എവിടെ നിന്ന് തുടങ്ങണം? ഐസക്ക് ന്യൂട്ടനിൽ നിന്നോ അതോ മഹാകവി ഉള്ളൂരിൽ നിന്നോ?
ആർഷഭാരതത്തിലെ ചിന്താധാരകൾ കയറിച്ചെല്ലാത്ത ഇടമില്ലെന്നാണ് സങ്കല്പം. എന്നാൽ നമ്മുടെ പുരാണങ്ങളിൽ ഒരിക്കലും സ്ഥാനം പിടിക്കാനിടയില്ലാത്ത ന്യൂട്ടനിൽ നിന്നു തന്നെ തുടങ്ങാം.
അദ്ദേഹത്തിൻ്റെ മൂന്നാം ചലനനിയമം ഇതാണ് – ”For every action there is an equal and opposite reaction.”
ഇത് മലയാളത്തിലെഴുതാതെ ഇംഗ്ലീഷിൽ തന്നെ എഴുതിയതിനും ഒരു കാരണമുണ്ട്. ന്യൂട്ടൻ്റെ വിഷയം ഊർജ്ജതന്ത്രം (physics) ആണെന്ന് നമുക്കറിയാം. ഫിസിക്സിൻ്റെ തനതായ പദസമ്പത്തിൽ കണ്ടിട്ടില്ലാത്ത ഒരു വാക്കാണ് ‘action’. അതിനൊരു യൂണിറ്റ് ഇല്ല; ഫിസിക്സിൻ്റേതായി മാത്രമുള്ള ഒരു നിർവചനവും അതിനില്ല.
മാത്രമല്ല, ആ പദത്തിന് ഭൗതികശാസ്ത്രത്തിലെ ഒരു വചനത്തിനു വേണ്ട കൃത്യതയും ഇല്ല. കാടടച്ച് വെടിവെക്കുന്നതു പോലെയാണ് ന്യൂട്ടൻ്റെ മൂന്നാം ചലനനിയമത്തിലെ ‘action’ എന്ന പദം. അതിൻ്റെ പരിധിയിൽ എന്തും വരാം. ഫിസിക്സിലെ ഒരു നിയമം ശങ്കയ്ക്കിടയില്ലാത്തവണ്ണം അതിൽത്തന്നെ പൂർണ്ണമായിരിക്കണം എന്നുമുണ്ട്.
എന്നാൽ ഈ പദം ന്യൂട്ടൻ്റെ ചലനനിയമത്തിനു സൃഷ്ടിച്ച ‘അതിരില്ലായ്മയെ’ പറ്റി ഭൗതികശാസ്ത്രജ്ഞരോ യുക്തിവാദികളോ പോലും വേണ്ടത്ര ചർച്ച ചെയ്തിട്ടുണ്ടോ എന്നറിയില്ല. അതിരുകൾ കല്പിക്കാൻ കഴിയാത്ത ഒരു പദം നിശ്ചിത അതിർത്തിക്കുള്ളിൽ നില്ക്കേണ്ട ഒരു നിയമത്തെ എങ്ങനെ സാധുവാക്കും എന്നും അറിയില്ല.
ന്യൂട്ടനെ ചെറുതാക്കിക്കാണിക്കാൻ വേണ്ടിയല്ല ഇത്രയും എഴുതിയത്. അദ്ദേഹം എൻ്റെ മനസ്സിൽ എത്രയോ വലുതായതുകൊണ്ടാണ്!
ചുരുക്കിപ്പറഞ്ഞാൽ ‘action & reaction’ എന്ന ആ വാക്കുകളുടെ പരിധിയെന്താണെന്ന് മനസ്സിലാക്കാൻ ഒരു വഴിയേയുള്ളൂ – സാക്ഷാൽ ന്യൂട്ടനോട് തന്നെ ചോദിക്കുക! എന്നാൽ അദ്ദേഹമിന്ന് ജീവിച്ചിരിക്കുന്നും ഇല്ല!
ഒരുപക്ഷേ അതെഴുതിയപ്പോൾ ഒരു അദ്ധ്യാത്മിക തലവും അദ്ദേഹം മനസ്സിൽ കണ്ടിട്ടുണ്ടാവും – ആർക്കറിയാം!
