ഒന്നുമില്ലായ്മയിൽ നിന്ന് ഈ കഥ തുടങ്ങാം.
പക്ഷേ ഒന്നുമില്ലെങ്കിൽ പിന്നെ എന്താണ് തുടങ്ങാൻ കഴിയുക?
അതിനുള്ള ഉത്തരമാണ് ഈ പ്രപഞ്ചം പോലും! നമ്മുടെ പ്രപഞ്ചത്തിൽ ആകമാനമുള്ള ഊർജ്ജം കണക്കാക്കിയാൽ അതെത്രയുണ്ടാവും?
‘പൂജ്യം’ ആണ് അതിനുള്ള ഉത്തരം!
നമ്മൾ കാണുന്ന, നമ്മളടക്കമുള്ള പദാർത്ഥങ്ങളിൽ എത്ര ഊർജ്ജം (energy) ഉണ്ടോ, അത്രയും തന്നെ ഗുരുത്വാകർഷണം എന്ന വിപരീത ഊർജ്ജവും (negative energy) അതേ പദാർത്ഥങ്ങളിലുണ്ട്.
അതു കൂടാതെ ദ്രവ്യവും (matter) വിപരീത ദ്രവ്യവും (antimatter) നമ്മുടെ പ്രപഞ്ചത്തിലുണ്ട്. അവയും തട്ടിക്കിഴിച്ചാൽ പൂജ്യം ആയി മാറും.
അപ്പോൾ ഇവയെല്ലാം ചേരുമ്പോൾ പൂജ്യം ഉണ്ടാവുകയാണെങ്കിൽ പൂജ്യത്തിൽ നിന്ന് പലതും തിരിച്ചും ഉണ്ടാവാം.
അങ്ങനെയുണ്ടായതാണ് നമ്മുടെ പ്രപഞ്ചവും നമ്മളും എല്ലാം. പ്രപഞ്ചോല്പത്തി അന്വേഷിച്ചു പോയ ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയതാണ് ഇക്കാര്യം.
ഒരു ചെറിയ ഉദാഹരണമെടുത്താൽ, ന്യൂട്രൽ ആയ ഒരു പ്രകാശകണികയിൽ (photon) നിന്ന് വിപരീത ദിശയിൽ ചാർജ് ഉള്ള ഒരു ഇലക്ട്രോണും (negative), പോസിട്രോണും (positive) പിറവിയെടുക്കാൻ കഴിയും.
*
നമ്മൾ ശാസ്ത്രത്തെ മാറ്റിനിർത്തി ഒന്നും ചിന്തിക്കരുത്. പുരാണങ്ങളും മതഗ്രന്ഥങ്ങളും മറ്റും വായിക്കുമ്പോൾ ശാസ്ത്രത്തെ മാത്രമല്ല, മാനവികതയെയും കൂടെ കൂട്ടണം.
അവയ്ക്ക് വിരുദ്ധമായി എന്തെങ്കിലും കണ്ടാൽ അത് വിട്ടുകളയുകയും വേണം. എന്നിട്ടും അനന്തമായ ഫിലോസഫിയുള്ള നമ്മുടെ പുരാണങ്ങളിലെ നന്മ മാത്രം മതി, ഒരു ജന്മം മുഴുവൻ വായനാമൃതത്തിൽ മുഴുകി കഴിയാൻ!
കഥയിലേക്ക് വരാം – സഹസ്രാബ്ദങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന നമ്മുടെ പുരാണകർത്താക്കൾ ഇന്നത്തെ നിലയിൽ ശാസ്ത്രം പഠിച്ചിട്ടില്ലെങ്കിലും, ഒന്നുമില്ലായ്മയിൽ നിന്ന് നന്മയും തിന്മയും ഉണ്ടാവാം എന്നവർ തിരിച്ചറിഞ്ഞിരുന്നു.
അതല്ലെങ്കിൽ പാലാഴി കടഞ്ഞപ്പോൾ കൊടുംവിഷമായ കാളകൂടവും, അമരത്വം തരാൻ കഴിവുള്ള അമൃതും ഉണ്ടായെന്ന് എഴുതിവെക്കാൻ അവർക്ക് കഴിയില്ലായിരുന്നു!
