കഥ ‘ഹിരണ്യം’ – 3

പുരാണങ്ങളെ നമുക്ക് പല രീതിയിൽ കാണാം. ചിലർക്ക് അത് ഭക്തിയിലേക്കുള്ള വഴിയാണ്. മറ്റുചിലർ അതിലെ ഫിലോസഫി കണ്ടെത്താനാണ് ശ്രമിക്കുന്നത്. പിന്നെയൊരു കൂട്ടർ അതിലേക്കെത്തുന്നത് കഥകൾ വായിക്കാനാണ്.

ഇതിൽ ഏതു വഴി തിരഞ്ഞെടുത്താലും പുരാണവായന അതിമനോഹരമായ അനുഭവമായിരിക്കും.

കഥയിലേക്ക് കടക്കുന്നതിനു മുമ്പ് ഒരല്പം ഫിലോസഫിയിലേക്ക് പോയിവരാം. പ്രഹ്ലാദൻ്റെ കഥയാണല്ലോ ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ‘എന്നിലും കൊല്ലാൻ വരുന്ന അസുരന്മാരിലും അവരുടെ വാളുകളിലും ജഗത്തിലും ആദിനാരായണനാണുള്ളത്’ – എന്നാണ് അസുരന്മാർ തന്നെ വധിക്കാനെത്തിയപ്പോൾ പ്രഹ്ലാദൻ ചിന്തിച്ചത്.

എന്നുവെച്ചാൽ എല്ലാ ജീവജാലങ്ങളിലും, നന്മയിലും തിന്മയിലും, പദാർത്ഥങ്ങളിലും, അനന്തമായ പ്രപഞ്ചത്തിലും വിഷ്ണുഭഗവാൻ നിറഞ്ഞുനില്ക്കുന്നു എന്നാണ് ആ ചിന്തയുടെ കാതൽ.

‘വിഷ്ണു’ എന്ന പദത്തിൻ്റെ അർത്ഥമെന്താണ്? ഒരു നിഘണ്ടു നോക്കിയാൽ മനസ്സിലാക്കാവുന്നതേയുള്ളൂ അത്. ‘എല്ലായിടവും നിറഞ്ഞുനില്ക്കുന്നവൻ’ എന്നാണ് അതിനർത്ഥം.

നമ്മളെന്തും ലളിതമായി മനസ്സിലാക്കാൻ ശ്രമിക്കണം. പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്ന ശക്തിയാണ് അപ്പോൾ വിഷ്ണു. മറ്റു പേരുകളിലും വേണമെങ്കിൽ നമുക്കതിനെ സംബോധന ചെയ്യാം. ഭാഷയും സാഹിത്യവും മാത്രമേ മാറുന്നുള്ളൂ. സംഗതി അപ്പോഴും ഒന്നുതന്നെയാണ്.

ഈയൊരു വ്യത്യാസത്തിൻ്റെ പേരിലാണ് ഇന്നത്തെ ലോകത്ത് പല മതങ്ങളും തമ്മിൽ കലഹങ്ങളും കൊലയും നടക്കുന്നത്. എത്രയോ ലജ്ജാവഹമാണത്!

ഇനി മനുഷ്യരെ തമ്മിൽ വിഘടിപ്പിച്ച് സ്വയം വളരാൻ പ്രോത്സാഹിപ്പിക്കുന്ന മതങ്ങളോ വിശ്വാസങ്ങളോ ഈ ലോകത്തുണ്ടെങ്കിൽ അതൊരിക്കലും മാനവരാശിയുടെ നന്മയ്ക്കുവേണ്ടിയുള്ളതല്ല. കച്ചവടവും അധികാരവും മാത്രമാണവയുടെ ലക്ഷ്യം.

മതങ്ങളുടെ രാഷ്ട്രീയം അവിടെ നില്ക്കട്ടെ, കുറച്ചുകൂടി ഫിലോസഫിയിലേക്ക് പോയി നോക്കാം.

‘നാരായണൻ’ എന്ന പദത്തിൻ്റെ അർത്ഥമെന്താണ്? പല വ്യാഖ്യനങ്ങളുണ്ടതിന്. പ്രധാനപ്പെട്ട രണ്ടെണ്ണം ഇവിടെ എഴുതാം. ആ നാമത്തിൻ്റെ വ്യാപ്തി മനസ്സിലാവാൻ അത്രയും മതിയാകും.

