അശ്വിന് അസ്വസ്ഥതയും വിഷമവും തോന്നിയ ദിവസമായിരുന്നു അന്ന്. ഏതൊരാൾക്കും യൗവ്വനാരംഭത്തിൽ തോന്നാവുന്ന നിരാശയും ഒറ്റപ്പെടലുമൊക്കെ തന്നെ കാരണം – അതൊന്നും മനസ്സിന് വഴങ്ങാത്ത പ്രശ്നങ്ങളാണല്ലോ ആ പ്രായത്തിൽ!
എന്തായാലും തൻ്റെ ഉള്ളിൽ കിടന്നു നീറിയ വിഷമങ്ങളൊക്കെ അയാൾ ഫെയ്സ്ബുക്കിൽ കുറിച്ചിടാൻ തീരുമാനിച്ചു. നമ്മളെ കേൾക്കാനും മനസ്സിലാക്കാനും ആരെങ്കിലുമുണ്ടാവുക എന്നത് വിശക്കുമ്പോൾ ആഹാരം കിട്ടുന്നതുപോലെ പ്രധാനപ്പെട്ടതാണല്ലോ!
പക്ഷേ ആ കുറിപ്പിനു കിട്ടിയ പ്രതികരണങ്ങൾ ആശ്വാസത്തെക്കാൾ വിഷമങ്ങൾ തന്നെയായിരുന്നു അയാൾക്ക് വീണ്ടും സമ്മാനിച്ചത്. പലരുടെയും വിമർശനങ്ങളും പുച്ഛം കലർന്ന ഉപദേശങ്ങളും അയാൾ വായിക്കേണ്ടി വന്നു. സുഹുത്തുക്കളിൽ പലരും തന്നെ കണ്ടില്ലെന്ന് നടിക്കുന്നതു പോലെ തോന്നി അയാൾക്ക്.
എന്നാലും ചുരുക്കം ചില ആശ്വാസവാക്കുകളും കിട്ടാതിരുന്നില്ല.
ഇനിയാണ് കഥയിലെ ട്വിസ്റ്റ് – അശ്വിനോടൊപ്പം കോളേജിൽ പഠിക്കുന്ന മേഘയുടെ പോസ്റ്റും അയാൾ യാദൃശ്ചികമായി കാണാനിടയായി. സുന്ദരിയായ മേഘ അല്പം ചുളിഞ്ഞ നെറ്റിയിൽ കൈവിരൽ തൊട്ടുകൊണ്ടുള്ള ഒരു പടം. ഒപ്പം ചെറുതായി തോന്നുന്ന തലവേദനയെപ്പറ്റിയുള്ള ഒരു വരി കുറിപ്പും.
അതിനു താഴെ വന്ന കമൻ്റുകളും വികാരപ്രകടനങ്ങളും മറ്റും കണ്ട് അയാളുടെ കണ്ണ് തള്ളിപ്പോയി.
മേഘയുടെ ഒരു ‘ഹൃദയചിഹ്നമോ’ മറുപടിയോ കിട്ടാൻ വേണ്ടിയുള്ള ആരാധകരുടെ മലവെള്ളപ്പാച്ചിൽ തന്നെയായിരുന്നു കമൻ്റ് ബോക്സുകളിൽ നിറയെ.
ഒരു കുളിർതെന്നലായി അവളുടെ അടുത്തെത്താൻ കഴിയാതെ പോയവരും, നെറ്റിയിൽ പുരട്ടാനുള്ള മരുന്നായി മാറാൻ കഴിയാത്തവരും ഒക്കെയുണ്ടായിരുന്നു കമൻ്റുകളിൽ!
“ഇതിലെ പേരുകൾ മാത്രമേ സാങ്കല്പികമായിട്ടുള്ളൂ”. ഇത്തരം സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ നോക്കിയാൽ നിത്യമെന്നോണം കാണാവുന്നതാണ്.
