‘കാലേ വരികരികത്തിനിയും ശുക-
ബാലേ! തെളിഞ്ഞു പറകെടോ! ശേഷവും
മാലോകർ കേട്ടാൽ പരിഹസിച്ചീടുമെ-
ന്നാലുമെനിക്കായതൊട്ടൊട്ടു ചൊല്ലുവൻ.’
നമ്മളിൽ പലർക്കും ഈ പറഞ്ഞതിനു പിന്നിലെ വികാരം വളരെയെളുപ്പം മനസ്സിലാവും. ‘മാലോകർ കേട്ടാൽ എന്തു വിചാരിക്കും’ എന്നു ചിന്തിച്ച് നമ്മളും എത്രയോ കാര്യങ്ങൾ പൊതുജനമധ്യത്തിൽ ചോദിക്കാനും പറയാനും കഴിയാതെ അമർത്തിവെയ്ക്കുന്നു!
അങ്ങനെ നാട്ടുകാർ കേട്ടാലും പരിഹസിച്ചാലും സാരമില്ല, തല്ക്കാലം പറഞ്ഞോളൂ എന്നാണ് എഴുത്തച്ഛൻ കിളിമകളോട് ഇവിടെ ആവശ്യപ്പെടുന്നത്. അങ്ങനെ പറയുന്നതിലൂടെ ആവശ്യമില്ലാത്ത ഒരു ദുരഭിമാനം നമുക്ക് വേണ്ടെന്നുകൂടിയാണ് അദ്ദേഹം നമ്മളെ മനസ്സിലാക്കിത്തരാൻ ശ്രമിക്കുന്നത്. മഹാജ്ഞാനത്തിൻ്റെ കൊടുമുടികൾ കയറിയ എഴുത്തച്ഛൻ തനിക്കുവേണ്ടിയാകുമോ അതെഴുതിയത്? ഒരിക്കലും ആവില്ല! നമുക്കുവേണ്ടിത്തന്നെയാവും ആ എഴുത്ത്!
അപ്പോൾ മലയാളിയുടെ ഈ അപകർഷതാബോധം അക്കാലത്തും ഉണ്ടെന്നുള്ളത് വ്യക്തമാണ്. ഒരുപക്ഷേ തെന്നിന്ത്യയിലേക്കു വന്ന ആദിമമനുഷ്യൻ തൻ്റെ ജീനിൽ കൊണ്ടുവന്നിട്ടുള്ളതാവണം ഈ ‘സവിശേഷത’!
അതവിടെ നില്ക്കട്ടെ. കഥയുടെ ലോകത്തേക്ക് തിരിച്ചുവരാം.
ഭാഗവതത്തിൽ വിഷ്ണുഭഗവാൻ്റെ അവതാരങ്ങൾ അവയുടെ ക്രമത്തിലല്ല എഴുതിയിരിക്കുന്നത്. അതിനുള്ള കാരണം ഒരുപക്ഷേ ഇതാവും – ശുകമഹർഷി പരീക്ഷിത്തിനു പറഞ്ഞുകൊടുക്കുന്ന കഥകളുടെ രൂപത്തിലാണ് ഭാഗവതം എഴുതപ്പെട്ടത്. അക്കാരണത്താൽ പലപ്പോഴും അവർ തമ്മിലുള്ള സംഭാഷണത്തിന് ഉതകുന്ന രീതിയിലാണ് കഥകൾ പോകുന്നത്.
അതുകൊണ്ടാവണം വരാഹാവതാരം ആദ്യം വന്നത്. മത്സ്യാവതാരം പോലും പിന്നീടാണ് വരുന്നത്.
അതുപോലെ ഭാഗവതത്തിൽ നരസിംഹാവതാരം വരുന്നത് വരാഹാവതാരം കഴിഞ്ഞ് വേറെയും പല കഥകൾ പറഞ്ഞതിനു ശേഷമാണ്.
എന്നാൽ കഴിഞ്ഞ തവണ ഹിരണ്യാക്ഷൻ്റെ കഥയും വരാഹാവതാരവും പറഞ്ഞു നിർത്തിയതുകൊണ്ട് എനിക്കെളുപ്പം ഇവിടെ നിന്നു തുടർന്ന് ഹിരണ്യകശിപുവിൻ്റെ കഥയിലേക്ക് നീങ്ങുന്നതാണ്. വായിക്കുന്നവർക്കും തുടർച്ചയുടെ ആസ്വാദ്യത നിലനില്ക്കാൻ അതാവും നല്ലത്.
അതിനിടയിലുള്ള കഥകളിലേക്ക് പിന്നീട് വരാം.
