നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും വായിക്കുമ്പോൾ ശാന്തതയോടെ, തെളിഞ്ഞ മനസ്സുമായി വേണം ഇരിക്കാൻ. കാരണം, അതിലുള്ള എല്ലാം കഥകളായി നമുക്ക് പറഞ്ഞുതരില്ല. ചിലതൊക്കെ സൂചനകളായി മാത്രം അവശേഷിക്കും. അവയും വായിച്ചെടുക്കാൻ ശ്രമിക്കണം. അതുകൊണ്ട് ധൃതിയിൽ വായിക്കുന്നതിനേക്കാൾ നല്ലത് വിശ്രമവേളകളിൽ സമയമുള്ളപ്പോൾ വായിക്കുന്നതാണ്.
ഉദാഹരണത്തിന്, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഹിരണ്യാക്ഷൻ്റെയും ഹിരണ്യകശിപുവിൻ്റെയും കഥയിലും പറയാതെ പറയുന്ന മറ്റൊരു കഥയുണ്ട്.
വിഷ്ണുഭഗവാൻ്റെ ദ്വാരപാലകന്മാരായ ജയവിജയന്മാരാണല്ലോ ഹിരണ്യാക്ഷനും ഹിരണ്യകശിപുവുമായി ജനിച്ചിരിക്കുന്നത്. ഇവർ രണ്ടുപേരും ഒരുമിച്ചല്ല പലപ്പോഴും യുദ്ധം ചെയ്തിട്ടുള്ളത്. ആദ്യം ലോകങ്ങൾ കീഴടക്കിയതൊഴിച്ചാൽ തനിച്ചാണ് പിന്നീടുള്ള യുദ്ധങ്ങളിൽ അവർ പ്രത്യക്ഷപ്പെടുന്നത്.
എന്നാൽ ഇവരിൽ ഒരാളെയെങ്കിലും തോല്പിക്കാൻ ദേവാസുരന്മാർക്കോ ഗന്ധർവ്വകിന്നരന്മാർ ആദിയായ മറ്റുള്ളവർക്കോ ഒന്നും സാധ്യമല്ല.
അപ്പോൾ ഇവർ രണ്ടുപേരും ചേർന്ന് കാവൽ നില്ക്കുന്ന വൈകുണ്ഠത്തിൽ ഇവരെ പരാജയപ്പെടുത്തി അകത്തു കടക്കാൻ ആർക്കെങ്കിലും കഴിയുമോ?
അതിനു കഴിയുന്നത് ഒരേയൊരാൾക്ക് മാത്രമാണ്. അത് സാക്ഷാൽ വിഷ്ണുഭഗവാൻ തന്നെയാണ്!
മഹാവിഷ്ണുവിനോട് മത്സരബുദ്ധിയോടെ പെരുമാറിയിട്ടുള്ളത് അസുരന്മാരും രാക്ഷസന്മാരും മാത്രമല്ല. ഇടയ്ക്കൊക്കെ ദേവേന്ദ്രനും ബ്രഹ്മാവും പോലും അതിനു മുതിർന്നിട്ടുണ്ട്. അവർക്കുള്ള സൂചന കൂടിയാണ് ജയവിജയന്മാരുടെ കഥ. ഭഗവാൻ്റെ ദ്വാരപാലകരെപ്പോലും തോല്പിക്കാൻ ഇന്ദ്രനും കൂട്ടർക്കും കഴിയില്ല എന്ന സൂചന!
ഇതു കൂടാതെ മറ്റൊരു സൂചനയുമുണ്ട് ഈ കഥയിൽ – ഒരു കാലത്ത് നന്മയുടെ ഭാഗത്ത് നിന്നിരുന്നവരാണ് പിന്നീട് തിന്മയുടെ മൂർത്തികളായി മാറിയിട്ടുള്ളത്. ക്രിസ്ത്യൻ വിശ്വാസങ്ങളിലും ഇതിനോട് സാമ്യമുള്ള കഥകളുണ്ട്. ദൈവത്തോടൊപ്പം നിന്നിരുന്ന മാലാഖയായ ലൂസിഫറാണ് പിന്നീട് സാത്താനായി മാറിയത്.
