ഗീതാധ്യായം 3: കര്‍മ്മയോഗം

ജ്ഞാനമാണോ കര്‍മ്മമാണോ കൂടുതല്‍ ഉത്തമം എന്നൊന്നു വ്യക്തമായി പറയൂ – എന്ന അര്‍ജ്ജുനന്‍റെ ആവശ്യത്തിനു മറുപടിയായി കൃഷ്ണന്‍ ഇങ്ങനെ പറയുന്നു:

ലോകത്തില്‍ ജ്ഞാനികളുടെ മാര്‍ഗ്ഗമായ ജ്ഞാനയോഗവും യോഗികളുടെ കര്‍മ്മമാര്‍ഗ്ഗമായ കര്‍മ്മയോഗവുമായി രണ്ട് നിഷ്ഠകളുണ്ട്.

കര്‍മ്മങ്ങള്‍ ഉപേക്ഷിച്ച് കര്‍മ്മവിമുക്തരാവില്ല, സിദ്ധി പ്രാപിക്കുകയുമില്ല. ഗുണങ്ങള്‍ക്കനുസരിച്ച കര്‍മ്മങ്ങള്‍ ചെയ്യാതെയിരിക്കാനുമാവില്ല. മനസ്സില്‍ വിഷയചിന്തകളിരിക്കേ, ബാഹ്യമായി ഇന്ദ്രിയങ്ങളെ കര്‍മ്മങ്ങളില്‍ നിന്നു നിയന്ത്രിക്കുന്നവര്‍ മിഥ്യാചരന്മാരാണ്. എന്നാല്‍, നിസ്സംഗരായി (കര്‍മ്മത്തൊടോ കര്‍മ്മഫലത്തോടോ ഒട്ടിച്ചേരാതെ) സ്വന്തം കര്‍മ്മങ്ങളില്‍ വ്യാപൃതരാവുന്ന യോഗികളാണ് ശ്രേഷ്ഠര്‍. അതുകൊണ്ട്, നിസ്സംഗനായി, ഒരു യജ്ഞമായി നിന്‍റെ നിയത കര്‍മ്മങ്ങള്‍ നീ ചെയ്യൂ.

– (അധ്യായം മൂന്ന്; ശ്ലോകങ്ങള്‍ 1-10)

സൃഷ്ടിവേളയില്‍ സ്രഷ്ടാവ് നമ്മളോട് ഉപദേശിച്ചത് ഇതാണ്: ദേവകളും നിങ്ങളും പരസ്പരം പരിപോഷിപ്പിക്കുന്ന സഹയജ്ഞം നിങ്ങളെയേവരേയും പരമമായ സമൃദ്ധിയിലേക്കും ശ്രേയസ്സിലേക്കും നയിക്കുന്ന കാമധേനുവാകട്ടെ. എല്ലാ ജീവജാലങ്ങള്‍ക്കും കാരണമായ അന്നവും, അതിനു കാരണമായ മഴയും, അത്തരം യജ്ഞങ്ങളുടെ ഫലമാണ്. ഇങ്ങനെയുള്ള സഹയജ്ഞത്തില്‍ സ്വാര്‍ത്ഥത കലര്‍ത്തുന്നവര്‍ പാപം ചെയ്യുന്നു. അത്തരം ജീവിതങ്ങള്‍ വ്യര്‍ത്ഥമാവുന്നു. എന്നാല്‍ തന്‍റെ സ്വത്വമായ ആത്മാവില്‍ ഉറച്ച് നിസ്സംഗരായി കര്‍മ്മം ചെയ്യുന്നവര്‍ക്ക് ആ കര്‍മ്മങ്ങളില്‍ നിന്നൊന്നും നേടാനോ, നഷ്ടപ്പെടാനോ ഇല്ല, ഒന്നിനോടും ആശ്രയിക്കേണ്ടിയും വരില്ല.

