കഥ ‘ഹിരണ്യം’ – 2

ഹിരണ്യകശിപുവിൻ്റെയും പ്രഹ്ലാദൻ്റെയും കഥയുടെ തുടർച്ചയാണിത്.

കഥയിലേക്ക് കടക്കുന്നതിനു മുമ്പ് ഒരു ചോദ്യം – ഹിരണ്യകശിപു വധിക്കാൻ ശ്രമിച്ചപ്പോൾ പുത്രനായ പ്രഹ്ലാദനെ രക്ഷിക്കാൻ ആദ്യം എത്തിച്ചേർന്ന ദൈവം ആരാണ്?

മഹാവിഷ്ണു എന്നാവും പലരുടെയും ഉത്തരം. അതിലേക്ക് വഴിയേ വരാം.

നമ്മുടെ പുരാണങ്ങളിൽ ധാരാളം പേർ തപസ്സുചെയ്ത് വരങ്ങൾ നേടിയിട്ടുള്ള കാര്യം നമുക്കറിയാം. അതികഠിനമായ തപസ്സൊക്കെ ചെയ്ത് ഈശ്വരൻ പ്രത്യക്ഷപ്പെടുമ്പോൾ അവരിൽ പലരും ആദ്യം ചോദിക്കുന്ന വരം ‘തങ്ങൾക്കൊരിക്കലും മരണമുണ്ടാവരുത്’ എന്നാണ്.

പക്ഷേ അങ്ങനെ ചോദിച്ചവർക്കൊന്നും ആ വരം കിട്ടിയിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. അതിൽ കുറഞ്ഞ മറ്റുള്ള വരങ്ങളിൽ തൃപ്തരായി മടങ്ങിപ്പോകേണ്ടിവന്നവരാണ് അമരത്വം മോഹിച്ച് തപസ്സിനായി പോയിട്ടുള്ളവർ.

എന്നാൽ പ്രത്യേകിച്ച് തപസ്സൊന്നും ചെയ്യാതെ തന്നെ അമരത്വം ലഭിച്ചവരുമുണ്ട്. അവരിൽ രണ്ടുപേർ ഹനുമാനും വിഭീഷണനുമാണ്. അവർക്കതു കിട്ടാൻ കാരണം അവർ സജ്ജനങ്ങളായതുകൊണ്ടും, എന്നും ലോകനന്മയ്ക്കു വേണ്ടി നിലകൊള്ളുമെന്ന് ഉറപ്പുള്ളതുകൊണ്ടും ആണ്.

പുരാണങ്ങളിലെ ഇത്തരം ചെറിയ സംഭവങ്ങളിൽപ്പോലും മനസ്സിലാക്കാൻ പലതുമുണ്ട് – മനുഷ്യൻ സ്വാർത്ഥത മനസ്സിൽ കണ്ടുകൊണ്ട് പ്രവർത്തിച്ചാൽ എത്തിച്ചേരുന്ന സ്ഥാനമാനങ്ങൾക്ക് അതിരുണ്ട്. നിസ്വാർത്ഥമായി, ലോകനന്മയ്ക്കായി ഇറങ്ങിത്തിരിക്കുന്നവർ മാത്രമേ അനന്തമായ പദങ്ങളിൽ എത്തിച്ചേരുന്നുള്ളൂ!

ഇപ്പോൾ നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്നത് അസുരനായ ഹിരണ്യകശിപുവിൻ്റെ കഥയാണ്. അസുരന്മാർ പലപ്പോഴും തപസ്സുചെയ്ത് വരങ്ങൾ നേടുന്നത് ലോകം മുഴുവൻ തങ്ങളുടെ കാല്ക്കീഴിലാക്കാനാണ്. ദേവന്മാരെ അടിച്ചമർത്തി, ലോകത്തിൻ്റെ താളം തെറ്റിച്ച് മറ്റുള്ളവരുടെ ജീവിതക്രമങ്ങളൊക്കെ തങ്ങളുടെ വരുതിയിലാക്കി, ആരാധനാരീതികളൊക്കെ തകിടംമറിച്ച്, മദ്യത്തിൻ്റെയും ലോഭത്തിൻ്റെയും ആസക്തിയിൽ അപ്പപ്പോൾ തോന്നുന്ന വഴിയേ ലോകത്തെ തിരിച്ചുവിടുകയാണ് അവർ ചെയ്യുക.

