ദൂഷണം ചിലർ പറഞ്ഞീടുകിലതുമൊരു
ഭൂഷണമത്രേ ദുരിതങ്ങളും താനേനീങ്ങും’
എഴുത്തച്ഛൻ കിളിമകളോട് പറയുന്നതായാണ് ഈ വരികൾ. ‘ദൂഷണം’ എന്നാൽ കുറ്റം എന്നർത്ഥം. ഭാഗവതം ചൊല്ലാൻ അപേക്ഷിച്ചതോടൊപ്പമാണ് അദ്ദേഹം ഇങ്ങനെയും പറഞ്ഞത്.
എന്തൊക്കെയാണ് ഇതിൽ നിന്ന് നമുക്ക് വായിച്ചെടുക്കാനാവുക?
‘ഭാഗവതം’ എന്ന കഥാമൃതമാണ് പറഞ്ഞുകൊടുക്കുന്നതെങ്കിലും കുറ്റംപറച്ചിൽ കേൾക്കേണ്ടിവരും എന്നതാണതിലെ ഏറ്റവും കാതലായ യാഥാർത്ഥ്യം. എത്രയോ വേദനാജനകമാണത്!
എന്നാൽ അതാണ് നമ്മളടക്കമുള്ള പൊതുജനത്തിൻ്റെ മനസ്സ്. എന്തിലും ദോഷം കണ്ടെത്താനാണ് മനുഷ്യരാദ്യം ശ്രമിക്കുക.
എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം എഴുതിയതിനു ശേഷമാണ് ഭാഗവതം കിളിപ്പാട്ട് എഴുതുന്നതെന്ന് ഓർക്കണം. ഇതൊക്കെ രചിക്കുന്ന കാലത്ത് നമ്മുടെ ഭാഷാപിതാവ് എത്രയോ പഴിപറച്ചിൽ കേട്ടിട്ടുണ്ടാവണം!
ഇനിയുമുണ്ട് മുകളിലെഴുതിയ ആ ഈരടിയിൽ മനസ്സിലാക്കാൻ പലതും – ആരെങ്കിലും കുറ്റം പറഞ്ഞാൽ അതും നന്നായെന്ന് വേണം കരുതാൻ. നമ്മുടെ ദുരിതങ്ങളും അതോടൊപ്പം നീങ്ങിക്കിട്ടും. കാരണം, മറ്റുള്ളവരുടെ നന്മയെക്കരുതി ചെയ്തിട്ടും പഴിപറച്ചിലാണല്ലോ കേൾക്കേണ്ടിവന്നത്! വിധിയുടെ കണക്കുപുസ്തകത്തിൽ നമ്മുടെ ദുരിതങ്ങളെത്രയോ അവിടെ എഴുതിത്തള്ളിക്കഴിഞ്ഞു!
‘ദുരിതങ്ങളും താനേനീങ്ങും’ എന്നദ്ദേഹം പറഞ്ഞതിൻ്റെ അർത്ഥം ഇതാവും.
*
‘മോക്ഷം’ എന്നൊരു സങ്കല്പമുണ്ട് ഹൈന്ദവവിശ്വാസങ്ങളിൽ. അതിൻ്റെ സാംഗത്യവും ചിന്തിക്കാവുന്നതാണ്. എല്ലാ പ്രശ്നങ്ങളിൽ നിന്നും അകന്ന് ആത്യന്തികമായി സ്വസ്ഥത ആഗ്രഹിക്കുന്നവരാണ് നമ്മളോരോരുത്തരും എങ്കിൽ മോക്ഷം എന്ന അവസ്ഥ മനസ്സിലാക്കാൻ എളുപ്പമുണ്ട്.
നമ്മളൊക്കെ ഒടുവിൽ എത്തിച്ചേരുന്ന സ്വസ്ഥവും ശാശ്വതവുമായ ഒരിടം – അത്രയേ അതിനെ കാണേണ്ടതുള്ളൂ. നമ്മളിലെ ഊർജ്ജം എരിഞ്ഞടങ്ങുമ്പോൾ മാത്രമേ നമുക്കവിടെ എത്താനും കഴിയുകയുള്ളൂ.
ചിലർക്ക് ആ വഴി വളരെ ചെറുതായിരിക്കും – ഭാഗ്യവാന്മാരും ഭാഗ്യവതികളും!
മറ്റു ചിലർ പലതരം വഴികളിലൂടെയും ബന്ധങ്ങളിലൂടെയും കടന്നുപോയതിനു ശേഷമേ അവിടെയെത്തുകയുള്ളൂ.
