അപ്പോൾ പാലാഴി കടഞ്ഞ് അമൃതെടുത്ത് ഭക്ഷിച്ചെങ്കിൽ മാത്രമേ ദേവന്മാർക്ക് ഇനി മുന്നോട്ടൊരു യാത്രയുള്ളൂ. അല്ലെങ്കിൽ അകാലത്തിൽത്തന്നെ ജരാനരകളും പേറി വൃദ്ധരായി ശിഷ്ടകാലം ജീവിക്കേണ്ടിവരും. ഒരല്പം നർമ്മം കലർത്തി പറഞ്ഞാൽ – ‘അതിനേക്കാൾ ഭേദം മരിക്കുന്നതു തന്നെയാണ്’.
വേറെ വഴിയില്ലാതെ വന്നാൽ നമ്മൾ എന്തു പ്രതിസന്ധിയും തരണം ചെയ്യും. ദേവന്മാരുടെ ഈ കഥയിലൂടെ സത്യത്തിൽ ഭാഗവതം പറഞ്ഞുവെക്കുന്നത് നമ്മളോരോരുത്തരുടെയും ഉള്ളിലുള്ള അസാമാന്യമായ ആ കഴിവിനെക്കുറിച്ചാണ്. പക്ഷേ എളുപ്പമുള്ള വഴികളൊക്കെ അടഞ്ഞെങ്കിൽ മാത്രമേ നമ്മൾ മനസ്സുകൊണ്ട് അത്തരം വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറാവുകയുള്ളൂ!
എന്നാൽ പാലാഴി കടയുക എന്നത് തങ്ങളെക്കൊണ്ട് കഴിയുകയില്ലെന്ന് പ്രഥമദൃഷ്ട്യാ മനസ്സിലാക്കിയ ദേവന്മാർ സത്യലോകത്തെത്തി ബ്രഹ്മാവിനെ കണ്ട് ഉപായം തേടുകയാണുണ്ടായത്.
കഥകളൊക്കെ കേട്ട ബ്രഹ്മാവിന് പെട്ടെന്നെന്തോ മനസ്സിൽ തോന്നി. കൈലാസത്തിലെത്തി ശ്രീപരമേശ്വരനെ കണ്ട് കാര്യങ്ങൾ അവതരിപ്പിക്കാതെ ഈ പ്രശ്നത്തിനൊരു പരിഹാരമുണ്ടാവില്ലെന്നാണ് ബ്രഹ്മദേവൻ അവരെ അറിയിച്ചത്.
‘ശങ്കരൻതന്നോടുണർത്തിച്ചൊഴിഞ്ഞിവിടെയി-
സ്സങ്കടംതീർപ്പാനെളുതല്ലെന്നുവിരിഞ്ചനും.’
ഈ പ്രശ്നം ആദ്യം ശിവൻ അറിയണമെന്ന് ബ്രഹ്മാവിന് തോന്നാൻ കാരണമെന്താവും?
ത്രികാലജ്ഞാനിയായ അദ്ദേഹത്തിന് മനസ്സിലായിക്കാണും, പാലാഴിമഥനം നടക്കുമ്പോൾ ആദ്യം വരാൻ പോകുന്നത് ഹാലാഹലം (കാളകൂടം) എന്ന കൊടുംവിഷമായിരിക്കുമെന്ന്. ലോകങ്ങളെല്ലാം ഒടുക്കാൻ പോന്ന ആ വിഷത്തെ അതിജീവിച്ചാൽ മാത്രമേ അമൃത് വരുമ്പോൾ അതു ഭക്ഷിക്കാൻ പോലും ആരെങ്കിലും ജീവിച്ചിരിക്കുന്നുണ്ടാവൂ!
ആ വിഷം ലോകത്തെ സ്പർശിക്കാതെ തൻ്റെ ഉള്ളിലേക്ക് ആവാഹിക്കാൻ കഴിവുള്ള ഒരേയൊരാൾ ശ്രീപരമേശ്വരനാണ്. അപ്പോൾ അദ്ദേഹത്തിൻ്റെയടുത്തേക്കാണ് ആദ്യം പോകേണ്ടത്.
അങ്ങനെ ബ്രഹ്മദേവനോടൊപ്പം ദേവന്മാരും മറ്റുള്ളവരും ചേർന്ന് കൈലാസത്തിലെത്തി ശിവനെ കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചു.
ഒക്കെ മനസ്സിലാക്കിയ ഭഗവാൻ ശിവൻ പറഞ്ഞത് ഇപ്രകാരമാണ്. ഭാഗവതത്തിലെ വരികളിൽ-
“പോകണം പാലാഴിപുക്കംഭുജനാഭൻതന്നോ-
ടാകുലമുണർത്തിപ്പാനല്ലാതെമറ്റാരാലും
ലോകങ്ങൾക്കുണ്ടായ് വന്ന സങ്കടങ്ങളെത്തീർപ്പാ-
നാകുന്നതല്ലെന്നതീലോകസമ്മതം നൂനം…”
പാലാഴിയിൽ പോയി വിഷ്ണുഭഗവാനെ കാണണം. ലോകങ്ങൾക്കെല്ലാം ഉണ്ടായിവന്നിട്ടുള്ള സങ്കടങ്ങളെ തീർക്കാൻ അദ്ദേഹമൊഴികേ മറ്റാരാലും കഴിയുകയില്ലെന്നത് ലോകസമ്മതമാണ്.
അങ്ങനെ പാർവ്വതീസമേതനായ ശ്രീപരമേശ്വരൻ ഗണേശനോടും മുരുകനോടും പരിവാരങ്ങളായ ഭൂതഗണങ്ങളോടും കൂടി അവിടെയെത്തിയ സംഘത്തോടൊപ്പം ചേർന്ന് വിഷ്ണുഭഗവാനെ കാണാൻ പാലാഴിയിലേക്ക് യാത്രയായി.