‘നാരത്തിൽ അയനം ചെയ്യുന്നവൻ’ എന്നതിൽ നിന്നാണ് ആ രണ്ടു വ്യാഖ്യാനങ്ങളും ഉണ്ടാവുന്നത്.

‘നാരം’ എന്നാൽ ജലം എന്നൊരർത്ഥമുണ്ട്. ജലത്തിലാണ് ജീവന്‍റെ ഉത്ഭവം. ജലത്തിൽ (ജീവനിൽ) സ്ഥിതി ചെയ്യുന്നവൻ എന്നാണ് ഒരു വ്യാഖ്യാനം.

‘നാരം’ എന്നാൽ ‘ജനസമൂഹം’ എന്നും അർത്ഥമുണ്ട്. ജനസമൂഹം എന്നാൽ ജീവിസമൂഹം. ജീവികളുടെ ശരീരത്തിൽ ആത്മാവായി സ്ഥിതിചെയ്യുന്നവൻ എന്നതാണ് ആ വഴിയുള്ള വ്യാഖ്യാനം.

ഇവ രണ്ടും ജീവനെ സംബന്ധിച്ച അർത്ഥങ്ങളും; ‘വിഷ്ണു’ എന്നതുകൊണ്ട് ‘എല്ലായിടവും നിറഞ്ഞുനില്ക്കുന്നവൻ’ എന്ന സങ്കല്പവും നമുക്ക് മനസ്സിൽ കാണാം.

‘അച്യുതൻ’ എന്ന പദമെടുത്താൽ ‘ഒരിക്കലും നശിക്കാത്തവൻ’ എന്നും ആയി.

ഇത്രയൊക്കെ മതി, നമ്മളുദ്ദേശിക്കുന്നത് വ്യക്തമാവാൻ. അനന്തമായതിനെ മനസ്സിലാക്കാൻ എത്രയോ എളുപ്പമാണ്!

ഈ പറയുന്നിടത്തൊന്നും വിഷ്ണുവിനൊരു രൂപമില്ല. പിന്നെ നമ്മൾ മനസ്സിലാക്കുന്ന ആ രൂപം എങ്ങനെയുണ്ടായി?

ചോദ്യത്തിൽത്തന്നെയുണ്ട് അതിനുള്ള ഉത്തരവും. നമുക്ക് “മനസ്സിലാക്കാൻ” വേണ്ടി മാത്രമാണ് ആ രൂപം. ഒരു രൂപത്തോടെ മാത്രമേ സാധാരണ ജനങ്ങളായ നമുക്കെന്തെങ്കിലും ഗ്രഹിക്കാനും, മനസ്സിൽ കൊണ്ടുനടക്കാനും കഴിയൂ!

വിഷ്ണുഭഗവാന് ഏതു രൂപവും ചേരും എന്നത് മനസ്സിലാക്കിത്തരാൻ വേണ്ടിക്കൂടിയാവും ‘മത്സ്യം’ മുതലുള്ള അദ്ദേഹത്തിൻ്റെ വിവിധമായ അവതാരങ്ങൾ.

സ്ത്രീരൂപവും അദ്ദേഹത്തിനു നന്നായി ചേരും. മോഹിനിയായി വന്ന് ഒരു ജനസമൂഹത്തെ ഒന്നടങ്കം മായാവലയത്തിലാക്കിയത് മറ്റാരാണ്?!

അപ്പോൾ മഹാവിഷ്ണു ‘സ്ത്രീ, പുരുഷൻ’ എന്ന വേർതിരിവുകൾക്കും അതീതനാണ്.

അല്ലെങ്കിലും ഒരു ജീവി എന്ന സങ്കല്പത്തിൽക്കവിഞ്ഞ് സ്ത്രീയും പുരുഷനും തമ്മിലെന്തു വ്യത്യാസം?!

*

പ്രഹ്ലാദൻ്റെ കഥ തുടരട്ടെ. കഥകൾക്കിടയിൽ ഇങ്ങനെ ചിന്തകളും തുടരാം.

