എന്തിനായിരുന്നു, ആ പലായനം?

ഇന്നു മാത്രമല്ല, അന്നും ബലം തന്നെയായിരുന്നു നീതിയും നിയമവുമെല്ലാം നിശ്ചയിച്ചിരുന്നത്.

പക്ഷേ ഒരു വ്യത്യാസമുണ്ടായിരുന്നു – കായികമായ ബലത്തെക്കാൾ  ധർമ്മാധർമ്മങ്ങളുടെ ബലപരീക്ഷണമായിരുന്നു പൗരാണികഭാരതത്തിൽ കണ്ടിരുന്നത്.

ധർമ്മത്തിൻ്റെ പക്ഷം തകർന്നടിയുമ്പോൾ ഭഗവാൻ തന്നെ അവതാരങ്ങളും എടുത്തിരുന്നു, ധർമ്മത്തെ പുനഃസ്ഥാപിക്കാൻ.

അതവിടെ നില്ക്കട്ടെ, ഒരു സാധാരണ യുദ്ധത്തിലേക്കു കടക്കാം. അവിടെ കായികമായ ബലം തന്നെയാണ് മുഖ്യം.

ദുഷ്ടാത്മാവായ ഒരു രാജാവ് ഒരിടം ആക്രമിക്കാൻ വരുന്നു. അയാളുടെ കൈവശം വമ്പിച്ച സൈന്യവും സഖ്യശക്തികളും ഉണ്ട്.

അയാളുടെ തുടർച്ചയായ ആക്രമണം മൂലം ആ രാജ്യം ദുർബ്ബലപ്പെടുന്നു. അങ്ങനെ അവിടെയുള്ളവർ മറ്റൊരിടത്തേക്ക് മാറി താമസിക്കാൻ തീരുമാനിക്കുന്നു.

അങ്ങനെ അവിടെ നിന്ന് പലായനം ചെയ്യേണ്ടിവന്നത് മറ്റാരുമല്ല – ബലരാമനും കൃഷ്ണനും യാദവരും ആണ്!

അപ്പോൾ ആ രാജാവിൻ്റെ ശക്തിയെ നമുക്കൊരിക്കലും കുറച്ചു കാണാൻ കഴിയില്ല. അയാൾ മഗധരാജാവും അതിശക്തനുമായ ജരാസന്ധനാണ്!

കൃഷ്ണൻ കംസനെ വധിച്ചതോടെയാണ് ജരാസന്ധൻ എന്ന പ്രബലശത്രു കൃഷ്ണനുണ്ടായത്. കംസൻ്റെ ഭാര്യമാരായ അസ്തിയും പ്രാപ്തിയും ജരാസന്ധൻ്റെ പെൺമക്കളായിരുന്നു. അതാണ് ആ ശത്രുതയ്ക്ക് കാരണം.

ബലരാമനും കൃഷ്ണനും യാദവരും എവിടെ നിന്ന് എവിടേയ്ക്കാണ് പോയത്?

മഥുരയിലായിരുന്നു അവർ അതുവരെ ഉണ്ടായിരുന്നത്. അവിടെ നിന്ന് അവർ പോയത് പശ്ചിമസമുദ്രത്തിൻ്റെ തീരത്തുള്ള ദ്വാരകയിലേക്കാണ്. അവിടെയാകുമ്പോൾ ജരാസന്ധന് എത്തിച്ചേരാൻ പ്രയാസമാവും. അങ്ങനെയാണ് കൃഷ്ണനും യാദവവംശവും ദ്വാരകയിൽ എത്തിച്ചേരാനിടയായത്.

***

പല തരം യുദ്ധങ്ങളുണ്ട് നമ്മുടെ പുരാണങ്ങളിൽ. അവയിലൊന്നാണ് ദ്വന്ദ്വയുദ്ധം. അതിൽ രണ്ടു പേർ മാത്രമേ പങ്കെടുക്കുകയുള്ളൂ. തുല്യനിലയിലുള്ളവർ തമ്മിൽ മാത്രമേ ദ്വന്ദ്വയുദ്ധം ചെയ്യാൻ പാടുള്ളൂ എന്നുണ്ട്.

അങ്ങനെ പിന്നീടൊരിക്കൽ നടന്ന ദ്വന്ദ്വയുദ്ധത്തിൽ ഈ ജരാസന്ധനെ രണ്ടു കഷണമായി വലിച്ചു കീറി വധിച്ച ഒരാളുണ്ട്. അത് ഭീമസേനനാണ്.

