മഹാവിഷ്ണു കൂർമ്മാവതാരം എടുത്ത് കടലിൽ താണുപോയ മന്ദരപർവ്വതം ഉയർത്തി. അത് കൃത്യമായ ഉയരത്തിൽ നിലനില്ക്കാൻ വിഷ്ണുഭഗവാൻ തന്നെ ഒരു വലിയ പക്ഷിയുടെ രൂപത്തിലും ആ പർവ്വതത്തിൻ്റെ മുകളിൽ വന്നിരുന്നു. അതോടെ ഭംഗം വന്ന പാലാഴി കടയൽ പുനരാരംഭിക്കാൻ ദേവാസുരന്മാർക്ക് കഴിഞ്ഞു. മഥനം വളരെ വേഗം പുരോഗമിച്ചു.
പക്ഷേ അപ്പോഴേക്കും പുതിയൊരു പ്രശ്നം ഉടലെടുത്തു. അതിലേക്ക് തിരികേ വരാം.
*
പാലാഴിമഥനത്തെ നമ്മുടെ ജീവിതത്തോടു തന്നെ ഉപമിക്കാൻ കഴിയും. ഓരോ കാര്യവും നേടാനായി നമ്മൾ ഇറങ്ങിത്തിരിക്കുമ്പോൾ വഴിയേ ഉണ്ടാവുന്ന പ്രശ്നങ്ങളാണ് ഇവിടെ കഥയിൽ സൂചിപ്പിക്കുന്നത്. ജീവിതവും അതുപോലെ തന്നെ – കുട്ടിക്കാലം മുതൽ ഓരോ ലക്ഷ്യത്തിനു പിന്നാലെയുള്ള യാത്രയാണല്ലോ ജീവിതം!
പ്രശ്നങ്ങൾ ഒന്നിനു പിന്നാലെ മറ്റൊന്നായി വന്നുകൊണ്ടിരിക്കും. അതെല്ലാം പരിഹരിച്ചു വേണം മുന്നോട്ടുപോവാൻ.
പ്രശ്നങ്ങളില്ലാത്ത ജീവിതം ആർക്കും സ്വപ്നം കാണാൻ പോലും കഴിയുകയില്ലെന്ന് ചുരുക്കം! അതുകൊണ്ട് “പ്രശ്നങ്ങൾ ഒഴിഞ്ഞ നേരമില്ലല്ലോ” എന്നാരും വ്യാകുലപ്പെടേണ്ട. അത് ജീവിതത്തിൽ ഉള്ളതാണ്!
*
കഥയിലേക്ക് തിരിച്ചുവരാം – ഇവിടെയുണ്ടായ പുതിയ പ്രശ്നം വാസുകി സർപ്പം ക്ഷീണിതനായി എന്നതാണ്. അതോടെ അദ്ദേഹം വിഷം വമിക്കാൻ തുടങ്ങി. വാസുകിയിൽ നിന്നുള്ള വിഷജ്വാലകൾ അഗ്നി കണക്കേ അവിടെയെല്ലാം ഒഴുകി.
അതാണത്രേ കാളകൂടം (അഥവാ ഹാലാഹലം) എന്ന വിഷം.
[കഥകളിൽ ചെറിയ വ്യത്യാസമുണ്ട് ഇവിടെ. എഴുത്തച്ഛൻ്റെ ഭാഗവതത്തിലാണ് ഈ വർണ്ണന. മൂലഭാഗവതത്തിൽ കാളകൂടം പാലാഴിയിൽ നിന്നു തന്നെ ഉയർന്നു വന്നു എന്നാണ് വിവരിച്ചിരിക്കുന്നത്.]
കാളകൂടം മരണമാണ്. അതിനെ അതിജീവിക്കാൻ മൃത്യുഞ്ജയന് (ശിവന്) മാത്രമേ കഴിയൂ!
അതോടെ എല്ലാ കണ്ണുകളും അഭയപൂർവ്വം ഭഗവാൻ ശിവൻ്റെ നേർക്ക് തിരിഞ്ഞു.
ഒരു അപകടം നടക്കുമ്പോൾ നിമിഷങ്ങൾ പോലും വിലപ്പെട്ടതാണ്. ചിന്തിച്ചു നില്ക്കാൻ പോലും സമയം കിട്ടിയെന്നുവരില്ല.
രണ്ടാമതൊന്ന് ആലോചിക്കാതെ ഭഗവാൻ ശിവൻ തൻ്റെ കൈക്കുമ്പിളിൽ ആ വിഷമെല്ലാം ആവാഹിച്ചെടുത്ത് വിഴുങ്ങുകയാണുണ്ടായത്.
