കഥ ‘ഹിരണ്യം’ – 4

‘സത്യം വിധാതും നിജഭൃത്യഭാഷിതം
വ്യാപ്തിം ച ഭൂതേഷ്വഖിലേഷു ചാത്മനഃ
അദൃശ്യതാത്യദ്ഭുതരൂപമുദ്വഹൻ
സ്തംഭേ സഭായാം ന മൃഗം ന മാനുഷം.’

തൂണിലും മഹാവിഷ്ണുവുണ്ടെന്ന് പ്രഹ്ലാദൻ്റെ നാവിൽ നിന്നറിഞ്ഞ് അതിനെ മുഷ്ടികൊണ്ട് പ്രഹരിച്ച ഹിരണ്യകശിപുവിൻ്റെ മുന്നിൽ, അവൻ്റെ വാക്കുകൾ സത്യമായി മാറാൻ തൂണു പിളർന്ന് മഹാവിഷ്ണു നരസിംഹരൂപത്തിൽ (മൃഗവും മനുഷ്യനും അല്ലാത്ത രൂപത്തിൽ) വന്നതാണ് മുകളിലെ വർണ്ണന.

പൊതുവെ എഴുത്തച്ഛൻ്റെ ഭാഗവതം കിളിപ്പാട്ടിലെ വരികളാണ് ഞാൻ എഴുതാറുള്ളത്. ഇത്തവണ മൂലഭാഗവതത്തിലെ (സംസ്കൃതം) വർണ്ണന എഴുതിയെന്നേയുള്ളൂ.

അതുവരെ ആരും കണ്ടിട്ടില്ലാത്ത അതിഭീകരമായ രൂപമായിരുന്നു അത് – ഉടലിൻ്റെ പകുതി സിംഹവും മറുപകുതി മനുഷ്യനുമായ നരസിംഹം!

അത്ര ഭീകരമായ രൂപത്തിൽ വന്ന നന്മയുടെയും ശാന്തതയുടെയും പ്രതീകമായ വിഷ്ണുഭഗവാൻ നമ്മുടെ മനസ്സിൽ പൊരുത്തമില്ലായ്മ സൃഷ്ടിക്കുന്നില്ലേ? അതിനെപ്പറ്റിയുള്ള ചിന്തയെന്താണ്?

തിന്മയെ അതിജീവിക്കാനാണ് അതിനേക്കാൾ ഭീകരമായ രൂപം നന്മയ്ക്ക് എടുക്കേണ്ടിവന്നത്. അതും നന്മയെക്കരുതി, നന്മയുടെ പക്ഷം ചേർന്നുകൊണ്ടാണ് ഭഗവാൻ അപ്രകാരം ചെയ്തത്!

ഇവിടെ ചിന്തകൾ ഇനിയും തുടരേണ്ടതുണ്ട്. ‘അഹിംസ’ എന്ന മഹത്തായ ആശയത്തിന് വളരെയേറെ പ്രചാരം സിദ്ധിച്ച നാടാണ് നമ്മുടേത്.

ഒരു കൂട്ടർ ഹിംസിച്ചുകൊണ്ടിരിക്കുമ്പോൾ മറുപക്ഷം (നമ്മുടെ പക്ഷം) ക്ഷമയോടെ അതു സഹിക്കണം എന്നാണ് അഹിംസാവാദത്തിലൂടെ മഹാത്മാഗാന്ധി ഭാരതത്തെ പഠിപ്പിച്ചത്. നമ്മുടെ ക്ഷമയും സഹനവും കണ്ടുകണ്ട് ആക്രമിക്കാൻ വരുന്നവർക്ക് ഒടുവിൽ കുറ്റബോധം തോന്നി അവരുടെ മനസ്സും നന്മയുള്ളതായി മാറും എന്നതാണ് അഹിംസാസിദ്ധാന്തം.

ഇവിടെ പ്രഹ്ലാദൻ്റെ ക്ഷമയും സഹനവും കണ്ട് ഹിരണ്യകശിപുവിൻ്റെ മനസ്സ് മാറിയോ? – പ്രഹ്ലാദൻ അദ്ദേഹത്തിൻ്റെ മകനായിരുന്നിട്ടു പോലും?

അങ്ങനെ അദ്ദേഹത്തിൻ്റെ മനസ്സ് മാറിയിരുന്നെങ്കിൽ വിഷ്ണുഭഗവാന് നരസിംഹമായി വരേണ്ടിവരില്ലായിരുന്നു!