ഈ രണ്ടു പേർക്കും കിട്ടിയ പ്രതികരണങ്ങളിലെ വ്യത്യാസം എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നുണ്ടോ? – അതു മനസ്സിലായാൽ മഹാവിഷ്ണു എന്തുകൊണ്ട് ‘മോഹിനിയുടെ’ രൂപം കൈക്കൊണ്ടു എന്ന് പിടികിട്ടാൻ പ്രയാസമുണ്ടാവില്ല!
പാലാഴിയിൽ നിന്ന് വന്ന അമൃതകുംഭം തട്ടിക്കൊണ്ടു പോയ അസുരന്മാരെ കബളിപ്പിച്ച് അതു വീണ്ടെടുക്കാനാണല്ലോ വിഷ്ണുഭഗവാൻ മോഹിനിയുടെ രൂപമെടുത്തത്. സ്ത്രീകളിൽ പുരുഷന്മാർ എത്രത്തോളം മയങ്ങും എന്നുള്ളതിന് ചെറിയൊരു സാങ്കല്പിക ഉദാഹരണം മാത്രമാണ് മുകളിലെ അശ്വിനും മേഘയും.
ഇവിടെ കാലം മാത്രമേ മാറിയിട്ടുള്ളൂ – മനുഷ്യരുടെ പ്രകൃതമൊന്നും മാറിയിട്ടില്ല. പുരാണങ്ങൾ എഴുതപ്പെട്ട കാലത്തു നിന്ന് ഒട്ടും വ്യത്യസ്തമല്ല മനുഷ്യരുടെ മനസ്സിൻ്റെ അടിസ്ഥാന വൈകാരികത എന്ന് ചുരുക്കം.
***
നമ്മൾ കഥകളോടൊപ്പം ശാസ്ത്രത്തെയും കൂടെ കൂട്ടണം എന്നാണല്ലോ. ഈയടുത്ത് നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത് ഒരു സാധാരണ പുരുഷൻ ദിവസവും ശരാശരി 43 മിനിറ്റ് സ്ത്രീകളെ നോക്കാൻ വേണ്ടി ചിലവഴിക്കുന്നു എന്നാണ്. ഉറങ്ങുന്ന 6-8 മണിക്കൂർ മാറ്റിവെച്ചിട്ടുള്ള സമയമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
വിവരങ്ങളൊക്കെ കൈത്തുമ്പിൽ കിട്ടുന്ന ഇക്കാലത്ത് “how much of a man’s life is spent looking at women” എന്നൊന്ന് ഗൂഗിളിൽ നോക്കിയാൽ മതി ഇതു മനസ്സിലാവാൻ.
ചിന്തിക്കുന്നവർക്ക് ഇപ്പോൾ വേറൊരു ചോദ്യവും മനസ്സിൽ തോന്നിയേക്കാം – പുരുഷന്മാർ ഇങ്ങനെ സ്ത്രീകളെ നോക്കുന്നതുപോലെ സ്ത്രീകൾ തിരിച്ചും നോക്കുന്നുണ്ടാവുമോ? പ്രകൃത്യാ ഇരുകൂട്ടർക്കും പരസ്പരം ആകർഷണം തോന്നുന്നു എന്നാണല്ലോ!
മറ്റൊരു രീതിയിൽ ചോദിച്ചാൽ, മഹാവിഷ്ണു മോഹിനിയായി അസുരപ്രമാണിമാരുടെ ഇടയിലേക്കിറങ്ങിച്ചെന്നതു പോലെ സ്ത്രീകൾ കൂട്ടമായി നില്ക്കുന്നയിടത്തേക്ക് ഒരു “മോഹൻ” കടന്നുചെന്നാൽ അവർ മയങ്ങിവീഴുമോ?
അങ്ങനെ സംഭവിക്കാൻ വഴിയില്ല. അതാണ് സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ചില അടിസ്ഥാന വ്യത്യാസങ്ങളിൽ ഒന്ന്!
