ഉഷ കേരളക്കരയുടേതാണോ?
അതിസുന്ദരിയായ ഒരു രാജകുമാരിയാണ് ഉഷ!
ആരാണത് എന്നാവും ചിന്തിക്കുന്നത്… ഉഷയുടെ പിതാവിൻ്റെ പേരു പറഞ്ഞാൽ ചിലർക്കൊക്കെ മനസ്സിലാവും.
എന്നാൽ ഉഷയുടെ പിതാമഹൻ്റെ പേര് പറഞ്ഞാൽ മനസ്സിലാവാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല!
മൂന്നു ലോകങ്ങളും ഭരിച്ച നമ്മുടെ സ്വകാര്യ അഹങ്കാരമായ സാക്ഷാൽ മഹാബലി ചക്രവർത്തിയാണ് ഉഷയുടെ പിതാമഹൻ!
അപ്പോൾ ആദ്യം ചോദിച്ച ചോദ്യം സത്യത്തിൽ ഇതാണ് – മഹാബലി കേരളത്തിൻ്റെ സ്വന്തം ആയിരുന്നോ? നമ്മളാണല്ലോ അദ്ദേഹത്തിൻ്റെ പേരിൽ ഓണവും മറ്റും ആഘോഷിക്കുന്നത്?
ഭാഗവതമനുസരിച്ച് അദ്ദേഹം കേരളത്തിൽ ജീവിച്ചിരുന്നതായി സൂചനകളൊന്നുമില്ല. എന്നു മാത്രമല്ല, നർമ്മദാ നദിയുടെ തീരമായ ഭൃഗുകച്ഛം എന്ന സ്ഥലത്ത് യാഗം നടത്തിയ അദ്ദേഹം കേരളീയനല്ലായിരുന്നു എന്നു വേണം കരുതാൻ.
എന്നാൽ ഭാഗവതം മാത്രമല്ലല്ലോ നമ്മുടെ കഥകളുടെ ശ്രേണിയിലുള്ളത്. ഭാഗവതവും ഐതിഹ്യങ്ങളും നാടോടിക്കഥകളും ഒക്കെ നമുക്ക് പ്രധാനപ്പെട്ടതാണ്.
മഹാബലിയുടെ പുത്രനും ഉഷയുടെ പിതാവും ആണ് ബാണാസുരൻ. ബാണാസുരൻ്റെ പേരിൽ കുന്നുകളും ഡാമും ഒക്കെയുണ്ട് നമ്മുടെ നാട്ടിൽ.
അതു മാത്രമല്ല, തൃക്കാക്കരയപ്പനും ‘പാതാളം’ എന്ന സ്ഥലവും നമ്മുടെ നാട്ടിലുണ്ട്!
അപ്പോൾ നാടൻ വാമൊഴിക്കഥകളും പാട്ടുകളുമൊക്കെ പരതിനോക്കിയാൽ മാവേലി എന്ന ഐതിഹ്യപുരുഷനെ നമ്മുടെ കേരളവുമായും ബന്ധപ്പെടുത്താം.
അപ്പോഴും ഇതൊക്കെ കഥകളും ഐതിഹ്യങ്ങളും ആണ്. ചരിത്രം അല്ല. ഐതിഹ്യങ്ങളുടെ ഒരറ്റം പിടിച്ച് അന്വേഷിച്ചു പോയാൽ ഏതെങ്കിലും കാലത്തു നടന്ന എന്തെങ്കിലും സംഭവമായി ബന്ധം കണ്ടേക്കാം. അത്രയൊക്കെയേ സാധ്യതകളുള്ളൂ.
കഥകൾ നമ്മുടെ വിശ്വാസങ്ങളായും, വിശ്വാസങ്ങൾ മനസ്സിൻ്റെ അടിമത്തമായും മാറി മനുഷ്യർ തമ്മിൽത്തല്ലാൻ തുനിഞ്ഞു നില്ക്കുന്ന ഇക്കാലത്ത് ഇതൊക്കെ ഇടയ്ക്കിടെ പറഞ്ഞേ മതിയാകൂ.
