Grab your copies!Bundle discounts available!Contact us for Book shops  discounts !

ഗീതാധ്യായം 5: കര്‍മ്മസന്യാസയോഗം

കര്‍മ്മസന്യാസത്തെയും കര്‍മ്മയോഗത്തെയും കുറിച്ചുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അവയിലേതാണ് ശ്രേഷ്ഠം എന്ന അര്‍ജ്ജുനന്‍റെ ചോദ്യത്തിന് കൃഷ്ണന്‍റെ നേരിട്ടുള്ള മറുപടി ഇങ്ങനെ: രണ്ടും ശ്രേയസ്കരങ്ങളെങ്കിലും കര്‍മ്മസന്യാസത്തേക്കാള്‍ കര്‍മ്മയോഗം തന്നെ വിശിഷ്ടം!

എന്നാല്‍, ഒന്നിനോടും രാഗമോ ദ്വേഷമോ ഇല്ലാതെയിരിക്കുന്നവന്‍ നിത്യസന്ന്യാസി തന്നെയാണ്. ജ്ഞാനമാര്‍ഗ്ഗമായ സാംഖ്യവും കര്‍മ്മമാര്‍ഗ്ഗമായ യോഗവും രണ്ടെന്നത് ബാലിശമായ ചിന്തയാണ്. രണ്ടിന്‍റെയും ലക്ഷ്യവും പരിസമാപ്തിയും ഒന്നു തന്നെ എന്നതാണ് ശരിയായ ദര്‍ശനം. കര്‍മ്മയോഗത്തിലൂടെയല്ലാത്ത സന്യാസം പ്രയാസകരമാണ്. മറിച്ച്, കര്‍മ്മയോഗത്താല്‍ ശുദ്ധരായവര്‍ പ്രവൃത്തിനിരതരായാലും കര്‍മ്മത്താല്‍ ബന്ധിക്കപ്പെടുന്നില്ല. ആത്മജ്ഞാനിയായ യോഗി ആത്മശുദ്ധിക്കായി ഇന്ദ്രിയങ്ങളാല്‍ വിഷയങ്ങളില്‍ വ്യാപരിച്ച് എല്ലാ പ്രവൃത്തികളിലേര്‍പ്പെടുമ്പോഴും സ്വയം ഒന്നും ചെയ്യുന്നില്ല എന്ന അനുഭവത്തില്‍ വിഹരിക്കുന്നു. സംഗം ത്യജിച്ച് സകല കര്‍മ്മങ്ങളും ചെയ്യുന്നവനെ കര്‍മ്മഫലങ്ങള്‍ (ജലം അതില്‍ക്കിടക്കുന്ന താമരയിലയെ എന്ന പോലെ) ബാധിക്കുന്നേയില്ല. കാമത്താല്‍ കര്‍മ്മം ചെയ്യുന്നവരെയാണ് അവ ബന്ധിക്കുന്നത്.

– (അധ്യായം അഞ്ച്; ശ്ലോകങ്ങള്‍ 1-13)

ഈശ്വരന്‍ കര്‍മ്മങ്ങളോ കര്‍തൃത്വമോ, കര്‍മ്മ ഫലങ്ങളോ സൃഷ്ടിക്കുന്നില്ല. അവ വസ്തുക്കളുടെ ‘സ്വഭാവങ്ങളാല്‍’ ഉണ്ടാക്കപ്പെടുന്നവയാണ്. അജ്ഞാനത്താല്‍ ജ്ഞാനം മറഞ്ഞിരിക്കുന്നതിനാല്‍ ജീവികള്‍ ഇത് തെറ്റായി ഗ്രഹിക്കുന്നു. ആരില്‍ അജ്ഞാനം മാറി ജ്ഞാനം വെളിപ്പെടുന്നുവോ, അവരില്‍ ആ ജ്ഞാനത്താല്‍ പരമാത്മ സ്വരൂപം പ്രകാശിക്കുന്നു. ബുദ്ധിയും, ആത്മാവും, നിഷ്ഠകളും, ലക്ഷ്യവും ‘അതില്‍’ ഉറച്ചവര്‍ ജനന-മൃതികളില്‍ നിന്നു മുക്തി നേടുന്നു.