നമ്മുടെ അന്തരാത്മാവിൽ തോന്നുന്ന അറിവുകളൊരിക്കലും ചെറുതാവില്ല. ലക്ഷക്കണക്കിനു വർഷങ്ങളായുള്ള പരിണാമം വഴി നമ്മൾ മനുഷ്യരായി മാറിയതിനിടയിലും; അവിടന്ന് ഇന്നോളമുള്ള അനേകായിരം തലമുറകളിലൂടെയുള്ള പരിണാമയാത്രയിലും സൂപ്പർ കമ്പ്യൂട്ടറുകളേക്കാൾ ശക്തമായ നമ്മുടെ മസ്തിഷ്കത്തിൽ ശേഖരിച്ചിരിക്കുന്ന അറിവുകളുടെ പരിണതഫലമാണ് നമ്മുടെ തോന്നലുകളായി പുറത്തുവരുന്നത്.
അവയെ ഒരിക്കലും നിസ്സാരവല്കരിച്ച് കാണരുത്!
*
ആദ്യം പറഞ്ഞതുപോലെ, ഈ കഥയിലും ഉള്ളത് ‘’ഇല്ലാത്ത” ഒരു പ്രശ്നമാണ്.
ദുർവ്വാസാവ് മഹർഷിക്ക് ഒരു മാല കിട്ടി. ധാരാളം പുഷ്പങ്ങളാൽ നിർമ്മിക്കപ്പെട്ട ആ മാല അതീവഹൃദ്യമായിരുന്നു. അതിൻ്റെ സ്വർഗ്ഗസുഗന്ധം ആ പ്രദേശം മുഴുവൻ ഒഴുകിനടന്നു!
എന്നാൽ മഹർഷിയായ തനിക്ക് ആ മാലയുടെ ആവശ്യമില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
അങ്ങനെയെങ്കിൽ അത്രയേറെ വിശിഷ്ടമായ ആ മാല ആർക്കാണ് സമ്മാനിക്കാൻ കഴിയുക? മഹാവിഷ്ണുവിന് കൊടുത്താൽ അദ്ദേഹം പത്നിമാരായ ലക്ഷ്മീദേവിക്കും ഭൂമീദേവിക്കും അത് പപ്പാതിയായി മുറിച്ച് കൊടുക്കേണ്ടിവരും. അതുകൊണ്ട് വിഷ്ണുഭഗവാന് കൊടുക്കാൻ കഴിയില്ല.
പരമശിവന് കൊടുത്താൽ അദ്ദേഹത്തിൻ്റെ ഉടലിൻ്റെ പകുതി പോലും സ്വന്തമാക്കിയ പാർവ്വതീദേവി ആ മാലയും പകുത്തുവാങ്ങും.
ബ്രഹ്മാവിന് കൊടുക്കാമെന്ന് വിചാരിച്ചാൽ നാല് മുഖങ്ങളുള്ള അദ്ദേഹം ആ മാല കഴുത്തിലണിയുമ്പോൾ ചിലപ്പോൾ അതിന് കേടു സംഭവിക്കും.
പിന്നെയാർക്കാണ് അത് സമ്മാനിക്കാൻ കഴിയുക?
ഏറെ മൂല്യമുള്ള ഒരു വസ്തു നമ്മുടെ കൈയിൽ വന്നുപെട്ടാൽ നമുക്കുണ്ടാവുന്നതും ഇതുതന്നെയാണ് – മനഃസ്സമാധാനക്കേട്!
തിരിച്ചും മറിച്ചും ധാരാളം ചിന്തിച്ചതിനുശേഷം ദുർവ്വാസാവ് ആ മാല ഇന്ദ്രന് കൊടുക്കാൻ തീരുമാനിച്ചു. ഇന്ദ്രൻ ആ സമയം വാഹനമായ ഐരാവതത്തിൻ്റെ പുറത്ത് സഞ്ചരിക്കുകയായിരുന്നു.
ഏറെ ഭക്ത്യാദരങ്ങളോടെ ഇന്ദ്രൻ ആ മാല മഹർഷിയിൽ നിന്ന് ഏറ്റുവാങ്ങി. അത് കഴുത്തിലണിയാൻ തൻ്റെ മുടിയൊന്ന് ആദ്യം ഒതുക്കിവെക്കണം. അതിനായി അദ്ദേഹം മാല ഐരാവതത്തിൻ്റെ മസ്തകത്തിൽ വെച്ചു.
ആ മാലയുടെ സൗരഭ്യം സമീപത്തുള്ള വണ്ടുകളെയും മറ്റും ആകർഷിച്ചുകൊണ്ടിരുന്നു. വണ്ടുകൾ മാലയ്ക്കു ചുറ്റും മൂളിക്കൊണ്ട് പറന്നുനടന്നു.
ഒരാനയ്ക്ക് വണ്ടുകളുടെ മൂളൽ അരോചകമായിരിക്കും. ആ ശബ്ദം അസഹ്യമായി തോന്നിയപ്പോൾ ഐരാവതം തൻ്റെ തുമ്പിക്കൈ കൊണ്ട് ആ മാലയെടുത്ത് നിലത്തിട്ട് ചവിട്ടി.
