Grab your copies!Bundle discounts available!Contact us for Book shops  discounts !

അഭിമന്യുവിന്‍റെ അല്‍പായുസ്സ്

അഭിമന്യു

മഹാഭാരതത്തില്‍ ഏറെ പ്രശസ്തമായ, വായനക്കാരുടെ പ്രിയങ്കരമായ ഒരു ഭാഗമാണ് അര്‍ജ്ജുനപുത്രനായ അഭിമന്യുവിന്‍റെ കഥ. അമ്മ സുഭദ്രയുടെ ഗര്‍ഭപാത്രത്തില്‍ കിടന്ന് പദ്മവ്യൂഹം ഭേദിക്കാനുള്ള യുദ്ധമുറ അച്ഛന്‍ അര്‍ജ്ജുനന് അമ്മാവന്‍ കൃഷ്ണന്‍ പറഞ്ഞുകൊടുക്കുന്നത് കേട്ട് പകുതി മാത്രം പഠിക്കാന്‍ സാധിച്ച, അതു മൂലം കുരുക്ഷേത്രത്തില്‍ കൌരവര്‍ ചമച്ച പദ്മവ്യൂഹം ഭേദിച്ചകത്തു കടന്ന് അതിയായ നാശം വിതച്ചിട്ടും പുറത്തു കടക്കാനാവാതെ അതിനുള്ളില്‍ അകാലത്തില്‍ പൊലിഞ്ഞു പോയ ഒരു യുവ വീരജന്മം… അതാണല്ലോ അഭിമന്യു.

ഒട്ടുമിക്ക ഭാരതീയര്‍ക്കും സുപരിചിതമാണീ കഥയെങ്കിലും, എന്തുകൊണ്ട് അഭിമന്യുവിന്‍റെ ആയുസ്സ് ഇത്ര കുറച്ചുമാത്രം ആയിപ്പോയി എന്നതുമായി യോജിച്ചു നില്‍ക്കുന്ന രസകരമായ ഒരു ഉപാഖ്യാനം മഹാഭാരതത്തിലുള്ളത് നമ്മില്‍ പലര്‍ക്കും അത്ര പരിചിതമായിരിക്കില്ല. മഹാഭാരതത്തിന്‍റെ ‘ആദിപര്‍വ്വത്തില്‍’ ഭാരതത്തിലെ വംശപരമ്പരകളുടെ ഉത്പത്തിയെക്കുറിച്ച് ജനമേജയന് വൈശമ്പായന്‍ വിവരിച്ചുകൊടുക്കുന്ന ‘സംഭവ പര്‍വ്വ’ത്തിലാണ് ഇതുള്ളത്:

സ്വര്‍ഗ്ഗഭ്രഷ്ടരായി മാനവജന്മമെടുത്ത അസുരര്‍ ഭൂമിയില്‍ വ്യാപകമായ അധര്‍മ്മങ്ങള്‍ ചെയ്ത ദ്വാപരയുഗത്തില്‍ ഭൂമീദേവിയുടെ പീഡയ്ക്ക് പരിഹാരമുണ്ടാക്കാനായി നാരായണനോടൊപ്പം ദേവന്മാരെല്ലാം മാനവരായി അംശാവതാരമെടുക്കാന്‍ തീരുമാനിച്ചു. ധര്‍മ്മരാജാവ്, വായു, ദേവേന്ദ്രന്‍, അശ്വനീദേവകള്‍ എന്നിവരുടെ അംശാവതാരങ്ങളായി പാണ്ഡവരും സൂര്യാംശാവതാരമായി കര്‍ണ്ണനും, നാരായണാംശാവതാരമായി കൃഷ്ണനും ജന്മമെടുത്തു, കൂടെ മറ്റു അനേകം ദേവന്മാരും, ഗന്ധര്‍വ്വന്മാരും അപ്സരസ്സുകളും.  

