പാലാഴിമഥനം – 3

സത്യത്തിൽ ശത്രുക്കൾ വൈരം മറന്ന് ഒരുമിക്കാറുണ്ടോ?

രണ്ടു കുട്ടരുടെയും നിലനില്പിനെ ബാധിക്കുന്ന വലിയ പ്രശ്നങ്ങളുണ്ടാവുമ്പോൾ ഒരുമിക്കാറുണ്ടെന്നാണ് കഥകൾ മാത്രമല്ല, ചരിത്രവും നമ്മെ പഠിപ്പിക്കുന്നത്.

പക്ഷേ ആ പ്രശ്നം പരിഹരിക്കപ്പെടുന്നതു വരെ മാത്രമേ ഒരുമയും ഉണ്ടാവാറുള്ളൂ!

പ്രളയം വന്നപ്പോൾ എല്ലാം മറന്ന് നമ്മുടെ നാട്ടുകാർ ഒരുമിച്ചതു തന്നെ വലിയൊരു ഉദാഹരണമാണ്. ആ സമയത്ത് ജാതിയും മതവും രാഷ്ട്രീയവും ഒന്നും വിഷയമായിരുന്നില്ല.

ഇതു പറയുമ്പോൾ, ഇത്തരം പ്രത്യേക സാഹചര്യങ്ങളൊന്നുമില്ലെങ്കിൽ മലയാളികൾക്കിടയിൽ വലിയ തോതിലുള്ള ശത്രുതയുണ്ടോ എന്ന ചോദ്യം ബാക്കിയാവുന്നുണ്ട്. വളരെയേറെ ചിന്തിക്കാനുള്ള വിഷയമാണിത്.

പാലാഴിമഥനവും ഏകദേശം ഇതുപോലൊരു കഥയാണ്. പക്ഷേ ഇവിടെ അസുരന്മാർക്ക് നിലനില്പിൻ്റെ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. അമൃത് വന്നാൽ ദേവന്മാരെ വഞ്ചിച്ച് അതു കൈക്കലാക്കണം എന്ന ചിന്തയായിരുന്നു അവരെ ആ സംരംഭത്തിൻ്റെ ഭാഗഭാക്കാവാൻ പ്രേരിപ്പിച്ചത്.

എന്നാൽ എല്ലാ അസുരന്മാരും അങ്ങനെയാണെന്ന് കരുതാനും കഴിയില്ല. മഹാബലിയായിരുന്നു അക്കാലത്തെ അസുരചക്രവർത്തി. അദ്ദേഹം വലിയൊരു ധർമ്മിഷ്ഠനാണ്. ചതിയിലൂടെ എന്തെങ്കിലും നേടണമെന്ന് മറ്റുള്ള അസുരപ്രമുഖർ വിചാരിച്ചാലും അദ്ദേഹം അങ്ങനെ ചിന്തിച്ചിട്ടുണ്ടാവില്ല.

അമൃത് കഴിക്കാതെ തന്നെ ചിരഞ്ജീവിയായ ആളാണ് മഹാബലി എന്നും ഓർക്കണം! നമ്മുടെ പുരാണങ്ങളിലെ സപ്തചിരഞ്ജീവികളിൽ ഒരാളാണ് അദ്ദേഹം!

അപ്പോൾ ശത്രുക്കൾ ഒരുമിച്ച സംഭവമാണ് പറഞ്ഞുവന്നത്. അതിലേക്ക് ചേർക്കാൻ ഒരു സംഭവം കൂടിയുണ്ട് ഈ കഥയിൽ.

മന്ഥരപർവ്വതത്തെ കടകോലായും വാസുകിസർപ്പത്തെ കയറായും ഉപയോഗിച്ചാണ് പാലാഴി കടയേണ്ടത്. അതിനായി വാസുകിയെ പാലാഴിയിലെത്തിക്കണം. അദ്ദേഹത്തെ അവിടെയെത്തിക്കാൻ നിയോഗിച്ചത് ഗരുഡനെയാണ്. നാഗങ്ങളെ ഭക്ഷണമാക്കുന്ന, അവരുടെ ശത്രുവാണ് ഗരുഡൻ. വാസുകിയാണെങ്കിൽ നാഗരാജാവും.

*

വാസുകിയെപ്പറ്റി വേറെയും ചിലത് പറയാനുണ്ട്. ബുദ്ധമതത്തിലും വാസുകിയെപ്പറ്റിയുള്ള പരാമർശങ്ങളുണ്ട്. വാസുകിയുടെ തലയിൽ നാഗമാണിക്യമുണ്ടെന്നാണ് സങ്കല്പം. ചൈനയിലും ജപ്പാനിലും പ്രചരിക്കുന്ന കഥകളിൽ എട്ട് മഹാനാഗങ്ങളിൽ ഒന്ന് വാസുകിയായാണ് കണക്കാക്കപ്പെടുന്നത്. ചൈനയിൽ കമ്മ്യൂണിസം വന്ന് നാടോടിക്കഥകളെ അമർച്ച ചെയ്തില്ലായിരുന്നെങ്കിൽ നമ്മൾ ഉൾപ്പെടുന്ന പൗരസ്ത്യ സംസ്കാരത്തിൻ്റെ വ്യാപ്തി എത്രയാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ!