സയൻസിൽ തുടങ്ങി, ഫിലോസഫിയിലൂടെ സഞ്ചരിച്ച് ഒരിക്കലും അവസാനിക്കാത്ത അത്ഭുതങ്ങൾ നമുക്ക് സമ്മാനിച്ച ന്യൂട്ടനും അദ്ദേഹത്തിൻ്റെ ചലനനിയമത്തിനും പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ട് എഴുത്തും ചിന്തകളും തുടരാം…
*
ഫിലോസഫിയുടെ വഴിയേ ചിന്തിച്ചാൽ ‘കർമ്മവും കർമ്മഫലവും’ ആവാം ”action and reaction”. നമ്മളെല്ലാം നമ്മുടെ കർമ്മങ്ങളില് ബന്ധിതരായി കിടക്കുന്നു – അവയിൽ നിന്നുള്ള മോഷവും കാത്ത്.
മഹാകവി ഉള്ളൂരും അദ്ദേഹത്തിൻ്റെ ഈ വരികളിലൂടെ അതു നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്-
‘പ്രപഞ്ചഭൂമിയിൽ വിതച്ചവിത്തിൻ ഫലത്തെ നാം കൊയ്വൂ;
പ്രപഞ്ചമരുൾവൂ പട്ടുംവെട്ടും പകരത്തിനുപകരം’
(ഈ പ്രപഞ്ചത്തിൽ വിതച്ച വിത്തിൻ്റെ ഫലം മാത്രമേ നമ്മൾ കൊയ്യുകയുള്ളൂ. പട്ടായാലും വെട്ടായാലും, കൊടുക്കുന്നത് നമുക്ക് തിരിച്ചും കിട്ടിയിരിക്കും!)
അത് അറിഞ്ഞുകൊണ്ടാണെങ്കിലും, അബദ്ധവശാൽ സംഭവിച്ചു പോയതാണെങ്കിൽ പോലും!
*
ഈ വസ്തുതയെ ആവിഷ്കരിക്കാൻ വേണ്ടിയാവും ഒരുപക്ഷേ വാല്മീകി മഹർഷി ദശരഥമഹാരാജാവിൻ്റെ ഈ കഥ രാമായണത്തിൽ എഴുതിച്ചേർത്തത്.
ദശരഥൻ യുവാവായിരുന്നപ്പോൾ അറിയാതെ പറ്റിപ്പോയ ഒരു തെറ്റാണ് പുത്രദുഃഖത്താൽ അദ്ദേഹം മരിക്കാൻ ഇടയാക്കിയത്.
കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി പൗരജനങ്ങളെ ഉപദ്രവിക്കാതിരിക്കാൻ അക്കാലത്തൊക്കെ രാജാക്കന്മാർ നായാട്ടിനു പോവുക പതിവായിരുന്നു. അങ്ങനെയൊരിക്കൽ നായാട്ടിനു പോയ ദശരഥമഹാരാജാവ് ഒരു രാത്രി തുമ്പിക്കൈയിൽ ആന വെള്ളമെടുക്കുന്നതു പോലെയുള്ള ഒരു ശബ്ദം കേട്ടു. അതൊരു മുനികുമാരൻ വൃദ്ധരായ തൻ്റെ മാതാപിതാക്കളുടെ ദാഹമകറ്റാൻ കുടത്തിൽ വെള്ളം നിറയ്ക്കുന്ന ശബ്ദമായിരുന്നു.
മൃഗങ്ങളെക്കൊണ്ടുള്ള അമിതശല്യം ഒഴിവാക്കുകയാണല്ലോ ലക്ഷ്യം. അപ്പോൾ അതൊരു ആനയാണെങ്കിൽ അതിനെ വധിച്ചേ പറ്റൂ.
എന്നാൽ ദശരഥന് പറ്റിയ തെറ്റ് അദ്ദേഹം ലക്ഷ്യം നേരിൽ കാണാതെ അസ്ത്രമയച്ചു എന്നതാണ്. ‘നാദഭേദിനം’ എന്ന അസ്ത്രമാണ് അദ്ദേഹം പ്രയോഗിച്ചത്. കേട്ട ശബ്ദത്തിൻ്റെ ഉറവിടം കണ്ടെത്തി അതു ഭേദിക്കുമെന്നാണ് ആ അസ്ത്രത്തെക്കുറിച്ചുള്ള സങ്കല്പം.