എന്നു മാത്രമല്ല, അയാളുടെ ദുരുദ്ദേശം മനസ്സിലാക്കി അയാളെ അവിടന്ന് കെട്ടു കെട്ടിക്കുകയും ചെയ്യും.
അപ്പോൾ സ്ത്രീപുരുഷന്മാർ തമ്മിലുള്ള തുല്യതയ്ക്ക് വേണ്ടി യത്നിക്കുന്ന നമ്മുടെ സമൂഹം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇവിടെ എഴുതിയിടാം – നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുന്നത് പുരുഷന്മാർ സ്ത്രീകളുടെ സാമൂഹിക നിലവാരത്തിലേക്ക് ഉയരുമ്പോൾ മാത്രമാണ്.
മറിച്ച് സ്ത്രീകൾ പുരുഷന്മാരെപ്പോലെ അസഭ്യവും പറഞ്ഞ് കഞ്ചാവും വലിച്ച് വഴിയിൽ തല്ലുണ്ടാക്കി നടന്നാലും തുല്യത കൈവരും. പക്ഷേ ഒരു സമൂഹത്തിൻ്റെ തന്നെ നാശമായിരിക്കും അതുകൊണ്ട് ഉണ്ടാവുക.
പുരുഷന് ഒരിക്കലും സ്ത്രീയോ, തിരിച്ചോ, ആവാൻ കഴിയില്ലെന്നത് സത്യമാണ്. എന്നാൽ അന്യോന്യം ശൈലികൾ കടമെടുത്ത് സമൂഹമായി മുന്നോട്ടു പോകാനാണെങ്കിൽ നല്ല കാര്യങ്ങൾ എത്രയോ ഉണ്ട് പരസ്പരം കൈമാറാൻ.
***
കഥയിലേക്ക് തിരിച്ചുവരാം – അസുരന്മാർ അമൃതുമായി കടന്നുകളഞ്ഞതാണല്ലോ ഇപ്പോഴത്തെ വിഷയം. ദേവന്മാർക്കാണെങ്കിൽ ശാപം മൂലം ജരാനരകൾ ബാധിച്ചിരിക്കുന്നതുകൊണ്ട് ഈ അവസ്ഥയിൽ അവരെ യുദ്ധം ചെയ്ത് തോല്പിച്ച് അമൃത് വീണ്ടെടുക്കാനൊന്നും കഴിയില്ല.
ഇന്ദ്രാദി ദേവന്മാരും ബ്രഹ്മാവും ശിവനും ചിന്തയിൽ മുഴുകി. എന്നാൽ വിഷ്ണുഭഗവാനാണെങ്കിൽ ചിന്തിച്ചു പോലും സമയം കളയാൻ കഴിയില്ല. ത്രിലോകങ്ങളുടെയും സംരക്ഷണം അദ്ദേഹത്തിൻ്റെ ചുമതലയാണ്.
അസുരന്മാർ വിശ്വാസവഞ്ചനയാണ് കാണിച്ചത്. എല്ലാവരുടെയും ശ്രമഫലമായി അമൃത് ലഭിച്ചപ്പോൾ മറ്റാരുമായും പങ്കുവെക്കാൻ തയ്യാറാവാതെ അവരത് തട്ടിയെടുത്ത് സ്ഥലം വിടുകയാണുണ്ടായത്. അങ്ങനെയുള്ള അസുരന്മാർ അമൃത് കഴിച്ച് അമരത്വം കൂടി നേടിയെടുത്താൽ സർവ്വലോകങ്ങളുടെയും താളം തെറ്റും. ലോകങ്ങളെല്ലാം പിടിച്ചെടുത്ത് വിശ്വാസവഞ്ചനയും കൈയൂക്കും പോലെയുള്ള അവരുടെ ‘നീതികൾ’ നടപ്പിലാക്കും. സത്യവും നീതിയും പുറന്തള്ളപ്പെടും.
