ചൈന പാക്കിസ്ഥാനെ സഹായിക്കുന്നത് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ആയിരിക്കുമോ?
ഒരിക്കലും ആവില്ല. പാക്കിസ്ഥാനെ സഹായിക്കാൻ ചൈന മുന്നിട്ടിറങ്ങിയിട്ടുണ്ടെങ്കിൽ ചൈനയുടെ വ്യവസ്ഥകൾക്കനുസരിച്ച് മാത്രമേ കാര്യങ്ങൾ നടക്കുകയുള്ളൂ. എന്തൊക്കെ സംഭവിച്ചാലും മനസ്സിൽ കണക്കാക്കിയിട്ടുള്ള ലാഭവും അവർ എടുത്തിരിക്കും – മറുപക്ഷം അതിൻ്റെ പേരിൽ തകർന്നടിഞ്ഞാൽ പോലും!
ആരും തമ്മിൽ സമത്വം ഇല്ല എന്നതാണ് പ്രായോഗിക ലോകത്തിലെ ദുഃഖകരമായ ഒരു സത്യം. ഏതെങ്കിലും രണ്ടു കൂട്ടർ തമ്മിൽ മുഖാമുഖം ഇടപെടേണ്ടി വരുമ്പോൾ മാത്രമാണ് ‘തുല്യതാസങ്കല്പം’ എന്ന ത്രാസ് കൊണ്ട് നമ്മളവരെ അറിഞ്ഞോ അറിയാതെയോ അളക്കാൻ ശ്രമിക്കുന്നത്.
അല്ലാത്ത സന്ദർഭങ്ങളിൽ ആരുമത് ചെയ്യുന്നില്ല. അതിൻ്റെ ആവശ്യവും വരുന്നില്ല.
എന്നാൽ അത്തരത്തിലുള്ള കൊടുക്കൽ-വാങ്ങൽ ഇടപാടുകളിൽ ഒരാൾ ‘ശക്തനും’ മറ്റെയാൾ ‘ദുർബ്ബലനും’ ആവാനാണ് സാദ്ധ്യത കൂടുതൽ. ചിലപ്പോൾ സൂക്ഷിച്ചു നോക്കേണ്ടിവരും ഇതു മനസ്സിലാവാൻ.
ആർക്കാണോ കൂടുതൽ ആവശ്യം, അയാളാവും ദുർബ്ബലൻ! മറ്റേയാളുടെ വ്യവസ്ഥകൾക്കനുസരിച്ച് അയാൾ ഒതുങ്ങിക്കൂടേണ്ടിയും വരും.
കുറച്ചുകൂടി യുക്തിയുക്തമായി കാര്യങ്ങൾ നീക്കിയിരുന്നെങ്കിൽ തകർച്ച നേരിട്ട സമയത്ത് പാക്കിസ്ഥാന് സഹായത്തിനായി ഇന്ത്യയെ സമീപിക്കാമായിരുന്നു.
കേൾക്കുമ്പോൾ അതിശയമായി തോന്നുമെങ്കിലും ഇന്ത്യയാണ് ഇക്കാര്യത്തിൽ നല്ലൊരു പങ്കാളി. സൗഹൃദം സ്ഥാപിക്കണമെന്ന് പാക്കിസ്ഥാൻ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ഇന്ത്യയെപ്പോലെ നല്ലൊരു സുഹൃദ്രാജ്യം അവർക്ക് വേറെ കിട്ടാനില്ല! പാക്കിസ്ഥാൻ കൂടുതൽ തകർച്ചയിലേക്ക് പോവാതെ ഇന്ത്യയ്ക്കവരെ കരകയറ്റാൻ കഴിയുകയും ചെയ്യും – ഏത് അവസ്ഥയിൽ നിന്നും!
എന്നാൽ പാക്കിസ്ഥാൻ ഇത് മനസ്സിലാക്കുകയില്ല. മനസ്സിലാക്കിയാലും അവർക്കൊന്നും ചെയ്യാനും കഴിയുകയില്ല. അതാണ് രാജ്യാന്തരവും പ്രാദേശികവുമായ സമ്മർദ്ദരാഷ്ട്രീയം അവരെ അകപ്പെടുത്തി വെച്ചിട്ടുള്ള കുരുക്ക്.
