വെറുപ്പും സ്നേഹവും, പിന്നെ നമ്മൾ വന്ന ചില വഴികളും

മിക്കവാറും എല്ലാ മതങ്ങളിലും സന്ധ്യാസമയം പ്രാർത്ഥനയ്ക്ക് വേണ്ടിയുള്ളതാണ്.

എന്തായിരിക്കും അതിനു കാരണം?

പകലിൻ്റെയും രാവിൻ്റെയും ഇടയിലുള്ള ഒരു ചെറിയ സമയമാണ് സന്ധ്യ. അത് പകലും അല്ല, രാത്രിയും അല്ല.

പകൽസമയം ഉണർന്നിരിക്കുന്ന ജീവികൾ കൂടണയാനും, രാത്രി ഇരപിടിക്കുന്ന ജന്തുക്കൾ മാളത്തിൽ നിന്ന് പുറത്തിറങ്ങി ഇരതേടാനും തുടങ്ങുന്നത് സായംസന്ധ്യയിലാണ്.

എന്നുവെച്ചാൽ പകൽജീവികൾക്ക് ക്ഷീണവും രാത്രിസഞ്ചാരികൾക്ക് ശക്തിയും ഉണ്ടാവുന്ന സമയം.
*
ലക്ഷക്കണക്കിന് വർഷങ്ങളായി പല ജീവികളിലൂടെയും പരിണമിച്ചുണ്ടായതാണ് ഇന്നു കാണുന്ന മനുഷ്യൻ. നമ്മുടെ ശരീരത്തിൻ്റെ ഘടന മാത്രമല്ല, മനസ്സിൻ്റെ അവസ്ഥയും പരിണാമം വഴി ഉണ്ടായതാണ്. അതുകൊണ്ട് മനസ്സിനെ ‘മനസ്സിലാക്കാനും’ പരിണാമത്തിൻ്റെ പാതയിലൂടെ പിന്നോട്ടു നടന്നു നോക്കിയാലേ കഴിയുകയുള്ളൂ.

പരിണാമത്തിൻ്റെ ആ വഴികളിലുടനീളം പലതരം ഭയാശങ്കകളും നമ്മുടെ മനസ്സിൽ കയറിക്കൂടിയിട്ടുണ്ട്. അവയിൽ പലതും ഇന്നും നമ്മുടെ മനസ്സിൽ അടിഞ്ഞു കിടക്കുന്നും ഉണ്ട്.

അങ്ങനെ കിട്ടിയതാവണം രാത്രിയോടും ഇരുട്ടിനോടുമുള്ള നമ്മുടെ ആശങ്കകളും മറ്റും.

നമ്മുടെ ശരീരം കാണാനും മനസ്സിലാക്കാനും നമുക്കു സ്വയം കഴിയും. എന്നാൽ മനസ്സ് അങ്ങനെ കാണാൻ കഴിയുകയില്ല. അതുകൊണ്ട് മനസ്സിൻ്റെ ബലങ്ങളും ബലഹീനതകളും പെട്ടെന്ന് മനസ്സിലാക്കാനും സാധിക്കുകയില്ല.

എത്ര വലിയ യുക്തിവാദിയാണെങ്കിലും മനുഷ്യൻ എന്ന ജീവി ഇരുട്ടിനെ ഒരിക്കലെങ്കിലും ഭയന്നിട്ടുണ്ടാവും. വിളിച്ചാൽ കേൾക്കുന്ന ദൂരത്ത് മറ്റാരുമില്ലെന്ന് ഉറപ്പുള്ളപ്പോൾ ഇരുട്ടിൽ കേൾക്കുന്ന അജ്ഞാതശബ്ദങ്ങൾ മനസ്സിൽ ഭയത്തിൻ്റെ അലകൾ സൃഷ്ടിക്കാത്ത ഒരു മനുഷ്യൻ പോലും ഈ ഭൂമിയിലുണ്ടാവില്ല.