ബ്രഹ്മാവില്‍ നിന്നുണ്ടായ സകല ഭൂതങ്ങളുടേയും പരമ്പരയില്‍, സ്വയംഭൂ മനുവില്‍ നിന്നുണ്ടായ അഷ്ട വസുക്കളില്‍ ഒരാളാണ് ചന്ദ്രന്‍ (പുരാണങ്ങള്‍ പ്രകാരം, ചന്ദ്രവംശത്തിന്‍റെ കാരണക്കാരനായ ചന്ദ്രനല്ല ഇത്). ചന്ദ്രപുത്രനായ ‘വര്‍ച്ചസ്സ്’ ആണത്രേ, അഭിമന്യുവായി ജന്മമെടുത്തത്. ഈ അവതാരമെടുക്കേണ്ട ഘട്ടം വന്നപ്പോള്‍, അത് ഒരു ഉപാധിയോടെ മാത്രമേ താന്‍ അനുവദിക്കുകയുള്ളൂ എന്ന് ചന്ദ്രന്‍ പറഞ്ഞു:

‘എനിക്കെന്‍റെ പ്രാണനേക്കാള്‍ മേലെയായ എന്‍റെ പുത്രനെ വെറും പതിനാറു സംവത്സരത്തേക്കു മാത്രം മാനവനായി ഭൂമിയില്‍ കഴിയാന്‍ ഞാന്‍ അനുവദിക്കാം. അവനു ഞാന്‍ കല്‍പ്പിക്കുന്ന അല്‍പായുസ്സില്‍ നിങ്ങള്‍ പ്രയാസപ്പെടേണ്ട. അസുരനാശത്തില്‍ എനിക്കും താല്‍പര്യം തന്നെ. വാസുദേവന്‍റെ തോഴനായ അര്‍ജ്ജുനന്‍റെ പുത്രനായി അവന്‍ ജന്മമെടുക്കും. അവനു പതിനാറു തികയുമ്പോള്‍ സംഭവിക്കുന്ന ഘോരയുദ്ധത്തില്‍ മഹത്തായ ശത്രുനാശമുണ്ടാക്കിയതിനു ശേഷം അവന്‍ എന്‍റെയടുത്തേയ്ക്കു തിരിച്ചു വരും. മാത്രമല്ല, ആ യുദ്ധത്തില്‍ ഏതാണ്ട് നശിച്ചൊടുങ്ങുന്ന ഭാരതവംശത്തിന്‍റെ വര്‍ദ്ധനവിനു കാരണമാവുന്ന ഒരു പുത്രനും അവന്‍ ജന്മം നല്‍കും…’

ചന്ദ്രന്‍റെ ഈ ഉപാധി ദേവന്മാര്‍ ഹര്‍ഷാരവത്തോടെ അംഗീകരിച്ചുവെന്നും അങ്ങനെ അഭിമന്യു പതിനാറു വര്‍ഷം മാത്രം നീണ്ടുനിന്ന വീരജന്മമെടുത്തു എന്നുമാണ് കഥ.

ഇതില്‍ ചന്ദ്രന്‍ പ്രവചിച്ച പോലെ പാണ്ഡവരഞ്ചു പേരൊഴിച്ച് യുദ്ധത്തില്‍ പങ്കെടുത്ത ക്ഷത്രിയകുലങ്ങളൊട്ടു മുക്കാലും ആ മഹാഘോരയുദ്ധത്തില്‍ വേരറ്റു പോയി. ആ വംശപരമ്പരയുടെ തുടര്‍ച്ച സാധ്യമാക്കിയത്, അഭിമന്യു മരിക്കുമ്പോള്‍ ഗര്‍ഭിണിയായിരുന്ന ഭാര്യ ഉത്തരയുടെ ഉദരത്തിലായതു കൊണ്ടു രക്ഷപ്പെട്ടു എന്നു കാണാവുന്ന പരീക്ഷിത്തിലൂടെയാണ്. ഏതാണ്ട് നാമാവശേഷമായ ക്ഷത്രിയവംശങ്ങളുടെ തുടര്‍ച്ച ഭാരതത്തില്‍ സാധ്യമാക്കിയത് ഈ അഭിമന്യു പുത്രനായ പരീക്ഷിത്തിലൂടെയാണെന്ന് പറയാം.

ആ പരീക്ഷിത്തിന്‍റെ മകനായ ജനമേജയനോടാണ് വൈശമ്പായന്‍ ഈ കഥ പറയുന്നതും!

 

 

2 thoughts on “അഭിമന്യുവിന്‍റെ അല്‍പായുസ്സ്”

Leave a Comment