ഹിരണ്യകശിപുവിൻ്റെ കഥ പറയുന്ന ഭാഗവതത്തിലെ സപ്തമസ്കന്ധത്തിലാണ് തുടക്കത്തിലെഴുതിയ ആ വരികളുള്ളത്. കിളിമകളോട് ‘കഥ പറയുക’ എന്നപേക്ഷിച്ചുകൊണ്ടാണ് എഴുത്തച്ഛൻ്റെ ‘കിളിപ്പാട്ടുകളിലെ’ ഓരോ അധ്യായവും തുടങ്ങുന്നത്.
*
ഇരട്ടസഹോദരന്മാരായ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും ഉണ്ടെങ്കിലും ‘ഹിരണ്യൻ’ എന്നു കേട്ടാൽ നമ്മുടെ മനസ്സിലാദ്യം വരുന്നത് ഹിരണ്യകശിപുവിൻ്റെ പേരാണ്. സഹോദരനായ ഹിരണ്യാക്ഷനെക്കാൾ അതിഭയങ്കരനായിരുന്നു ഹിരണ്യകശിപു.
ഹിരണ്യാക്ഷനെ മഹാവിഷ്ണു വധിച്ചു എന്നറിഞ്ഞ ഹിരണ്യകശിപു അതീവക്രുദ്ധനായി മാറി. വിഷ്ണുവിനോട് പകപോക്കാനായി അയാൾ മന്ദരപർവ്വതത്തിൽ പ്രവേശിച്ച് ബ്രഹ്മാവിനെ വളരെക്കാലം തപസ്സു ചെയ്തു. അങ്ങനെ ധാരാളം തപഃശ്ശക്തി ആർജ്ജിച്ചപ്പോൾ ഹിരണ്യകശിപുവിൻ്റെ മുന്നിൽ ബ്രഹ്മദേവൻ പ്രത്യക്ഷനായി.
ഒരു കൂട്ടം വരങ്ങളാണ് ബ്രഹ്മദേവനോട് അയാൾ ചോദിച്ചു വാങ്ങിയത് – ബ്രഹ്മാവിനാൽ സൃഷ്ടിക്കപ്പെട്ടവരാൽ മരണം സംഭവിക്കരുത്, അകത്തോ പുറത്തോ വെച്ച് മരണമുണ്ടാവരുത്, രാത്രിയോ പകലോ മരിക്കരുത്, ഭൂമിയിലോ ആകാശത്തോ വെച്ച് മരണമുണ്ടാവരുത്, ആയുധങ്ങളാലോ, മനുഷ്യനായോ മൃഗമായോ വധിക്കപ്പെടരുത്, മറ്റൊരാളിൽ നിന്ന് ജനിച്ചവരാൽ മരണമുണ്ടാവരുത്!
ഇതു കൂടാതെ, തൻ്റെ ശക്തി വളർന്ന് ലോകത്രയത്തെ ജയിക്കാൻ കഴിയണമെന്ന വരവും ഹിരണ്യകശിപു ബ്രഹ്മാവിൽ നിന്നു വാങ്ങിച്ചെടുത്തു.
വരം കൊടുത്തശേഷം ബ്രഹ്മദേവൻ തന്നെ ഹിരണ്യകശിപുവിൻ്റെ മുന്നിൽ നിന്ന് വളരെ വേഗം അപ്രത്യക്ഷനായത്രേ. അത്ര ഭയങ്കരനാണ് ഹിരണ്യകശിപു!
‘സദ്യോവരം കൊടുത്തങ്ങവൻമുമ്പിൽനി-
ന്നെത്രയും വേഗാൽ മറഞ്ഞരുളീടിനാൻ.’
എന്നാണ് എഴുത്തച്ഛൻ ഇതേപ്പറ്റി വർണ്ണിച്ചിട്ടുള്ളത്.
അപ്പോൾ ഒരു ചോദ്യം ഉണ്ടായേക്കാം – ഇത്ര ഭീകരനായ അസുരനാണെങ്കിൽ വരം കൊടുക്കാതിരുന്നാൽ പോരേ?
അതിനു കഴിയുകയില്ല. തപഃശ്ശക്തി എന്നത് വളരെ വിലമതിക്കപ്പെടുന്ന, അനിഷേധ്യമായ ഒരു ബലമാണെന്നാണ് നമ്മുടെ പുരാണങ്ങളിലുള്ള സങ്കല്പം. നല്ലവരും ദുഷ്ടാന്മാക്കളും തപസ്സു ചെയ്ത് ശക്തിയാർജ്ജിക്കാറുണ്ട്. ദുഷ്ടന്മാർ അങ്ങനെ കിട്ടുന്ന വരങ്ങൾ ലോകോപദ്രവത്തിനായി ഉപയോഗിക്കുന്നു എന്നേയുള്ളൂ.