അതോടെ പാർവ്വതീദേവി അതീവദുഃഖിതയായി. ദേവിയുടെ മനസ്സിലൂടെ കടന്നുപോയ ചിന്തകളും, തുടർന്നു നടന്നതും എഴുത്തച്ഛൻ്റെ വരികളിൽത്തന്നെ വായിക്കാം-
‘പാരതിലുഴലുമാരെന്തിതു തോന്നീടുവാൻ
മാരദാഹത്തിൻ പ്രതികാരമോ ശിവശിവ!
വൈധവ്യം മമ രതിയെപ്പോലെ വരുത്തായ്കെ-
ന്നാധിപൂണ്ടാലാപം ചെയ്താനതാനനാതൂർണ്ണം
ഖേദമാർന്നുദരേ താഴായ്കയെന്നുള്ളിൽകല്പി-
ച്ചാദരാൽ കഴുത്തിലാമ്മാറുടൻ മന്ത്രാക്ഷരം
ധ്യാനിച്ചു പിടിച്ചിരുത്തീടിനാൾ മടിയില-
ത്യാനന്ദസ്വരൂപിണി താൻപുണർന്നനുരാഗാൽ
……….’
ഈ നടന്നത് കാമദേവനെ ദഹിപ്പിച്ചതിൻ്റെ പ്രതികാരമാണോ എന്നു പോലും സംശയിക്കുന്നു പാർവ്വതീദേവി. ശിവൻ്റെ ഉള്ളിൽ കാമം ജനിപ്പിക്കാൻ ഒളിഞ്ഞുനിന്ന് മലരമ്പയച്ച കാമദേവനെ മൂന്നാം തൃക്കണ്ണ് തുറന്ന് ശിവൻ ഭസ്മമാക്കിക്കളയുകയാണുണ്ടായത്. അതിനു ശേഷം അനംഗൻ (ശരീരമില്ലാത്തവൻ) ആയി കാമദേവൻ ഇന്നും ജീവിക്കുന്നു എന്നാണ് സങ്കല്പം.
രതീദേവിയെപ്പോലെ തനിക്കും വൈധവ്യം വരുത്തരുത് എന്നു പറഞ്ഞുകൊണ്ട് വിഷം ഉള്ളിലേക്കിറങ്ങാതിരിക്കാൻ മന്ത്രാക്ഷരത്തോടെ ശിവനെ കഴുത്തിൽ പിടിച്ച് പാർവ്വതീദേവി തൻ്റെ മടിയിലിരുത്തി ആശ്ലേഷിച്ചു.
ഒരു പുരുഷൻ പരാജയപ്പെടുന്നത് അദ്ദേഹത്തെ തൻ്റെ ഭാര്യയും കൈവെടിയുമ്പോൾ മാത്രമാണ്. ഭാര്യ ശക്തിസ്രോതസ്സായി എന്നും കൂടെയുണ്ടാവുന്ന ഒരു മനുഷ്യൻ വിജയിയായിത്തന്നെ തുടരും!
പാർവ്വതീദേവി കഴുത്തിൽ പിടിച്ചതോടെ വിഷം ഉള്ളിലേക്കിറങ്ങാതെ വായിലൂടെ പുറത്തേക്കു വരാൻ തുടങ്ങി. അപ്പോൾ വിഷ്ണുഭഗവാൻ വായും പൊത്തിപ്പിടിച്ചു.
അങ്ങനെ അകത്തേക്കും പുറത്തേക്കും പോകാനാവാതെ കാളകൂടം ശിവൻ്റെ കഴുത്തിൽ ഉറച്ചു. അതോടെ അദ്ദേഹത്തിൻ്റെ കണ്ഠത്തിൽ അതീവ ഭംഗിയുള്ള നീല നിറത്തിലുള്ള മൂന്ന് രേഖകൾ തെളിഞ്ഞുവന്നു.
ബാക്കി നടന്നതും എഴുത്തച്ഛൻ്റെ വരികളിൽത്തന്നെ വായിക്കാം-
‘ലേഖവൃന്ദവും മുനീന്ദ്രന്മാരുമസുരരും
നാനാലോകരും ബഹുവിസ്മയം കലർന്നു നി-
ത്യാനന്ദൻതന്നെ നീലകണ്ഠനെന്നെല്ലാവരും
നാമവും സകലൈകസമ്മതമാകെച്ചെയ്ത-
ങ്ങാമോദം പൂണ്ടു കൂപ്പിസ്തുതിച്ചാരതിഭക്ത്യാ.’
