“ജീവിതം എന്ന യാത്രയെ ആഘോഷമാക്കുക” (“celebrate the journey of life”) എന്നൊരു പ്രയോഗം പലയിടത്തും കേട്ടിട്ടുണ്ട്.
എന്നാൽ നമുക്കതിന് പലപ്പോഴും കഴിയാറില്ല. അതിന്റെ കാരണങ്ങൾ വഴിയേ പറയാം.
ജീവിതത്തെപ്പറ്റി വ്യക്തമായി മനസ്സിലാക്കിത്തരാൻ സയൻസിനോ ഫിലോസഫിക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അതിൻ്റെ കാരണം ലളിതമാണ് – ഒരു ജന്മത്തിനു ശേഷം മനുഷ്യർക്കെന്തു സംഭവിക്കുന്നു എന്ന് പറഞ്ഞുതരാൻ ‘അനുഭവസ്ഥർ’ ആരും നമ്മുടെയടുത്തേക്ക് തിരിച്ചു വരുന്നില്ല!
ജനനത്തിനു മുമ്പ് നമ്മളെവിടെയായിരുന്നു എന്ന കാര്യം മനസ്സിലാക്കിത്തരാനും നമുക്കാരുമില്ല.
അപ്പോൾ ജീവിതം ‘ഈ വേദിയിൽ’ നിന്നുകൊണ്ട് മാത്രം മനസ്സിലാക്കാനേ സാധാരണ നിലയിൽ നമ്മളെക്കൊണ്ട് സാധിക്കുകയുള്ളൂ!
കാര്യങ്ങൾ അങ്ങനെയാണെന്നിരിക്കെ, ജനനത്തിനു മുമ്പോ മരണത്തിനു ശേഷമോ ഉള്ള നമ്മുടെ അവസ്ഥകളെപ്പറ്റി മനസ്സിലാക്കാൻ ഏതെങ്കിലും കാലത്ത് സയൻസിനോ ഫിലോസഫിക്കോ കഴിയുമെങ്കിൽ അതൊരു വലിയ നേട്ടമായിരിക്കും.
ഒരുപക്ഷേ മരണത്തിനു ശേഷം ഒന്നുമുണ്ടാവില്ല. പ്രപഞ്ചത്തിൻ്റെ അനന്തതയിൽ നമ്മുടെ ചൈതന്യവും ഊർജ്ജവുമൊക്കെ ലയിച്ച് ഇല്ലാതാവുമായിരിക്കും.
അതല്ലെങ്കിൽ ഗർഭസ്ഥശിശു പുതിയൊരു ലോകത്തേക്കു വരുന്നതുപോലെ, അല്ലെങ്കിൽ പ്യൂപ്പയിൽ നിന്ന് ചിത്രശലഭം ഇറങ്ങിവരുന്നതുപോലെ, ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റേതോ ലോകത്തേക്ക് മരണാനന്തരം നമ്മൾ പോകുമായിരിക്കും.
അതുമല്ലെങ്കിൽ മറ്റൊരു ജീവിയായി ജന്മമെടുത്ത് വീണ്ടും ഈ ലോകത്തേക്കു തന്നെ വരുമായിരിക്കും!
ഇതിൽ ഏതെങ്കിലുമൊന്ന് ഉറപ്പിച്ചു പറയാനോ ഏതെങ്കിലും നിരാകരിക്കാനോ തെളിവുകളുടെ അടിസ്ഥാനത്തിൽ നമുക്കിതുവരെ കഴിഞ്ഞിട്ടില്ല.
*
ഞാൻ ഇവിടെ എഴുതുന്നത് പുരാണങ്ങളായതുകൊണ്ട് പുരാണങ്ങളും മതഗ്രന്ഥങ്ങളുമാണ് ശരി എന്നൊരിക്കലും ഞാൻ പറയാൻ പാടില്ല. അങ്ങനെ പറയുന്ന ആരും മറ്റുള്ളവരെ വഞ്ചിക്കുകയാണ് ഫലത്തിൽ ചെയ്യുന്നത്. ഏതൊരു മതവിശ്വാസങ്ങളിലുള്ളവർക്കും ഇതു ബാധകമാണ്.