അത് ആ മുനികുമാരൻ്റെ ജീവനെടുത്തു. മരിക്കുന്നതിനു മുമ്പ് തൻ്റെ മാതാപിതാക്കളുടെ ദാഹമകറ്റണം എന്നദ്ദേഹം ദശരഥനോട് അപേക്ഷിച്ചിരുന്നു. അതനുസരിച്ച് കുടത്തിലെ വെള്ളവുമായി ദശരഥൻ ആ വൃദ്ധാത്മാക്കളുടെ അടുത്തെത്തി. നടന്ന സംഭവമെല്ലാം അവരെ അറിയിച്ചു.
അവർക്കുണ്ടായ ദുഃഖം വാക്കുകളാൽ വർണ്ണിക്കാവുന്നതല്ല. മകൻ്റെ മൃതദേഹം ദഹിപ്പിക്കാൻ അവർ ദശരഥനോട് ആവശ്യപ്പെട്ടു. എന്നിട്ട് ആ ചിതയിൽ തന്നെ പ്രവേശിച്ച് അവരും ജീവത്യാഗം ചെയ്തു.
ദശരഥന് പറ്റിയ അബദ്ധം ക്ഷമിക്കാൻ ശ്രമിച്ചെങ്കിലും ആ വൃദ്ധപിതാവിൻ്റെ ദുഃഖം ഒരു നിമിഷത്തേക്ക് കോപമായും അണപൊട്ടി ഒഴുകിയിരുന്നു. “പുത്രശോകത്താൽ മരിക്കുക” എന്നദ്ദേഹം ദശരഥനെ ശപിച്ചു.
ദശരഥന് ആ അബദ്ധം സംഭവിക്കാൻ പാടില്ലായിരുന്നു. യുവത്വത്തിൻ്റെ പക്വതയില്ലായ്മ കാരണമാവും അങ്ങനെ പറ്റിപ്പോയത്. അതിൻ്റെ പേരിൽ അദ്ദേഹം ധാരാളം പശ്ചാത്തപിക്കുകയും ചെയ്തു.
ശാപവാക്കുകളോടൊപ്പം ആ കർമ്മവും എന്നും അദ്ദേഹത്തിൻ്റെ പിന്നാലെയുണ്ടായിരുന്നു.
ശ്രീരാമൻ വനവാസത്തിനു പോയതിനു ശേഷം തൻ്റെ അവസാനകാലമായെന്ന് ദശരഥന് സ്വയം മനസ്സിലായി. മക്കളെ കാട്ടിലയയ്ക്കേണ്ടി വന്ന ആ ദുഃഖം സഹിക്കാനോ ആ അവസ്ഥയെ തരണം ചെയ്യാനോ തൻ്റെ മനസ്സിന് കഴിയുകയില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
അങ്ങനെ ശരീരവും മനസ്സും തളർന്ന ദശരഥൻ പണ്ടു നടന്ന ആ സംഭവവും കിട്ടിയ ശാപവും വീണ്ടും ഓർത്തു. ആ കഥ കൗസല്യാദേവിയെ പറഞ്ഞു കേൾപ്പിക്കുകയും ചെയ്തു.
ശ്രീരാമനും സീതയും ലക്ഷ്മണനും വനവാസത്തിനു പോകുന്നതിനു മുമ്പ് ഭരതനും ശത്രുഘ്നനും കേകേയരാജ്യത്ത് ഭരതൻ്റെ മാതുലനെ സന്ദർശിക്കാൻ പോയിരുന്നു.
അങ്ങനെ നാലു മക്കളും അടുത്തില്ലാത്ത സമയം. മുമ്പ് ജനിച്ച പുത്രിയായ ശാന്തയും അടുത്തില്ല. ആ അവസ്ഥയിലാണ് അമിത ദുഃഖം താങ്ങാനാവാതെ ദശരഥമഹാരാജാവ് ദിവംഗതനാവുന്നത്.
“പുത്രശോകത്താൽ മരിക്കുക” എന്ന ശാപം ഇതിൽ കൂടുതൽ എങ്ങനെ അന്വർത്ഥമാകും?! അത്ര ശക്തിയാണ് കർമ്മഫലങ്ങള്ക്ക് മനുഷ്യജീവിതത്തിലുള്ളത്!