അത് നമ്മുടെ മനസ്സിൻ്റെ ബലമില്ലായ്മയെയാണ് കാണിക്കുന്നത്. അപ്പോൾ ബലം കുറയുന്ന അവസരങ്ങളിൽ മനസ്സിന് തുണയാവാൻ വിശ്വാസങ്ങളെ കൂട്ടുപിടിക്കുന്നതിൽ തെറ്റില്ല. അതാണ് ദൈവവിശ്വാസമുള്ള ഒരു മനുഷ്യൻ്റെ യഥാർത്ഥ യുക്തി. ഈ യുക്തി മനസ്സിലാക്കാൻ യുക്തിവാദികൾക്ക് പോലും കഴിഞ്ഞിട്ടുണ്ടോ എന്നറിയില്ല.

കഴിഞ്ഞിട്ടുണ്ടായിരുന്നെങ്കിൽ അവർ നിരന്തരം വിശ്വാസങ്ങളെ തള്ളിപ്പറയാൻ ശ്രമിക്കില്ലല്ലോ!

എന്നാൽ വിശ്വാസങ്ങളുടെ വഴിയേ പോകുന്നവർ അതു മനസ്സിൻ്റെ അടിമത്തമായി മാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. മനസ്സിന് ശക്തിയേ കിട്ടാവൂ – അടിമത്തം കിട്ടേണ്ടതില്ല.

അപ്പോൾ പറഞ്ഞുവന്നത് സന്ധ്യാസമയത്തെപ്പറ്റിയാണ്. നമുക്ക് ഗോചരമായതും അല്ലാത്തതുമായ ദുഷ്ടശക്തികൾക്ക് സ്വാധീനം കൂടുന്നു എന്നു മനസ്സിലാക്കിയതിൽ നിന്നാവണം, സന്ധ്യയ്ക്ക് ദൈവസാന്നിധ്യമുണ്ടാവാൻ മനുഷ്യൻ പ്രാർത്ഥിക്കുന്ന സമ്പ്രദായം ഉണ്ടായത്.

അതു മാത്രമല്ല, പണ്ട് വൈദ്യുതിയിൽ നിന്നുള്ള വെളിച്ചം ഇല്ലാതിരുന്ന നാളുകളിൽ ആ സമയത്ത് മറക്കാതെ വിളക്ക് വെക്കുന്നതും ഒരാവശ്യമായിരുന്നു. കാടുകളോടും കാട്ടുമൃഗങ്ങളോടും ചേർന്നു ജീവിച്ചിരുന്ന കാലത്ത് വെളിച്ചവും തീയും ദുഷ്ടമൃഗങ്ങളെ അകറ്റിനിർത്തുന്നതിലും വലിയൊരു പങ്ക് വഹിച്ചിരുന്നു.

ഇതൊക്കെ നാഗരികതയിലേക്കുള്ള നമ്മുടെ യാത്രയിൽ മനുഷ്യൻ ആർജ്ജിച്ചെടുത്ത ശീലങ്ങളാണെങ്കിലും, പറയാൻ വന്ന കഥ മറ്റൊന്നാണ്.

സന്ധ്യാസമയത്ത് ഭർത്തൃസംയോഗം ആഗ്രഹിച്ച ഒരു സ്ത്രീയുണ്ട് നമ്മുടെ പുരാണങ്ങളിൽ. കശ്യപൻ്റെ പത്നിയായ ദിതിയായിരുന്നു അത്. കശ്യപൻ അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

അക്കാലത്തെ സമ്പ്രദായങ്ങൾക്കും നന്മകൾക്കും എതിരായി ചിന്തിക്കുകയും, അപ്പപ്പോൾ തോന്നുന്ന ആഗ്രഹങ്ങളെ കടിഞ്ഞാണിടാൻ കഴിയാതിരിക്കുകയും ചെയ്യുന്ന ഒരാൾക്ക് എങ്ങനെയുള്ള സന്തതികളെയാവും കിട്ടുക?