അഹിംസാവാദത്തിൻ്റെ പരാജയമാണിവിടെ കാണിക്കുന്നത്. ഇരയുടെ ക്ഷമയും സഹനവും കണ്ട് വേട്ടക്കാരൻ്റെ മനസ്സ് മാറുമെന്നു കരുതി മുന്നോട്ടു പോവാൻ നമുക്ക് കഴിയില്ല. നമുക്കു ചുറ്റുമുള്ള ഈ ലോകം പലപ്പോഴും ക്രൂരവും നിർദ്ദയവും ആണ്. അതിനെ അതിജീവിക്കാൻ ശക്തികൊണ്ടു മാത്രമേ തല്ക്കാലം കഴിയൂ.

കൊള്ളയും കൊലയും ബലാത്സംഗവും ചെയ്യാൻ വരുന്നവരുടെ മുന്നിൽ ക്ഷമയും സഹനവുമായി നില്ക്കാൻ മഹാത്മജി എന്തിന് നമ്മളെ പഠിപ്പിച്ചു?

ഇതെഴുതാനും വേണം അസാമാന്യമായ മനോബലം. ഞാനെൻ്റെ സ്വന്തം മനസ്സിനോട് പടവെട്ടിക്കൊണ്ടാണ് ഇത്രയും എഴുതിയത്. കാരണം, എൻ്റെ മനസ്സിൽ മഹാത്മജിക്ക് അതുല്യമായ സ്ഥാനമാണുള്ളത്. ആത്യന്തികമായി നന്മയെക്കവിഞ്ഞ് അദ്ദേഹത്തിൻ്റെ ഉള്ളിലൊന്നും ഉണ്ടായിരുന്നില്ല. മഹാത്മജിയുടെ അഹിംസാവാദം പ്രാവർത്തികലോകത്തിന് ഉതകുന്നതല്ലെങ്കിലും താത്വികമായി എന്നും നല്ലൊരു വാദമായി നിലനില്ക്കട്ടെ.
*
‘മഹാത്മാഗാന്ധി അഹിംസയിലൂടെ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നില്ലേ’ – എന്നായിരിക്കും ഇതിനൊരു മറുവാദം ഉണ്ടാവുക.

അതും ശരിയാണെന്നു കരുതാൻ കഴിയില്ല. നമുക്ക് സ്വാതന്ത്ര്യം കിട്ടിയത് ലോകമഹായുദ്ധങ്ങൾ കഴിഞ്ഞ് ബ്രിട്ടൻ്റെ ശക്തി ക്ഷയിച്ചതുകൊണ്ടാണ്. അതിനുശേഷം കോളനികളെ നിലനിർത്തുകയെന്നത് അവർക്കൊരു ബാധ്യതയായി മാറി. അപ്രകാരം സംഭവിച്ചില്ലായിരുന്നെങ്കിൽ ആ പ്രത്യേക കാലത്ത് ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടുന്ന കാര്യം സംശയമാണ്.
*
കഥയിലേക്ക് തിരിച്ചുവരാം – ഒരു ആരാധനയുടെ പേരിൽപ്പോലും ലോകത്തെയും തൻ്റെ പുത്രനെയും നിർത്താതെ അതികഠിനയായി പീഡിപ്പിച്ച ഹിരണ്യകശിപുവിനെ വധിച്ചേ മതിയാകൂ. എന്നാൽ ബ്രഹ്മാവിൽ നിന്ന് അയാൾ വാങ്ങിയ വരങ്ങളത്രയും നിലനിർത്തിക്കൊണ്ടു മാത്രമേ അതിന് കഴിയുകയുമുള്ളൂ!

മനുഷ്യനും മൃഗവുമല്ലാത്ത രൂപമാണ് ‘നരസിംഹം’. അങ്ങനെ ഒരു വരം അപ്രസക്തമായിക്കഴിഞ്ഞു.

ഇനിയുമുണ്ട് വരങ്ങൾ അനവധി. രാത്രിയും പകലുമല്ലാത്ത സന്ധ്യാസമയത്താണ് ഹിരണ്യകശിപുവിനെ വധിക്കാൻ ഭഗവാൻ നിശ്ചയിച്ചത്. അങ്ങനെ മറ്റൊരു വരവും ഒഴിവായി.

അകത്തും പുറത്തും വെച്ച് അയാളെ വധിക്കാൻ കഴിയില്ല. എന്നാൽ അകവും പുറവുമല്ലാത്ത ഒരിടമുണ്ട് – വാതിൽപ്പടി!