ആ മുനികുമാരൻ്റെ മാതാപിതാക്കളാണോ അതോ ദശരഥനാണോ ഒടുവിൽ കൂടുതൽ ദുഃഖമനുഭവിച്ചത്? – പറയാൻ കഴിയില്ല!
*
അതവിടെ നില്ക്കട്ടെ. ജീവിതത്തിൽ ചെയ്യുന്ന തിന്മ മാത്രമല്ല, നന്മയും പതിന്മടങ്ങായി തിരിച്ചുവരും. കൃഷ്ണൻ്റെ കൈവിരൽ മുറിഞ്ഞപ്പോൾ ഒരു നിമിഷം പോലും കളയാതെ തൻ്റെ ചേലയിൽ നിന്ന് ഒരല്പം വസ്ത്രം കീറിയെടുത്ത് ഭഗവാൻ്റെ വിരലിൽ കെട്ടിക്കൊടുത്ത ദ്രൗപദി തന്നെയാണ് അതിനുള്ള നല്ലൊരുദാഹരണം.
മറ്റുള്ള യോദ്ധാക്കളെല്ലാം ആ സംഭവം കണ്ടുനിന്നതേയുള്ളൂ. ദ്രൗപദി മാത്രമാണ് അപ്പോൾ സഹായവുമായി മുന്നോട്ടു വന്നത്.
ശിശുപാലൻ്റെ തിന്മകളെക്കൊണ്ട് ലോകം പൊറുതിമുട്ടിയ കാലമായിരുന്നു അത്. അയാൾക്കു കൊടുക്കാനുള്ള അവധികളൊക്കെ കഴിഞ്ഞു. അതിനു ശേഷവും അധർമ്മം പ്രവർത്തിച്ച ശിശുപാലനെ വധിക്കാൻ വേണ്ടി ആയുധമെടുത്തതാണ് കൃഷ്ണൻ. സ്വന്തം ചക്രായുധമേറ്റ് ഭഗവാൻ്റെ കൈവിരൽ മുറിഞ്ഞു.
എന്തൊക്കെ പറഞ്ഞാലും ഒരു അവശത വരുന്ന സമയത്ത് ആരും നിസ്സഹായരായി മാറും – അത് ഭഗവാനാണെങ്കിൽ പോലും. വിരലിൽ രക്തം പൂണ്ട് നിസ്സഹായനായി നിന്ന കൃഷ്ണനെയാണ് ദ്രൗപദി ക്ഷണനേരം കൊണ്ട് സഹായിക്കാനായി ഓടിയെത്തിയത്.
പിന്നീട് ദ്രൗപദിയുടെ നിസ്സഹായാവസ്ഥയിൽ കൃഷ്ണനും വസ്ത്രം കൊടുത്ത് തന്നെ തിരിച്ചും സഹായിച്ചു! ആ കഥ നമുക്കറിയാം!
അതും കർമ്മബന്ധമാണ്. ചെയ്യുന്ന നന്മകളും പത്തായും നൂറായും ആയിരമായുമൊക്കെ തിരിച്ചുവരും!
*
വിഷ്ണുഭഗവാനാണ് കർമ്മങ്ങളുടെയും കർമ്മബന്ധങ്ങളുടെയുമൊക്കെ അധിപൻ. എന്നാൽ ഭഗവാൻ മനുഷ്യനായി ഭൂമിയിൽ ജനിച്ചപ്പോൾ കർമ്മബന്ധങ്ങൾക്ക് വിധേയനായിത്തന്നെ അദ്ദേഹത്തിനും ജീവിക്കേണ്ടിവന്നിട്ടുണ്ട്.
രാമനായി ജനിച്ചപ്പോൾ ഭഗവാന് മറഞ്ഞു നിന്ന് ഒളിയമ്പെയ്ത് ബാലിയെ വധിക്കേണ്ടിവന്നു.
അതിനും കാരണമുണ്ട് – സഹോദരപത്നിയെ ബലമായി പരിഗ്രഹിച്ചു എന്ന വലിയ പാപം ചെയ്തിട്ടുള്ളയാളാണ് ബാലി. അത് വധാർഹമായ കുറ്റമാണ്. മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷയും അതിനു കൊടുക്കാൻ കഴിയില്ല.