തീവ്രവാദികൾ ഒരു രാജ്യത്തിൻ്റെ ഭരണസംവിധാനം അട്ടിമറിച്ച് അധികാരം പിടിച്ചെടുത്താലുള്ള അവസ്ഥ ആലോചിച്ചു നോക്കിയാൽ മതി, അസുരന്മാരുടെ ചെയ്തികൾ മനസ്സിലാക്കാൻ.

ഒടുവിൽ അതിൽ നിന്ന് ആ ലോകത്തെ മോചിപ്പിക്കാൻ ആരെങ്കിലും വരും. അതിൻ്റെ പ്രതീകമാണ് പുരാണങ്ങളിലെ അവതാരങ്ങൾ. അങ്ങനെ ഭൂമിയിൽ നമുക്ക് ചുറ്റും കാണുകയും കേൾക്കുകയും ചെയ്യുന്ന ജീവിതഗന്ധിയായ സംഭവങ്ങൾ തന്നെയാണ് കഥകളുടെ രൂപത്തിൽ പുരാണങ്ങളിൽ എഴുതിവെച്ചിരിക്കുന്നത്.

തൻ്റെ സഹോദരനായ ഹിരണ്യാക്ഷൻ മഹാവിഷ്ണുവിൻ്റെ വരാഹാവതാരത്താൽ വധിക്കപ്പെട്ടപ്പോൾ വിഷ്ണുവിനെ വധിക്കണമെന്ന ലക്ഷ്യത്തോടെ ഹിരണ്യകശിപു ബ്രഹ്മാവിനെ തപസ്സു ചെയ്ത് പ്രത്യക്ഷപ്പെടുത്തിയ കഥ നമ്മൾ കണ്ടു. ബ്രഹ്മദേവനോട് അയാൾ ആദ്യം ചോദിച്ച വരവും മറ്റൊന്നുമല്ല – അമരത്വം തന്നെ!

എന്നാൽ അതു തരാൻ സാധ്യമല്ല എന്ന് ബ്രഹ്മദേവൻ പറഞ്ഞതോടെയാണ് പല വരങ്ങളിലൂടെ അയാൾ ‘അമരത്വം’ സൂത്രത്തിൽ നേടിയെടുക്കാൻ ശ്രമിച്ചത്. ഹിരണ്യകശിപു ചോദിച്ചു വാങ്ങിയ വരങ്ങൾ പരിശോധിച്ചാൽ ആർക്കും തോന്നും അയാളുടെ മരണം അസംഭവ്യമാണെന്ന്!

‘ബ്രഹ്മാവിനാൽ സൃഷ്ടിക്കപ്പെട്ടവരാൽ മരണം സംഭവിക്കരുത്, അകത്തോ പുറത്തോ വെച്ച് മരണമുണ്ടാവരുത്, രാത്രിയോ പകലോ മരിക്കരുത്, ഭൂമിയിലോ ആകാശത്തോ വെച്ച് മരണമുണ്ടാവരുത്, ആയുധങ്ങളാലോ, മനുഷ്യനായോ മൃഗമായോ വധിക്കപ്പെടരുത്, മറ്റൊരാളിൽ നിന്ന് ജനിച്ചവരാൽ മരണമുണ്ടാവരുത്!’

അങ്ങനെ ഹിരണ്യകശിപുവും ഉറപ്പിച്ചു, ഈ വരങ്ങളെ മറികടന്ന് മൃത്യുവിനൊരിക്കലും തന്നെ പ്രാപിക്കാൻ കഴിയില്ലെന്ന്.