ഈ കാഴ്ചകളൊക്കെ കണ്ടുനിന്ന ദേവന്മാരും മുനിമാരും അസുരന്മാരും നാനാലോകരും ഭഗവാൻ ശിവനെ “നീലകണ്ഠൻ” എന്ന പേര് ചൊല്ലി ഭക്തിയോടെ സ്തുതിച്ചു. അതോടെ അദ്ദേഹം ആ പേരിലും പ്രസിദ്ധനായി!
ഇപ്രകാരം വിഷപാനം ചെയ്ത ശിവന് ആപത്തൊന്നും വരാതിരിക്കാൻ പാർവ്വതീദേവിയും മറ്റുള്ള ദേവീദേവന്മാരും പ്രാർത്ഥനാപൂർവ്വം ഉറക്കമിളച്ച് കാത്തിരുന്ന രാത്രിയാണ് ‘ശിവരാത്രി’ എന്ന പേരിൽ പ്രസിദ്ധമായത് എന്നാണ് അതിനെപ്പറ്റിയുള്ള ഐതിഹ്യങ്ങളിൽ ഒന്ന്.
*
പാലാഴിമഥനം തുടർന്നു. അത് പൂർത്തീകരണത്തോടടുത്തപ്പോൾ പിന്നീട് കണ്ടത് പാലാഴിയിൽ നിന്ന് പലതും ഉയർന്നുവരുന്നതാണ്.
സുരഭി (അഥവാ കാമധേനു), ഐരാവതം, ഉച്ചൈശ്രവസ്സ് എന്ന കുതിര, ചന്ദ്രൻ, കൗസ്തുഭം എന്ന രത്നം, പാരിജാതം, അനേകം അപ്സരസ്സുകൾ,..
ചന്ദ്രക്കല ശിവനും, കൗസ്തുഭം മഹാവിഷ്ണുവും സ്വീകരിച്ചു.
അതിനു ശേഷം ജ്യേഷ്ഠാദേവി ഉയർന്നുവന്നു. ആ ദേവിക്ക് ഒരു ഇരിപ്പിടം വേണം. അടിച്ചുതളി ഇല്ലാത്ത ഇടങ്ങളിലും ചൂതുകളി നടക്കുന്നയിടത്തും കള്ളന്മാർ ഉള്ളയിടത്തും മദ്യപാനശാലയിലും മറ്റും വസിച്ചുകൊള്ളാൻ ജ്യേഷ്ഠാദേവിയെ വിഷ്ണുഭഗവാൻ അനുവദിച്ചു. ആ ഇടങ്ങളന്വേഷിച്ച് ജ്യേഷ്ഠാദേവി യാത്രയായി.
പിന്നെ ഉയർന്നുവന്നത് അതിമനോഹരമായ ഒരു താമരപ്പൂവും അതിൽ വസിക്കുന്ന മഹാലക്ഷ്മിയുമാണ്! അനേകം ദിവ്യസുന്ദരിമാരുടെ അകമ്പടിയുമുണ്ടായിരുന്നു ലക്ഷ്മീദേവിക്ക് – ഒപ്പം കൈയിലൊരു വരണമാല്യവും!
ഈരേഴ് ലോകങ്ങളെയും തൻ്റെ ശോഭയിൽ നിറച്ചുകൊണ്ട് മഹാലക്ഷ്മി തൻ്റെ ഇരിപ്പിടത്തിൽ നിന്ന് ഇറങ്ങിവന്നു.
ഇനിയുള്ളതും എഴുത്തച്ഛൻ്റെ വരികളിൽത്തന്നെ വായിക്കണം-
‘കേവലം സ്വയംവരമാലയും ധരിച്ചുകൊ-
ണ്ടാവോളമനുഗ്രഹംചെയ്തുചെയ്തഖിലർക്കും
കാരുണ്യകടാക്ഷമാലാഭരണങ്ങളല-
ങ്കാരരൂപേണ ചെയ്തുചെയ്തതിമന്ദംമന്ദം
മന്ദാക്ഷഭാവത്തോടും സുന്ദരീജനത്തോടും
മന്ദഗാമിനി മന്ദമഷ്ടമംഗല്യത്തോടും
മുമ്പിനാൽ കടാക്ഷമാലാവലിയണിഞ്ഞടു-
ത്തൻപിനോടഖിലലോകേശ്വരൻ നാരായണൻ
പങ്കജനേത്രൻ വാമേ ചെന്നു തൽഭാവമറി-
ഞ്ഞങ്കുരാനന്ദത്തോടെ മാലയുമിട്ടീടിനാൾ
……..’
