ഇത് ഗീതയുടെ അധ്യായങ്ങളെ അദ്വൈത ദര്‍ശനത്തിലൂന്നിയ വായനയിലൂടെ സംഗ്രഹിക്കാനുള്ള ശ്രമമാണ്. ഓരോ ശ്ലോകങ്ങളായെടുത്തുള്ള തര്‍ജ്ജമയോ, അനുവാദമോ, വ്യാഖ്യാനമോ, വിവരണമോ അല്ല.
അര്ജ്ജുനവിഷാദയോഗം എന്ന ഒന്നാമധ്യായത്തിന്റെ സംഗ്രഹം ഇതില്‍ ഉള്‍പ്പെടുത്തുന്നു. തുടര്‍ന്നുള്ള അധ്യായങ്ങള്‍ വഴിയേ സംഗ്രഹിക്കാം.
കുരുക്ഷേത്ര യുദ്ധ ആരംഭം കുറിച്ച് ശംഖനാദം മുഴക്കുന്ന കൌരവ-പാണ്ഡവ സേനകളെക്കുറിച്ചു സഞ്ജയന് ധൃതരാഷ്ട്രരോട് വിവരിക്കുന്നിടത്താണ് ഗീതയുടെ ഒന്നാം അധ്യായം തുടങ്ങുന്നത്.
യുദ്ധത്തിനൊരുങ്ങി ഇരു ഭാഗത്തു നില്ക്കുന്ന സേനകളെ ഒന്നു വീക്ഷിക്കുവാനുള്ള അര്‍ജ്ജുനന്റ ആഗ്രഹപ്രകാരം കൃഷ്ണന് തന്റെ രഥം രണാംഗണ മധ്യത്തിലേക്ക് നിറുത്തുന്നു.
-(അധ്യായം ഒന്ന്; ശ്ലോകങ്ങള്‍ 1-26)
പരസ്പരം വെട്ടിനുറുക്കാന്‍ തയ്യാറായി ഇരു ഭാഗങ്ങളില്‍ നിറഞ്ഞ ബന്ധുജനങ്ങളെ കണ്ടതോടെ അര്ജ്ജുനന് ശക്തമായ വികാരത്തിനു അടിമപ്പെടുകയും ഇത്തരം ഒരു പാപത്തിനു താന്‍ മുതിരില്ലെന്നും അതുമൂലം ഉണ്ടാകാവുന്ന ഒരു സൌഭാഗ്യങ്ങളൊന്നും തനിക്ക് വേണ്ടെന്നും തീരുമാനിച്ച്, താന്‍ യുദ്ധം ചെയ്യുന്നില്ലെന്ന് പ്രഖ്യാപിക്കുന്നു. അര്ജ്ജുനന് അതിലേക്കായി ചേര്‍ത്തു വയ്ക്കുന്ന ചോദ്യങ്ങളും ചിന്തകളും ഇവയാണ്:
‘ഇവിടെ കൂടിയിരിക്കുന്ന ഗുരുക്കന്മാരെയും, പിതാമഹന്മാരെയും, മറ്റു ബന്ധുമിത്രാദികളെയും, അവര്‍ ഞങ്ങളെ ആക്രമിക്കുകയാണെങ്കില്‍ പോലും, വധിച്ച് അതു മൂലം ലഭിക്കുന്ന ജയവും, രാജ്യവും, സുഖവും, ജീവിതം പോലും എന്തിന്? കുലം ക്ഷയിച്ച് കുടുംബങ്ങളും സമൂഹവും അധര്‍മ്മത്തിലേക്ക് കൂപ്പുകുത്തും. അതിനു കാരണക്കാരാവുന്നവര്‍ നരകത്തിലല്ലേ പതിക്കുക? ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ നമുക്കെങ്ങിനെ സാധിച്ചു? നിരായുധനായ എന്നെ അവര്‍ വധിച്ചു കൊള്ളട്ടെ.’
– (അധ്യായം ഒന്ന്; ശ്ലോകങ്ങള്‍ 27-47)
ഇവിടെയാണ് ഗീതയുടെ ഒന്നാമധ്യായം അവസാനിക്കുന്നത്. അര്‍ജ്ജുനന്റെ മനോവിഷമത്തിന്റെ സാഹചര്യവും കാരണങ്ങളും ന്യായീകരണങ്ങളുമെല്ലാം ഇതില്‍ കാണാം. അതിന്റെ തുടര്‍ച്ച രണ്ടാമധ്യായത്തിലെ ആദ്യ പത്ത് ശ്ലോകങ്ങളിലുമുണ്ട്. അതിനു ശേഷമാണ് അര്‍ജ്ജുനന്റെ മനസ്സു മാറ്റി യുദ്ധം ചെയ്യാന്‍ തയ്യാറാക്കുന്നതിന് കൃഷ്ണന് ഗീതോപദേശം ആരംഭിക്കുന്നത്.