അവിടെ നിന്ന് നടന്നുതുടങ്ങിയ ദുർവ്വാസാവ് ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ കാണുന്നത് താൻ അമൂല്യമായി കൊണ്ടുനടന്ന ആ മാല നിലത്തിട്ട് ചവിട്ടുന്ന ഐരാവതത്തെയാണ്.
ദുർവ്വാസാവ് മഹർഷിയായതുകൊണ്ട് പിന്നീടെന്തു സംഭവിക്കുമെന്നത് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ – അദ്ദേഹം ഇന്ദ്രനെ മാത്രമല്ല, ദേവന്മാരെ മുഴുവനായി ശപിച്ചു!
ദേവന്മാർ ജരാനരകൾ ബാധിച്ച് വൃദ്ധരായിപ്പോകട്ടെ എന്നായിരുന്നു മഹർഷി കൊടുത്ത ശാപം.
ഇതാണ് ഒന്നുമില്ലായ്മയിൽ നിന്ന് തുടങ്ങിയ ആ പ്രശ്നം. ദുർവ്വാസാവ് മഹർഷിയുടെ കൈയിൽ ആ മാല കിട്ടുന്നതുവരെ ആർക്കും ഒരു പ്രശ്നവുമില്ലായിരുന്നു!
ഇന്ദ്രൻ അദ്ദേഹത്തിൻ്റെ പിന്നാലെ ഓടിയെത്തി മാപ്പപേക്ഷിച്ചു. തൻ്റെ കുറ്റം കൊണ്ടല്ല അങ്ങനെയൊക്കെ സംഭവിച്ചതെന്ന് അദ്ദേഹം മഹർഷിയെ പറഞ്ഞ് ബോധ്യപ്പെടുത്തി.
ദുർവ്വാസാവ് മഹർഷി ക്ഷിപ്രകോപിയാണ്. എന്നാൽ അങ്ങനെയുള്ളവർക്ക് ഒരു പ്രത്യേകതയുണ്ടാവും – അവർ പലപ്പോഴും വേഗം തണുക്കുകയും ചെയ്യും. കോപം മാത്രമല്ല, പ്രീതിയും അവർക്ക് വേഗം ഉണ്ടാവും.
മഹർഷി ഇന്ദ്രനോട് ക്ഷമിച്ചു. എന്നിട്ട് ശാപമോക്ഷവും കൊടുത്തു.
ഭാഗവതത്തിലെ വരികളിൽ-
‘ചൊല്ലെഴും പാലാഴിപുക്കുള്ളമൃതത്തെയെടു-
ത്തെല്ലാരുംകൂടി നുകർന്നീടുവിൻ മടിയാതെ.
വല്ലാതജരാനരതീർന്നു മംഗലം ചേർന്നു
നല്ല യൗവനയുക്തരായ്വരുമെന്നാൽപിന്നെ
വല്ലാതരോഗങ്ങളും മൃത്യുവുമകപ്പെടാ;
നല്ലതേവരൂ മേലിലില്ലസംശയമേതും.’
പാലാഴി കടഞ്ഞ് അമൃതെടുത്ത് ഭക്ഷിക്കുക. ജരാനരകൾ മാത്രമല്ല, രോഗങ്ങളും മരണവും ഒന്നും പിന്നെയുണ്ടാവില്ല – ഇതാണ് മഹർഷി കൊടുത്ത ശാപമോക്ഷം.
ഇവിടെയും നല്ലൊരു സന്ദേശമുണ്ട് – നമുക്ക് വന്നിരിക്കുന്ന ഒരു കഷ്ടകാലം ചിലപ്പോൾ വലിയ ഉയരങ്ങളിലേക്കാവും നമ്മളെ കൊണ്ടുചെന്നെത്തിക്കുക. അതുകൊണ്ട് താല്കാലികമായി നഷ്ടം സംഭവിച്ചിരിക്കുകയാണെങ്കിലും സ്ഥിരത കൈവിടാതിരിക്കുക.
അസുരന്മാരും ദേവന്മാരും തമ്മിലുള്ള സംഘട്ടനങ്ങളിൽ ദേവന്മാർക്ക് കോട്ടം സംഭവിക്കുന്ന കാലമായിരുന്നു അത്. കാരണം, മരിച്ചുവീഴുന്ന അസുരന്മാർക്ക് വീണ്ടും ജീവൻ കൊടുക്കാനുള്ള കഴിവ് അസുരഗുരുവായ ശുക്രാചാര്യർക്കുണ്ടായിരുന്നു. എന്നാൽ പാലാഴി കടഞ്ഞ് അമൃതെടുത്താൽ ദേവന്മാർക്ക് പിന്നെ മരണമേ ഉണ്ടാവില്ല.