അങ്ങനെ നിമിഷങ്ങൾ പോലും തള്ളിനീക്കാൻ പ്രയാസപ്പെട്ട് ഒടുവിലവിടെ എത്തിച്ചേർന്ന ഒരു പാണ്ഡ്യരാജാവിൻ്റെ കഥ ഭാഗവതത്തിൽ പറയുന്നുണ്ട്.
പാണ്ഡ്യദേശം എന്നാൽ തമിഴ്നാടാണ്. ഇന്നത്തെ ഉത്തരഭാരതത്തിലോ അതിനപ്പുറത്തെവിടെയോ വെച്ച് സംസ്കൃതത്തിൽ എഴുതപ്പെട്ട ഭാഗവതത്തിൽ തമിഴ് ദേശത്തിൻ്റെ കഥ എങ്ങനെ കയറിക്കൂടി എന്നും വേണമെങ്കിൽ അന്വേഷിച്ചു പോകാം. അതിനുള്ള ഏറ്റവും വ്യക്തമായ സാധ്യത രണ്ടും പുരാതനമായ സംസ്കാരങ്ങളായിരുന്നു എന്നതാണ്. അങ്ങനെയെങ്കിൽ അക്കാലങ്ങളിൽത്തന്നെ ഇവ രണ്ടും പരസ്പരം അറിയപ്പെടുന്ന നാടുകളായിരുന്നെന്നും അനുമാനിക്കുന്നതിൽ തെറ്റുണ്ടാവില്ലല്ലോ? – പുരാണകഥകൾ വായിക്കുന്നതോടൊപ്പം ചരിത്രത്തിലേക്കും വെറുതെയൊരു കണ്ണേറ് ഇങ്ങനെ ഇടയ്ക്കിടെ കൊടുക്കാം. ഇത്തരം അനുമാനങ്ങൾ തെറ്റാവില്ല!
കഥയിലേക്ക് കടക്കാം – ഇന്ദ്രദ്യുമ്നൻ എന്നായിരുന്നു ആ പാണ്ഡ്യരാജാവിൻ്റെ പേര്. വലിയൊരു വിഷ്ണുഭക്തനായിരുന്നു അദ്ദേഹം. വിഷ്ണുഭഗവാനെ തപസ്സു ചെയ്യാനായി അദ്ദേഹം മലയാദ്രിയുടെ താഴ്വരയിൽ എത്തിച്ചേർന്നു എന്നാണ് ഭാഗവതം അഷ്ടമസ്കന്ധത്തിലെ വർണ്ണന.
എഴുത്തച്ഛൻ്റെ വരികളിൽ-
‘പിന്നെപ്പോയ് മലയാദ്രിതന്നുടെ സാനുസ്ഥലേ
ഖിന്നതകളഞ്ഞീശൻതന്നെ ധ്യാനിക്കും കാലം’
പാണ്ഡ്യദേശത്തിനടുത്തുള്ള മലയാദ്രി ഏതായിരിക്കും? അത് മലയാളദേശത്തിൻ്റെ കിഴക്കുവശത്തുള്ള പർവതനിര തന്നെ!
ഇതു വായിക്കുന്ന ചിലർക്കെങ്കിലും മനസ്സിലായിക്കാണും, ‘ഗജേന്ദ്രമോക്ഷം’ കഥയാണിതെന്ന്. എന്നാൽ ഭാഗവതപ്രിയരുടെ ഹൃദയം കവർന്ന, ഗജേന്ദ്രനായി മാറിയ ഇന്ദ്രദ്യുമ്നൻ മലയാളക്കരയിൽ വന്നായിരുന്നു ആദ്യം വിഷ്ണുഭഗവാനെ തപസ്സു ചെയ്തതെന്ന് അറിഞ്ഞിരുന്നോ?!
കർമ്മത്തിൻ്റെ വഴി ചിലപ്പോൾ ദൈർഘ്യമേറിയതാവും. മുൻകാലങ്ങളിൽ ആർജ്ജിച്ച പുണ്യപാപങ്ങൾ അറ്റുപോകുന്നതു വരെ ആ യാത്ര തുടർന്നല്ലേ പറ്റൂ! എന്നാൽ ഭക്തി കൂടെയുണ്ടെങ്കിൽ അസഹ്യമായ അവസ്ഥയിലെത്തുമ്പോൾ ഭഗവാൻ തന്നെ നേരിട്ടെത്തി ആ യാത്ര ചുരുക്കി, ആ ഭക്തനെയോ ഭക്തയെയോ തന്നിലേക്ക് ചേർക്കും – ഭാഗവതത്തിൻ്റെ ഏറ്റവും സൂക്ഷ്മമായ സന്ദേശം ഇതാണ്.