അതവിടെ നില്ക്കട്ടെ, മഹാബലിയിലേക്ക് തിരിച്ചുവരാം. ഭാഗവതം അനുസരിച്ച് വാമനൻ മൂന്നടി മണ്ണ് തപസ്സു ചെയ്യാൻ ചോദിച്ചതും, മഹാബലി സമ്മതിച്ചതും ശരിയാണ്. അപ്പോൾ ആകാശത്തോളം വളർന്ന വാമനൻ ഒരടി കൊണ്ട് ഭൂമിയും രണ്ടാമത്തെ അടി കൊണ്ട് സ്വർഗ്ഗാദി ലോകങ്ങളും അളന്നെടുത്തു.
വാമനന് മൂന്നാമതും കാൽപ്പാദം വെയ്ക്കാൻ തൻ്റെ കൈവശം ഒന്നുമില്ലെന്ന് മനസ്സിലാക്കിയ നിമിഷം അല്പമെങ്കിലും ഉണ്ടായിരുന്ന മഹാബലിയുടെ അഹങ്കാരം ശമിക്കുന്നുണ്ട്. തനിക്ക് ദാനം ചെയ്യാൻ കഴിയാത്തതായി യാതൊന്നുമില്ല എന്ന ബോധം അദ്ദേഹത്തിൽ നിന്ന് മാഞ്ഞുപോയി.
നമ്രശിരസ്കനായി തൻ്റെ തലയിൽ കാൽപ്പാദം വെച്ചുകൊള്ളാൻ മഹാബലി വാമനനോട് അപേക്ഷിച്ചു.
ഇനിയാണ് കഥകളിലെ വ്യത്യാസം – വിഷ്ണുഭഗവാനായ വാമനന് മഹാബലി ആരാണ്? നീതിമാനായ ഒരു ചക്രവർത്തി മാത്രമല്ല, മഹാഭക്തനായ പ്രഹ്ലാദൻ്റെ പൗത്രൻ കൂടിയാണ് മഹാബലി!
പ്രഹ്ലാദനും, അദ്ദേഹത്തിൻ്റെ വംശത്തിനും, നീതിക്കും, വിഷ്ണുഭഗവാൻ എന്നും തുണയായിരിക്കും.
മൂന്നാമത്തെ കാൽപ്പാദം കൊണ്ട് വാമനൻ മഹാബലിയുടെ ശിരസ്സിൽ തൊട്ട് അനുഗ്രഹിച്ച് അദ്ദേഹത്തെ ‘സുതലം’ എന്ന ലോകത്തേക്ക് മാറ്റുകയാണുണ്ടായത്.
സുതലം സ്വർഗ്ഗത്തോളം, അല്ലെങ്കിൽ അതിലധികം മനോഹരമായ ഒരിടമാണ്. അവിടെ മഹാബലിയുടെ കാവൽക്കാരനായി വാമനാവതാരത്തിലുള്ള മഹാവിഷ്ണു തന്നെയാണ് നില്ക്കുന്നതും!
മാത്രമല്ല, അടുത്ത മന്വന്തരത്തിലെ ഇന്ദ്രനായി അദ്ദേഹം മഹാബലിയെ അവരോധിക്കുകയും ചെയ്തു!
മഹാബലിക്ക് അതു മതിയായിരുന്നു. വിഷ്ണുഭഗവാൻ്റെ അനുഗ്രഹത്തേക്കാൾ വലുതല്ല അദ്ദേഹത്തിന് സ്വർഗ്ഗലോകവും ഇന്ദ്രപദവിയും ഒന്നും! ബൃഹസ്പതിയുടെ ശിഷ്യനായിട്ടു പോലും ദേവേന്ദ്രന് ഇതു മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് മഹാബലി സഹതപിക്കുന്നും ഉണ്ട്.
ഇനി നമ്മുടെ നാടൻ കഥകളിലേക്കും ഐതിഹ്യങ്ങളിലേക്കും ഒന്നു പോയി നോക്കാം. അതിനു മുമ്പ് ഒരു കാര്യം പറയാനുണ്ട് – സുതലം എന്നത് പതിന്നാല് ലോകങ്ങളിൽ ഭൂലോകത്തിന് താഴെയുള്ള ഒരിടമാണ്.