തിരിച്ച് രാജധാനിയിലെത്തിയ അയാൾ ലോകത്താരും മേലിൽ വിഷ്ണുവിനെ പൂജിക്കരുതെന്ന് ഉത്തരവിട്ടു. ‘നാരായണായ നമഃ’ എന്ന ആരാധനയ്ക്ക് പകരം ‘ഹിരണ്യായ നമഃ’ എന്നേ ചൊല്ലാവൂ എന്നയാൾ നിയമമുണ്ടാക്കി. ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തി അയാളതു നടപ്പാക്കുകയും ചെയ്തു. അതിന് വഴങ്ങാത്തവരെ വധിച്ചും കളഞ്ഞു.

എന്നാൽ കഴിഞ്ഞ അധ്യായത്തിൽ നാരദമുനിയിൽ നിന്ന് വിഷ്ണുഭക്തി പകർന്നു കിട്ടിയ ഹിരണ്യകശിപുവിൻ്റെ മകൻ പ്രഹ്ലാദനെപ്പറ്റി നമ്മൾ പറഞ്ഞിരുന്നു.

തൻ്റെ ഓരോ ശ്വാസത്തിലും വിഷ്ണുഭഗവാനെ മനസ്സിൽ സ്മരിച്ച് വിഷ്ണുഭക്തിയിൽ മുഴുകിക്കഴിഞ്ഞിരുന്ന ബാലനായ പ്രഹ്ലാദൻ അയാളെ പാടേ നിരാശപ്പെടുത്തി.

കഥയിൽ നിന്നു വിട്ട് ഒരല്പം ഇവിടെയും ചിന്തിക്കാനുണ്ട് – മാതാപിതാക്കളുടെ വഴിയേ തന്നെയാണോ മക്കളെപ്പോഴും നടക്കാറുള്ളത്? ഇതു വായിക്കുന്നവർക്കും അതിനെപ്പറ്റി പലതും പറയാനുണ്ടാവും. ആ ചിന്ത നിങ്ങൾക്കു വിടുന്നു.

ഇവിടെയിപ്പോൾ പ്രഹ്ലാദനെ ‘കാര്യങ്ങൾ മനസ്സിലാക്കാൻ’ ഹിരണ്യകശിപു ഗുരുകുലത്തിലേക്കയച്ചു.

ഏറെ നാൾ ഗുരുകുലത്തിൽ കഴിഞ്ഞതിനു ശേഷം പ്രഹ്ലാദൻ പിതാവിൻ്റെയടുത്ത് തിരിച്ചെത്തി.

പുത്രനെക്കണ്ട സന്തോഷത്തിൽ ഹിരണ്യകശിപു “നീ പഠിച്ചിട്ടുള്ളതിലേറ്റവും നല്ലതെന്താണെന്നു ചൊല്ലുക” എന്നു ചോദിച്ചു. ‘ജഗദ്ഗുരുവായ മാധവൻ്റെ’ സ്തുതിഗീതങ്ങളായിരുന്നു വിഷ്ണുഭക്തനായ പ്രഹ്ലാദൻ്റെ നാവിൽ നിന്ന് അതിനുള്ള മറുപടിയായി വന്നത്.

ഹിരണ്യകശിപു കോപം കൊണ്ടു വിറച്ചു! പ്രഹ്ലാദൻ്റെ ഗുരുക്കന്മാരെ അയാൾ തീ പാറുന്ന കണ്ണുകളോടെ നോക്കി!

അവർ തൊഴുകൈയ്യോടെ ഭയന്നു വിറച്ച് “ഞങ്ങൾ പഠിപ്പിച്ചതല്ല കുമാരൻ ചൊല്ലിയത്” എന്നറിയിച്ചു.

മകനെ ശിക്ഷിച്ചു മാറ്റി, മനസ്സിലുള്ളതൊക്കെ മറപ്പിച്ച് തിരിച്ചുകൊണ്ടുവരാനായി അയാൾ വീണ്ടും ഗുരുക്കന്മാരോടൊപ്പം പ്രഹ്ലാദനെ അയച്ചു.