കഥയിലേക്ക് തിരിച്ചുവരാം – അങ്ങനെ മലയാദ്രിസാനുക്കളിൽ തപസ്സു ചെയ്തിരുന്ന ഇന്ദ്രദ്യുമ്നനെ ഒരിക്കൽ അഗസ്ത്യമഹർഷി സന്ദർശിക്കാനെത്തി. എന്നാൽ ധ്യാനത്തിൽ മുഴുകിയിരുന്ന മഹാരാജാവ് മഹർഷി വന്നത് അറിഞ്ഞില്ല.
തന്നെ ധിക്കരിച്ച് അദ്ദേഹം മിണ്ടാതിരിക്കുന്നു എന്ന് തെറ്റിദ്ധരിച്ച മഹർഷി കുപിതനായി അദ്ദേഹത്തെ ശപിച്ചു – “നീ കാട്ടാനത്തലവനായി ആരോടും മിണ്ടാനാവാതെ പോട്ടെ” എന്നായിരുന്നു ശാപം.
ധ്യാനത്തിൽ നിന്നുണർന്ന മഹാരാജാവ് മഹർഷിയുടെ പിന്നാലെ ഓടിയെത്തി ക്ഷമ ചോദിച്ചു. സത്യാവസ്ഥ മനസ്സിലാക്കിയ അഗസ്ത്യൻ മഹാരാജാവിന് ശാപമോക്ഷം കൊടുത്തു. കാട്ടാനയായിരിക്കേ വിഷ്ണുഭഗവാൻ ഒരിക്കൽ വന്ന് തലോടുമെന്നും, അതോടെ അദ്ദേഹം മുക്തനായി വിഷ്ണുസാരൂപ്യം പ്രാപിക്കുമെന്നുമായിരുന്നു അഗസ്ത്യമഹർഷിയുടെ വചനം.
അങ്ങനെ ഇന്ദ്രദ്യുമ്നമഹാരാജാവ് കാട്ടാനയായ ‘ഗജേന്ദ്രൻ’ ആയി മാറി. അതീവ ശക്തിമാനായ ഗജേന്ദ്രൻ വലിയൊരു ആനസംഘത്തിൻ്റെ തലവനുമായി. ആ സംഘത്തിലെ പിടിയാനകളും ഗജേന്ദ്രന് സ്വന്തമായി.
ആ വലിയ കാട്ടാനക്കൂട്ടം കാടുകൾ മുഴുവൻ ഇളക്കിമറിച്ച് നടന്നു. അങ്ങനെ കാലങ്ങൾ അനേകം കടന്നുപോയി.
ഒരു ദിനം വലിയൊരു താമരപ്പൊയ്ക കണ്ടപ്പോൾ ഗജേന്ദ്രനും സംഘവും അതിൽ കുളിക്കാനിറങ്ങി. ഒപ്പം താമരത്തണ്ടുകൾ പറിച്ചെടുത്ത് ഭക്ഷിക്കാനും തുടങ്ങി.
ആ താമരക്കുളത്തിൽ ദേവലൻ എന്ന മുനിയുടെ ശാപം മൂലം മുതലയായി മാറിയ ഹൂഹു എന്ന ഗന്ധർവ്വനും കഴിയുന്നുണ്ടായിരുന്നു. അതീവശക്തനായിരുന്നു അവനും.
ആ മുതല ഗജേന്ദ്രൻ്റെ കാലിൽ പിടുത്തമിട്ടു. വേദനയോടെ അലറിക്കൊണ്ട് ഗജേന്ദ്രൻ മുതലയുടെ പിടി വിടുവിക്കാൻ കാൽ കുടയുകയും പിന്നിലേക്ക് വലിക്കുകയും മറ്റും ചെയ്തു. എന്നാൽ ശക്തനായ മുതലയുടെ പിടി അയഞ്ഞില്ല.