അപ്പോൾ ദുർവ്വാസാവിൻ്റെ ശാപം ദേവന്മാർക്ക് നന്മയല്ലേ സത്യത്തിൽ വരുത്താൻ പോകുന്നത്? നമ്മുടെ കാഴ്ചകൾക്കപ്പുറവും ചിലപ്പോൾ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങൾക്ക് മാനമുണ്ടാവും!
പക്ഷേ വലിയൊരു ജോലി ഇനി ബാക്കി കിടക്കുന്നു – പാലാഴി കടഞ്ഞ് അമൃതെടുക്കുക എന്ന ജോലി.
*
‘പാലാഴി’ എന്ന പദത്തോട് അടുത്ത് നില്ക്കുന്ന ഒരു വാക്ക് നമ്മുടെ ഭൗതികലോകത്തുണ്ട് – ക്ഷീരപഥം (Milky Way). നമ്മുടെ സ്വന്തം ഗാലക്സിയുടെ പേര്!
ആദ്യം എഴുതിയ ചില വാക്കുകൾ ഒന്നുകൂടി ഇവിടെ എഴുതിയിടുന്നു – ദ്രവ്യം (matter), വിപരീത ദ്രവ്യം (antimatter), അമൃത്, കാളകൂടം, പാലാഴി, ക്ഷീരപഥം.
ഇവയൊക്കെ തമ്മിൽ എവിടെയെങ്കിലും എന്തെങ്കിലും ബന്ധമുണ്ടാകുമോ? വെറുതെ ചിന്തിച്ചുനോക്കുന്നതിൽ തെറ്റില്ലല്ലോ!
(തുടരും)
This Post Has 9 Comments
ഏറ്റവും ഹൃദ്യമായ രചന!!
തുടര്‍ന്ന് വായിക്കാന്‍ തിടുക്കമായി 🤩
Thanks Ashachechi! As always, this kind of motivation is the fuel for any writer to go forward! 😍
എന്നിട്ട്…. എന്നിട്ട്…..
JP ❤️🙏
ഇത്തവണയും രാജ് കാര്യാകാരണ സഹിതം സയൻസും പുരാണവും ഒന്നാണെന്നു ഉറപ്പിച്ചു… ഒന്നുമില്ലായ്മയിൽ നിന്നു എല്ലാം തുടങ്ങുന്നു…..thank you dr. ..എല്ലാം late ആയാലും വായിക്കുന്നുണ്ട്…
അത്രയ്ക്കു informative. …🩷️🩷️🩷️
സയൻസും പുരാണവും ഒന്നാണെന്ന് ഒരിക്കലും പറയാൻ കഴിയില്ല ചേച്ചീ. സയൻസിന് അതിൻ്റെ വഴി, പുരാണങ്ങൾക്ക് കഥയുടെയും ഫിലോസഫിയുടെയും മറ്റൊരു വഴി. സയൻസിന് തന്നെയാണ് നിത്യജീവിതത്തിൽ പ്രാധാന്യം വേണ്ടത്. എന്നാൽ സയൻസ് മാത്രം പോരല്ലോ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ! ഫിലോസഫിയില്ലാതെ സയൻസ് മാത്രമായാൽ ലോകം ചിലപ്പോൾ ദുഷ്ടരെക്കൊണ്ട് നിറയും. അതാണ് ഫിലോസഫിയുടെ (പുരാണങ്ങളുടെയും) പ്രാധാന്യം.
വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി ചേച്ചീ. ❤️🙏
ഹൃദ്യമായി എഴുതി ,എന്നത്തേയും പോലെ 🌹
@Santha Warriar, thanks much chechi!!
ശരിക്കും അടുത്തതുവായിക്കാൻ തോന്നുംവിധമാണ് രാജിന്റെ കഥ നിറുത്തൽ…..കൂട്ടത്തിൽ ഈ കാലഘട്ടത്തിലെ ഓരോ അവസ്ഥയുമായുള്ള ബന്ധവും…..കുറേ അധികം ദിവസങ്ങളായി എനിക്ക് ഓരോരോ അസ്വസ്ഥകൾ കാരണം concentrated reading നടക്കുന്നില്ല…..സോറി dear. ..ഇന്ന് എല്ലാം വായിക്കും…
sooperb as always. …പേരകുട്ടിക്ക് ആത്യന്തികമായി പറഞ്ഞു കൊടുക്കാൻ പറ്റിയ റഫറൻസ്…🙏🙏🙏