അപ്പോൾ തലമുറകളായി വാമൊഴിക്കഥകൾ പറഞ്ഞു വന്നപ്പോൾ വാമനൻ മഹാബലിയെ ‘പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി’ എന്നായതാവാനാണ് വഴി. മഹാനായ ഒരു ചക്രവർത്തിയെ നഷ്ടപ്പെട്ടതിലെ ജനരോഷവും അതിനു വഴിവെച്ചിരിക്കാം.
നല്ലതെന്തെങ്കിലും നഷ്ടപ്പെട്ടാൽ അതിനു കാരണമായതിനെ നമ്മൾ കുറ്റപ്പെടുത്തുകയല്ലേയുള്ളൂ! അതാവും ഇവിടെയും സംഭവിച്ചത്!
പതിന്നാല് ലോകങ്ങളിൽ ഏറ്റവും താഴെയുള്ള ലോകമാണ് പാതാളം. ഭൂലോകത്തിനും പാതാളത്തിനും ഇടയിലാണ് സുതലം.
*
പക്ഷേ ഇതു മാത്രമല്ല സത്യത്തിൽ പറയാൻ വന്ന കഥ.
നല്ലൊരു ചിങ്ങപ്പുലരിയിലേക്ക് ഒരു സ്ത്രീശാക്തീകരണത്തിൻ്റെ കഥയാണ് പറയാനുദ്ദേശിച്ചത്. നമുക്ക് ഉഷയിലേക്ക് മടങ്ങിപ്പോകാം.
മഹാബലിക്കു ശേഷം പുത്രനായ ബാണൻ അസുരരാജാവായി. ആയിരം കൈകളുള്ള ബാണനും അതിശക്തനാണ്. അതുകൂടാതെ ശിവൻ തന്നെ ബാണന് കാവലായി നില്ക്കാം എന്നൊരു വരവും ശിവൻ കൊടുത്തിട്ടുണ്ട്. അക്കാരണത്താൽ ബാണനും അജയ്യനായി തുടരുകയാണ്.
എന്നാൽ പിതാവിനില്ലാത്ത ഒരു ദോഷം അയാളെ ബാധിച്ചിരുന്നു – തന്നെ ജയിക്കാൻ ആരുമില്ലെന്ന അഹങ്കാരം!
ആ അഹങ്കാരം മൂലം ശിവനെത്തന്നെ ബാണൻ ഒരു ദിവസം യുദ്ധം ചെയ്യാൻ വെല്ലുവിളിച്ചു!
ഒരു നാൾ നിൻ്റെ കൊടിമരം ഒടിഞ്ഞു വീഴുമെന്നും, അന്ന് ശക്തനായ ഒരാൾ നിന്നെ തോല്പിക്കുമെന്നും ശിവൻ മറുപടി പറഞ്ഞു.
ബാണൻ്റെ പുത്രിയാണ് ഉഷ എന്നു പറഞ്ഞിരുന്നു. ഉഷയ്ക്ക് ചിത്രലേഖ എന്നു പേരുള്ള ഒരു തോഴിയുമുണ്ട്. രണ്ടുപേരും അതിസുന്ദരികളും അതിസമർത്ഥകളുമാണ്.
ഒരു ദിവസം ഉഷ കോമളനായ ഒരു രാജകുമാരനെ സ്വപ്നത്തിൽ കണ്ടു. ഉറങ്ങിയെഴുന്നേറ്റ ഉഷ അസ്വസ്ഥയായി. സ്വപ്നത്തിൽത്തന്നെ ആ രാജകുമാരനുമായി അവൾ പ്രണയത്തിലായിക്കഴിഞ്ഞിരുന്നു!
കാരണമന്വേഷിച്ച ചിത്രലേഖയോട് ഉഷ സ്വപ്നത്തെപ്പറ്റി വിശദീകരിച്ചു.
ചിത്രലേഖ ചിത്രകലയിൽ സമർത്ഥയാണ്. അക്കാലത്ത് ജീവിച്ചിരിക്കുന്ന എല്ലാ സുന്ദരന്മാരുടെയും ചിത്രങ്ങൾ അവൾ ഉഷയെ വരച്ചു കാണിച്ചു.
ആദ്യം ഇന്ദ്രൻ മുതൽ വരുണൻ വരെയുള്ള ദേവന്മാരെ വരച്ചു. അവരെയൊന്നുമല്ല ഉഷ കണ്ടത്.