കാലം വീണ്ടും കടന്നുപോയി. പ്രഹ്ലാദന് വിദ്യയുറച്ചു എന്നു ബോധ്യപ്പെട്ടപ്പോൾ ഗുരുക്കന്മാരായ ശുക്രപുത്രന്മാർ അവനെ വീണ്ടും ഹിരണ്യകശിപുവിൻ്റെയടുത്ത് തിരിച്ചെത്തിച്ചു.

ഹിരണ്യകശിപു വീണ്ടും പ്രഹ്ലാദനോട് പഠിച്ചതിൽ ഉത്തമമായതെന്താണെന്ന് ചോദിച്ചു. ഭാഗവതത്തിലെ വരികളിൽ-

“ഇത്രനാളും മിനക്കെട്ടു പഠിച്ചതി-
ലുത്തമമായതെന്തെന്നു ചൊല്ലീടു നീ.”

അതിനുള്ള പ്രഹ്ലാദൻ്റെ മറുപടി-

“നിത്യം ശ്രവണാദി സൽകീർത്തനങ്ങളാൽ
ഭക്തി നാരായണൻതങ്കലെത്തീടുകിൽ
മർത്യജന്മാർത്ഥം ലഭിച്ചിതെ”ന്നാത്മജൻ
……..
അത്രയും കേട്ടതോടെ ഹിരണ്യകശിപുവിൻ്റെ സകല ക്ഷമയും നശിച്ചു. പ്രഹ്ലാദനെ വധിക്കാൻ തന്നെ അയാൾ തീരുമാനമെടുത്തു.

വളഞ്ഞ വാളുകൾ കൈവശമുള്ള രാക്ഷസന്മാരെ വിളിച്ച് മകനെ വെട്ടി നുറുക്കാൻ അയാൾ ഉത്തരവിട്ടു. അവർ വന്ന് പ്രഹ്ലാദനെ വളഞ്ഞു.

അപ്പോഴുള്ള പ്രഹ്ലാദൻ്റെ ധ്യാനവും ചിന്തയും എഴുത്തച്ഛൻ്റെ വരികളിൽത്തന്നെ വായിക്കണം!

‘ദേവദേവേശനെ ധ്യാനിച്ചുറച്ചുടൻ
തന്നുള്ളിലും ജഗത്തിങ്കലും കൊല്ലുവാൻ
ചെന്നടുക്കുന്നൊരു ദാനവന്മാരിലും
മണ്ഡലാഗ്രങ്ങളിലും പരിപൂർണ്ണനായ്
പുണ്ഡരീകാക്ഷനാമാദിനാരായണൻ
തന്നുടെ മായയാ നിന്നവനാകിലി-
ങ്ങിന്നിവരാലെനിക്കില്ലൊരുസങ്കടം
നിർണ്ണയ………..’

(എൻ്റെയുള്ളിലും ജഗത്തിലും കൊല്ലാൻ വരുന്ന ഈ അസുരന്മാരിലും അവരുടെ മണ്ഡലാഗ്രങ്ങളിലും ആദിനാരായണനാണുള്ളതെങ്കിൽ ഇവർ മൂലം എനിക്കൊരു സങ്കടവുമുണ്ടാവില്ല!)

‘മണ്ഡലാഗ്രം’ എന്നാൽ വളഞ്ഞ അറ്റത്തോടുകൂടിയ വാൾ.

എത്ര മനോഹരമായ സങ്കല്പമാണത്! എന്നിലും അവരിലും വാളിലും പ്രപഞ്ചത്തിലും ഒക്കെയുള്ളത് ഒരേ ഈശ്വരനാണ്!