ഇനി നമ്മുടെ പുരാണങ്ങളിലേക്ക് തിരിച്ചുവന്നാൽ, ശിവൻ്റെ ഹാരമായിരിക്കുന്ന നാഗവും വാസുകിയാണ്.

പുരാണങ്ങളും വാമൊഴിക്കഥകളും വഴി ഒരു കഥാപാത്രം ഏതെല്ലാം നാടുകളിൽ എന്തെല്ലാം ആയിത്തീരുന്നു എന്നത് ചിന്തിച്ചാൽ എത്രയോ വിസ്മയാവഹമാണ്!

കഥകളിൽ മാത്രമല്ല, ജന്തുശാസ്ത്രത്തിലും വാസുകി ഇടംപിടിച്ചിട്ടുണ്ട്. ഭാരതത്തിലെ ഗുജറാത്തിൽ നിന്ന് കണ്ടെടുത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പിൻ്റെ ഫോസിലിന് കൊടുത്തിരിക്കുന്ന പേര് വാസുകി ഇൻ്റിക്കസ് (Vasuki Indicus) എന്നാണ്. 88 മുതൽ 47 മില്യൺ വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ഈ ഭീമൻ പാമ്പുകൾക്ക് 50 അടി വരെ നീളമുണ്ടായിരുന്നതായി കണക്കാക്കിയിട്ടുണ്ട്!

വാസുകി മാത്രമല്ല, ഗരുഡനും ഇതരസംസ്കാരങ്ങളിൽ ഇടംനേടിയിട്ടുള്ള ഒരു കഥാപാത്രമാണ്. ബുദ്ധമതകഥകളിൽ സുപർണൻ എന്ന ഗരുഡൻ ദൈവാംശമുള്ള ഭീമാകാരനായ ഒരു പക്ഷിയാണ്. ഇവിടെയും ഗരുഡൻ നാഗങ്ങളുടെ ശത്രുവായാണ് കണക്കാക്കപ്പെടുന്നത്.

കിഴക്ക് ഭാഗത്തുള്ള ഇൻ്റോനേഷ്യയിലും തായ്ലാൻ്റിലും മാത്രമല്ല, വടക്ക് മംഗോളിയയുടെ തലസ്ഥാനമായ ഉലാൻ ബതോറിൽ പോലും (Ulan Bator) ഗരുഡൻ ഒരു ദേശീയചിഹ്നമാണ്!

ഇൻ്റോനേഷ്യയുടെ ദേശീയ എയർലൈനിൻ്റെ പേരും ‘ഗരുഡ’ എന്നാണ്.

നമ്മുടെ പുരാണങ്ങളിലും ഇതരനാടുകളിലെ ഐതിഹ്യങ്ങളിലും നിറഞ്ഞുനില്ക്കുന്ന ഒരു പക്ഷിക്ക് ഇതിലും നല്ലൊരു ബഹുമതി കിട്ടാനുണ്ടോ?!

*

കഥയിലേക്ക് തിരിച്ചുവരാം – വാസുകിയെ പാലാഴിയിലെത്തിക്കാൻ ഗരുഡൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തെക്കൊണ്ട് അതിനു കഴിഞ്ഞില്ലത്രേ! ഗരുഡൻ പൊക്കിയെടുത്ത് ഉയർന്നു പറക്കാൻ ശ്രമിച്ചപ്പോഴൊക്കെ വാസുകിയുടെ നീളമുള്ള ഉടൽ ഭൂമിയിൽ ഇഴഞ്ഞുകിടക്കുകയായിരുന്നു.

അങ്ങനെ വേറെ വഴിയില്ലാതെ ബാക്കി വന്ന വാസുകിയുടെ ഉടൽ തൻ്റെ കാലുകളിലും ശരീരത്തിലും കഴുത്തിലുമൊക്കെ ചുറ്റി ഗരുഡൻ വീണ്ടും പറക്കാൻ ശ്രമിച്ചു. എന്നിട്ടും അദ്ദേഹത്തെക്കൊണ്ട് അതിനു കഴിഞ്ഞില്ല.

ഒടുവിൽ വാസുകിയെ നിലത്തിറക്കി ചുറ്റെല്ലാം അഴിച്ചപ്പോൾ ഗരുഡൻ ക്ഷീണിതനായി. അദ്ദേഹത്തിന് ബോധം നഷ്ടപ്പെടുകയും ചെയ്തു. ആ സമയം നോക്കി വാസുകി തൻ്റെ പഴയ സ്ഥാനത്തേക്ക് പോയി കിടന്നു.

ബോധം വന്ന് കണ്ണു തുറന്ന ഗരുഡൻ വാസുകിയെക്കൂടാതെ തിരിച്ചെത്തി മഹാവിഷ്ണുവിനോടും ശിവനോടും നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു കേൾപ്പിച്ചു.