ഇവിടെയിപ്പോൾ ബ്രഹ്മാവിൽ നിന്നു കിട്ടിയ വരങ്ങൾ ഉപയോഗപ്പെടുത്തി ഹിരണ്യകശിപു സാധുജനങ്ങളെ ദ്രോഹിക്കാൻ തുടങ്ങി. വിഷ്ണുവിനെയും ശിവനെയും ആരാധിക്കരുതെന്ന നിയമം അയാൾ ലോകം മുഴുവൻ നടപ്പാക്കി. അതിനു പകരം തന്നെ ആരാധിക്കാൻ അയാൾ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
ഒപ്പം അയാൾ ദേവലോകവും ആക്രമിച്ചു കീഴ്പ്പെടുത്തി. എഴുത്തച്ഛൻ്റെ വരികളിൽ-
‘ദേവേന്ദ്രനാദി ദിഗീശന്മാർ തമ്മെയും
ദേവാരി താനേ ജയിച്ചാനശേഷവും;
ദേവപദാർത്ഥങ്ങളുമടക്കിക്കൊണ്ടു
ദേവികളേയും വിധേയമാക്കീടിനാൻ;
ദേവന്മാരുടെ ലോകവും ദേവപദാർത്ഥങ്ങളും ദേവിമാരെയും ഹിരണ്യകശിപു തനിക്കു വിധേയമാക്കി. അയാളുടെ ആജ്ഞയ്ക്കു വിരുദ്ധമായി ഒരു ഇല പോലും അനങ്ങില്ല എന്ന അവസ്ഥയുണ്ടായി മൂന്നു ലോകങ്ങളിലും.
*
ഇതിനിടയിൽ മറ്റൊരു സംഭവം നടന്നിരുന്നു. ഹിരണ്യകശിപു ബ്രഹ്മദേവനെ തപസ്സു ചെയ്യാൻ പോയ സമയം ദേവന്മാരും അസുരന്മാരും തമ്മിൽ ഘോരമായ യുദ്ധമുണ്ടായി. നാഥനില്ലാത്ത അവസ്ഥയിലായിരുന്നു അസുരന്മാർ.
ആ യുദ്ധം നടക്കുന്ന സമയമത്രയും ഹിരണ്യകശിപുവിൻ്റെ ഗർഭിണിയായ പത്നി കയാധു നാരദമുനിയുടെ സംരക്ഷണത്തിലായിരുന്നു. അവരുടെ സദ്ചിന്തകളിൽ സന്തുഷ്ടനായ നാരദമഹർഷി ഗർഭസ്ഥശിശുവിന് ധാരാളം ജ്ഞാനതത്ത്വങ്ങളും വേദതത്ത്വങ്ങളും നീതിശാസ്ത്രങ്ങളും ഉപദേശിച്ചു.
ഒപ്പം, നാരദമുനി വലിയൊരു വിഷ്ണുഭക്തനുമാണെന്ന് നമുക്കറിയാം. നാരായണമന്ത്രം സദാ ഉരുവിട്ടുകൊണ്ടാണ് അദ്ദേഹം ജീവിക്കുന്നത്! കയാധുവിൻ്റെ ഗർഭസ്ഥനായ ശിശു ഇതും കേൾക്കുന്നുണ്ട്. അങ്ങനെ വലിയൊരു വിഷ്ണുഭക്തനായാണ് ഗർഭാവസ്ഥയിൽത്തന്നെ ആ ശിശു വളരുന്നത്!
ദേവാസുരന്മാർ തമ്മിലുള്ള യുദ്ധം കഴിഞ്ഞു. ഒപ്പം ഹിരണ്യകശിപുവും തപസ്സു കഴിഞ്ഞ് വരങ്ങളൊക്കെ വാങ്ങി തിരിച്ചെത്തി.
അങ്ങനെ കയാധുവിനെ നാരദമഹർഷി ഹിരണ്യകശിപുവിൻ്റെ കൈയിൽ തിരിച്ചേല്പിച്ചു. അധികം വൈകാതെ ഹിരണ്യകശിപുവിൻ്റെ പുത്രന് കയാധു ജന്മം നല്കുകയും ചെയ്തു. ജന്മം മുതൽ വിഷ്ണുഭഗവാൻ്റെ ഏറ്റവും വലിയ ഭക്തനെന്ന് പേരുകേട്ട പ്രഹ്ലാദനായിരുന്നു ആ കുട്ടി!
ഇവിടെയിപ്പോൾ വിഷ്ണുവിരോധിയായ ഹിരണ്യകശിപുവും, വിഷ്ണുഭക്തനായി വളർന്നുവരുന്ന പ്രഹ്ലാദനും ഉണ്ട്!