*
സത്യത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ എന്താണ് പ്രശ്നം? ഒരു പ്രദേശമായി ‘ബ്രിട്ടീഷ് ഇന്ത്യ’ എന്ന പേരിൽ അറിയപ്പെട്ടിരുന്നവർ ഒരു സുപ്രഭാതം മുതൽ എങ്ങനെ ശത്രുക്കളായി?
അങ്ങനെ ഇരുട്ടി വെളുക്കുന്ന വേഗത്തിൽ സംഭവിച്ച ഒന്നാണെങ്കിൽ അത് ‘കെട്ടിച്ചമച്ച’ ശത്രുതയാണെന്ന് മനസ്സിലാക്കാനുള്ള പ്രാപ്തി എങ്ങനെ ഇരുരാജ്യങ്ങളിലെയും നേതാക്കന്മാർക്ക് ഇല്ലാതെ പോയി?
രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടത് തടയാനാവാത്ത കാര്യമായിരുന്നെന്ന് വിചാരിക്കാം – കാരണം അതിനിടയിൽ മതവും ബ്രിട്ടീഷുകാരും ഒക്കെ ഉണ്ടായിരുന്നു.
എന്നാൽ വിഭജനത്തിനു ശേഷം സ്വതന്ത്രരാജ്യങ്ങളായി വർഷങ്ങൾ കടന്നുപോയപ്പോൾ ബന്ധങ്ങൾ മെച്ചപ്പെടുത്തിക്കൂടായിരുന്നോ? എന്തുകൊണ്ട് വീണ്ടും ശത്രുക്കളായി തുടർന്നു?
ഒരു കാലത്ത് ഇതുപോലെ പരസ്പരം യുദ്ധം ചെയ്തു കഴിഞ്ഞിരുന്ന രണ്ട് അയൽരാജ്യങ്ങളുണ്ട് – അമേരിക്കയും കാനഡയും. പക്ഷേ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ പരസ്പരം ഐക്യം വേണമെന്ന് മനസ്സിലാക്കിയ അവരിന്ന് എത്രയോ വലിയ സഖ്യരാഷ്ട്രങ്ങളാണ്!
അപ്പോൾ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ സൗഹൃദത്തിന് തടസ്സം നില്ക്കുന്ന കാതലായ ഘടകമെന്താണ്? മതം ആണോ? അങ്ങനെയെങ്കിൽ മതവിദ്യാഭ്യാസം പരിഷ്കരിക്കപ്പെടേണ്ട കാലം കഴിഞ്ഞു!
*
അതവിടെ നില്ക്കട്ടെ. ദേവന്മാരും, അസുരന്മാരും, ആജന്മശത്രുതയുമൊക്കെ വിഷയമായി വന്നതുകൊണ്ടാണ് ഇതൊക്കെ എഴുതിയത്. നമ്മുടെ പുരാണങ്ങൾ വെറുതെ കഥകളായിരിക്കാനും പാടില്ല. നിത്യജീവിതത്തിലെ സംഭവങ്ങളുമായി കോർത്തിണക്കാൻ കഴിയുമ്പോൾ മാത്രമേ ഏതു സാഹിത്യവും വിശിഷ്ടമാവുന്നുള്ളൂ.
മിക്കവാറും എല്ലാ കൊടുക്കൽ-വാങ്ങൽ ഇടപാടുകളും, ചെയ്യുന്നവർ തമ്മിൽ തുല്യതയുണ്ടാവാൻ സാധ്യതയില്ലെന്ന് നമ്മൾ പറഞ്ഞു. ഇവിടെ പാലാഴിമഥനം നടക്കുന്നയിടത്ത് ദേവന്മാർ ദുർബ്ബലരും അസുരന്മാർ ശക്തരുമാണ്.
കാരണം ദുർവ്വാസാവിൻ്റെ ശാപം കിട്ടി ജരാനരകൾ ഏറ്റുവാങ്ങിയിട്ടുള്ളത് ദേവന്മാർ മാത്രമാണ്. അസുരന്മാരാണെങ്കിൽ പഴയതുപോലെ ആരോഗ്യവാന്മാരും.