എന്നാൽ ബാലിയോട് നേരേ നിന്ന് യുദ്ധം ചെയ്യുന്നവരുടെ പകുതി ബലം ബാലിയിലേക്ക് വന്നുചേരും എന്നൊരു വരവും അദ്ദേഹത്തിനു കിട്ടിയിട്ടുണ്ട്.
പാപികളെ ശിക്ഷിച്ച് ധർമ്മത്തെ രക്ഷിക്കുക എന്നത് ഭഗവാൻ്റെ കടമയാണ്. അദ്ദേഹം ആ ജോലി നിർവ്വഹിച്ചേ മതിയാകൂ.
ഈ അവസ്ഥയിൽ ബാലിക്കുള്ള ശിക്ഷ നടപ്പാക്കാൻ ഭഗവാൻ്റെ മുന്നിൽ പോലും ഒരു വഴിയേയുള്ളൂ – മറഞ്ഞു നിന്ന് ബാലിയെ വധിക്കുക!
എന്നാൽ അങ്ങനെ ചെയ്തതു മൂലം കർമ്മത്തിൻ്റെ വലിയൊരു ബന്ധനത്തിൽ ഭഗവാനും അകപ്പെട്ടു! അതിൽ നിന്ന് മോചിതനാവാൻ ബാലിയിൽ നിന്നുള്ള ശിക്ഷ ഭഗവാനും ഏറ്റുവാങ്ങിയേ മതിയാവുകയുള്ളൂ!
രാമാവതാരം കഴിഞ്ഞു. വിഷ്ണുഭഗവാൻ കൃഷ്ണനായി അടുത്ത യുഗത്തിൽ വീണ്ടും ജനിച്ചു. ആ സമയം ബാലിയും ജരൻ എന്ന വേടനായി ജന്മമെടുത്തു.
കൃഷ്ണാവതാരം കഴിയാനുള്ള സമയമായി. എന്നാൽ ഭഗവാന് ഈ ലോകം വിടണമെങ്കിൽ ജരനായി ജനിച്ച ബാലിയുടെ അമ്പ് തന്നെ ഏറ്റുവാങ്ങണം.
കാലിന്മേൽ കാലു വെച്ച് സ്വസ്ഥനായി മരച്ചുവട്ടിൽ വിശ്രമിക്കുന്ന കൃഷ്ണൻ്റെ പെരുവിരൽ കണ്ട് ഒരു മൃഗമാണെന്ന് തെറ്റിദ്ധരിച്ച് ദൂരെ മരത്തിൻ്റെ പിന്നിൽ മറഞ്ഞു നിന്ന് ജരൻ അമ്പയച്ചു – ബാലിയുടെ നേരേ രാമൻ അമ്പെയ്തതു പോലെ!
തൻ്റെ ഇരയെ കിട്ടിയ സന്തോഷത്തിൽ ഓടിച്ചെന്ന ജരൻ കണ്ടത് അമ്പ് കാൽവിരലിൽ ഏറ്റിരിക്കുന്ന കൃഷ്ണനെയാണ്!
ആ കാഴ്ച അദ്ദേഹത്തിന് സഹിക്കാൻ കഴിഞ്ഞില്ല. അതീവദുഃഖിതനായ ജരൻ ഭഗവാൻ്റെ കാലിൽ പതിച്ച് മാപ്പപേക്ഷിച്ചു. എന്നാൽ കൃഷ്ണൻ പുഞ്ചിരിച്ചതേയുള്ളൂ. കൃഷ്ണൻ ജരനെ മുൻകാലകഥകളൊക്കെ പറഞ്ഞു കേൾപ്പിച്ച് ആശ്വസിപ്പിച്ചു.
ജരന് ഭഗവാൻ ഈ ജന്മത്തിനുശേഷം മോക്ഷവും വാഗ്ദാനം ചെയ്തു!
ഭഗവാനു പോലും കർമ്മപാശത്തിൽ നിന്ന് മോചിതനാവാൻ വിധിയുടെ വരവും കാത്തിരിക്കേണ്ടിവന്നിട്ടുണ്ടെങ്കിൽ, അത്ര ശക്തമാണ് കർമ്മത്തിൻ്റെ ബന്ധനം!