പഴയ ഗ്രന്ഥങ്ങളിൽ എഴുതിവെച്ചിരിക്കുന്നതാണ് സത്യമെന്ന് വിശ്വസിക്കുന്ന ധാരാളം പേർ നമുക്കിടയിലുണ്ട്. പണ്ടുള്ളവരെപ്പോലെ തന്നെ ചിന്തിക്കാൻ കഴിവുള്ളവരാണ് ഇപ്പോൾ ജീവിക്കുന്നവരും. ഈ രണ്ടു കൂട്ടരും എഴുതുന്ന കാര്യങ്ങളിൽ ശരിയും തെറ്റും ഉണ്ടാവാം എന്നു മനസ്സിലാക്കുന്നതാണ് യുക്തം.
ഒന്നുകൂടി യുക്തമായി ചിന്തിച്ചാൽ, ഇപ്പോൾ ജീവിക്കുന്നവർക്ക് സാങ്കേതികവിദ്യയും അതിൽ നിന്നുള്ള പഠനസാധ്യതകളും ധാരാളമുണ്ട്. അപ്പോൾ പുതിയ തലമുറയുടെയും ഭാവിയിൽ വരാനുള്ളവരുടെയും കണ്ടെത്തലുകളിലേക്ക് നമ്മൾ ഉറ്റുനോക്കേണ്ടതുണ്ട്.
അങ്ങനെയെങ്കിൽ ‘പുരാണങ്ങളുടെ പ്രസക്തിയെന്താണ്’ എന്ന ചോദ്യം വീണ്ടും ഉയർന്നുവന്നേക്കാം. ഇന്നുള്ള യാതൊരു സാങ്കേതികവിദ്യയുടെയും സഹായമില്ലാതെ പണ്ടു ജീവിച്ചിരുന്നവർ കണ്ടെത്തിയിട്ടുള്ള അതിസങ്കീർണ്ണമായ മാനുഷികമൂല്യങ്ങളുടെയും ബന്ധങ്ങളുടെയും അക്ഷയഖനിയാണ് നമ്മുടെ പുരാണങ്ങൾ. അവയിൽ ഇറങ്ങിച്ചെന്ന് പഴയ ആചാര്യന്മാർ ശേഖരിച്ചു വെച്ചിട്ടുള്ള മുത്തുകളും പവിഴങ്ങളും പെറുക്കിയെടുക്കുക എന്നത് അതിവിശിഷ്ടമായ ഉദ്യമമാണ്.
അപ്പോൾ പുരാണങ്ങളിൽ തുടങ്ങുന്ന നമ്മുടെ ചർച്ച ആധുനികശാസ്ത്രത്തിലും എത്താൻ ഉപകരിച്ചിട്ടുണ്ടെങ്കിൽ, അതു തന്നെയല്ലേ നമ്മുടെ വിശ്വാസങ്ങൾ നമുക്കനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യവും മേന്മയും?!
അതവിടെ നില്ക്കട്ടെ, കഥയിലേക്ക് കടക്കുന്നതിനു മുമ്പ് മറ്റു ചില ചിന്തകളിലേക്കു കൂടി പോയിവരാം.
പ്രപഞ്ചത്തിൻ്റെ അവസ്ഥ കണ്ടും അറിഞ്ഞും മനസ്സിലാക്കാൻ വന്ന പ്രപഞ്ചത്തിൻ്റെ തന്നെ കണികകളാണ് നമ്മൾ – ഇതാണ് ‘ജീവിതത്തെപ്പറ്റിയുള്ള’ വളരെ നൂതനമായ മറ്റൊരു ചിന്ത.
എന്നുവെച്ചാൽ, പ്രപഞ്ചം അതിനെപ്പറ്റി മനസ്സിലാക്കാൻ സ്വയം വന്നിരിക്കുന്നു – നമ്മളുടെയും മറ്റു ജീവജാലങ്ങളുടെയും രൂപത്തിൽ!