അവരുടെ കഥ തുടരും…
*
ഒരല്പം ശാസ്ത്രത്തിൻ്റെ വഴിയിലും ചിന്തിച്ചുനോക്കാം – മാതാപിതാക്കളുടെ ഗുണം തന്നെയാണോ മക്കൾക്കെപ്പോഴും കിട്ടുന്നത്? അങ്ങനെ പറയാൻ കഴിയില്ല. മുത്തശ്ശൻ്റെയോ മുത്തശ്ശിയുടെയോ മുൻതലമുറയിൽ ജീവിച്ചിരുന്ന മറ്റുള്ളവരുടെയോ ഗുണങ്ങളും കിട്ടിയേക്കാം. പ്രഹ്ലാദന് മാതാവായ കയാധുവിൻ്റെയോ പിതാമഹനായ കശ്യപൻ്റെയോ ഗുണങ്ങളാവും ഒരുപക്ഷേ കിട്ടിയത്.
ഇനി കശ്യപൻ്റെ പിതാമഹനാണെങ്കിൽ അതാരാണ്? സാക്ഷാൽ ബ്രഹ്മാവ് തന്നെയാണത്!
ബ്രഹ്മദേവൻ വന്നിട്ടുള്ളതാണെങ്കിലോ – വിഷ്ണുഭഗവാൻ്റെ തന്നെ നാഭിയിൽ വിരിഞ്ഞ താമരയിൽ നിന്നും!
അപ്പോൾ പുരാണങ്ങളോടൊപ്പം ശാസ്ത്രം ചേർന്നാലും പ്രഹ്ലാദൻ്റെ വിഷ്ണുഭക്തിയിലും നന്മയുള്ള മനസ്സിലും അതിശയിക്കാനുണ്ടോ?
This Post Has 12 Comments
എന്തിനാണ് നിര്‍ത്തിയതു ! രസിച്ചു വായിച്ചു വരികയായിരുന്നു!!
ദേവി മാഹാത്മത്തിലും ഇതേ പോലെ നമുക്ക് വായിക്കാം. തിന്മയും , നന്മയും തമ്മിലുള്ള പോരാട്ടം. അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.
Thank you so much Ashachechi! Hope to continue the story in the next part. ❤️🙏
Simple explanation , interesting.Waiting for the next part🙏🌷🎉keep going…..
Thanks Anichechi! ❤️🙏
Very interesting. Keep writing 👍👍
Thank you Dr. Betsy! ❤️🙏
Very well written as always! ‘മാലോകർ കേട്ടാൽ എന്തു വിചാരിക്കും’ എന്ന ചിന്ത നമുക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ കുട്ടികൾക്ക് പൊതുവെ അങ്ങിനെ ഒരു ചിന്ത കുറവായി കണ്ടുവരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമ്മുടെ ജനറേഷൻ ആളുകൾക്കിടയിലും വളരെ അധികം മാറ്റം ഉണ്ടായിട്ടുണ്ട്- പ്രധാന കാരണം സോഷ്യൽ മീഡിയ ആണെന്ന് കരുതാം.
ഹിറാണ്യകശിപുവിന്റെയും പ്രഹ്ലാദന്റെയും കഥകൾ ഓർമ്മയിൽ ഉണ്ടെങ്കിലും ഈ ലേഖനം വായിച്ചപ്പോൾ പലയിടത്തും ചിന്തിപ്പിക്കുന്ന തരത്തിലുള്ള പല വ്യാഘ്യനങ്ങളും കാഴ്ചപ്പാടുകളും കണ്ടു. വളരെ മനോഹരമായി ഓരോന്നും അവതരിപ്പിക്കുന്നു 🙏🙏🙏
സത്യമാണത് – ഇപ്പോഴത്തെ കുട്ടികൾക്ക് നമുക്കുള്ളത്ര social alertness ഉണ്ടെന്ന് തോന്നുന്നില്ല.
നല്ലൊരു അഭിപ്രായമെഴുതിയതിന് നന്ദി ദീപാ. ❤️🙏
*ഹിരണ്യകശിപു- കുറെ typing errors വരുന്നു. Sorry – auto correct/ select ഒക്കെ കാരണം എനിക്ക് തെറ്റുകൾ ധാരാളം വരുന്നുണ്ട് 🙏🙏🙏. കാര്യം മനസ്സിലാവുമെങ്കിൽ പിന്നെ it doesn’t matter much – as everyone knows why there are so many typo when you use phone to type such msgs 🙂
Typing errors എനിക്കും ധാരാളം വരാറുണ്ട്. അതു സാരമില്ല. 🙂
പെട്ടെന്ന് തീർന്നതുപോലെ …
Well written, as always 💐
Thank you chechi! ❤️🙏