അപ്പോൾ പാലാഴി കടഞ്ഞ് അമൃതെടുക്കേണ്ടത് ദേവന്മാരുടെ ആവശ്യമായിപ്പോയി. അതുകൊണ്ട് അസുരന്മാർ മുന്നോട്ടു വെയ്ക്കുന്ന വ്യവസ്ഥകൾക്കനുസരിച്ച് ഒതുങ്ങിക്കൊടുക്കുകയേ അവർക്ക് തല്ക്കാലം നിവർത്തിയുള്ളൂ.
മന്ദരപർവ്വതത്തെ കടകോലായും വാസുകി സർപ്പത്തെ കയറായും പാലാഴിയിൽ സ്ഥാപിച്ചു കഴിഞ്ഞു. ഇനി ഒരു കൂട്ടർ വാസുകിയുടെ തലഭാഗവും മറ്റേ കൂട്ടർ വാലറ്റവും പിടിക്കണം. ദേവന്മാർ ആദ്യം തല പിടിക്കാൻ ആ വശത്തേക്കു നീങ്ങി. എന്നാൽ അസുരന്മാർ വാൽ പിടിക്കാൻ വിസമ്മതിക്കുകയാണുണ്ടായത്. അവർക്കത് കുറച്ചിലാണത്രേ.
ആവശ്യം ദേവന്മാരുടേതായതുകൊണ്ട് അവർ വഴങ്ങി. അങ്ങനെ അസുരന്മാർ തലയും ദേവന്മാർ വാലും പിടിച്ചു. പാലാഴിമഥനം തുടങ്ങി.
പക്ഷേ തങ്ങൾ അഹങ്കാരപൂർവ്വം ഏറ്റെടുത്ത തലഭാഗം കഷ്ടകാലമാണ് വരുത്താൻ പോകുന്നതെന്ന് അസുരന്മാർ പിന്നീട് അറിയാനിരിക്കുന്നതേയുള്ളൂ!
മഥനം അതിവേഗം പുരോഗമിച്ചു. എന്നാൽ ഏറെക്കഴിയുന്നതിനു മുമ്പ് മറ്റൊരപകടം സംഭവിച്ചു. വാസുകി സർപ്പത്തോട് ബന്ധിച്ചിരുന്ന മന്ദരപർവ്വതം പിടി വിട്ട് പാലാഴിയിൽ താണുപോയി.
ഏറെ പ്രതീക്ഷിച്ചിരുന്ന മഥനം നടക്കാതെ പോകുന്നല്ലോ എന്നോർത്ത് അവിടെ കൂടിയിരുന്നവരൊക്കെ ആശാഭംഗത്തിൽ മുഴുകി. എന്നാൽ വിഷ്ണുഭഗവാൻ അവിടെയുണ്ട്. എല്ലാവരുടെയും അവസാനപ്രാർത്ഥനകൾ അദ്ദേഹത്തിൻ്റെ നേർക്കൊഴുകി!
പിന്നീട് നടന്നത് എഴുത്തച്ഛൻ്റെ വരികളിൽത്തന്നെ വായിക്കാം-
‘തന്തിരുവടി മുതിർന്നാമയായവതരി-
ച്ചന്തികേ ധരാധരം തങ്കീഴേ ചേർന്നുനിന്നു
പന്തിയിലൊരുമിപ്പിച്ചുന്തിയങ്ങുയർത്തിനാ-
നെന്തൊരത്ഭുതംതുലോമുയർന്നു ഗിരിവരൻ.
ബന്ധവുംവിട്ടു മേല്പോട്ടെന്തേറെപ്പൊങ്ങീടുവാ-
നുന്തിവന്നുർവീധരമെന്നു നോക്കീടുന്നേരം
കണ്ടിതങ്ങദ്രീന്ദ്രൻ്റെ മുകളിലഗ്രത്തിങ്കൽ
കൊണ്ടൽനേർവർണ്ണൻ മഹാപത്രിയായിരുന്നതും
……….’