അങ്ങേയറ്റത്തെ ആസുരസ്വഭാവമുള്ള രണ്ടു പുത്രന്മാരാണ് ആ സംയോഗത്തിൽ നിന്ന് അവർക്കുണ്ടായത് – ഹിരണ്യാക്ഷനും ഹിരണ്യകശിപുവും.

എന്നാൽ ഭൂമിയിൽ നടക്കുന്ന ഏതൊരു സംഭവത്തിനും പിന്നിലൊരു കാരണം കാണും. നമ്മുടെ പുരാണങ്ങളനുസരിച്ച് ജന്മങ്ങൾക്കു പിന്നിലും കഥകളുണ്ട്.

ദിതി അവരെ ഗർഭം ധരിച്ചപ്പോൾത്തന്നെ അതിഘോരമായ സൂചനകൾക്ക് പ്രകൃതി സാക്ഷ്യം വഹിച്ചുവത്രേ. അതിൻ്റെ കാരണമറിയാതിരുന്ന ദേവന്മാർ ബ്രഹ്മാവിനോട് അതിനെപ്പറ്റി ആരാഞ്ഞു.

ബ്രഹ്മദേവൻ ദേവന്മാരോടു പറഞ്ഞ മറുപടി ഭാഗവതത്തിലെ എഴുത്തച്ഛൻ്റെ വരികളിൽത്തന്നെ വായിക്കാം-

“പണ്ടൊരുദിനം സനകാദികൾ മുകുന്ദനെ-
ക്കണ്ടുവന്ദിപ്പാനങ്ങു വൈകുണ്ഠലോകത്തിങ്കൽ
ചെന്നടുത്തളവുതാൻ ഗോപുരദ്വാരാന്തികേ
നിന്നുടൻതടുത്തൊരു ജയനുംവിജയനും
താപസശാപത്താലെ ദാനവന്മാരായ് വരും
ശ്രീപതിവധിച്ചുസായൂജ്യവും വരുത്തിടും.”
……….

അതാണ് അതിനു പിന്നിലെ കഥ. സനകാദി മഹർഷിമാർ പണ്ട് വിഷ്ണുഭഗവാനെ കാണാൻ വൈകുണ്ഠത്തിലെത്തിയപ്പോൾ അവിടത്തെ ദ്വാരപാലകന്മാരായ ജയനും വിജയനും അവരെ തടഞ്ഞു. ഇതിൽ കുപിതരായ സനകാദികൾ ജയവിജയന്മാരെ ശപിച്ചു. മൂന്നു ജന്മങ്ങൾ അസുരന്മാരായി കഴിയണം എന്നതാണ് അവർക്കു കിട്ടിയ ശാപം. ഈ മൂന്നു ജന്മങ്ങളിലും വിഷ്ണുഭഗവാൻ തന്നെ അവരെ വധിച്ച് ആ ജന്മങ്ങളിൽ നിന്നു മുക്തരാക്കി അവർക്ക് സായൂജ്യം കൊടുക്കും. പിന്നീടവർക്ക് വൈകുണ്ഠത്തിലേക്ക് മടങ്ങിപ്പോകാം.

അങ്ങനെ അവരെടുത്ത ആദ്യ ജന്മമാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും.

എന്നാൽ അസുരന്മാരായി ജനിക്കേണ്ടിവരും എന്നറിഞ്ഞപ്പോൾ അവർ അതീവദുഃഖിതരായി മാറി. അപ്പോൾ വിഷ്ണുഭഗവാൻ അവർക്കു കൊടുത്ത ഉപദേശം വളരെ ചിന്താദീപ്തമായ ഒന്നാണ് – “വിദ്വേഷരൂപത്തിൽ എന്നെ ആരാധിച്ചുകൊള്ളുക” എന്ന്.

ആദ്യം കേൾക്കുമ്പോൾ അമ്പരപ്പുണ്ടാവുമെങ്കിലും, ചിന്തിക്കുംതോറും അതിൻ്റെ അർത്ഥങ്ങളും സാധ്യതകളും നമുക്കു മുന്നിൽ തുറന്നുവരും!