ജനകമഹാരജാവിനെപ്പോലെയുള്ളവരുടെ അതേ വഴിയില്‍ നീയും കര്‍മ്മയോഗത്തിലൂടെ ലോകത്തിനു മാതൃകയാവൂ. ശ്രേദഷ്ഠരായവര്‍ ചെയ്യുന്നതും പ്രമാണമായി സ്വീകരിക്കുന്നതും മറ്റുള്ളവര്‍ അനുകരിക്കുകയും അനുവര്‍ത്തിക്കുകയും ചെയ്യുന്നു. ജ്ഞാനികള്‍ അജ്ഞാനികളില്‍ (ഉപദേശങ്ങളിലൂടെയോ തിരുത്തലുകളിലൂടെയോ) ബുദ്ധിഭ്രമം ഉണ്ടാക്കാതെ, സ്വകര്‍മ്മത്തിലുടെ അവര്‍ക്ക് ഉദാഹരണമാവുകയാന് വേണ്ടത്.

– (അധ്യായം മൂന്ന്; ശ്ലോകങ്ങള്‍ 11-26)

എല്ലാ കര്‍മ്മങ്ങളും പ്രകൃതിയിലെ ത്രിഗുണങ്ങളില്‍ നിന്നുണ്ടാവുന്നവയാണ്. അഹംകാരബാധിതമായ മനസ്സ് സ്വയം അതിന്‍റെ കര്‍തൃത്ത്വം കല്‍പ്പിക്കുന്നു. ഈ ഗുണ-കര്‍മ്മ സത്യം അറിയുന്നവരാകട്ടെ, നിസ്സംഗരായിരിക്കുന്നു; കര്‍മ്മത്തിലോ കര്‍മ്മഫലത്തിലോ ആസക്തരാവുന്നില്ല.

ജ്ഞാനികള്‍ പോലും സ്വഭാവത്തിനനുസരിച്ചു ഇന്ദ്രിയങ്ങളാല്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നു. അവയെ അടക്കി വയ്ക്കുന്നതു കോണ്ട് പ്രയോജനമില്ല. നന്നായി അനുഷ്ഠിക്കുന്ന പരധര്‍മ്മത്തേക്കാള്‍ ഗുണമില്ലാതെയെങ്കിലും അനുഷ്ഠിക്കുന്ന സ്വധര്‍മ്മം തന്നെ ശ്രേഷ്ഠം!

– (അധ്യായം മൂന്ന്; ശ്ലോകങ്ങള്‍ 27-35)

അങ്ങനെയെങ്കില്‍ ആരുടെ പേരണയാലാണ് മനുഷ്യര്‍ പാപം ചെയ്യുന്നതെന്ന അര്‍ജ്ജുനന്‍റെ സംശയത്തിന് കൃഷ്ണന്‍ ഇങ്ങനെ മറുപടി നല്‍കി:

വിഷയങ്ങളോടുള്ള ഇന്ദ്രിയങ്ങളുടെ ആകര്‍ഷണ വികര്‍ഷണങ്ങള്‍ നമ്മുടെ മുന്നോട്ടുള്ള യാത്രയില്‍ തടസ്സങ്ങളാണ്. രജോഗുണത്തില്‍ നിന്നുണ്ടാകുന്ന ഇന്ദ്രിയാസക്തിയും ക്രോധവും പുകയാല്‍ തീയിനെയെന്ന പോലെ, ജ്ഞാനത്തെയും വിവേകത്തെയും മറച്ച്, മനുഷ്യരെ പാപങ്ങളിലേക്ക് നയിക്കുന്ന, വ്യാമോഹിപ്പിക്കുന്ന ശത്രുവാണ്. ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമാണതിന്‍റെ ഇരിപ്പിടമത്രേ…

ഇന്ദ്രിയവിഷയങ്ങളെക്കാളും, (ഈ ഭൌതിക ശരീരത്തേക്കാളും)  ശ്രേഷ്ഠങ്ങളാണ് ഇന്ദ്രിയങ്ങള്‍, അവയേക്കാള്‍ ശ്രേഷ്ഠം മനസ്സും, മനസ്സിനേക്കാള്‍ ബുദ്ധിയും… ആ ബുദ്ധിയേക്കാള്‍ ശ്രേഷ്ഠമായ ആത്മാവിനെക്കൊണ്ട് മായാരൂപിയും അതിശക്തനുമായ ആ ശത്രുവിനെ നിഗ്രഹിച്ചാലും!