ആയിരക്കണക്കിന് വർഷം മുമ്പെഴുതിയ മൂലഭാഗവതത്തിലാണ് ഇതുള്ളത്. അക്കാലത്ത് നിലവിലുള്ള മറ്റെല്ലാ സങ്കല്പങ്ങളിലും ദൈവം എന്നാൽ ആകാശത്തെവിടെയോ നില്ക്കുന്ന ഒരു സ്രഷ്ടാവ് എന്നേ കണക്കാക്കപ്പെട്ടിട്ടുള്ളൂ.

പിന്നീടെന്താണ് സംഭവിച്ചത്? പ്രഹ്ലാദനെ വധിക്കാൻ വന്ന ആ ദാനവന്മാർ പരസ്പരം വെട്ടി മരിക്കുകയാണുണ്ടായത്!

അടുത്തതായി ഹിരണ്യകശിപു ദിഗ്ഗജങ്ങളെ വിളിച്ച് പ്രഹ്ലാദനെ കുത്തിക്കൊല്ലാൻ ഉത്തരവിട്ടു. എന്നാൽ പ്രഹ്ലാദനെ കുത്താൻ ശ്രമിച്ചപ്പോൾ അവയുടെ കൊമ്പുകൾ ഒടിഞ്ഞുപോയി.

പിന്നീട് അഷ്ടനാഗങ്ങളെ വിട്ട് പ്രഹ്ലാദനെ കടിപ്പിച്ചു. എന്നാൽ പ്രപഞ്ചത്തിൽ ഏറ്റവും വിഷമുള്ള ആ നാഗങ്ങളുടെ പല്ലുകൾ കൊഴിഞ്ഞുപോയി. അവയും പരാജിതരായി മടങ്ങി.

വീണ്ടും പ്രഹ്ലാദനെ തീയിലിടുന്നതും വിഷം കൊടുക്കുന്നതുമടക്കം പല പണികളും ഹിരണ്യകശിപു പയറ്റിനോക്കി. ഒന്നും ഫലം കണ്ടില്ല.

പ്രഹ്ലാദനെ കൈയും കാലും കെട്ടി തീയിലിട്ടപ്പോൾ ഇതാണ് സംഭവിച്ചത്-

‘കാലമത്തീയും മഹാവിഷ്ണുതന്നെയും
വേറായിരിപ്പതല്ലെന്നു തന്മാനസേ
തേറിനാനപ്പൊഴുതാറിനാനഗ്നിയും’

കാലമാകുന്ന തീയും മഹാവിഷ്ണുവും ഒന്നാണെന്ന് മനസ്സിലാക്കി വിഷ്ണുവിനെത്തന്നെ ധ്യാനിച്ചിരുന്ന പ്രഹ്ലാദൻ്റെ ചുറ്റുമുള്ള തീ ആറിത്തണുത്ത് കുളിർമ്മയുള്ളതായി മാറി!

അഗ്നിയിൽ നിന്ന് കൃത്യകളെ സൃഷ്ടിച്ച് പ്രഹ്ലാദൻ്റെ നേർക്കയച്ചപ്പോൾ അവൻ്റെ ഉള്ളിൽത്തന്നെയുള്ള മഹാവിഷ്ണുവിൻ്റെ സുദർശനചക്രം പുറപ്പെട്ട് അവയെ വധിച്ചു.

അങ്ങനെയൊരു ദിനം എല്ലാ വഴികളുമടഞ്ഞ ഹിരണ്യകശിപു ഭൃത്യന്മാരെ നിയോഗിച്ച് ബാലനായ പ്രഹ്ലാദനെ ആയിരം യോജന ഉയരമുള്ള ഭീമമായ ഒരു മാളികയുടെ മുകളിൽ നിന്ന് കൈയും കാലും കെട്ടി താഴേക്കെറിഞ്ഞു.