അങ്ങനെ വാസുകിയെ പാലാഴിയിലെത്തിക്കുന്ന ദൗത്യം ഭഗവാൻ ശിവൻ തന്നെ നേരിട്ട് ഏറ്റെടുക്കുകയായിരുന്നു.

പിന്നെ നടന്നത് ഭാഗവതത്തിലെ വരികളിൽത്തന്നെ വായിക്കാം-

‘തൽക്കഥാം നിശമ്യ ഭൂതേശനീശ്വരൻപരൻ

മുക്കണ്ണൻ നിജകരംകൊണ്ടുതാൻ വിളിക്കുമ്പോൾ

താർക്ഷ്യനാൽ തന്നെയെടുക്കാവതല്ലാഞ്ഞിട്ടത്രേ

സാക്ഷാലീശ്വരൻവിളിക്കുന്നതെന്നോർത്തിട്ടവൻ

കോട്ടൽതീർന്നവൻ നിവർന്നൻപോടു മഹേശ്വരൻ

കാട്ടിയ കരദണ്ഡേ കങ്കണപ്രമാണവൽ

ശീഘ്രമങ്ങുടൻ പരിവേഷ്ടിച്ചാനർദ്ധാകാരം.’

ചുരുക്കിപ്പറഞ്ഞാൽ നടന്നത് ഇതാണ് – കഥകളൊക്കെ കേട്ട ഭഗവാൻ ശിവൻ വാസുകിയുടെ അടുത്തെത്തി തൻ്റെ കൈ കൊണ്ട് വിളിച്ചു. ഭഗവാൻ്റെ തന്നെ ഭൂഷണമായ വാസുകി അരക്ഷണം കൊണ്ട് ഒരു വള എന്ന കണക്കേ ശിവൻ്റെ കൈയിൽ ചുറ്റിപ്പിടിച്ചു.

അപ്പോൾ പഴയ ശത്രുത മനസ്സിൽ വെച്ച് വാസുകി മനഃപ്പൂർവ്വം ഗരുഡന് വഴങ്ങാതിരുന്നതാണോ? ആർക്കറിയാം!

എന്തായാലും വാസുകി ഇപ്പോൾ പാലാഴിയിൽ എത്തിച്ചേർന്നു.

മന്ഥരപർവ്വതത്തെ അതിനോടകം വിഷ്ണുഭഗവാൻ്റെ ശയ്യയായ അനന്തൻ അവിടെയെത്തിച്ചിരുന്നു.

ഭഗവാൻ ശിവൻ്റെ നിദ്ദേശപ്രകാരം ഒരു ഭൂതഗണം അസുരന്മാരുടെ അടുത്തെത്തി ക്ഷണിച്ചതനുസരിച്ച് അവരും വന്നെത്തി.

അങ്ങനെ എല്ലാവരും എത്തിച്ചേർന്നു. പാലാഴിമഥനം തുടങ്ങാനുള്ള സമയമായി.

(തുടരും)

[Additional reference – Wikipedia]

This Post Has 5 Comments

  1. Asha Thilakan

    എത്ര വലിയ വിവരണം, ഈ വിശദീകരണം ഇതിന് മുമ്പ് കേട്ടില്ല!
    അടുത്ത ആഴ്ച വരെ കാത്തിരിക്കുക തന്നെ !

    1. Raj Purushothaman

      Thank you Ashachechi! 🙏❤️

  2. Geetha TV

    നാഗലോകം എന്നൊരു സങ്കല്പം ഉണ്ടല്ലോ. നാഗങ്ങൾ അവരുടെ ലോകത്ത് നിന്നും ഭൂമിയിൽ വന്ന് മനുഷ്യരെ വിദ്യ അഭ്യസിപ്പിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. ആ ഗുരു സ്മരണയിൽ ആണ് നാഗരാധന നടത്തുന്നത്. ഭൂമി മനുഷ്യരാൽ വിഷലിപ്തമായപ്പോൾ അവർ തിരിച്ചു പോയി. കുറച്ചു പേർ ഇവിടെ തന്നെ നിന്നു. അവരുടെ പിന്മുറക്കാരാണ് ഇന്നത്തെ പാമ്പുകളും ഉരകങ്ങളും… ഇതൊക്കെ കഥയോ യാഥാർഥ്യമൊ?!

    1. Raj Purushothaman

      @Geetha TV, ഈ ഐതിഹ്യം ഞാൻ ഇതിനു മുമ്പ് കേട്ടിട്ടില്ല ചേച്ചീ.
      ഏതൊരു കഥയുടെയും സാരാംശം തുടർന്നുപോരുന്ന മനുഷ്യവംശത്തിൻ്റെ നന്മയാണെങ്കിൽ, അതെത്രയോ സ്വാഗതാർഹം! നമ്മളെ നന്നായി ചിന്തിപ്പിക്കാൻ കഥകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണല്ലോ.
      Thanks for sharing this chechi! 🙏❤️

  3. വിജയലക്ഷ്മി

    വാസുകിയുടെ കഥയൊക്കെ എനിക്ക് പുതിയതാണ് രാജ്…very intersting. ..thank you dr. .❤️❤️❤️

Leave a Reply