പാണ്ഡവരിൽ രണ്ടാമനായ ഭീമൻ തന്നെ.

അപ്പോൾ ജരാസന്ധനെക്കാൾ എത്രയോ ബലവാനാണ് ഭീമൻ!

***

ആ ഭീമസേനൻ ഒരിക്കൽ ദ്രൗപദിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ കല്യാണസൗഗന്ധികം അന്വേഷിച്ചു പുറപ്പെട്ടു. വഴിയിൽ അദ്ദേഹം വൃദ്ധനായ ഒരു വാനരൻ കിടക്കുന്നതു കണ്ടു. തൻ്റെ അനുജനെ പരീക്ഷിക്കാൻ ജ്യേഷ്ഠനായ ഹനുമാനായിരുന്നു ആ വൃദ്ധവാനരൻ്റെ വേഷത്തിൽ കിടന്നത്.

ഭീമൻ്റെ വഴിയിൽ കിടന്നിരുന്ന തൻ്റെ വാൽ മാറ്റിയിട്ട് കടന്നു പോയ്ക്കോളാൻ ‘വൃദ്ധവാനരൻ’ ഭീമനോട് ആവശ്യപ്പെട്ടു.

ഭീമൻ തൻ്റെ മുഴുവൻ ശക്തിയുമെടുത്ത് പലവട്ടം ശ്രമിച്ചിട്ടും ആ വാലൊന്ന് അനക്കാൻ പോലും കഴിഞ്ഞില്ല! മഹാബലവാനെന്ന ഭീമൻ്റെ അഹങ്കാരമെല്ലാം നിമിഷങ്ങൾക്കകം അങ്ങനെ തകർന്നടിഞ്ഞു!

അപ്പോൾ അതിശക്തൻ എന്ന് നമ്മൾ ആദ്യം വിശേഷിപ്പിച്ച ജരാസന്ധൻ്റെ ശക്തിയൊക്കെ എത്രയോ നിസ്സാരമാണ്! അതിനെക്കാൾ എത്രയോ ശക്തന്മാരുണ്ട് പുരാണങ്ങളിൽ!

***

ഹനുമാൻ ചിരഞ്ജീവിയാണ്. രാമനാമം ഉള്ളിടത്തോളം കാലം ജീവിച്ചിരിക്കുമെന്ന വരം കിട്ടിയിട്ടുണ്ട് അദ്ദേഹത്തിന്. അതുകൊണ്ടാണ് രാമായണം നടന്ന ത്രേതായുഗവും കടന്ന് പാണ്ഡവരും മറ്റും ജീവിച്ച ദ്വാപരയുഗത്തിലും അദ്ദേഹമുള്ളത്. എന്നിരുന്നാലും വല്ലപ്പോഴും മാത്രമേ അവരുടെ ലോകത്തേക്ക് ഹനുമാൻ കടന്നുവരുന്നുള്ളൂ. അധികവും അദ്ദേഹം തപസ്സിലും ധ്യാനത്തിലും ആയിരിക്കും. അദ്ദേഹത്തിൻ്റെ കർമ്മപഥം രാമായണകാലത്ത് ആയിരുന്നല്ലോ!

എന്നിരുന്നാലും ചിലയിടങ്ങളിൽ അദ്ദേഹം അർജ്ജുനനെയും കണ്ടുമുട്ടുന്നുണ്ട്. അർജ്ജുനനോട് പന്തയവും വെയ്ക്കുന്നുണ്ട് ഹനുമാൻ.

തൻ്റെ പ്രാവീണ്യത്തിലുള്ള അഹങ്കാരം മൂലം പന്തയത്തിൽ തോറ്റാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നുമുണ്ട് അർജ്ജുനൻ.

ശ്രീരാമനും വാനരസൈന്യവും സമുദ്രത്തിൽ പാറകളും മറ്റും കൊണ്ട് സേതുബന്ധനം നടത്തുന്നതിനു പകരം അമ്പുകൾ കൊണ്ട് നടപ്പാത നിർമ്മിച്ചാൽ മതിയായിരുന്നു എന്നാണ് അർജ്ജുനൻ വാദിച്ചത്.

നിങ്ങൾ അമ്പുകൾ കൊണ്ട് അപ്രകാരം സമുദ്രത്തിലൊരു പാത നിർമ്മിച്ചാൽ ഞാൻ നടക്കുമ്പോൾ അത് തകർന്നുവീഴും എന്ന് ഹനുമാനും വാദിച്ചു.