– (അധ്യായം മൂന്ന്; ശ്ലോകങ്ങള്‍ 36-43)

സ്വധര്‍മ്മത്തിലൂന്നിയ കര്‍മ്മങ്ങളിലൂടെയുള്ള മോക്ഷമാര്‍ഗ്ഗ നിഷ്ഠയാണ് ഈ അധ്യായത്തില്‍ വിവരിക്കുന്നത്. യുദ്ധഭൂമിയില്‍ യുദ്ധത്തിന് ആരംഭം കുറിച്ചു നില്‍ക്കുന്ന അര്‍ജ്ജുനന് ആ മാര്‍ഗ്ഗമാണ് അനുയോജ്യവും ശ്രേഷ്ഠവും എന്നതിനാലാവണം കൃഷ്ണന്‍ അതില്‍ ഇവിടെ ഊന്നല്‍ കൊടുക്കുന്നത്. എന്നാല്‍ അതോടൊപ്പം ജ്ഞാനത്തിലൂന്നിയുള്ള ജ്ഞാനയോഗം എന്ന നിഷ്ഠയുമുണ്ട് എന്നും കൃഷ്ണന്‍ ആദ്യമേ വ്യക്തമാക്കുന്നുണ്ട്. ഭക്തിയോഗം തുടങ്ങിയ നിഷ്ഠകളെക്കുറിച്ചും തുടര്‍ന്നുള്ള അധ്യായങ്ങളില്‍ പറയുന്നു.

തന്‍റെ ഗുണ-കര്‍മ്മ സ്വഭാവത്തിലൂന്നില സ്വധര്‍മ്മം തിരിച്ചറിഞ്ഞ്, ലോകവുമായി ഇണങ്ങിച്ചേര്‍ന്ന യജ്ഞഭാവനയില്‍ (സഹയജ്ഞം) ആ കര്‍മ്മങ്ങള്‍ ചെയ്തു മുന്നേറാനും അതിലൂടെ ജ്ഞാനി മറ്റുള്ളവര്‍ക്കു മാതൃകയാവുകയുമാണ് ഇതില്‍ വേണ്ടത്.

ആസക്തി കൂടാതെ, നിസ്സംഗമായി തന്‍റെ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുക. എന്നാല്‍ ഇന്ദ്രിയങ്ങളിലും മനസ്സിലും കടന്നു കൂടാവുന്ന വിഷയങ്ങളോടുള്ള ആസക്തി എന്ന ശത്രുവിനെ അറിഞ്ഞ് പ്രതിരോധിക്കണം. ആ ഇന്ദ്രിയങ്ങള്‍ ശക്തിയുള്ളവയാണ്. അതിനേക്കാള്‍ മനസ്സിന് ശക്തിയുണ്ടെങ്കിലും അതും ആസക്തിക്കും, വ്യാമോഹത്തിനും എളുപ്പത്തില്‍ വശംവദമാകാം. മനസ്സിനേക്കാള്‍ ശക്തമായ ബുദ്ധി കൊണ്ട് മനസ്സിനെ നിയന്ത്രിക്കാം. ആ ബുദ്ധിയേക്കാള്‍ ശ്രേഷ്ഠമായ ആത്മാവില്‍ ഉറച്ചു നിന്നാണ് ആ ബുദ്ധി നാം ഉപയോഗിക്കേണ്ടത്. തെറ്റായ വിവരങ്ങളും, അറിവുകളും ബുദ്ധിഭ്രമങ്ങളും, മിഥ്യാധാരനണകളും നമ്മുടെ ബുദ്ധിയെ ഭ്രമിപ്പിക്കാതിരിക്കാനാണ് അത് ശീലിക്കേണ്ടത്.

This Post Has 4 Comments

  1. Raj Purushothaman

    Nice interpretation! Hope to read more…

    1. Anonymous

      സാധാരണക്കാർക്കു പോലും മനസ്സിലാക്കുന്ന തരത്തിലുള്ള വ്യാഖ്യാനം

  2. sivadasan mechery

    ലളിതവും സരളവുമായ വ്യാഖ്യാനം. ഗൗരവമാർന്ന ഗീത പഠനത്തിനു ഈ വായനകൾ തീർച്ചയായും പ്രയോജനപ്പെടും

  3. Vinod Agrasala

    വളരെ നന്ദി…

Leave a Reply