മറ്റൊരു കഥയിൽ ക്രിസ്തുദേവൻ്റെ പ്രിയശിഷ്യനായ യൂദാസാണ് പിന്നീടദ്ദേഹത്തെ ഒറ്റിക്കൊടുത്തത്. ഗുരുവിൻ്റെ ലോകോത്തരമായ സ്നേഹമൂല്യങ്ങളെക്കാൾ പണത്തോടുള്ള മോഹം അദ്ദേഹത്തിൻ്റെ മനസ്സിനെ അല്പനേരത്തേക്കെങ്കിലും കീഴ്പ്പെടുത്തിക്കളഞ്ഞു.
തിരിച്ചും സംഭവിച്ചിട്ടുണ്ട് – തിന്മ ചെയ്തു നടന്നിരുന്നവർ നന്മയുടെ വഴിയിലേക്കും വന്നിട്ടുണ്ട്. കൊള്ളക്കാരനായിരുന്ന രത്നാകരൻ പിന്നീട് വാല്മീകി മഹർഷിയായ കഥ നമുക്കറിയാം. യുദ്ധക്കെടുതികൾ കണ്ടു മടുത്ത് മനസ്സിൽ കുറ്റബോധം തോന്നി അഹിംസയുടെ മാർഗ്ഗം സ്വീകരിച്ച അശോകചക്രവർത്തിയെയും നമുക്കറിയാം.
അങ്ങനെ നോക്കുമ്പോൾ നന്മയും തിന്മയും ഒരാളുടെ മനസ്സിൽത്തന്നെ ആഴങ്ങളിലെവിടെയോ കൂടിക്കലർന്ന് കിടക്കുന്നുണ്ട്.
യൂദാസിൻ്റെ കഥ തന്നെ വ്യക്തമായി പരിശോധിച്ചാൽ അതു വീണ്ടും മനസ്സിലാവും. ഗുരുവിനെ ഒറ്റിക്കൊടുത്ത് മുപ്പതു വെള്ളിക്കാശ് നേടി പണക്കാരനായെങ്കിലും, യൂദാസിന് പിന്നീട് മനഃസ്സമാധാനം ലഭിച്ചില്ല. യേശുദേവനെ പീഡാനുഭവങ്ങൾക്ക് വിധേയനാക്കുന്നതും, അദ്ദേഹത്തെ കുരിശിൽ തറയ്ക്കുന്നതും, താൻ കാരണം ദൈവപുത്രൻ ജീവൻ വെടിയേണ്ടിവന്നതുമൊക്കെ കണ്ട് യൂദാസിൻ്റെ മനസ്സ് പിടഞ്ഞുകൊണ്ടിരുന്നു.
ആ കുറ്റബോധത്തിൽ നിന്നു രക്ഷപ്പെടാൻ അദ്ദേഹത്തിനൊരിക്കലും കഴിഞ്ഞില്ല. സ്വന്തം മനസ്സിൻ്റെ വേട്ടയാടൽ സഹിക്കാനാവാതെ യൂദാസ് ഒടുവിൽ തൂങ്ങിമരിക്കുകയാണുണ്ടായത്!
കുറ്റബോധം നന്മയുള്ള മനസ്സുകളിൽ മാത്രമേ തോന്നുകയുള്ളൂ. യൂദാസിൻ്റെ മനസ്സിൽ കുറ്റബോധം തോന്നിയിരുന്നു!
ഈ ലോകത്തോടു മുഴുവൻ ക്ഷമിക്കാൻ കഴിഞ്ഞ യേശുദേവൻ യൂദാസിനോടും ക്ഷമിച്ചിട്ടുണ്ടാവും. അത്യുന്നതങ്ങളിൽ അദ്ദേഹം യൂദാസിനെ തന്നോടൊപ്പം ചേർത്തിട്ടുമുണ്ടാവും!
*
ഹിരണ്യാക്ഷൻ്റെയും ഹിരണ്യകശിപുവിൻ്റെയും കഥയിലേക്ക് തിരിച്ചുവരാം – വിഷ്ണുഭഗവാൻ്റെ ദ്വാരപാലകന്മാരായ ജയവിജയന്മാരായിരുന്നു അവരെങ്കിലും ഇപ്പോൾ അസുരജന്മമാണ് അവർക്കുള്ളത്. അതിഭീകരമായ ആസുരഭാവങ്ങൾക്ക് ഉടമകളാണ് അവരിപ്പോൾ.