ആലോചിച്ചു നോക്കിയാൽ ഇതിൻ്റെ സാംഗത്യം മനസ്സിലാവും. നമ്മുടെ ശരീരത്തെ നിർമ്മിച്ചിട്ടുള്ള ആറ്റങ്ങളും ഇലക്ട്രോണുകളും മറ്റു സൂക്ഷമകണങ്ങളും പ്രപഞ്ചോല്പത്തിയുടെ കാലത്ത് ഉണ്ടായവയാണ്!
ഇതു മനസ്സിൽ ഉൾക്കൊള്ളാൻ ഒരല്പം പ്രയാസമാണ് – നമ്മുടെ ശരീരത്തിലുള്ള സൂക്ഷ്മകണങ്ങൾ ഭൂമി ഇന്നത്തെ അവസ്ഥയിൽ രൂപാന്തരം പ്രാപിക്കുന്നതിനും മുമ്പ് ഉള്ളവയാണ്!
അങ്ങനെയെങ്കിൽ നമ്മുടെ പഴക്കം സത്യത്തിൽ എത്രയാണ്?!
ചിന്താശക്തിയുടെ അജ്ഞാതകല്പനകൾ കൊണ്ടു പോലും അളക്കാൻ കഴിയുന്നതിനേക്കാൾ പഴയതാണ് നമ്മൾ!
അപ്പോൾ ഏതോ കാലത്ത് ഉണ്ടായ പ്രപഞ്ചത്തിൻ്റെ കണികകളാൽ നിർമ്മിതരായ നമ്മൾ ഇവിടെയിരുന്ന് പ്രപഞ്ചത്തെപ്പറ്റി ചിന്തിക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ നമ്മളാകുന്ന പ്രപഞ്ചത്തിൻ്റെ അംശം പ്രപഞ്ചത്തെത്തന്നെ മനസ്സിലാക്കാൻ ശ്രമിക്കുന്നു – അതാണ് അനുഭവേദ്യമായ നമ്മുടെ സ്വന്തം ജീവിതം!
അങ്ങനെയെങ്കിൽ ജീവിതത്തിലുണ്ടാവുന്ന അനുഭവങ്ങളെയോർത്ത് ദുഃഖിക്കുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ? യുക്തിപൂർവ്വം ചിന്തിച്ചാൽ ഇല്ലെന്ന് മനസ്സിലാക്കാം. എന്നാൽ നമ്മുടെ മനസ്സ് പലപ്പോഴും യുക്തിക്ക് വഴങ്ങാത്തതുകൊണ്ട് വീണ്ടും നമ്മൾ ദുഃഖത്തിൻ്റെയും സന്തോഷത്തിൻ്റെയും അലകളിൽ മാറി മാറി സഞ്ചരിച്ചുകൊണ്ടിരിക്കും.
ജീവിതം എന്ന യാത്രയെ ആഘോഷമാക്കാൻ കഴിയാത്തതിൻ്റെ കാരണം യുക്തിക്ക് വഴങ്ങാത്ത നമ്മുടെ സ്വന്തം മനസ്സാണ്.
*
ഇനി ഏഴ് ദിവസം മാത്രമേ ജീവിതത്തിൽ അവശേഷിക്കുന്നുള്ളൂ എന്നു മനസ്സിലാക്കിയ ഒരു രാജാവ് ആ ദിവസങ്ങൾ മുഴുവനും ആഘോഷമാക്കിയ ഒരു കഥയുണ്ട് പുരാണങ്ങളിൽ. അതാണ് പരീക്ഷിത്ത് മഹാരാജാവിൻ്റെ കഥ.
അദ്ദേഹത്തിന് മനസ്സിൽ തോന്നിയ ഒരു കുസൃതിയാണ് ആ അവസ്ഥ വരുത്തിവെച്ചത്. കാട്ടിൽ നായാട്ടിനായി പോയ പരീക്ഷിത്ത് ക്ഷീണിച്ചവശനായി ശമീകമഹർഷിയുടെ ആശ്രമത്തിലെത്തിച്ചേർന്നു. മഹർഷി ആ സമയം ധ്യാനത്തിലായിരുന്നു.