പിന്നീട് ഭൂമിയിലുള്ള രാജാക്കന്മാരെയും രാജകുമാരന്മാരെയും വരച്ചു… അക്കൂട്ടത്തിൽ കൃഷ്ണനെയും, മകനായ പ്രദ്യുമ്നനെയും വരച്ചു. അവരും അല്ല.
ഒടുവിൽ പ്രദ്യുമ്നൻ്റെ മകനായ അനിരുദ്ധനെ ചിത്രലേഖ വരച്ചു. ആ രാജകുമാരനെയായിരുന്നു ഉഷ സ്വപ്നത്തിൽ കണ്ടത്!
അനിരുദ്ധനെ കൊണ്ടുവന്ന് ഉഷയ്ക്ക് കൊടുക്കാമെന്ന് ചിത്രലേഖ ഏറ്റു. അന്നു രാത്രി ദ്വാരകയിൽ ഉറങ്ങിക്കിടന്നിരുന്ന അനിരുദ്ധനെ ചിത്രലേഖ തൻ്റെ മന്ത്രശക്തികൊണ്ട് കട്ടിലോടു കൂടി പൊക്കിയെടുത്ത് പറന്ന് ഉഷയുടെ മുറിയിലെത്തിച്ചു!
അനിരുദ്ധനും ഉഷയെ ഇഷ്ടമായി. അവർ പ്രണയബദ്ധരായി അവിടെ ഏതാനും നാൾ കഴിഞ്ഞു.
എന്നാൽ അധികം താമസിയാതെ മഹാപ്രതാപശാലിയായ ബാണൻ ഇതറിഞ്ഞു. അദ്ദേഹം അനിരുദ്ധനെ തടവിലാക്കി.
ദ്വാരകയിലും ഇക്കാലത്ത് അപ്രത്യക്ഷനായ അനിരുദ്ധനു വേണ്ടിയുള്ള അന്വേഷണം നടക്കുകയായിരുന്നു. ഒരു ദിവസം അവിടയെത്തിയ നാരദമഹർഷി അനിരുദ്ധൻ എവിടെയുണ്ടെന്നും എന്താണ് സംഭവിച്ചതെന്നും ശ്രീകൃഷ്ണനെയും പ്രദ്യുമ്നനെയും അറിയിച്ചു.
അനിരുദ്ധൻ ബാണൻ്റെ തടവറയിലാണെന്നറിഞ്ഞ കൃഷ്ണനും പ്രദ്യുമ്നനും യാദവസൈന്യവും ബാണൻ്റെ തലസ്ഥാനനഗരിയിൽ എത്തിച്ചേർന്നു.
ഗംഭീരമായ യുദ്ധമായിരുന്നു പിന്നീട് നടന്നത്. ബാണനു വേണ്ടി യുദ്ധം ചെയ്യാൻ സാക്ഷാൽ ശിവൻ തന്നെ ഉണ്ടായിരുന്നു.
എന്നാൽ വിജയം എപ്പോഴും ന്യായത്തോടൊപ്പമേ ഉണ്ടാവുകയുള്ളൂ! ബാണൻ്റെ പക്ഷത്ത് അന്യായമായിരുന്നു.
യുദ്ധത്തിനിടയിൽ ബാണൻ്റെ കൊടിമരം മുറിഞ്ഞു വീണു. കൃഷ്ണൻ അയാളെ പരാജയപ്പെടുത്തുകയും ചെയ്തു.
ബാണൻ്റെ ആയിരം കൈകളിൽ രണ്ടെണ്ണം മാത്രം അവശേഷിപ്പിച്ച് ബാക്കിയുള്ളതൊക്കെ കൃഷ്ണൻ എടുത്തു.
അതോടെ അദ്ദേഹത്തിൻ്റെ അഹങ്കാരവും ശമിച്ചു. രണ്ടു കൈകൾ മാത്രമുള്ള ഒരു സാധാരണ രാജാവായി ബാണൻ ജീവിതം തുടർന്നു.