ബ്രഹ്മാവിനെ തപസ്സു ചെയ്ത് വരങ്ങളൊക്കെ വാങ്ങി അവർ അജയ്യരായിത്തീർന്നു. അതിനു ശേഷം ദേവന്മാരെയും മറ്റും പരാജയപ്പെടുത്തി ഹിരണ്യാക്ഷനും ഹിരണ്യകശിപുവും ഈരേഴു ലോകങ്ങളുടെയും അധിപന്മാരായി മാറി.
ഭാഗവതത്തിലെ വരികളിൽത്തന്നെ വായിക്കാം-
‘വാരിജാസനൻതന്നെസ്സേവിച്ചാർവേണ്ടുംവണ്ണം
പാരാതെതങ്ങൾക്കുള്ളിൽ ചേരുന്ന വരങ്ങളും
വീരന്മാർവരിച്ചുകൊണ്ടീരേഴുലോകങ്ങളും
വീറോടുകൂടെജ്ജയിച്ചേകശാസനയാലെ’
……
പതിന്നാലു ലോകങ്ങളിലും അവർ ഏകശാസനാ ഭരണം നടപ്പാക്കി. അവർ പറയുന്നതിനപ്പുറം ആരുമൊന്നും പ്രവർത്തിക്കാനോ മിണ്ടാനോ പോലും പാടില്ല.
‘മാരാരിമുരഹരന്മാരാദിനാഥന്മാരെ-
പ്പേരാരും പറയുമ്പോളരുതെന്നാക്കീടിനാർ’
എന്നാണ് എഴുത്തച്ഛൻ്റെ വർണ്ണന… ശിവൻ്റെയോ വിഷ്ണുവിൻ്റെയോ പേരു പോലും പറയരുതെന്നായിരുന്നു അവരുണ്ടാക്കിയ നിയമം!
ചുരുക്കിപ്പറഞ്ഞാൽ ലോകം മുഴുവൻ അവരുടെ കാൽക്കീഴിൽ അടിമത്തത്തിലായി.
അങ്ങനെയൊരു ദിനം ഹിരണ്യാക്ഷൻ തൻ്റെ ഗദ മാത്രം കൈയിലേന്തി ലോകം ചുറ്റാനിറങ്ങി. ചെല്ലുന്ന ദിക്കുകളൊക്കെ വിറപ്പിച്ചു വരുന്ന അയാളെക്കണ്ട് നാട്ടുകാർ പലയിടങ്ങളിലും ഓടിയൊളിച്ചു. തന്നെ നേരിടാൻ ആരുമില്ലെന്നു കണ്ട അയാൾ മനസ്സിൽ നിറഞ്ഞിരുന്ന മദവുമായി സമുദ്രത്തിലേക്കിറങ്ങി.
തിരമാലകളെയൊക്കെ ഗദ കൊണ്ട് തല്ലിത്തകർത്ത് തൻ്റെ നേരെ വരുന്ന ഹിരണ്യാക്ഷനെക്കണ്ട് സമുദ്രാധിപനായ വരുണനും ഓട്ടമായി. അദ്ദേഹം ഓടി വിഷ്ണുഭഗവാൻ്റെ അടുത്തെത്തി അഭയം പ്രാപിച്ചു.
മഹാവിഷ്ണു ഒരു നിമിഷം ചിന്തിച്ചു. അടുത്ത ക്ഷണം ബ്രഹ്മാവിൻ്റെ മൂക്കിൽ നിന്ന് ഒരു ചെറിയ പന്നി ചാടിയിറങ്ങി.
ഞൊടിയിടയിൽ അതു വളർന്ന് ഭീമാകാരമായി മാറി. വിഷ്ണുഭഗവാൻ്റെ വരാഹാവതാരമായിരുന്നു അത്!