ഇവിടെ യോഗേശ്വരനായ കൃഷ്ണന് എന്തിനാണ് യുദ്ധം ചെയ്യാനോ, വധിക്കാനോ ഇല്ലായെന്ന് തീരുമാനിക്കുന്ന അര്‍ജ്ജുനനെ അതു ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ന പൊതുവായ ചോദ്യം ഉണ്ട്.
ഭൌതികമായ ചിന്തകളില്‍ തികഞ്ഞ ദ്വൈത ഭാവത്തില്‍ നില കൊള്ളുന്ന അര്‍ജ്ജുനനെ തളര്‍ത്തുന്നതും യുദ്ധം ചെയ്യുന്നതില്‍ നിന്നു പിന് തിരിപ്പിക്കുന്നതും പരജീവികളെ കൊല്ലുക, വേദനിപ്പിക്കുക എന്ന മാനുഷിക ചിന്തയോ ആത്മീയമോ, ധാര്‍മ്മികമോ ആയ ഉദ്ബോധനമോ അല്ല എന്നതാണ് ശ്രദ്ധേയം. അത്തരം മനോവിഷമങ്ങളൊന്നും ഏശാതെ ഒരുപാട് യുദ്ധങ്ങളും ശത്രുവധങ്ങളും നടത്തിയിട്ടുള്ള ക്ഷത്രിയ യോദ്ധാവ് തന്നെയാണ് അര്ജ്ജുനന്. ഇവിടെ ‘എന്റെ സ്വന്തം’ ബന്ധുമിത്രാദികളെ, ഗുരുക്കന്മാരെ വധിക്കേണ്ടി വരുന്നല്ലോ എന്ന ചിന്തയിലാണ് അധര്‍മ്മ ചിന്ത അര്‍ജ്ജുനനു ഉണ്ടാകുന്നത്.
അത്തരം ഒരു അധര്‍മ്മ ചിന്ത കൊണ്ട് അര്ജ്ജുനന് പിന്മാറിയാല് എന്താണുണ്ടാവുക? പാണ്ഡവസേനയിലെ പ്രധാന യോദ്ധാവായ അര്ജ്ജുനന് പിന്മാറുന്നത് ആ ഭാഗത്തിനു ക്ഷീണമാവുമെന്ന് മാത്രമല്ല, പരാജയം ഉറപ്പാക്കുക കൂടി ചെയ്തേക്കാം.
അതു കൊണ്ടെന്താണ് കുഴപ്പം? ദുര്യോധനാധികളോട് പ്രത്യേകിച്ചൊരു ശത്രുതയോ, യുദ്ധത്തിലൊരു പ്രത്യേക താല്പര്യമോ ഇല്ലാത്തവരാണ് പാണ്ഡവസേനയില്‍ ഒത്തു ചേര്‍ന്നിരിക്കുന്ന ബഹുഭൂരിപക്ഷം രാജാക്കന്മാരും, യോദ്ധാക്കളും, സൈനികരുമെല്ലാം. അവര്‍ അവിടെ യുദ്ധത്തിനെത്തിയിരിക്കു ന്നത് പാണ്ഡവരോടുള്ള സൌഹൃദവും, വിശ്വാസവും, മമതയും ഒക്കെ കൊണ്ടാണ്. യുദ്ധം തുടക്കം കുറിച്ചതിനു ശേഷമുള്ള അര്‍ജ്ജുനന്റെ പിന്മാറ്റം അവരോടുള്ള കൊടും വഞ്ചനയുമാണ്. അത് അധര്‍മ്മം ആയിത്തീരുന്നത് അങ്ങനെയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, അര്‍ജ്ജുനന്റെ തീരുമാനം അധര്‍മ്മപക്ഷത്തെ ശക്തിപ്പെടുത്തുകയും ധര്‍മ്മ പക്ഷത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും.
അതു കൊണ്ടാണ് അര്‍ജ്ജുനന്റെ ആ അവസരത്തില്‍ മനസ്സു മാറ്റാന്‍ കൃഷ്ണന് മുതിരുന്നത്. യുദ്ധം ഒഴിവാക്കാനുള്ള ശ്രമങ്ങളില്‍ ഭാഗമായ, ദൂതു പോയതടക്കമുള്ള ആള് തന്നെയാണ് കൃഷ്ണന് എന്നതും ഓര്‍ക്കാം.
***
This Post Has 2 Comments
Excellent summary! Thank you for sharing, Vinod. I eagerly look forward to the following chapters and the English translations.
നന്നായിരിക്കുന്നു. അനുസ്യൂതം തുടരുക.