അർജ്ജുനൻ സമുദ്രജലത്തിനു മുകളിൽ ശരങ്ങൾ കൊണ്ടൊരു പാതയുണ്ടാക്കി. ഹനുമാൻ ഒന്ന് കാലെടുത്തു വെച്ചതും അത് തകർന്നുവീണു!

അർജ്ജുനൻ വീണ്ടും നിർമ്മിച്ചു. പഴയപടി അത് പിന്നെയും തകർന്നുവീണു. ഒടുവിൽ അർജ്ജുനൻ തൻ്റെ സകല കഴിവുകളും ഉപയോഗിച്ച് ഒരെണ്ണം കൂടി ഉണ്ടാക്കി.

ഹനുമാൻ വീണ്ടും നടക്കാൻ ശ്രമിച്ചു. അതു വീണ്ടും തകർന്നുവീണു!

അതോടെ അർജ്ജുനൻ്റെ അഹങ്കാരവും ശമിച്ചു. അദ്ദേഹം ആത്മഹത്യ ചെയ്യാനൊരുങ്ങി.

അപ്പോൾ അവിടെയൊരു ബാലൻ കടന്നുവന്നു. അദ്ദേഹം കാര്യങ്ങളന്വേഷിച്ചപ്പോൾ നടന്ന സംഭവങ്ങളൊക്കെ അവർ വിശദമായി പറഞ്ഞു കേൾപ്പിച്ചു. ഒരു മധ്യസ്ഥനെക്കൂടാതെ പന്തയം വെക്കുന്നത് ഉചിതമല്ല എന്ന ആ ബാലൻ്റെ അഭിപ്രായത്തോട് അവരിരുവരും യോജിച്ചു.

അങ്ങനെ ആ ബാലൻ്റെ മധ്യസ്ഥതയിൽ പന്തയം വീണ്ടും നടന്നു. ഇത്തവണ അർജ്ജുനനുണ്ടാക്കിയ ശരങ്ങൾ കൊണ്ടുള്ള സമുദ്രപാത തകർക്കാൻ ഹനുമാന് കഴിഞ്ഞില്ല!

ആ ബാലൻ്റെ രൂപത്തിൽ വന്നതാരാണെന്ന കാര്യത്തിൽ അവരിരുവർക്കും സംശയമില്ലായിരുന്നു.

“രാമൻ” എന്ന് ഹനുമാനും പറഞ്ഞു, “കൃഷ്ണൻ” എന്ന് അർജ്ജുനനും പറഞ്ഞു.

ബാലൻ തൻ്റെ യഥാർത്ഥ രൂപം സ്വീകരിച്ചു. വിഷ്ണുഭഗവാനായിരുന്നു അത്. രാമനും കൃഷ്ണനും അദ്ദേഹം തന്നെ!

അപ്പോൾ കൃഷ്ണൻ്റെ സാമീപ്യത്തിൻ്റെ ശക്തി മാത്രം മതിയായിരുന്നു മഹാദേവൻ്റെ ചൈതന്യത്തിൽ നിന്നു ജനിച്ച ഹനുമാൻ്റെ ശക്തിയോടൊപ്പമെത്താൻ!

ഇപ്പോൾ ജരാസന്ധൻ്റെ ശക്തി വീണ്ടും എത്രയോ ചെറുതായെന്ന് വെറുതെയൊന്ന് ചിന്തിച്ചു നോക്കാം.

അദ്ദേഹത്തെ രണ്ടായി വലിച്ചു കീറിയ ഭീമസേനന് അനക്കാൻ പോലും കഴിയാത്ത അതിശക്തമായ വാലുള്ള ഹനുമാന്, ജയിക്കാൻ കഴിയാത്തത്ര ശക്തിയാണ് കൃഷ്ണൻ്റെ സാമീപ്യത്തിനു പോലും!

അങ്ങനെയുള്ള കൃഷ്ണൻ എന്തിനായിരുന്നു ജരാസന്ധൻ യുദ്ധത്തിനു വന്നപ്പോൾ പലായനം ചെയ്തത്?!