വരാഹം തൻ്റെ നേരേ വരുന്നതു കണ്ട് ഹിരണ്യാക്ഷൻ ഭൂമിയെ അപഹരിച്ചുകൊണ്ട് പാതാളത്തിലേക്കോടി. പതിന്നാലു ലോകങ്ങളിൽ അസുരന്മാർ വസിക്കുന്ന ഏറ്റവും താഴെയുള്ള ലോകമാണ് പാതാളം എന്നാണ് സങ്കല്പം.
ഒരല്പം ഇവിടെയും ചിന്തിച്ചുനോക്കാം – ഈ ‘ലോകങ്ങൾ’ എന്നു പറയുന്നത് എന്താവും? ഓരോ കൂട്ടരുടെയും മനസ്സിൻ്റെ നിലയാണതെന്നും കരുതുന്നതിൽ തെറ്റില്ല. അസുരന്മാരുടെ മനസ്സ് ‘നീചം’ ആയതുകൊണ്ട് അവരുടെ ലോകം ഏറ്റവും താഴെയുള്ളതായി കണക്കാക്കപ്പെടുന്നു എന്നും സങ്കല്പിക്കാം.
കഥയിലേക്ക് തിരിച്ചുവന്നാൽ, വരാഹാവതാരമെടുത്ത വിഷ്ണുഭഗവാനും ഹിരണ്യാക്ഷനും തമ്മിൽ ഗംഭീരമായ യുദ്ധം തുടങ്ങി.
അവരുടെ യുദ്ധം പല കാലങ്ങളായി തുടർന്നു എന്നാണ് ഭാഗവതത്തിലെ വർണ്ണന. എഴുത്തച്ഛൻ്റെ വരികളിൽത്തന്നെ ആ യുദ്ധാന്ത്യവും ഹിരണ്യാക്ഷവധവും വായിക്കാം-
‘കേവലം പലവുരുവിങ്ങനെ പലകാലം
ദേവാരിവാസുദേവന്മാർ കലഹിക്കും വിധൗ
വാരിജാസനൻമുതലായവരെല്ലാമിനി-
പ്പോരുമിക്കളിയെന്നു നാഥനെ സ്തുതിക്കുമ്പോൾ
കാലമൊട്ടേറെക്കഴിഞ്ഞീടിനോരനന്തരം
കാലാത്മാജഗന്മയനാകിയ നാരായണൻ
ദാനവനുടൽമദ്ധ്യേകീറിനാനെന്നുള്ളതേ
മനസേവിചാരിച്ചാലാവതൊന്നുള്ളുചൊൽവാൻ.
മാനിയാമവൻമരിച്ചീടിനോരനന്തരം
ക്ഷോണിയെദ്ദംഷ്ട്രാഗ്രേചേർത്താശു തൽസ്ഥാനത്തിങ്കൽ
സ്ഥാപിച്ചീടിനാൻ മഹായജ്ഞാംഗസ്വരൂപകൻ’
കാലങ്ങളോളം യുദ്ധം തുടർന്നുകൊണ്ടിരുന്നപ്പോൾ ബ്രഹ്മാവ് മുതലായവർ യുദ്ധം മതിയാക്കാൻ വിഷ്ണുഭഗവാനോട് അപേക്ഷിച്ചു. അതുവരെ ഹിരണ്യാക്ഷന് മാനസാന്തരപ്പെടാനും അവസരമുണ്ടായിരുന്നു. ആ അവധിയും കഴിഞ്ഞപ്പോഴാണ് ഹിരണ്യാക്ഷവധം നടന്നത്.
ഹിരണ്യാക്ഷനെ വധിച്ചതിനു ശേഷം വരാഹരൂപത്തിലുള്ള വിഷ്ണുഭഗവാൻ ഭൂമിയെ തൻ്റെ ദംഷ്ട്രയിൽ ചേർത്തുവെച്ച് തൽസ്ഥാനത്ത് തിരിച്ചെത്തിച്ചു!
*
ചരിത്രത്തിലെന്നോ നടന്ന സംഭവങ്ങളെ പുരാണങ്ങൾ അനുസ്മരിപ്പിക്കുന്നു എന്നും സങ്കല്പങ്ങളുണ്ട്. ഭൂമിയുടെ സ്ഥാനം തെറ്റിക്കാൻ വന്ന ഗ്രഹതുല്യമായ എന്തെങ്കിലും പിന്നീട് ഒഴിഞ്ഞുപോയ സംഭവം പണ്ടെപ്പോഴെങ്കിലും നടന്നിട്ടുണ്ടോ? ആർക്കറിയാം!