ആയിരം യോജന ഉയരമുള്ള മാളികയുടെ മുകളിൽ നിന്ന് ഹിരണ്യകശിപുവിൻ്റെ കിങ്കരന്മാർ പ്രഹ്ലാദനെ കൈയും കാലും കെട്ടി താഴേക്കെറിഞ്ഞപ്പോൾ ഭൂമീദേവി തന്നെ സ്വയം പ്രത്യക്ഷയായി പ്രഹ്ലാദനെ തൻ്റെ കരതലത്തിൽ താങ്ങിയെടുത്തു.

അവനെ വധിക്കാൻ എളപ്പമല്ലെന്നു മനസ്സിലാക്കിയ ഹിരണ്യകശിപു വീണ്ടും പ്രഹ്ലാദനെ ഗുരുക്കന്മാരായ ശുക്രപുത്രന്മാരുടെ അടുത്തേക്ക് അയയ്ക്കുകയാണുണ്ടായത്. ഇത്തവണ പ്രഹ്ലാദനിൽ വിശ്വാസം തോന്നിയ അവൻ്റെ സഹപാഠികളും അവനോടൊപ്പം ചേർന്ന് വിഷ്ണുസ്തുതികൾ ആലപിക്കാൻ തുടങ്ങി.

ഇതു തങ്ങൾക്ക് അപകടമാണെന്ന് തിരിച്ചറിഞ്ഞ ഗുരുക്കന്മാർ പ്രഹ്ലാദനെ വീണ്ടും ഹിരണ്യകശിപുവിൻ്റെ അടുക്കലെത്തിച്ച് സംഭവിച്ചതൊന്നും തങ്ങളുടെ ‘തെറ്റുകൊണ്ടല്ല’ എന്ന് ഉണർത്തിച്ചു.

ഹിരണ്യകശിപു കോപം കൊണ്ടു വിറച്ചു. തൻ്റെ വാളിനാൽ പ്രഹ്ലാദനെ വധിക്കാൻ അയാൾ തയ്യാറെടുത്തു.

“നിൻ്റെ ബന്ധുവായുള്ളവൻ എവിടെയിരിക്കുന്നു, ഇവിടെ വന്ന് നിന്നെ രക്ഷിക്കാൻ എന്നെന്നോട് പറയുക” എന്നയാൾ ആക്രോശിച്ചു.

‘മഹാവിഷ്ണു എവിടെയിരിക്കുന്നു?’ എന്ന ചോദ്യത്തിന് പ്രഹ്ലാദൻ പറഞ്ഞ മറുപടി അതിമനോഹരമായിരുന്നു! ഭാഗവതത്തിൽ എഴുത്തച്ഛൻ എഴുതിയ വരികളിൽത്തന്നെ അതു വായിക്കണം-

‘നാനാചരാചരജാതികളുളളിലും

നാനാവിധാത്മജന്മാണ്ഡങ്ങൾ തന്നിലും

ഭൂവാരിവായ്വഗ്നിഖാദികൾ തന്നിലും

നീവാരരത്നകനകാദികളിലും

സ്ഥൂണസുഷിരസ്വരൂപാദികളിലും

ഘ്രാണരസസ്പർശനാദ്യങ്ങൾ തന്നിലും

കാണായവറ്റിലും കേൾക്കായവറ്റിലും

താനായ് നിറഞ്ഞുമറഞ്ഞുനിൽക്കും പരൻ

………..’

സകല ചരാചരജാതികളുടെ ഉള്ളിലും,

എല്ലാവിധ ആത്മാവിൽ നിന്നു ജനിക്കുന്ന അണ്ഡങ്ങളിലും,

ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നിവയിലും,

ധാന്യങ്ങളിലും രത്നങ്ങളിലും സ്വർണ്ണത്തിലും,

തൂണിലും സുഷിരങ്ങളിലും പ്രകൃതിയിലും,

മണത്തിലും രസത്തിലും സ്പർശനത്തിലും,

കാണാവുന്നതിലും കേൾക്കാവുന്നതിലും,

ഇവയിലൊക്കെ നിറഞ്ഞ് മറഞ്ഞു നില്ക്കുന്നുണ്ട് വിഷ്ണു!

ഇതിൽപ്പെടാത്തത് എന്തെങ്കിലും ഉണ്ടോ? ഉണ്ടെന്നെനിക്ക് തോന്നുന്നില്ല!

ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ പദാർത്ഥത്തിനു തത്തുല്യമായി അതിഭീമമായ ഊർജ്ജമുണ്ടെന്ന് ആൽബർട്ട് ഐൻസ്റ്റീൻ കണ്ടുപിടിച്ചപ്പോൾ (E = mc2) ലോകത്തിനതൊരു അത്ഭുതമായിരുന്നു!