ഭൂമിയും ആകാശവുമല്ലാത്ത ഇടമാണ് മടിത്തട്ട്. ആയുധമുപയോഗിച്ചും ഹിരണ്യകശിപുവിനെ വധിക്കാൻ കഴിയില്ല. പക്ഷേ ആയുധത്തിനു പകരം നരസിംഹമൂർത്തിയുടെ കൂർത്ത നഖങ്ങൾ മതിയാകും.

പിന്നെയൊരെണ്ണമുള്ളത് ‘ബ്രഹ്മാവിനാൽ സൃഷ്ടിക്കപ്പെട്ടവരാൽ മരണം സംഭവിക്കരുത്’ എന്ന വരമാണ്. മഹാവിഷ്ണു ബ്രഹ്മാവിനാൽ സൃഷ്ടിക്കപ്പെട്ടതല്ല! ബ്രഹ്മാവ് ജനിച്ചത് വിഷ്ണുഭഗവാനിൽ നിന്നാണ്.

അങ്ങനെ സന്ധ്യാസമയത്ത് വാതിൽപ്പടിയിൽ വെച്ച്, തൻ്റെ മടിത്തട്ടിൽ കിടത്തി നഖങ്ങളാൽ മാറു പിളർന്നുകൊണ്ടാണ് നരസിംഹരൂപിയായ വിഷ്ണുഭഗവാൻ ഹിരണ്യകശിപുവിനെ വധിക്കുന്നത്!
*
വധം കഴിഞ്ഞു നില്ക്കുന്ന നരസിംഹമൂർത്തിയുടെ മുന്നിൽ ചെല്ലാൻ ബ്രഹ്മാവിനും ദേവന്മാർക്കും മറ്റും കഴിഞ്ഞില്ലത്രേ. മഹാലക്ഷ്മിക്കു പോലും അതിനാദ്യം കഴിഞ്ഞില്ലെന്നാണ് ഭാഗവതത്തിലെ വർണ്ണന.

എന്നാൽ ഭഗവാൻ്റെ ക്രോധവും ശമിപ്പിച്ചേ മതിയാവുകയുള്ളൂ. അല്ലാതിരുന്നാൽ ഒരുപക്ഷേ ത്രിലോകങ്ങളും ആ കോപാഗ്നിയിൽ ദഹിച്ചില്ലാതായെന്നും വരും.

ബ്രഹ്മദേവൻ ആലോചിച്ചിട്ട് അതിനൊരു വഴിയേ കണ്ടുള്ളൂ – പ്രഹ്ലാദനെ നരസിംഹമൂർത്തിയുടെ മുന്നിലെത്തിക്കുക. ഭക്തനെ കാണുന്ന മാത്രയിൽത്തന്നെ ഭഗവാൻ്റെ കോപം വാത്സല്യത്തിലേക്ക് വഴിമാറുമെന്ന് അദ്ദേഹത്തിനറിയാം!

അങ്ങനെ ബ്രഹ്മദേവൻ പ്രഹ്ലാദൻ്റെ മുന്നിലെത്തി ഇങ്ങനെ പറഞ്ഞു. എഴുത്തച്ഛൻ്റെ വരികളിൽത്തന്നെ വായിക്കാം-

“തൻപോടിതെല്ലാമിവണ്ണമായ് വന്നിതു;
തമ്പുരാൻ തൻ കളിയായതിതൊക്കെയും
കമ്പമൊഴിഞ്ഞിനി വൈകാതെ ചെന്നു നീ
നാരസിംഹാകൃതിപൂണ്ട ദേവൻ തൻ്റെ
ചാരത്തുചെന്നു വന്ദിച്ചിനി സാദരം
ദൈത്യാരിതന്നുടെ കോപമശേഷവും
തീർത്തു ജഗത്ത്രയം പാലിക്കവേണമേ.”

അതുപോലെ തന്നെ സംഭവിച്ചു! പ്രഹ്ലാദനെ കണ്ടപ്പോൾത്തന്നെ നരസിംഹഭഗവാൻ്റെ കോപം ശമിച്ചു. അത് വാത്സല്യമായി ആ കൊച്ചു ഭക്തൻ്റെ നേരേ വഴിഞ്ഞൊഴുകുകയും ചെയ്തു!
*
വിഷ്ണുഭഗവാൻ ദേവന്മാർക്ക് അനുകൂലവും അസുരന്മാരുടെ ശത്രുവും ആണെന്നാണല്ലോ പരക്കെയുള്ള സങ്കല്പം. എന്നാൽ അസുരബാലനായ പ്രഹ്ലാദനാണ് അദ്ദേഹത്തിൻ്റെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട ഭക്തൻ!