മഹാവിഷ്ണുവിൻ്റെ ഏറ്റവും വിശിഷ്ടനായ ഭക്തൻ അങ്ങനെ താഴെ ഭൂമിയിലേക്ക് പതിക്കുന്നു. ആ ബാലൻ്റെ മനസ്സിൽ അപ്പോഴും വിഷ്ണുഭഗവാൻ മാത്രം. പിന്നെ നടന്നതും എഴുത്തച്ഛൻ്റെ വരികളിൽത്തന്നെ വായിക്കണം. അത്ര മനോഹരമായി അതു വർണ്ണിക്കാൻ മറ്റാർക്കാണ് കഴിയുക!

‘വിഷ്ണുമയമെന്നുറച്ചാനഖിലവും;
വിഷ്ണുമായയ്ക്കരുതാതതില്ലൊന്നുമേ.
വിഷ്ണുപദത്തിങ്കൽനിന്നു താഴുന്നവൻ
വിഷ്ണുപ്രിയയിൽവന്നെത്തുന്നതിൻമുമ്പേ
വിഷ്ണുപ്രിയാ, ധരാദേവിതാൻ തൽക്ഷണേ
വിഷ്ണുമനോഹരവേഷഭാവത്തൊടും
വിഷ്ണുഹൃദയഗതികണ്ടനുദ്രുതം
വിഷ്ണുബുദ്ധ്യാ കരംകാട്ടി നിന്നീടിനാൾ:
വിഷ്ണുഭക്തൻ വന്നുവീണാൻ കരാംബുജേ.
വിഷ്ണുസ്മൃതികൊണ്ടു ബന്ധങ്ങളൊക്കെയും
വിഷ്ണുപദത്തിങ്കൽനിന്നഴിഞ്ഞൂ ബലാൽ
വിഷ്ണുരേവംപുണർന്നർഭകൻതന്നെയും
വിഷ്ണുപ്രിയതന്നിൽ നിർത്തിനാളാദരാൽ.

വിഷ്ണുഭക്തനായ പ്രഹ്ലാദൻ വിഷ്ണുപദത്തിൽ നിന്ന് (ആകാശത്തു നിന്ന്) വീണുകൊണ്ടിരുന്നപ്പോൾ വിഷ്ണുവിൻ്റെ ഹൃദയഗതി മനസ്സിലാക്കി വിഷ്ണുപ്രിയയായ ഭൂമീദേവി തന്നെ നേരിൽ പ്രത്യക്ഷപ്പെട്ട് പ്രഹ്ലാദനെ തൻ്റെ കരതലത്തിൽ താങ്ങിയെടുത്തു!

പ്രഹ്ലാദനപ്പോഴും മനസ്സിലായില്ല, ആ വന്നതാരാണെന്ന്! ഭക്തിയോടെ തൊഴുതുകൊണ്ട് അവൻ ചോദിച്ചു – “ഉറ്റവരെല്ലാമുപേക്ഷിച്ച എന്നെ വന്ന് രക്ഷിച്ച അവിടുന്ന് ആരാണ്?”

ഭൂമീദേവി അതിനു പറഞ്ഞ മറുപടിയും എഴുത്തച്ഛൻ്റെ വരികളിൽത്തന്നെ വായിക്കണം!

“സർവചരാചര ധാത്രിയായ്മേവിന
സർവംസഹാദേവിയായതു ഞാൻ മമ-
ഭർത്തൃനിയോഗേന നിന്നെ രക്ഷിപ്പതി-
നത്യരം പ്രത്യക്ഷയായ് വന്നിതിങ്ങനെ
പുത്ര! നിനക്കിനിയും ബത! വേണ്ടുകിൽ
അത്രൈവ മൽസ്മൃതിചെയ്കിലവിടെ ഞാൻ
പ്രത്യക്ഷയായ് വന്നു സങ്കടംപോക്കുവൻ
ചിത്തചാഞ്ചല്യമുണ്ടാകായ്കൊരിക്കലും;
………………..”