മന്ദരപർവ്വതം താണുകൊണ്ടിരിക്കേ മഹാവിഷ്ണു ഒരു ആമയായി അവതരിച്ച് തുഴഞ്ഞ് താഴെയെത്തി അതിനെ മേല്പോട്ടുയർത്തി.
ഒപ്പം അത് കൃത്യമായ ഉയരം പാലിക്കാൻ ഒരു വലിയ പക്ഷിയായി വന്ന് വിഷ്ണുഭഗവാൻ തന്നെ മന്ദരപർവ്വതത്തിൻ്റെ മുകളിലും ഇരുന്നു!
ഇനിയും മറ്റൊരു രൂപത്തിൽ മഹാവിഷ്ണു അവിടെ വരാനിരിക്കുന്നതേയുള്ളൂ!
(തുടരും)
This Post Has 9 Comments
ഇതു വായിച്ചപ്പോൾ മനസ്സിൽ പണ്ടേ ഉണ്ടായിരുന്ന ഒരാഗ്രഹം മുളപൊട്ടി
ഞാൻ എഴുതിയ കഥയ്ക്ക് ജീവനുണ്ട് എന്നറിയിച്ചതിന് നന്ദി, Mr or Ms Anonymous! 😊
തുടർന്നും വായിച്ച് ഇതുപോലെയുള്ള അഭിപ്രായങ്ങൾ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ❤️🙏
നാല് ഭാഗങ്ങൾ ഒറ്റയിരുപ്പിന് വായിച്ചു തീർത്തു. തുടർന്ന് വായിക്കാൻ തിടുക്കമായി. ഇതു വരെ എഴുതിയതു പോലെ വളരെ മികച്ച നിലവാരം പുലർത്തി ക്കൊണ്ടും വായനക്കാരെ കൂടുതൽ ചിന്തിപ്പി ക്കാൻ പ്രേരിപ്പിച്ചു കൊണ്ടും തുടരുന്നു. പാലാഴിമഥനം പുരാണ കഥയായി ഓർമ്മയിൽ ഉണ്ടെങ്കിലും രാജിന്റെ കൃതികളിലൂടെ ഇത്രയും ആഴങ്ങളിൽ ഇറങ്ങി ചെല്ലാൻ സാധിക്കുന്നത് വളരെ വലിയ കാര്യമാണ്. അതു പോലെ തന്നെ തന്നതായ ശൈലിയിൽ സയൻസും ആധുനിക സമസ്യകളും പുരാണകഥകളുമായി താരതമ്യം ചെയ്തും ഗുണപാഠങ്ങൾ കണ്ടെത്തിയും ചില കണ്ണികൾ കോർത്തിണക്കിയും എഴുതുന്നത് വഴി സൃഷ്ടികൾ വളരെ പ്രത്യേകതയുള്ളവയായി മാറുന്നു. അഭിനന്ദനങ്ങൾ രാജ് !! 🙏
വളരെ നന്ദി ദീപ, ആഴത്തിലുള്ള ഈ വായനയ്ക്കും, ഈ അഭിപ്രായം രേഖപ്പെടുത്തിയതിനും. ❤️🙏
ഇത്തവണ വായിക്കാൻ ഒരല്പം വൈകി . സമകാലീന രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെ വിശകലനം ചെയ്തു , വിഷയത്തിലേക്കു അനായാസേന എത്തുന്ന രചനാവൈഭവം എനിയ്ക്ക് ഏറെ ഇഷ്ടപ്പെട്ടു !
ആശംസകൾ !!
Thank you so much Ashachechi – as always!! ❤️🙏
സമകാലീനവിഷയങ്ങളും പുരാണങ്ങളും കോർത്തിണക്കുന്ന രചനാവൈഭവം 👌 👌
Superb as always
@Santha Warriar, thanks chechi, for reading and always being a motivation!! ❤️🙏
പറയാനില്ല…അത്രയും ഭംഗിയിൽ ഇതെഴുതി…എനിക്ക് കണ്ണാങ്കുട്ടെന്നു സംശയ ലേശമന്യേ പറഞ്ഞുകൊടുക്കാൻ കുറേ കഥകൾ ഓർമ്മയീൽ തന്നു