പ്രണയങ്ങളുടെ ചക്രവർത്തിയാണ് കൃഷ്ണൻ! അദ്ദേഹം പ്രണയിക്കുന്നവരെ ഒരിക്കലും തമ്മിൽ പിരിക്കുകയില്ല! ഉഷയുടെയും അനിരുദ്ധൻ്റെയും വിവാഹം നടന്നു. കൃഷ്ണനും യാദവസൈന്യവും ആഘോഷപൂർവ്വം അവരെ ദ്വാരകയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ അവർ ചിരകാലം സന്തോഷത്തോടെ ജീവിച്ചു.
*
ഈ കഥയിലെ സ്ത്രീശാക്തീകരണം എന്താണ്?
നമ്മുടെ പുരാണങ്ങൾ പുരുഷാധിപത്യത്തിൻ്റേതാണെന്ന ശ്രുതി പരക്കെയുണ്ട്. സ്ത്രീകളുടെ ‘സ്വയംവരം’ നടക്കാറുണ്ടെങ്കിലും, അവിടെയും കഴിവ് തെളിയിക്കേണ്ടത് പുരുഷന്മാരാണ്.
എന്നാൽ ഉഷയുടെയും അനിരുദ്ധൻ്റെയും കാര്യത്തിൽ ‘കഴിവു തെളിയിച്ചതും’ സ്വയംവരം നടത്തിയതും ഒക്കെ സ്ത്രീപക്ഷമാണ്!
അപ്പോൾ മാവേലിയെ നമ്മൾ മലയാളികൾ ഏറ്റെടുത്തതുപോലെ എന്തുകൊണ്ട് ഉഷയെയും ചിത്രലേഖയെയും നമ്മുടെ സ്വന്തമാക്കിക്കൂടാ?!
വെറുതെ ആഗ്രഹിക്കുന്നതിൽ തെറ്റില്ലല്ലോ – അവരും നമ്മുടെ ആരാമത്തിൽ വിരിഞ്ഞ പൂക്കളായിരുന്നെങ്കിൽ എന്ന്
This Post Has 10 Comments
ഭാഷയുടെ മേലുള്ള സൗമ്യവും , ദീപ്തവും , ഉറപ്പുള്ളതുമായ സ്വാധീനം , ഭാഷയെ തന്റെ ഇംഗിതത്തിനനുസരിച്ചു നെയ്തെടുക്കുവാനുള്ള അസാമാന്യ കഴിവ് , ഇതെല്ലാം കഥാകാരന്റെ എഴുത്തിനു മാറ്റുരയ്ക്കുന്നു . കേട്ടു മറന്ന ഐതിഹ്യങ്ങൾക്കു ഒരു ഉണർത്തുപാട്ടിന്റെ മാധുര്യവും 🙌
ഈ ചിങ്ങപ്പുലർച്ചയിൽ തികച്ചും ചേർന്നത് തന്നെ 👍
Thanks much! 🙂
Thanks much! 🙂
ഭാഷയുടെ മേലുള്ള സൗമ്യവും , ദീപ്തവും , ഉറപ്പുള്ളതുമായ സ്വാധീനം , ഭാഷയെ തന്റെ ഇംഗിതത്തിനനുസരിച്ചു നെയ്തെടുക്കുവാനുള്ള അസാമാന്യ കഴിവ് , ഇതെല്ലാം കഥാകാരന്റെ എഴുത്തിനു മാറ്റുരയ്ക്കുന്നു . കേട്ടു മറന്ന ഐതിഹ്യങ്ങൾക്കു ഒരു ഉണർത്തുപാട്ടിന്റെ മാധുര്യവും 🙌
ഈ ചിങ്ങപ്പുലർച്ചയിൽ തികച്ചും ചേർന്നത് തന്നെ 👍
രാജിന്റെ മനോഹരമായ അവതരണം …
“ഉഷ കേരളക്കരയുടേതാണോ “എന്ന ചോദ്യത്തിനുത്തരമായി ഒരുപാട് ഐതീഹ്യങ്ങളിലേക്കും വിശ്വാസങ്ങളിലേക്കുമുള്ള ഈ എത്തിനോട്ടം ഏറെ പ്രസക്തം തന്നെ രാജ് ….
അഭിനന്ദനങ്ങൾ 💐
Thanks much! 🙂
👍👍🙏
🙏🙏🙂
Excellent story telling Raj👏👏
Thanks much! 🙂