സർവചരാചരങ്ങളുടെയും മാതാവായ സർവംസഹയായ ഭൂമീദേവിയാണ് ഞാൻ. വിഷ്ണുവിൻ്റെ നിയോഗത്താലാണ് ഇപ്പോൾ നിന്നെ രക്ഷിക്കാൻ വന്നത്. പുത്രാ, നിനക്കിനിയും വേണമെങ്കിൽ എന്നെ സ്മരിക്കുന്ന വേളയിൽ ഞാൻ വന്ന് നിൻ്റെ സങ്കടം ഇല്ലാതാക്കും. മനസ്സിന് ചാഞ്ചല്യം ഒരിക്കലും വേണ്ട!

കഥ തുടരും…

This Post Has 15 Comments

  1. Anonymous

    🥰

    1. Raj

      ❤️🙏

  2. Anonymous

    Simply superb…This world of dualities which we live is in One pure consciousness, like a dream in our sleep. In the dream we are there as well as the world is there. But in reality they all are the dreamer himself. The subject and objects are nothing but the dreamer. So is this whole cosmos. This is dreamlike to One pure consciousness ! Those who realise this Oneness goes beyond death like prahlada! Great on raj!

    1. Raj

      Thanks for sharing your thoughts! ❤️🙏

  3. Anonymous

    Simply superb…This world of dualities which we live is in One pure consciousness, like a dream in our sleep. In the dream we are there as well as the world is there. But in reality they all are the dreamer himself. The subject and objects are nothing but the dreamer. So is this whole cosmos. This is dreamlike to One pure consciousness ! Those who realise this Oneness goes beyond death like prahlada! Great on raj!

  4. Betsy Paul C

    Well written, again 👍👍👍

    1. Raj

      Thank you Dr. Betsy! ❤️🙏

  5. Asha Thilakan

    ദേവാസുരയുദ്ധങ്ങൾ നടക്കുന്നത് നമ്മുടെ മനസ്സിൽ തന്നെയല്ലേ!
    നല്ല രചന 😍

    1. Raj

      Thanks Ashachechi! ❤️🙏

  6. Santha Warriar

    Beautiful description with reminders on the values and life lessons

    1. Raj

      Thank you chechi! ❤️🙏

  7. Deepa

    എല്ലാ പ്രാവശ്യവും പറയുന്നത് പോലെ തന്നെ ഇത്തവണയും വളരെ നന്നായി എഴുതി!! വായിച്ചു മറന്ന കഥകളും കൂട്ടത്തിൽ ചിന്തിപ്പിക്കുന്ന ഉൾകാഴ്ച്ചകളും, എഴുത്തച്ഛന്റെ വരികളും ചേർന്ന് വളരെ മനോഹരമായി എഴുതി. എത്ര വർഷം കഴിഞ്ഞാലും നമ്മുടെ വേദങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും അടങ്ങിയിട്ടുള്ള തത്വങ്ങൾ നിലനിൽക്കും. വൈകിയാണെങ്കിലും എനിക്ക് ഇവയെക്കുറിച്ചൊക്കെ വായിക്കാനും പഠിക്കാനും കഴിയുന്നത് തന്നെ ഭാഗ്യമായി കരുതുന്നു. അതിൽ ചിന്മയമിഷൻ വലിയ സഹായമാകുന്നു.. എന്റെ ആ യാത്രയിൽ രാജിന്റെ ലേഖനങ്ങൾ വായിക്കുന്നത് വഴി കൂടുതൽ അറിവ് കിട്ടുന്നുണ്ട്. വളരെ നന്ദി 🙏.

    1. Anonymous

      Thank you Deepa! ❤️🙏

  8. Vijayalekshmy K N

    രാജിന്റെ ഈ എഴുത്ത് മറന്നുപോയ കഥകൾ എല്ലാ നല്ല ആഖ്യാനതോടെ ഓർമ്മിപ്പിക്കുന്നു…….ശെരിക്കും ഇത് നല്ലൊരു റഫറൻസ് ആണ് ..thank you very much dr Raj …

    1. Anonymous

      Thank you chechi! ❤️🙏

Leave a Reply