ആ കാട്ടാനക്കൂട്ടം ഒന്നടങ്കം ശ്രമിച്ചു തങ്ങളുടെ തലവനെ മോചിപ്പിക്കാൻ. ആ കൂട്ടായ ശ്രമവും ഫലിച്ചില്ല. താമസിയാതെ ആനക്കൂട്ടത്തിലുള്ളവർ ഒന്നൊന്നായി പിരിഞ്ഞുപോകാൻ തുടങ്ങി. അങ്ങനെ മുതലയും ഗജേന്ദ്രനും മാത്രം ആ കുളത്തിൽ ബാക്കിയായി. അവർ പോരാട്ടം തുടർന്നുകൊണ്ടുമിരുന്നു.
പുരാണങ്ങൾ ജ്ഞാനത്തിൻ്റെ അക്ഷയഘനികളാണ്. എന്തു മനസ്സിലാക്കാം ഇതിൽ നിന്ന്?
എത്ര വലിയ നേതാവായിരുന്നാലും, എന്നെങ്കിലുമൊരിക്കൽ മറ്റുള്ളവർക്ക് ബാധ്യതയായി മാറിയാൽ എല്ലാവരും ഉപേക്ഷിച്ച് പോകും. നേതാവായിരുന്നയാൾ സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ട് ഒറ്റപ്പെടുകയും ചെയ്യും!
മുതലയും ഗജേന്ദ്രനും തമ്മിലുള്ള പോരാട്ടം ആയിരം വർഷത്തോളം തുടർന്നു എന്നാണ് ഭാഗവതത്തിലെ വർണ്ണന! അങ്ങനെ തളർന്ന ഗജേന്ദ്രൻ്റെ മദാഹങ്കാരങ്ങളും ശമിച്ചു.
എന്നാൽ ഒരു കാലത്ത് വിഷ്ണുഭക്തിയിൽ ലയിച്ച് കഴിഞ്ഞിരുന്ന ഗജേന്ദ്രന് വിഷ്ണുഭഗവാൻ്റെ സ്മരണ വീണ്ടും കൈവന്നു. അദ്ദേഹത്തിൻ്റെ മനസ്സ് വീണ്ടും ഭക്തിയിൽ മുഴുകി. തുമ്പിക്കൈയ്യിൽ പൂനിരകളെടുത്ത് അദ്ദേഹം ഭഗവാന് അർച്ചിച്ചു.
ഇവിടെയും മനസ്സിലാക്കാനുണ്ട് ചിലത് – ഒരാൾക്ക് മനസ്സ് പൂർണ്ണമായും ഭഗവാന് അർപ്പിക്കാൻ കഴിയുന്നത് സുഖങ്ങളിൽ കഴിയുമ്പോഴല്ല, ആപത്തിൽ അകപ്പെടുമ്പോഴാണ്. നമ്മുടെ എല്ലാ പ്രതിരോധങ്ങളും തകരുമ്പോഴാണ് ഭഗവാൻ മാത്രം ആശ്രയമായി മാറുന്നത്.
വസ്ത്രാക്ഷേപം നടക്കുന്ന സമയത്തെ ദ്രൗപദിയാണ് ഇക്കാര്യത്തിൽ മറ്റൊരുദാഹരണം!
ദ്രൗപദിയുടെ കാര്യത്തിലെന്നപോലെ ഭഗവാൻ ഇവിടെയുമെത്തി. ഗരുഡാരൂഢനായ മഹാവിഷ്ണുവാണ് ഗജേന്ദ്രൻ്റെ മുന്നിൽ പ്രത്യക്ഷനായത്. പിന്നെ നടന്നത് ഇതാണ്-
‘തൃക്കൈകൊണ്ടുടൻ മെല്ലെമെല്ലവേ പിടിച്ചെഴു-
ന്നക്കരിപാദം പിടിപെട്ടീടും നക്രത്തെയും
കൂടവേ കരകേറ്റിവെച്ചുകൊണ്ടകതാരി-
ലീടിന കുതൂഹലംതേടിന ജഗന്മയൻ
ചക്രംകൊണ്ടെറിഞ്ഞു നക്രേന്ദ്രവക്ത്രത്തെപ്പിളർ-
ന്നക്കാലം ശാപംതീർന്നുശുദ്ധനാം ഗന്ധർവനും…’
ചിലതൊക്കെ ഭാഗവതത്തിലെ വരികളിൽത്തന്നെ വായിക്കണം. അതാണ് ആ വരികൾ അപ്പാടെ എഴുതിയത്.
മഹാവിഷ്ണു തൻ്റെ കൈകൊണ്ട് മെല്ലെ ആനയെയും മുതലയെയും കരയിലെത്തിച്ചു. അതിനുശേഷം സുദർശനചക്രം കൊണ്ട് മുതലയെ വധിച്ച് ഭഗവാൻ ആ ഗന്ധർവ്വന് ശാപമോക്ഷം കൊടുത്തു.