അപ്പോൾ അവർ അമൃത് കഴിക്കുന്നതിനു മുമ്പ് അവിടെയെത്തി അത് കൈക്കലാക്കണം. അസുരന്മാർ വിഷയാസക്തരാണെന്ന കാര്യം ലോകപ്രസിദ്ധമാണ്. അങ്ങനെയുള്ളവരെ കബളിപ്പിക്കാൻ ഒരു സ്ത്രീയെക്കൊണ്ടാണ് എളുപ്പം കഴിയുക!
രണ്ടാമതൊന്ന് ആലോചിക്കാതെ വിഷ്ണുഭഗവാൻ ‘മോഹിനി’ ആയി രൂപം മാറി.
ഇതേസമയം അസുരന്മാരുടെ സഭയിൽ ഒരു തർക്കം നടക്കുകയായിരുന്നു. അമൃത് കിട്ടിയിട്ടുണ്ട്. പക്ഷേ ആരു വിളമ്പും? ആരാദ്യം കഴിക്കും?
എല്ലാവർക്കും അമൃത് കഴിക്കണം. എന്നാൽ ആർക്കും വിളമ്പാൻ വയ്യ! അസുരന്മാരുടെ സങ്കുചിതമനോഭാവമാണ് ഇവിടെയും വെളിവാകുന്നത്. ഇങ്ങനെയുള്ളവരുടെ കൈയിൽ ലോകത്തിൻ്റെ ഭരണം കിട്ടിയാൽ എന്താവും അവസ്ഥ?!
ക്ഷണനേരത്തിനുള്ളിൽ മോഹിനി അസുരന്മാരുടെ കൊട്ടാരത്തിന് മുന്നിലെത്തി. അതിസുന്ദരിയായ മോഹിനിയെ കണ്ടതോടെ അസുരന്മാരുടെ ശ്രദ്ധ അവളിലായി.
മോഹിനിയെ അവർ അകത്തേക്കു ക്ഷണിച്ചു. അവളുടെ സൗന്ദര്യത്തിൽ മതിമയങ്ങിയ അവർ ഒരപേക്ഷ മുന്നോട്ടുവെച്ചു.
മോഹിനി വേണം അവർക്ക് അമൃത് വിളമ്പാൻ. അതിനു ശേഷം അവരിൽ ഒരാളെ വിവാഹം കഴിക്കുകയും വേണം.
അവൾ അതംഗീകരിച്ചു. എന്നാൽ അപ്രകാരം പ്രവർത്തിക്കാൻ ഒരു വ്യവസ്ഥയും അവൾക്കുണ്ടായിരുന്നു-
തരുണിയായ മോഹിനിക്ക് ഏവരുടെയും മുന്നിൽ മിഴിമുനകളേറ്റുകൊണ്ട് അമൃത് വിളമ്പാൻ കഴിയില്ല. അതുകൊണ്ട് കണ്ണുകൾ എല്ലാവരും മൂടിക്കെട്ടണം. മുന്നിലുള്ള പാത്രത്തിൽ അമൃത് വിളമ്പും. ഏറ്റവുമൊടുവിൽ കണ്ണു തുറന്ന് പാത്രത്തിൽ നിന്ന് അമൃത് കഴിക്കുന്നയാളെ ഭർത്താവായി വരിക്കും.
ഭാഗവതത്തിലെ വരികളിൽ-
“…….
വേണമെന്നാകിൽ കണ്ണെല്ലാവരും കെട്ടിക്കൊണ്ടു
വാണീടുന്നാകിലൊരു ജാതി ഞാനാകുംവണ്ണം
മെല്ലവേവന്നു വിളമ്പീടാമെല്ലാർക്കും ക്രമാ-
ലല്ലലെന്നിയേ മുതിർന്നെന്നാലങ്ങതില്പിന്നെ-
ക്കണ്ണഴിച്ചൊടുക്കത്തെന്നോടു ഭാജനംവാങ്ങി-
ത്തിന്നാലുമെനിക്കേകനവനെൻ ഭർത്താവല്ലോ
……..”