– (അധ്യായം അഞ്ച്; ശ്ലോകങ്ങള്‍ 14-17)

ആ പരമാത്മജ്ഞാനികള്‍ എല്ലാത്തിലും സമത്വം ദര്‍ശിക്കുന്നു. അത്തരമൊരു സമത്വദര്‍ശനത്തില്‍ സ്ഥിരപ്പെട്ട മനസ്സുള്ളവര്‍ ജീവിതത്തില്‍ ജയിച്ചിരിക്കുന്നു. അവര്‍ ഒന്നിലും മതിമറന്നു സന്തോഷിക്കുകയോ ദു:ഖിക്കുകയോ ചെയ്യുന്നില്ല. ഇന്ദ്രിയാസക്തി ഇല്ലാതായ ഒരുവനു മാത്രം സ്വയം ഉള്ളില്‍ പ്രാപ്തമാവുന്ന ആനന്ദം, ബ്രഹ്മയോഗം സിദ്ധിച്ച ഇവര്‍ ഇടതടവില്ലാതെ, ഏറ്റക്കുറച്ചിലുകളില്ലാതെ അനുഭവിക്കുന്നു.

വിഷയസുഖങ്ങള്‍ താല്‍ക്കാലികങ്ങളും ദു:ഖകാരണങ്ങളുമായതിനാല്‍ വിവേകികള്‍ അവയില്‍ രമിക്കുന്നില്ല. ഈ ജീവിതത്തില്‍ത്തന്നെ കാമം, ക്രോധം എന്നിവയെ ഉത്ഭവത്തില്‍ തന്നെ പ്രതിരോധിക്കാന്‍ പ്രാപ്തനായവനാണ് യോഗായുക്തനും ശരിയായ സുഖം അനുഭവിക്കുന്നതും.

ആത്മജ്ഞാനം നേടി, ആത്മാവിലുറച്ച്, ആത്മാവില്‍ രമിക്കുന്ന ആ യോഗി ബ്രഹ്മസ്വരൂപം കൈവന്നു നിര്‍വ്വാണം നേടുന്നു. അത്തരം ബ്രഹ്മനിഷ്ഠര്‍ക്ക് ബ്രഹ്മനിര്‍വ്വാണം എവിടെയും, എല്ലായ്പ്പോഴും പ്രാപ്തമായിത്തീരുന്നു. ബാഹ്യവിഷയങ്ങളില്‍ നിന്ന് ഉള്‍വലിഞ്ഞ് പ്രാണായാമം, ധ്യാനം തുടങ്ങിയ ചര്യകളിലൂടെ മുക്തിയിലേക്കവര്‍ ചരിക്കുന്നു.

സര്‍വ്വയജ്ഞങ്ങളുടെയും തപസ്സുകളുടെയും ലക്ഷ്യവും, സകല ലോകങ്ങളുടെയും മഹേശ്വരനും, എല്ലാ ചരാചരങ്ങളുടെയും സുഹൃത്തുമായി എന്നെ (പരമാത്മാവിനെ) അറിയുന്ന യോഗി നിത്യശാന്തിയെ പ്രാപിക്കുന്നു.

– (അധ്യായം അഞ്ച്; ശ്ലോകങ്ങള്‍ 18-29)

ഗീത ഉപയോഗിക്കുന്ന കര്‍മ്മ സന്യാസം എന്നത് നാം പൊതുവേ ഉപയോഗിക്കുന്ന ‘സന്യാസ’വുമായുള്ള വ്യത്യാസം കൃഷ്ണന്‍ ഈ അധ്യായത്തില്‍ വ്യക്തമാക്കുന്നുണ്ട്. കര്‍മ്മങ്ങളെ ത്യജിക്കുന്നതല്ല, കര്‍മ്മഫലങ്ങളിലുള്ള ആസക്തി ത്യജിക്കുന്നതാണ് ശരിയായ, അഭിലഷണീയമായ കര്‍മ്മസന്യാസമെന്നും അതും കര്‍മ്മയോഗവും തമ്മില്‍ വ്യത്യാസമൊന്നും ഇല്ലെന്നും കൃഷ്ണന്‍ ഇവിടെ വ്യക്തമാക്കുന്നുണ്ട്.

എല്ലാത്തിലുമുള്ള സമത്വദര്‍ശനവും, കാമത്തെയും ക്രോധത്തെയും പ്രതിരോധിക്കാനുള്ള പ്രാപ്തിയും ഒരു യോഗിയുടെ ലക്ഷണങ്ങളാലും കൃഷ്ണന്‍ അധ്യായത്തില്‍ ഉയര്‍ത്തിക്കാണിക്കുന്നു.

Leave a Comment