Grab your copies!Bundle discounts available!Contact us for Book shops  discounts !

കുരുക്ഷേത്രം – യുഗാന്ത്യങ്ങളുടെ സാക്ഷി!

മഹാഭാരതത്തെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവര്‍ക്കെല്ലാം കുരുക്ഷേത്രത്തിന്‍റെ പങ്കെന്തെന്നറിയാം.

കുരുവംശത്തിലെ പാണ്ഡവരും കൌരവരും തമ്മില്‍ നടന്ന ഭാരതവര്‍ഷത്തിലെ ഏതാണ്ടെല്ലാ ക്ഷത്രിയവംശ സേനകളും ഇരുവശവും ചേര്‍ന്ന് പടപൊരുതിയൊടുങ്ങിയ മഹായുദ്ധത്തിന് വേദിയും സാക്ഷിയുമാവേണ്ടി വന്ന ഭൂപ്രദേശം. ഈ യുദ്ധം കഴിഞ്ഞ് അധികം വൈകാതെയാണ് കലിയുഗത്തിന്‍റെ ആരംഭം. അതു കൊണ്ട് ഈ കുരുക്ഷേത്രയുദ്ധം ദ്വാപരത്തിന്‍റേയും കലിയുടേയും യുഗസന്ധിയിലായിരുന്നെന്ന് പറയാം. കുരുക്ഷേത്രം ദ്വാപരയുഗത്തിന്‍റെ അന്ത്യത്തിന്, ഭാരതത്തിലെ ക്ഷത്രിയകുലങ്ങളില്‍ ഒട്ടുമുക്കാലും നാമാവശേഷമായ രക്തച്ചൊരിച്ചിലിനു സാക്ഷിയായി നിലകൊണ്ടുവെന്നും.

ഇതിനു മുമ്പത്തെ, അതായത് ത്രേതാ-ദ്വാപര യുഗസന്ധിയിലും ക്ഷത്രിയവംശങ്ങള്‍ മുഴുക്കേ നാമാവശേഷമാക്കപ്പെട്ടിട്ടുണ്ട് .  ഭാര്‍ഗ്ഗവ പരശുരാമന്‍റെ പ്രതികാരാഗ്നിയിലാണ് ക്ഷത്രിയരെല്ലാം വധിക്കപ്പെട്ടത്. ഇതു രണ്ടും തമ്മില്‍ യുഗസന്ധിയില്‍ ക്ഷത്രിയവംശം നാമാവശേഷമാവുന്നതു കൂടാതെ എന്താണ് അതില്‍ കുരുക്ഷേത്രത്തിന്‍റെ പങ്ക് എന്നല്ലേ? നോക്കാം:

മഹാഭാരത കഥയുടെ ആരംഭത്തില്‍ ശൌനകന്‍റെ സത്രം സന്ദര്‍ശിക്കാനെത്തിയ സൂതപുത്രനായ ഉഗ്രശ്രവസ്സ് അവിടുത്തെ മുനിമാരോട് പറയുന്നുണ്ട്, ജനമേജയന്‍റെ സര്‍പ്പസത്രം സന്ദര്‍ശിച്ച ശേഷം സമന്തപഞ്ചകം എന്ന പുണ്യതീര്‍ത്ഥം സന്ദര്‍ശിച്ച കഥ. എന്താണീ സമന്തപഞ്ചകത്തിന്‍റെ പിന്നിലെ ഐതിഹ്യം?

കാര്‍ത്തവീരാര്‍ജ്ജുനനും അദ്ദേഹത്തിന്‍റെ മക്കളും തന്‍റെ പിതാവിനോടു ചെയ്ത അധര്‍മ്മത്തിനും അക്രമത്തിനും പകരമായി ഭാര്‍ഗ്ഗവരാമന്‍ എന്ന പരശുരാമന്‍ ക്ഷത്രിയകുലമാകെ ഇല്ലാതാക്കിയ കഥ ഏവര്‍ക്കും സുപരിചിതം തന്നെ. അതിന്‍റെ ഫലമായി ആ കൂട്ടക്കൊല നടന്ന പ്രദേശത്ത് രക്തം നിറഞ്ഞ അഞ്ചു തടാകങ്ങള്‍ രൂപംകൊണ്ടുവെന്നും അതുകൊണ്ടത് സമന്തപഞ്ചകം എന്നപേരില്‍ അറിയപ്പെട്ടുവെന്നുമാണ് ഐതിഹ്യം. തുടര്‍ന്ന് ആ അഞ്ചു തടാകങ്ങളില്‍ നിന്നും രക്തത്താല്‍ അദ്ദേഹം പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്തുവെന്നും അതില്‍ പ്രീതരായതോടെ അതിനു വരമായി താന്‍ ചെയ്ത ക്ഷത്രിയകുലനാശം എന്ന കൊടുംപാപം തീര്‍ക്കണമെന്ന് രാമന്‍ ആവശ്യപ്പെട്ടുവത്രെ. രക്തങ്ങളാല്‍ തീര്‍ത്ത കയങ്ങള്‍ തീര്‍ത്ഥങ്ങളായി മാറണമെന്നും അദ്ദേഹം പ്രാര്‍ത്ഥിച്ചു. ആ പുണ്യതീര്‍ത്ഥമാണ് സമന്തപഞ്ചകമെന്നും സൌതി പറയുന്നുണ്ട്.

കൂടാതെ അതേ സമന്തപഞ്ചകമാണ് പില്‍ക്കാലത്ത് കുരുമഹാരാജാവിന്‍റെ തപസ്സ് മൂലം കുരുക്ഷേത്രമെന്ന് അറിയപ്പെട്ടതും. ആ കുരുക്ഷേത്രത്തില്‍ തന്നെയാണ് പാണ്ഡവ-കൌരവന്മാരുടെയും സഖ്യരാജ്യങ്ങളുടേയും വംശമാകെ ഏതാനും പേരൊഴികെ നാമാവശേഷമായിത്തീര്‍ന്നത്. പതിനെട്ട്  അക്ഷൌഹിണി പടകള്‍ ഒടുങ്ങിയ മഹായുദ്ധത്തില്‍ വെറും പത്തുപേരാണ് അവശേഷിച്ചതെന്ന് മഹാഭാരതം പറയുന്നു.

ഈ ക്ഷത്രിയവംശനാശവും സംഭവിക്കുന്നത് അതേ കുരുക്ഷേത്രത്തില്‍, അടുത്ത യുഗസന്ധിയിലാണ് എന്നതാണ് ഇവിടെ പ്രസക്തമായ കാര്യം.

അങ്ങനെ രണ്ടു യുഗാന്ത്യങ്ങളിലെ ക്ഷത്രിയവംശനാശങ്ങള്‍ക്ക് കുരുക്ഷേത്രം മൂകസാക്ഷിയായി നിലകൊണ്ടു എന്നു വേണം കരുതാന്‍!

 

Leave a Comment