എന്നാൽ ആയിരക്കണക്കിനു വർഷം മുമ്പ് മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും അതുല്യമായ ഈശ്വരോർജ്ജമുണ്ടെന്ന് നമ്മുടെ ഭാഗവതത്തിൽ എഴുതിവെച്ചിരുന്നു!

ഐൻസ്റ്റീനെ ചെറുതാക്കിക്കാണിക്കാനോ ഭാഗവതത്തെ ഉയർത്തിക്കാണിക്കാനോ വേണ്ടിയല്ല ഇതെഴുതിയത്. ഒന്നും മറ്റൊന്നിനെക്കാൾ ചെറുതുമല്ല, വലുതുമല്ല.

ഐൻസ്റ്റീൻ വരുന്നതുവരെ ആ ഊർജ്ജം അളക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിനാണ് അതു കഴിഞ്ഞത്. അതുകൊണ്ട് ഐൻസ്റ്റീൻ്റെ മഹത്വം എന്നും വാനോളം തന്നെയാണ്!

എന്നാൽ നമ്മളറിഞ്ഞിരിക്കേണ്ട നമ്മുടെ പുരാണങ്ങളിലും വിലമതിക്കാനാവാത്ത ചിലതുണ്ട്. അതൊക്കെ മനസ്സിലാക്കാൻ ആഴത്തിലുള്ള വായനയും ഗവേഷണവും ആ വഴിക്കും വേണമെന്നേയുള്ളൂ.

*

തൻ്റെ തൊട്ടടുത്തു നില്ക്കുന്ന തൂണിലും മഹാവിഷ്ണുവുണ്ടെന്ന് പ്രഹ്ലാദൻ്റെ നാവിൽ നിന്നു കേട്ട ഹിരണ്യകശിപു ‘രക്തം ചിതറും മിഴികളിൽനിന്നതി കർക്കശമാം കനൽക്കട്ട ചാടുംവണ്ണം’, ദേഷ്യത്താൽ പല്ലും കടിച്ചുകൊണ്ട് ഒരു കൈയിൽ വാളുമായി ഗർജ്ജിക്കുന്ന സ്വരത്തിൽ പ്രഹ്ലാദനെ നോക്കി പറഞ്ഞതും, പിന്നീട് നടന്നതും എഴുത്തച്ഛൻ്റെ വരികളിൽ-

‘പെട്ടെന്നു വാളുമെടുത്തെഴുനേറ്റുല-

കൊട്ടൊഴിയാതെനിറഞ്ഞവൻ തൂണിതിൽ

നില്പവൻവന്നു രക്ഷിക്കണമിത്തരം

ദുർഭാഷണംചെയ്തു നിൽക്കുന്ന നിന്നെ ഞാൻ

വെട്ടിക്കളവനെന്നോടിയടുത്തു തൻ-

മുഷ്ടികൊണ്ടൊന്നു കുത്തീടിനാൻ തുണിന്മേൽ;

വട്ടം തിരിഞ്ഞു വിറച്ചിതസ്ഥൂണവും

പൊട്ടിഞെരിഞ്ഞമർന്നൂ തൽപ്രദേശവും.’

‘ഉലകം മുഴുവൻ നിറഞ്ഞവൻ ഈ തൂണിലുണ്ടെങ്കിൽ അവൻ വന്ന് നിന്നെ രക്ഷിക്കട്ടെ, ഇങ്ങനെ ദുർഭാഷണം ചെയ്ത് നിൽക്കുന്ന നിന്നെ ഞാൻ വെട്ടിക്കളയാൻ പോവുകയാണ്’ എന്നു പറഞ്ഞ് തൻ്റെ മുഷ്ടികൊണ്ട് ആ തൂണിന്മേൽ ഹിരണ്യകശിപു ആഞ്ഞിടിച്ചു.

വട്ടം തിരിഞ്ഞ് ആ തൂണൊന്നു വിറച്ചു. ശേഷം അതു പൊട്ടിപ്പിളർന്നു. ശബ്ദത്താൽ ആ പ്രദേശവും ഞെരിഞ്ഞമർന്നു!