കുടിക്കാൻ അദ്ദേഹം അല്പം വെള്ളം ചോദിച്ചെങ്കിലും ധ്യാനത്തിൽ മുഴുകിയിരുന്ന മഹർഷി അതു കേട്ടില്ല. ഇതിൽ നീരസം തോന്നിയ മഹാരാജാവ് മഹർഷിയുടെ ആശ്രമപരിസരത്ത് ചത്തു കിടന്നിരുന്ന ഒരു പാമ്പിനെ തൻ്റെ വില്ലുകൊണ്ടെടുത്ത് ശമീകമഹര്ഷിയുടെ ചുമലിലിട്ടു. എന്നിട്ടദ്ദേഹം തൻ്റെ കൊട്ടാരത്തിലേക്ക് മടങ്ങിപ്പോയി.
ആ സംഭവത്തിനുശേഷം അദ്ദേഹത്തിന് താൻ ചെയ്ത തെറ്റ് മനസ്സിലാവുകയും പശ്ചാത്താപം തോന്നുകയും ചെയ്തിരുന്നു.
എന്നാൽ ഇതറിഞ്ഞ ശമീകമഹർഷിയുടെ പുത്രൻ പരീക്ഷിത്തിനെ ശപിച്ചു – അന്നേയ്ക്ക് എഴാം നാൾ സർപ്പശ്രേഷ്ഠനായ തക്ഷകൻ്റെ ദംശനമേറ്റ് പരീക്ഷിത്ത് മഹാരാജാവ് മരണമടയും എന്ന്.
ഈ ശാപത്തിൻ്റെ വാർത്തയറിഞ്ഞ മഹാരാജാവ് മരണശേഷം മോക്ഷം കിട്ടാനുള്ള മാർഗ്ഗം ആരാഞ്ഞു. അദ്ദേഹത്തിന് അതിനു കിട്ടിയ ഉത്തരമാണ് “ഭാഗവതം”!
ഭാഗവതം കേൾക്കുക – ഭഗവാന്റെ കഥകൾ കൊണ്ട് മനസ്സിനെ ആനന്ദിപ്പിക്കുക!
പിന്നീടുള്ള ദിവസങ്ങൾ കഥകളുടെ ആഘോഷമായിരുന്നു. ഭാഗവതം കഥകളായി അദ്ദേഹത്തിനു പറഞ്ഞുകൊടുക്കാൻ വ്യാസപുത്രനായ ശുകമഹർഷി തന്നെ എത്തിച്ചേർന്നു.
അങ്ങനെയാണത്രേ ഭാഗവതം എഴുതപ്പെട്ടത്! പരീക്ഷിത്തിന് സംശയങ്ങളും ചോദ്യങ്ങളും ഉള്ളപ്പോൾ അദ്ദേഹം അതൊക്കെ ചോദിച്ചുകൊണ്ടിരുന്നു. ശുകമഹർഷി അതിനൊക്കെ മറുപടിയും പറഞ്ഞുകൊണ്ടിരുന്നു. കഥകൾ തുടർന്നുകൊണ്ടും ഇരുന്നു.
കഥകളെന്നും മനസ്സിന് കുളിർമയാണ്. അങ്ങനെ ആ ആഘോഷദിനങ്ങൾ കഴിഞ്ഞു.
ഇതിനിടയിൽ തക്ഷകനിൽ നിന്ന് പരീക്ഷിത്തിൻ്റെ ജീവൻ രക്ഷിക്കാൻ ആവുന്നത്ര ശ്രമങ്ങളും നടന്നിരുന്നു. തക്ഷകന് എത്തിച്ചേരാൻ കഴിയാത്തിടത്ത് മഹാരാജാവിന് അറയൊരുക്കി. പക്ഷേ അതൊന്നും ഫലവത്തായില്ല. ഏഴാം നാൾ തക്ഷകൻ്റെ കടിയേറ്റ് പരീക്ഷിത്ത് മഹാരാജാവ് മരണമടഞ്ഞു.