ഹൂഹു എന്ന ആ ഗന്ധർവ്വൻ ഭഗവാനെ സ്തുതിച്ച് ഇഷ്ടവരങ്ങളും വാങ്ങി സ്വർഗ്ഗലോകത്തേക്ക് യാത്രയായി.
*
മനസ്സിലാക്കാനാണെങ്കിൽ ഇവിടെയും ചിലതുണ്ട് – ആത്യന്തികമായി ആരും ആരുടെയും ശത്രുവല്ല. മുതലയും ആനയും ആയിരുന്ന അവസ്ഥയിൽ മാത്രമായിരുന്നു ഹൂഹുവും ഇന്ദ്രദ്യുമ്നനും തമ്മിലുണ്ടായിരുന്ന ശത്രുത.
ആ കാലം കഴിഞ്ഞു, ആ പ്രതലവും ഇല്ലാതായി, അവരുടെ ശത്രുതയും അവസാനിച്ചു!
നമ്മുടെ കാര്യവും ഇത്രയേയുള്ളൂ. ഇന്ന് പാർട്ടിയുടെ പേരിലും, ജാതി-മതങ്ങളുടെ പേരിലും ഒക്കെ മനസ്സിൽ ശത്രുത സൂക്ഷിക്കുന്ന നമ്മുടെ നാട്ടുകാർ മനസ്സിലാക്കേണ്ട തത്ത്വമാണിത്. ഒരു കാലത്തിനപ്പുറം ഒരു ശത്രുതയും നിലനില്ക്കാൻ പാടില്ല.
നിലനില്ക്കുന്നതും അല്ല!
സൂര്യനെ ചുറ്റുന്ന അനേകം പദാർത്ഥങ്ങളിൽ ഒന്ന് മാത്രമാണ് ഭൂമി. നമ്മുടെ സൂര്യനെപ്പോലെയുള്ള കോടിക്കണക്കിന് സൂര്യന്മാരും, അതടങ്ങുന്ന ട്രില്യൺ കണക്കിന് ഗാലക്സികളും ഉള്ളപ്പോൾ, നക്ഷത്രങ്ങൾ പോലും പൊടിപടലങ്ങൾ കണക്കെ ഈ പ്രപഞ്ചത്തിൽ പറന്നു നടക്കുമ്പോൾ, പൊടിപോലും അല്ലാത്ത നമ്മുടെ ഭൂമിയിലെ ജാതിയും മതവുമൊക്കെ ഇത്ര വലിയ പ്രശ്നമാണോ?!
*
അതിനുശേഷം എന്തു സംഭവിച്ചെന്നു നോക്കാം – വിഷ്ണുഭഗവാൻ തൻ്റെ തൃക്കൈ കൊണ്ട് ഗജേന്ദ്രനെ മൃദുവായി തലോടി. അതോടെ ഗജേന്ദ്രനായ ഇന്ദ്രദ്യുമ്നന് മുക്തിയും ലഭിച്ചു.
‘മന്ദമെന്നിയേ തൃക്കൈകൊണ്ടുടൻ തലോടിനാ-
നന്നേരം സാരൂപ്യം പ്രാപിച്ചതങ്ങരക്ഷണാൽ’
ആദ്യമെഴുതിയത് ഒന്നുകൂടി ആവർത്തിച്ചേ മതിയാകൂ – ചിലർക്ക് കർമ്മബന്ധങ്ങൾ അഴിഞ്ഞ് മുക്തിയിലേക്കെത്താനുള്ള വഴിയല്പം ദൂരമേറിയതാവും. എന്നാൽ ഉറച്ച വിശ്വാസത്തോടെ ആ വഴിയിലേക്കിറങ്ങിയവർ അവിടെ എത്തുക തന്നെ ചെയ്യും!
This Post Has 8 Comments
ഓരോ ആഴ്ചയിലും വായിക്കാന്‍ കഴിയട്ടെ !
വളരെ നന്നായിട്ടുണ്ട്!!
Thank you so much Ashachechi! ❤️🙏
Well narrated
Thank you my dear! ❤️🙏
മനസ്സ് വിമലീകരിക്കുന്ന എഴുത്ത്. അഭിനന്ദനങ്ങൾ, Haryana വീണ്ടും.
Thank you so much Dr. Betsy! ❤️🙏
Well written, as always 🌹
@Santha Warriar, thanks much chechi!!