തുടരും…

This Post Has 13 Comments

  1. എം.ശിവദാസൻ

    പുരാണങ്ങളെ എങ്ങിനെയൊക്കെ കാണാം, മനസ്സിലാക്കാം എന്നീ വിഷയങ്ങൾ വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. ഗംഭീരമായിട്ടുണ്ട്.

    1. Raj

      വായനയ്ക്കും പ്രോത്സാഹനത്തിനും വളരെ നന്ദി സർ. 🙏❤️

  2. എം.ശിവദാസൻ

    പുരാണങ്ങളെ എങ്ങിനെയൊക്കെ കാണാം, മനസ്സിലാക്കാം എന്നീ വിഷയങ്ങൾ വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. ഗംഭീരമായിട്ടുണ്ട്.

  3. Santha Warriar

    കുട്ടിക്കാലത്തു കഥ പറഞ്ഞുതരുമ്പോൾ “moral of the story ” കൂടി പറഞ്ഞുതന്നിരുന്നത് ഓർക്കുന്നു, വലുതായിക്കഴിഞ്ഞു പുരാണങ്ങളും മറ്റും വായിക്കുമ്പോൾ കഥയിലെ തത്വങ്ങളെ കുറിച്ച് ആലോചിക്കാൻ ഈ പരിശീലനം ഉപയോഗപ്പെടാറുണ്ട് ല്ലേ രാജ് ?
    എന്നാൽ ഇന്നത്തെ കുട്ടികൾക്ക് അത്തരം പരിശീലനമോ കഥയിലെ തത്വങ്ങളെ കുറിച്ച് ചിന്തിക്കുന്ന ശീലമോ ഇല്ലെന്ന് തോന്നുന്നു

    പതിവുപോലെ നന്നായി എഴുതി 🌹

    1. Raj

      Thanks for the encouragement as always, chechi! 🙏❤️

  4. Asha Thilakan

    വിഷ്ണു സഹസ്രനാമം ഓര്‍മ വന്നു . അനായാസേന ഒഴുകുന്ന നദിയെന്നപോലെ ഹിരണ്യo തുടരട്ടെ!
    നന്നായിട്ടുണ്ട് അവതരണം 😊

    1. Raj

      No words to thank you, Ashachechi! 🙏❤️

      1. Deepa

        എല്ലാ തവണത്തെയും പോലെ വളരെ നന്നായി എഴുതി. ചിന്തകളും കഥയും എല്ലാം വളരെ മനോഹരം.
        എല്ലാ മതങ്ങളിലും ഈശ്വരൻ അഥവാ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ശക്തി എന്നൊന്നിൽ വിശ്വസിക്കുന്നുണ്ടെങ്കിലും അതിനപ്പുറം വേറെ പല കാര്യങ്ങൾ നോക്കുമ്പോൾ രീതികളിലും വിശ്വാസങ്ങളിലും പൊരുത്തം ഇല്ലായ്മ ധാരാളം. തന്റെ മതത്തിൽ പറയുന്ന കാര്യങ്ങൾ ആണ് ശരി എന്ന മത്സരബുദ്ധിയും. സനാതന ധർമ്മത്തിൽ കർക്കശ നിയമങ്ങൾ ഇല്ലാത്തതുകൊണ്ട് കുറെ പേർക്ക് യുക്തി പൂർവ്വം ചിന്തിക്കാൻ കഴിയുന്നുണ്ടെങ്കിലും കുറെ പേർക്ക് അതിനു കഴിയില്ല.
        മതത്തെ രാഷ്ട്രീയവൽക്കരിക്കുക വഴി ഉള്ള പ്രശ്നങ്ങൾ പിന്നെ പറഞ്ഞാലും തീരില്ല. യുക്തി ഉപയോഗിച്ച് കാര്യങ്ങൾ കാണാനും മനസ്സിലാക്കാനും കഴിയട്ടെ വരും തലമുറകൾക്ക്. പുരാണങ്ങൾ യുവ തലമുറകൾ വായിച്ചു വളരട്ടെ. 🙏

        1. Raj Purushothaman

          Thanks for this great note, Deepa! ❤️🙏

  5. Anonymous

    Very informative. Please continue

    1. Raj

      Thank you! Please keep reading, and post your commets as time allows. 🙏❤️

  6. Anonymous

    🙏🙏🙏🙏

    1. Raj

      🙏❤️

Leave a Reply