നരസിംഹമൂർത്തിയുടെ കോപാഗ്നിയിൽ നിന്ന് ത്രിലോകങ്ങളെയും രക്ഷിക്കാൻ ആ അസുരകുമാരൻ തന്നെ വേണ്ടിവരികയും ചെയ്തു!

ഇതിനെപ്പറ്റിയുള്ള ചിന്തയെന്താണ്?

This Post Has 14 Comments

  1. Mahesh

    Beautiful narration, loved it..👌🙏❤️
    Thank you!

    1. Raj

      Thank you Mahesh! ❤️🙏

  2. Anonymous

    No words Raj! Superb logical narrative!

    1. Raj

      Thank you! ❤️🙏

  3. Anonymous

    No words Raj! Superb logical narrative!

    1. Asha Thilakan

      ധര്‍മ്മത്തിന് വേണ്ടിയുള്ള യുദ്ധം നാമം ചെയ്തേ മതിയാവൂ.
      വേറിട്ട അനുഭവമായി ഈ രചന.

      1. Raj

        Thank you Ashachechi! ❤️🙏

  4. Santha Warriar

    /അഹിംസ/ പലപ്പോഴും സഹനം എന്ന നിലയിലേക്ക് തെറ്റിദ്ധരിക്കപ്പെട്ടു …കാലികപ്രസക്തിയുള്ള എഴുത്ത് ..well written , as always 👏🏻

    1. Raj

      Thank you chechi! ❤️🙏

  5. Santha Warriar

    /അഹിംസ/ പലപ്പോഴും സഹനം എന്ന നിലയിലേക്ക് തെറ്റിദ്ധരിക്കപ്പെട്ടു …കാലികപ്രസക്തിയുള്ള എഴുത്ത് ..well written , as always 👏🏻

  6. Deepa

    തികച്ചും മനോഹരമായി എഴുതി.
    അഹിംസകൊണ്ട് എല്ലാ സാഹചര്യങ്ങളിലും ഉദ്ദേശിച്ചത് നടന്നു എന്ന് വരില്ല. വളെടുക്കേണ്ടിടത്തു വാൾ എടുക്കണം. ഗീതയിൽ പറഞ്ഞതു പോലെ അധർമ്മം പെരുകുമ്പോൾ ധർമ്മസംസ്ഥാപനത്തിനായി ഓരോ യുഗത്തിലും ഭഗവാൻ വരുന്നു. ഹിംസ വേണ്ടിടത് അത് നടപ്പാക്കുന്നു.
    മനുഷ്യൻ ആയി ജനിച്ച ആരും എല്ലാം തികഞ്ഞവരല്ല എന്നതാണ് പരമമായ സത്യം

    1. Anonymous

      Wonderful note, Deepa. Thanks! ❤️🙏

  7. Betsy Paul C

    അഹിംസ നിഷ്ക്രിയ സഹനമാണെന്ന് ചിന്തിക്കേണ്ടതുണ്ടോ? പ്രഹ്ലാദൻ്റേത് സക്രിയമായ അഹിംസ തന്നെയായിരുന്നില്ലേ? ഹിംസയ്ക്കു പ്രതിക്രിയ ചെയ്യേണ്ടുന്നത് ഭഗവാൻ ആണെന്നും ഭഗവാൻ ഭക്തൻ്റെ സക്രിയമായ അഹിംസയാൽ സംപ്രീതനായാണ് അതിനൊരുമ്പെടുക എന്നും വായിക്കാമല്ലോ?

    1. Raj

      അഹിംസ ഒരു മാർഗ്ഗമായി തിരഞ്ഞെടുത്തവർക്ക് അത്രയൊക്കെ സാധ്യതകളുണ്ടാകുമോ, Dr. Betsy?
      എന്തൊക്കെ പറഞ്ഞാലും ഹിംസിക്കാൻ വരുന്നവർക്ക് വിധേയമാവാനുള്ളത്ര സ്വാതന്ത്ര്യമല്ലേയുള്ളൂ അഹിംസാവാദികൾക്ക്?
      കൊല്ലാൻ വരുന്നവരുടെ മുന്നിൽ എന്ത് നിഷ്ക്രിയവും സക്രിയവും?
      ചിലപ്പോൾ എനിക്ക് മനസ്സിലാവാത്തതാവും അത്.
      പിന്നീടെന്നെങ്കിലും നമുക്ക് ഈ ചർച്ച മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നു.
      Thanks for the comment, Dr. Betsy! ❤️🙏

Leave a Reply