അവിടെ കൂടിയിരുന്നവർക്കെല്ലാം അനുഗ്രഹം വർഷിച്ചുകൊണ്ട് സുന്ദരിമാരുടെ അകമ്പടിയോടെ മഹാലക്ഷ്മി മെല്ലെ വിഷ്ണുഭഗവാൻ്റെ അടുത്തെത്തി. ആദ്യമായി കടാക്ഷമാകുന്ന മാലകൾ അദ്ദേഹത്തെ ചാർത്തി.
മഹാവിഷ്ണുവിൻ്റെ ഇടതുവശം ചേർന്ന് അദ്ദേഹത്തിൻ്റെ മനോഗതം മനസ്സിലാക്കിയ ലക്ഷ്മീദേവി തൻ്റെ കൈയിലുള്ള മാലയും അദ്ദേഹത്തെ അണിയിച്ചു.
*
ഒരു പ്രണയം മനസ്സിലാക്കാൻ എത്ര നേരം വേണം എന്ന ചോദ്യത്തിനുള്ള ഉത്തരം ഒരുപക്ഷേ ഇവിടെയുണ്ട്. ഒരു നോട്ടം മതി, മനസ്സുകൾ തമ്മിലുള്ള പൊരുത്തം മനസ്സിലാവാൻ! മനസ്സ് മന്ത്രിക്കുന്നത് മുഖത്തും കണ്ണുകളിലും നിറയെ കാണാൻ കഴിയും!
യഥാർത്ഥത്തിലുള്ള പ്രണയം മനസ്സിലാവാൻ അതേപ്പറ്റി ഒന്നും ചോദിക്കുകയോ പറയുകയോ വേണ്ടെന്നർത്ഥം!
*
പിന്നീട് പാലാഴിയിൽ നിന്നു വന്നത് വാരുണീദേവിയാണ്. മദ്യത്തിൻ്റെ അധിഷ്ഠാനദേവതയാണത്. അസുരന്മാരാണ് വാരുണീദേവിയെ കൈക്കൊണ്ടത്.
അതിനു ശേഷം വിഷ്ണുഭഗവാൻ തന്നെ ധന്വന്തരീമൂർത്തിയുടെ രൂപത്തിൽ, കൈയിൽ അമൃതുമായി പാല്ക്കടലിൽ നിന്ന് പൊങ്ങിവന്നു.
ആയുർവേദത്തിൻ്റെ ഉപദേശത്തിനായാണ് ധന്വന്തരിയുടെ അവതാരം എന്നാണ് ഭാഗവതത്തിലെ വർണ്ണന.
എന്നാൽ അമൃതകുംഭം കണ്ടപ്പോൾ അസുരന്മാരുടെ മട്ട് മാറി. അവരത് വേഗം മോഷ്ടിച്ചുകൊണ്ട് അവിടെ നിന്ന് കടന്നുകളഞ്ഞു.
ദേവന്മാർക്കാണെങ്കിൽ ജരാനരയും മറ്റും ബാധിച്ച് ശക്തിക്ഷയം സംഭവിച്ചിരിക്കുന്ന സമയം. ഈ അവസ്ഥയിൽ അസുരന്മാരോട് യുദ്ധം ചെയ്ത് അമൃത് വീണ്ടെടുക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്.
അപ്പോൾ അതിനും ഒരേയൊരു വഴിയേയുള്ളൂ. വിഷ്ണുഭഗവാനെത്തന്നെ ആശ്രയിക്കുക!
ഈ ചതിയും മോഷണവും വഴി അസുരന്മാർ അമൃതിന് അർഹരല്ലെന്ന് അവർ തന്നെ തെളിയിക്കുകയും ചെയ്തു.
അസുരന്മാരിൽ നിന്ന് അമൃത് വീണ്ടെടുക്കാൻ മഹാവിഷ്ണു അടുത്ത അവതാരമെടുക്കാൻ തീരുമാനിച്ചു – മോഹിനി!
(തുടരും)
This Post Has 6 Comments
മോഹിനിയുടെ കഥ അറിയാമെങ്കിലും മോന്റെ വർണന, ആവിഷ്കാരം എല്ലാം വായിക്കാൻ കൗതുകം ഉണ്ട്.
എപ്പോഴത്തെ പോലെയും വിവരണം നന്നായിട്ടുണ്ട് !!
Thank you so much Ashachechi! ❤️🙏
എത്ര സരസമായി എഴുതി. നന്ദി 🙏
@Geetha TV, thank you so much chechi! ❤️🙏
നന്നായി എഴുതി രാജ്…അറിയുന്ന കഥകളാണെങ്കിൽ കൂടിയും ആ ശൈലി വളരെ ഹൃദ്യം..
മനോഹരമായ ശൈലിയിൽ പാലാഴിമഥനം വീണ്ടും ആസ്വദിച്ചു 🌹🌹