മനസ്സിൻ്റെ ആഴങ്ങളിൽ വിദ്വേഷവും സ്നേഹവും ഇഴചേര്‍ന്ന് കിടക്കുന്നുണ്ട്. വിദ്വേഷത്തിൻ്റെ രൂപത്തിലാണെങ്കിലും, ഒരാൾ നിത്യവും നമ്മുടെ മനസ്സിൽ കയറിക്കൂടിയാൽ അത് ക്രമേണ സ്നേഹമായോ ആരാധനയായോ പോലും പരിണമിച്ചേക്കാം. അയാളെ സ്നേഹിക്കാനുള്ള കാരണം പോലും നമ്മളറിയാതെ നമ്മുടെ മനസ്സ് കണ്ടെത്തുക സ്വാഭാവികമാണ്.

തിരിച്ചും സംഭവിക്കാം – നമ്മൾ ഒരാളെ സ്നേഹിച്ചുകൊണ്ടേയിരുന്നാൽ അത് മടുപ്പിൽ കലാശിക്കുകയും, പിന്നീടുണ്ടാവുന്ന ചെറിയ കാരണങ്ങൾ പോലും മുതലാക്കി അവരെ വെറുക്കാൻ തുടങ്ങുകയും ചെയ്തേക്കാം.

പല പ്രണയവിവാഹങ്ങളും വർഷങ്ങൾ കഴിയുമ്പോൾ പരാജയത്തിൽ കലാശിക്കുന്നതിൻ്റെ കാരണങ്ങളിലൊന്നായി ഇതും ഉണ്ട്.

നമ്മളിനിയും പൂർണ്ണമായി മനസ്സിലാക്കാത്ത നമ്മുടെ മനസ്സാണ് പലപ്പോഴും നമ്മളെ ഓരോ വഴികളിലൂടെ നടത്തുന്നത്.
*
കഴിഞ്ഞ തവണ സന്ദർഭവശാൽ എഴുതി നിർത്തിയത് ഭാഗവതം രചിക്കപ്പെടാനുള്ള കാരണങ്ങൾ പറഞ്ഞുകൊണ്ടാണ്. അപ്പോൾ ഇനി കുറച്ചു നാൾ ഭാഗവതത്തിൻ്റെ വഴിയേ നടക്കാം.

ഹിരണ്യാക്ഷനും ഹിരണ്യകശിപുവും ജനിച്ചിട്ടേയുള്ളൂ. കഥകളിനിയും ധാരാളം വരാനുണ്ട്.

അവർ വിദ്വേഷരൂപത്തിലാണ് വിഷ്ണുഭഗവാനെ ആരാധിക്കുക എന്നും പറഞ്ഞു. ഭഗവാനെ ഏതു രൂപത്തിൽ കാണുന്നുവോ, ആ രൂപത്തിലാവും ഭഗവാൻ നമുക്കും അനുഭവപ്പെടുക എന്നാണ് സങ്കല്പം.

സ്നേഹത്തിൻ്റെ രൂപത്തിൽ കണ്ടിട്ടുള്ളവർക്ക് സ്നേഹമായി വന്നിട്ടുള്ളതുപോലെ വെറുപ്പിൻ്റെ രൂപത്തിൽ കണ്ടിട്ടുള്ളവരുടെ മുന്നിൽ വെറുപ്പായും അദ്ദേഹം വന്നിരിക്കും.

പക്ഷേ ഏതു രൂപത്തിൽ വന്നാലും ഭഗവാൻ അവരെ സ്വീകരിക്കും. തന്നിൽ ലയിപ്പിച്ച് മോക്ഷം കൊടുക്കുകയും ചെയ്യും. അതാണ് ഭാഗവതത്തിൽ നമ്മൾ കാണുന്ന കഥകൾ!

ഭക്തിയുള്ളവർക്ക് ആ വഴിയും, അല്ലാത്തവർക്ക് കഥകളായും ഇതൊക്കെ വായിക്കാം. എന്തായാലും നല്ല വായനാനുഭവങ്ങളാവും ഭാഗവതവും മറ്റു പുരാണങ്ങളും നമുക്കു തരുന്നത്.