This Post Has 16 Comments
Good Read as always Raj.. Scientifically proven fact that in one’s life time, a person have behavioural change every 10 years of their age .. Hopefully we all evolve as better humans with time..
Thanks Dhanya! As you said I could sense my own behavioural changes, looking back my life! 🙂
നന്മയുളളവർ എന്നും ഓരോ കുറ്റബോധങ്ങളുടെ തടവറയിലാണ്. നല്ല എഴുത്ത് .
സത്യം. വളരെ നല്ല നിരീക്ഷണം! നന്ദി ഹസീന! 🙂
ഓരോരുത്തരിലും നന്മയും തിന്മയും ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് പുരാണങ്ങളിലെ ഉദാഹരണസഹിതം വ്യക്തമാക്കി .
അതുപോലെതന്നെ പുരാണങ്ങൾ കഥകളായിമാത്രം വായിച്ചുപോകാനുള്ളതല്ലെന്നും രാജ് ഓർമ്മിപ്പിക്കുന്നു .
Beautiful writing as always 👏🏻
Thanks for reading and always sharing your thoughts and comments chechi! It’s a great motivation! 🙂
എഴുത്തിന്റെ മാസ്മരിക ലോകത്ത് തന്റേതായ ഒരു സ്ഥാനം മോന് കരസ്ഥമാക്കി! രചനയും, അതിലെ ചിത്രങ്ങളും ഒന്നിനൊന്ന് chernnu പോകുന്നു. പണ്ട് “അമ്പിളി അമ്മാവന് ” വായിക്കുന്നത് ഓർമ്മ വരും !
കുഞ്ഞുങ്ങള്ക്ക് കഥ പറഞ്ഞു കൊടുക്കാൻ നല്ലൊരു reference ആണ് ഈ രചനകൾ! പണ്ട് കേട്ടും, വായിച്ചും മറന്നുപോയ പുരാണങ്ങളുടെ സമാഹാരം!!
Thank you so much Ashachechi! This motivation will take anyone to a different level! 🙂
ശെരിക്കും നല്ല ചിന്തകളും വിലയിരുത്തലുകളും….. പറഞ്ഞപ്പോലെ എല്ലാരിലും സ്വഭാവമാറ്റങ്ങൾ കാലം വരൂത്തുന്നു….അതിനെ നല്ല രീതിയിൽ മനസ്സിലാക്കി തന്നു രാജിന്റെ എഴുത്തു. …ശെരിക്കും you are great. …ഇങ്ങനെപ്പോട്ടെ സരസ്വതീകടാക്ഷം ആ വാക്കുകളിലൊക്കെ…….wishes…💐💐💐
Thank you so much Viji chechi! Also thanks for being a consistent reader! 🙂
പുരാണങ്ങളും ഇതിഹാസങ്ങളും വെറും കഥയായി കണ്ട് വായിച്ചു പോകരുത്. ഇതെല്ലാം ആലോചനാമൃതങ്ങളാണ്. മനുഷ്യ നന്മ മാത്രം നോക്കി രചിച്ചവ ആയതിനാൽ വ്യാഖ്യാനങ്ങൾ ആ വിധം തന്നെയാകണം. വിമർശ്ശനങ്ങൾ ക്രിയാത്മകവുമാകണം. നല്ല എഴുത്ത്. അഭിനന്ദനം❤️👍🏼🙏🏼
വളരെ നല്ല കാഴ്ചപ്പാട്! നന്ദി സർ! ❤️🙏
As always, great read! From your writings it’s very evident that you pay so much attention to details. Your analysis and conclusions are really interesting. Yes, over time, we change in many ways externally and internally – in our looks and behavior too. Examples you chose from different religious texts are apt. Thought provoking articles indeed. Keep writing 👏👏👏.
Thank you so much Deepa! Any writer’s actual motivation is consistent readers like you. Without these wonderful feedbacks and words of motivation no writer has proceeded in their way! 🙂
Good presentation, in befitting language. Worth reading…….
Thank you Sreeprakash! 🙂🙏