ഉത്തരം ലളിതമാണ്. ജരാസന്ധനെ വധിക്കുക എന്നത് കൃഷ്ണൻ്റെയോ ബലരാമൻ്റെയോ നിയോഗമല്ല. അതിനു വിധിയുള്ളത് ഭീമസേനനാണ്. അപ്പോൾ ഭീമൻ വരുന്നതുവരെ ഒഴിഞ്ഞു നില്ക്കുന്നതാണ് യുക്തിയും കരണീയവും!

***

ഒരു കഥ നടന്നു കഴിഞ്ഞാൽ പിന്നെ വില്ലനും നായകനും ഇല്ല. കഥാപാത്രങ്ങൾ മാത്രമേയുള്ളൂ.

എല്ലാവരും അവരവരുടെ ഭാഗം ഭംഗിയായി നിർവ്വഹിച്ചതുകൊണ്ടാണല്ലോ നമുക്ക് കേൾക്കാൻ മനോഹരമായ ഒരു കഥയുണ്ടായത്!

അപ്പോൾ ആ ബഹുമാനം ഓരോ കഥാപാത്രത്തിനും കൊടുക്കണം. ജരാസന്ധനും കിട്ടണം ആ ബഹുമാനം.

ഇനി ഐതിഹ്യങ്ങൾക്കനുസരിച്ച് സങ്കല്പിക്കുകയാണെങ്കിലും ജരാസന്ധനെ നമ്മൾ ബഹുമാനിച്ചേ മതിയാകൂ.

ഐതിഹ്യങ്ങൾ പ്രകാരം നമുക്ക് ഗുരുവായൂർ ക്ഷേത്രം എങ്ങനെയാണ് കിട്ടിയത്?

ദ്വാരക കടലെടുത്തപ്പോൾ ഭഗവാൻ കൃഷ്ണൻ പൂജിച്ചിരുന്ന വിഗ്രഹവും കടലിൽ ഒഴുകി. അവിടെനിന്ന് ഗുരുവും വായുവും ചേർന്ന് അതെടുത്ത് ഭാരതത്തിൻ്റെ തെക്കു ഭാഗത്തുള്ള നമ്മുടെ കേരളത്തിൽ പ്രതിഷ്ഠിച്ചതുകൊണ്ടാണല്ലോ ആ സ്ഥലത്തിന് ഗുരുവായൂർ എന്ന പേരും, നമുക്കൊരു ക്ഷേത്രവും കിട്ടിയത്!

അങ്ങനെയെങ്കിൽ കൃഷ്ണൻ ദ്വാരകയിൽ വന്നു താമസിക്കാൻ കാരണക്കാരൻ ആരാണ് – ജരാസന്ധൻ!

നമ്മളും, നമ്മുടെ മുന്നിൽ കാണുന്ന ഓരോ സംഗതിയും മറ്റെന്തിൻ്റെയോ ഒക്കെ തുടർച്ചയാണ്. ഒഴുകുന്ന ആ തരംഗത്തിൽ നമുക്കും പങ്കുചേരാം – സ്വസ്ഥതയോടെ!

This Post Has 8 Comments

  1. ആശ തിലകൻ

    തികച്ചും വ്യത്യസ്തവും , ലളിതവുമായ ആഖ്യാനശൈലി ! പുരാണങ്ങളിൽ ചിതറിക്കിടന്ന സംഭവങ്ങളെ സന്ദർഭോചിതമായി ചേർത്ത് , വിവിധ വർണങ്ങളുള്ള പുഷ്പങ്ങൾ കൊണ്ട് മനോഹരമായൊരു മാല്യം ഒരുക്കിയതു പോലെ ആകൃഷ്ടമായ രചനാവൈഭവം !

    1. Raj Purushothaman

      Thank you so much!

      1. Anonymous

        വളരെ അർത്ഥവത്തായ ഒരു സന്ദേശം,അതും ഈ പ്രക്ഷുബ്ധമായ കാലഘട്ടത്തിൽ എല്ലാവരും ക്ഷമയോടെ മനസ്സിലാക്കേണ്ടത് വളരെ ശാന്തമായും സുന്ദരമായും പറഞ്ഞു പോയിരിക്കുന്നു.അഭിനന്ദനങ്ങൾ👏🙏🌷

        1. Raj Purushothaman

          Thank you so much!

  2. Dhanya

    Well written such a vast topic in simple words. Very interesting read indeed.

    1. Raj Purushothaman

      Thank you so much!

  3. Santha Warriar

    ലളിതസുന്ദരമായ രചന 👏🏻👏🏻

    1. Raj Purushothaman

      Thank you so much!

Leave a Reply