കഥകൾ തുടരും.

This Post Has 23 Comments

  1. Asha Thilakan

    Longing for the next story 🤩
    Your narrative skills are superb 👏

    1. Raj Purushothaman

      Thanks for the consistent support, Ashachechi! ❤️🙏

      1. Vijayalekshmy K N

        എന്നും പറയുന്നപോലെ രാജിന്റെ വിലയിരുത്തലുകൾ ആർക്കും മറിച്ചു ചിന്തിക്കാൻ തോന്നുന്നതല്ല…. തീർത്തും അംഗീകരിക്കാൻ തക്ക ശക്തിയുള്ള interpretation. ….Thank you very much Raj for your continuous writings about Puranas especially bhagavata stories..💛💛💛💛💚💚💚💚🩵🩵🩵🩵

        1. Raj Purushothaman

          Thanks for reading and always giving me motivation, Viji chechi! ❤️🙏

  2. Geetha TV

    👌

    1. Raj Purushothaman

      Thanks chechi! ❤️🙏

    2. Sangeetha

      Well written 👏

      1. Raj Purushothaman

        Thank you Sangeetha! ❤️🙏

  3. Uma Sankar

    നന്നായി രാജ്! ജയവിജയന്മാരുടെ കഥ രസകരമാണ്. ആദ്യ ജന്മത്തിൽ അപാര ശക്തി.ശ്രീ നാരായണന് 2 അവതാരം വേണ്ടി വന്നു ഇവരെ ഹനിക്കാൻ. പിന്നീട് രാമാവതാരത്തിൽ രാവണ കുംഭകർണ്ണരെ വധിച്ചു, രാമാവതാര ലക്‌ഷ്യം ഇവരുടെ വധമായിരുന്നല്ലോ. കൃഷ്ണാവതാരത്തിൽ ദന്തവക്രനും ശിശുപാലനും ചെറിയൊരു ഭാഗം മാത്രമേ ഉള്ളൂ. ദ്വേഷ ഭക്തിയാൽ ഇവരുടെ ദുർശക്തി കുറഞ്ഞു വരുന്നു!

    1. Raj Purushothaman

      Very nice interpretation, Uma! ❤️🙏

  4. Santhosh Kumar K R

    വളരെ നന്ദി….

    1. Raj Purushothaman

      Thank you Santhosh! ❤️🙏

  5. ശാന്ത വാരിയർ

    ഒരുപാടു ചിന്താശകലങ്ങൾ ഭംഗിയായി കോർത്തിണക്കി .
    👌രാജ്

    1. Raj Purushothaman

      Thank you chechi! ❤️🙏

  6. Santhosh Gangadharan

    ഇതിന് മുമ്പ് ചിന്തിക്കാത്ത പല വിശകലനങ്ങളും വായിക്കുമ്പോൾ കൂടുതൽ ചിന്തിക്കാനുള്ള അവസരം ലഭിക്കും. നന്ദി

    1. Raj Purushothaman

      Thank you sir! ❤️🙏

  7. Deepa

    Very well written article as always. Your writing skills are distinct and ery impressive. It is very interesting to see how you build up conncections/ derive conclusions. Throigh your aricles, I am able to refresh my memory and also learn more. Keep writing

    1. Raj Purushothaman

      Thank you Deepa! ❤️🙏

  8. Deepa

    Very well written article as always. Your writing skills are distinct and ery impressive. It is very interesting to see how you build up conncections/ derive conclusions. Throigh your aricles, I am able to refresh my memory and also learn more. Keep writing

  9. Betsy Paul C

    Super narration, as always. Please keep writing 👍👍👍

    1. Raj Purushothaman

      Thank you Dr. Betsy! ❤️🙏

  10. Haseena Mehfil

    Very Interesting read 👍

    1. Raj Purushothaman

      Thank you Haseena! ❤️🙏

Leave a Reply