഞിട്ട് ശബ്ദകോലാഹലങ്ങളോടെ ആ അസ്ത്രം പാഞ്ഞുപോയി.

നീലമലപോലെ ആന വീണു. അതിനടുത്ത് ഭഗദത്തനും വീണു. ഇവരുടെ മുകളിലാണ് ഭീമൻ വന്നു വീണത്! ഇതെല്ലാം കണ്ട് ദേവന്മാർ പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു!

**
പക്ഷേ ഇതിനൊക്കെ മുമ്പ് മറ്റൊരു സംഭവം നടന്നിരുന്നു. ഭഗദത്തനും അർജ്ജുനനും തമ്മിലുള്ള യുദ്ധം നടന്ന സമയം ഭഗദത്തൻ അർജ്ജുൻ്റെ നേർക്ക് തൻ്റെ കൈവശമുള്ള നാരായണാസ്ത്രം എടുത്ത് പ്രയോഗിച്ചിരുന്നു!

നാരായണാസ്ത്രത്തിൽ മഹാവിഷ്ണുവിൻ്റെ ശക്തിയാണുള്ളത്. അതിന് പ്രതിവിധിയില്ല. അതേറ്റാൽ മരണം ഉറപ്പാണ്.

അത് അർജ്ജുനൻ്റെ നേരേ പാഞ്ഞുവരുന്നു! അദ്ദേഹത്തിനത് തടുക്കാൻ കഴിയില്ല!

എന്നാൽ ആ നാരായണാസ്ത്രത്തിന് അർജ്ജുൻ്റെ ജീവനെടുക്കാൻ കൃഷ്ണനെ കടന്ന് വരേണ്ടതുണ്ട്. കൃഷ്ണൻ്റെ അടുത്തെത്തിയപ്പോൾ മഹാവിഷ്ണുവിൻ്റെ ശക്തിയുള്ള ആ അസ്ത്രത്തെ കൃഷ്ണൻ തൻ്റെ മാറിൽ സ്വയം ഏറ്റെടുക്കുകയാണുണ്ടായത്! നാരായണാസ്ത്രത്തിൻ്റെ ശക്തി നാരായണനായ ശ്രീകൃഷ്ണനിൽത്തന്നെ വന്നു ലയിച്ചു!

ആ അസ്ത്രം ഒരു മാലയായി കൃഷ്ണൻ്റെ മാറിൽ വന്നു വീണു. അതാണ് വിജയത്തിൻ്റെ പ്രതീകമായ ‘വൈജയന്തിമാല’!

അപ്പോൾ ആ സംഭവത്തോടെ കൃഷ്ണൻ സത്യത്തിൽ ആരെയൊക്കെയാണ് രക്ഷപ്പെടുത്തിയത്?

അർജ്ജുനനെ മാത്രമല്ല, ഭീമനെയും മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയത് അദ്ദേഹം തന്നെയാണ്!

ഈയൊരു സംഭവം മാത്രമല്ല ഉള്ളത്. മഹാഭാരതയുദ്ധം മുഴുവനായി പരിശോധിച്ചാൽ പാണ്ഡവപക്ഷത്തെ വിജയിപ്പിച്ചു നിർത്തിയത് ധർമ്മസംരക്ഷകനായ കൃഷ്ണൻ തന്നെയാണെന്ന് മനസ്സിലാവും.

ഭൂമിയിൽ സത്യവും ധർമ്മവും ക്ഷയിക്കുമ്പോഴാണല്ലോ ഭഗവാൻ പല രൂപത്തിലും വന്ന് പോകുന്നത്!

7 thoughts on “വൈജയന്തി”

Leave a Reply to Raj Purushothaman Cancel reply