എഴുതിക്കൊണ്ടിരിക്കാനാണെങ്കിൽ ഇതിനെപ്പറ്റി ഇനിയും ധാരാളം എഴുതാനുണ്ട്. എവിടെയെങ്കിലും നിർത്തിയല്ലേ പറ്റൂ!
അതുകൊണ്ട് ഇവിടെ നിർത്തുന്നു.
This Post Has 14 Comments
കർമ്മം ജനിമൃതി ചക്രത്തിലൂടെ നമ്മെ കറക്കിക്കൊണ്ടേയിരിക്കുന്നു ….
നന്നായി അവതരിപ്പിച്ചു 👍😍
Thanks Ashachechi! A detailed reading and a comment on every post is a great motivation for me to go forward! ❤️🙏
എത്ര ഭംംഗിയായി വിശദീകരിച്ചു കർമ്മവും കർമ്മ ഫലങളും…ചിലപ്പോൾ നമുക്ക് തന്നെ ബോധ്യമാകാറുണ്ട് ചില വേദനകൾ നമ്മൽ അനുഭ
വിക്കപ്പെടേണ്ടതാണെന്ന ബോധ്യം….ചില തിരിച്ചറിവുകൾ…
വളരെ വളരെ നന്നായിരിക്കുന്നു രാജ് …🙏🙏🙏
അതെ ചേച്ചീ, നമ്മുടെ ജീവിതത്തിൽ ഇതു ബോധ്യപ്പെടാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ സയൻസിനു പോലും ഇതൊന്നും തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലെന്താ!
Many facts we experience in life are beyond science! Thanks for the comment! ❤️🙏
👍👍
❤️🙏
ന്യൂട്ടന്റെ മൂന്നാം ചലനനിയമത്തിലൂടെ ,ഉള്ളൂരിന്റെ വരികളിലൂടെ , പുരാണങ്ങളിലെ ചില സന്ദർഭങ്ങളെ ഉദ്ധരിച്ചുകൊണ്ട് , കർമ്മബന്ധനത്തെ മനോഹരമായി അവതരിപ്പിച്ചു …അഭിനന്ദനങ്ങൾ രാജ് .
“താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ ” , പലരുടെയും ജീവിതങ്ങൾ വീണ്ടും വീണ്ടും അത് ബോദ്ധ്യപ്പെടുത്തുന്നുണ്ട് .🌹
പുരാണങ്ങളിലെ ഇത്തരം ഫിലോസഫിയല്ലേ ചേച്ചീ നമ്മുടെ ആർഷഭാരതത്തിൻ്റെ ഏറ്റവും വലിയ സംഭാവന!
Thanks for the comment chechi! ❤️🙏
Good topic for endless debate Raj..Well written as always..
Thank you Dhanya, for being a consistent reader! The encouragement from you is much appreciated!
Well written 👍🙏. We should ensure to pass on the proud heritage and the great tradition to our coming generations also.
Thank you! That’s right, the essence of our epics should reach the entire world and many generations.
Very well written article, Raj. Law of Karma explained very well! You established the connection between Newton’s Third Law and the Law of Karma through relevant incidents in Rama’s and Krishna’s lives: Great job indeed!
I heard from our chinmaya study class that Bali, the son of Indra forgot the purpose of his birth (which was to destroy Ravana) and misused his valour and strenght otherwise. He even allied with Ravana on certain occasions. Second reason for Ram to kill Bali.
ബാലി പ്രവർത്തികൾ കൊണ്ട് മനുഷ്യന് ഉപദ്രവകാരി ആയ ഒരു മൃഗം ആയി എന്നതാണ് രാമൻ പറഞ്ഞ മൂന്നാമത്തെ കാരണം. അതു കൊണ്ടാണ് മൃഗങ്ങളെ വേട്ടയാടുന്നതു പോലെ ഒളിച്ചിരുന്ന് അമ്പ് ചെയ്തു വീഴ്ത്തിയതെന്നും. Just thought of writing those 2 points here. May be you would like to research further on those.
Thanks Deepa! The additional explanation you gave make sense! Maybe I’ll get a chance to read more of these interpretations too.
Thank you for being a consistent reader!