പാർവ്വതീദേവി എന്തിനാവും ആ സംഘത്തോടൊപ്പം പോയത്?
അതിൻ്റെ കാരണം പലർക്കും അറിവുള്ളതാവില്ല – ദേവന്മാർക്കു പോലും!
മഥനം നടക്കുമ്പോൾ ആദ്യം വിഷമായിരിക്കും വരുന്നതെന്ന് പറഞ്ഞിരുന്നു. അത് ലോകത്തെ ഹനിക്കാതിരിക്കാൻ ഭഗവാൻ ശിവൻ ആ വിഷത്തെ തന്നിലേക്ക് ആവാഹിക്കുമെന്നും പറഞ്ഞിരുന്നു.
എന്നാൽ ശിവൻ അതെടുത്ത് വിഴുങ്ങുമ്പോൾ അതിൽ നിന്ന് അദ്ദേഹത്തെ രക്ഷിക്കാൻ അർദ്ധാംഗിനിയായ പാർവ്വതീദേവിക്ക് മാത്രമേ കഴിയുകയുള്ളൂ!
അതാണ് ശിവനും ശക്തിയും തമ്മിലുള്ള താളലയങ്ങൾ!
അതു മാത്രമല്ല, പാലാഴി കടയുമ്പോൾ ഒരാൾ കൂടി ഉയർന്നുവരും. തൻ്റെ സ്വന്തം അംശമായ സാക്ഷാൽ മഹാലക്ഷ്മി. ലക്ഷ്മീദേവി വിഷ്ണുഭഗവാനോടൊപ്പം ചേരുമെങ്കിലും, പുതിയ ലോകത്തേക്ക് വരവേല്ക്കാൻ പാർവ്വതീദേവിക്കല്ലാതെ മറ്റാർക്കാണ് കഴിയുക?!
അങ്ങനെ ത്രികാലങ്ങളെയും മനസ്സിലാക്കിക്കൊണ്ടുള്ള ഒരു പദ്ധതിയാണ് ഭഗവതിയും ശിവനും ബ്രഹ്മദേവനും മനസ്സിൽ സങ്കല്പിച്ചത്.
അങ്ങനെ ആ സംഘം പാലാഴിയിലെത്തി വിഷ്ണുഭഗവാനെ കണ്ട് കാര്യങ്ങളൊക്കെ അവതരിപ്പിച്ചു.
പാലാഴി കടയാൻ എന്തു വേണമെന്ന വിശദമായ നിർദ്ദേശം മഹാവിഷ്ണു അവരെ അറിയിച്ചു. ഭാഗവതത്തിലെ വരികളിൽ-
“പരരാമസുരരെ നിരത്തിച്ചമയ്ക്കണം;
മന്ദരഗിരീന്ദ്രനെ വാസുകിതന്നെക്കൊണ്ടു
മന്ദമെന്നിയേ ബന്ധിച്ചോഷധീർദുഗ്ദ്ധാംബുധി
തന്നിലിട്ടുടനുപരഞ്ജിച്ചു ദേവാസുര-
വൃന്ദങ്ങളഹീന്ദ്രവാൽത്തലകൾ കൈക്കൊണ്ടുടൻ
സംഭ്രമമൊഴിഞ്ഞുകൊണ്ടൻപോടേ മഥിക്കുമ്പോൾ
സംഭവിച്ചീടും സുധയെന്നതിന്നിനിയിപ്പോൾ
മുമ്പിനാലസുരകളോടുടൻ നിരക്കണ-
മൻപോടേ ഗിരിവരൻതന്നെയും വരുത്തണം
വാസുകിതാനും വന്നീടേണ…”
അസുരന്മാരും ഇതിനോടൊപ്പം ചേരണം. മന്ദരപർവ്വതത്തെ വാസുകിസർപ്പത്തോട് ചേർത്തു വേണം പാലാഴി കടയാൻ. ദേവന്മാരും അസുരന്മാരും വാസുകിയുടെ വാലും തലയും പിടിക്കണം. അപ്രകാരം പാലാഴിയെ മഥിക്കുമ്പോൾ അമൃത് (സുധ) വരുന്നതാണ്.
അതിനായി അസുരന്മാരെയും മന്ദരപർവ്വതത്തെയും വാസുകിയെയും വരുത്തണം.
എളുപ്പമല്ല ഇത്രയും പേരെ എത്തിക്കുക എന്നത്. അതിനായുള്ള പരിശ്രമമാണ് ഇനി.
എന്നാൽ വലിയൊരു ആവശ്യമാണെങ്കിൽ അതിനുള്ള സാങ്കേതികതയും ഏതു വിധേനയും സാധ്യമാവും – അങ്ങനെയൊരു സന്ദേശവുമുണ്ടോ ഇവിടെ?
(തുടരും)
This Post Has 9 Comments
പാലാഴിമഥനം അറിയുന്ന കഥ ആണെങ്കിലും മോന്റെ രചന പുതിയ അലങ്കാരം ചാർത്തുന്നു 😍🤩
As always, thanks for the boundless support Ashachechi! ❤️🙏
🙏🙏
Geetha chechi 🙏🙏
ഹൃദയമായ ആവിഷ്കാരം രാജ്….വാക്കുകൾക്കതീതം ഈ രചനാ ഭംഗി എപ്പോഴതെയും പോലെ…
വിജി ചേച്ചീ
Good narration 👍👏👏👏
Thank you! ❤️🙏
എത്ര മനോഹരമായി വിവരിക്കുന്നു …..
👌👏🏻
Thanks Santhachechi! ❤️🙏