അസുരന്മാർ ആ വ്യവസ്ഥ അംഗീകരിച്ചു.
പിന്നെ നടന്നത് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
അവർ കണ്ണുകൾ മൂടിക്കെട്ടി അവിടെയിരുന്നു.
മോഹിനി ക്ഷണനേരം പോലുമെടുക്കാതെ തൻ്റെ യഥാർത്ഥരൂപത്തിൽ സ്വർഗ്ഗലോകത്തെത്തി ദേവന്മാർക്ക് അമൃത് സമ്മാനിച്ചു!
ഇവിടെയും ഒരു ചോദ്യം ബാക്കി – വിഷ്ണുഭഗവാൻ അസുരന്മാരെ ചതിച്ചോ?
അതിന് ഉത്തരമായുള്ളത് ചില മറുചോദ്യങ്ങളാണ് – അസുരന്മാർ അമൃത് തട്ടിയെടുത്ത് കടന്നുകളഞ്ഞതല്ലേ ഈ കഥയിലെ ആദ്യത്തെ ചതി? ചതിക്ക് അതിനൊത്ത നിലവാരത്തിൽ പ്രതിക്രിയ ചെയ്യുന്നതിനെ ചതി എന്നു വിളിക്കാൻ കഴിയുമോ?
***
വിഷ്ണുഭഗവാൻ്റെ മോഹിനീവേഷത്തിന് മറ്റൊരു സന്ദേശവും പകർന്നുതരാനുണ്ട് – സ്ത്രീയും താൻ തന്നെയാണ് എന്ന സന്ദേശം. സകല ജീവികളുടെയും ഉള്ളിൽ ആത്മാവായി ശയിക്കുന്നവന് സ്ത്രീയും പുരുഷനും തമ്മിലെന്ത് വ്യത്യാസം?!
This Post Has 4 Comments
മോഹിനിയുടെ ആശയം അവതരിപ്പിക്കാൻ എടുത്ത ഭാവനയെ അഭിനന്ദിക്കുന്നു !
ഇന്നത്തെ സമൂഹം ശരിയേത്, തെറ്റെന്ത് എന്നറിയാതെ ഉഴറുന്നു. ധർമ്മവും അധർമ്മവും തിരിച്ചറിയാത്ത വിധം മാറിയ സാമൂഹിക അന്തരീക്ഷം ആണ് ഇപ്പോൾ.
എപ്പോഴത്തെയും പോലെ രചന നന്നായിരിക്കുന്നു!
മോഹിനി രൂപവും അതിലേക്ക് തെളിച്ച കഥയും കാലഘടത്തിന്റെ മാറ്റങ്ങൾ തുറന്നു കാട്ടി. ..എല്ലാം ഒറ്റയടിക്ക് വായിച്ചു….വളരെ നന്ദി…ഇനിയും തുടർ എഴുത്തിനു സരസ്വതി കടാക്ഷം എപ്പോഴും കൂടെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤️❤️🧡🧡💛💛
മോഹിനീരൂപത്തിന്റെ ലക്ഷ്യത്തിനുപിന്നിലുള്ള കഥ മനോഹരമായി അവതരിപ്പിച്ചു , ഒപ്പം തന്നെ ഇന്നത്തെ സമൂഹത്തിനുള്ള സന്ദേശവും 👌👌
Congrats
മോഹിനീരൂപത്തിന്റെ ലക്ഷ്യത്തിനുപിന്നിലുള്ള കഥ മനോഹരമായി അവതരിപ്പിച്ചു , ഒപ്പം തന്നെ ഇന്നത്തെ സമൂഹത്തിനുള്ള സന്ദേശവും 👌👌
Congrats