എന്നാൽ ആ ശ്രമങ്ങളൊക്കെ എന്തിനായിരുന്നു?! ജീവൻ രക്ഷിക്കാനായിരുന്നെങ്കിൽ ഭാഗവതത്തിൻ്റെ ശക്തി തന്നെ മതിയായിരുന്നു!
എന്നിട്ടും എന്തുകൊണ്ട് പരീക്ഷിത്തിന് മരണത്തെ അതിജീവിക്കാനായില്ല?
അതിനുള്ള ഉത്തരം ഒരുപക്ഷേ ഇതാണ് – പരീക്ഷിത്ത് ജനിച്ചപ്പോൾത്തന്നെ മൃതശിശുവായാണ് ജനിച്ചത്. ഭഗവാൻ കൃഷ്ണനാണ് അന്നദ്ദേഹത്തെ ജീവിപ്പിച്ചത്!
മഹാഭാരതയുദ്ധത്തിന് ശേഷം വംശത്തെ നിലനിർത്താൻ സന്തതികളില്ലാതെ വന്നപ്പോൾ അർജ്ജുനൻ്റെ പൗത്രനും അഭിമന്യുവിൻ്റെ പുത്രനുമായ പരീക്ഷിത്തിന് ഭഗവാൻ ജീവൻ കൊടുക്കുകയായിരുന്നു.
അശ്വത്ഥാമാവ് തൻ്റെ ബ്രഹ്മാസ്ത്രം കൊണ്ട് ഉത്തരയുടെ ഗർഭത്തിൽ വളരുന്ന ശിശുവായ പരീക്ഷിത്തിനെയും വധിച്ചിരുന്നു. എത്രയോ അധർമ്മമായ ശിശുവധം!
മൃതനായ ഒരാളെ ഒരു തവണയല്ലേ ഭഗവാനും ജീവിപ്പിക്കാവൂ! പരീക്ഷിത്തിന് ആ ഭാഗ്യം ഒരിക്കൽ കിട്ടിയിരുന്നു!
This Post Has 8 Comments
വായിച്ചു രസിച്ചു വരവേ പെട്ടെന്ന് തീർന്നു പോയപോലെ തോന്നി .
ജ്ഞാനപ്പാന എല്ലാത്തിനുമുള്ള പരിഹാരമാണ് !
എല്ലാത്തവണത്തെപ്പോലെ നന്നായിട്ടുണ്ട് രചന 👍😍
Thanks Ashachechi! 🙂
എല്ലാത്തവ ണത്തെയും പോലെ വളരെ ശക്തിയുക്തം എല്ലാം വ്യക്തമായി രാജ് പറഞ്ഞിരിക്കുന്നു…ഇന്നും ഒരു മനുഷ്യനും അറിയില്ല എങ്ങനെ ഉള്ള ജീവിതം സന്തോഷകരമായി ജീവിക്കണമെന്ന്…എഴുതുന്ന ഞാൻ അടക്കം….ഭാഗവതക്കഥകൾ പരമമായ സത്യം…ജ്ഞാനപ്പാന അംഗീകരിക്കാത്തവർ ആരും കാണില്ല ഈ കാലഘട്ടത്തിൽ….സന്തോഷം രാജ്. ..
Thanks chechi! 🙂
“മാനുഷികമൂല്യങ്ങളുടെയും ബന്ധങ്ങളുടെയും അക്ഷയഖനിയാണ് പുരാണങ്ങൾ ” സത്യം രാജ് .. എന്നാൽ അവയിലേക്ക് ആഴത്തിൽ ഇറങ്ങാതെ കഥകളായി മാത്രം കാണുകയും വിമർശിക്കുകയും ചെയ്യുന്നതുകൊണ്ട് ജീവിതത്തെയും പ്രപഞ്ചത്തെയും നമ്മൾ മനസ്സിലാക്കാതെ പോകുന്നു .
Well written , as always 👏🏻
Thanks chechi! 🙂
എത്ര ലളിതമായി പറഞ്ഞു വെച്ചു 🙏
Thanks chechi! 🙂