ഒരു ഇല്ലാക്കഥയും, അതിലെ ചില സത്യങ്ങളും

‘ഛായാമുഖി’ എന്നു കേട്ടിട്ടുണ്ടോ?

ആ പേരുള്ള വളരെ പ്രത്യേകതയുള്ള ഒരു കണ്ണാടിയുണ്ടായിരുന്നത്രേ മഹാഭാരതത്തിൽ. അതിലാരെങ്കിലും നോക്കിയാൽ അവരുടെ സ്വന്തം പ്രതിബിംബമായിരിക്കില്ല കാണുന്നത് – പകരം അവർ ഏറ്റവുമധികം പ്രണയിക്കുന്നയാളുടെ മുഖമായിരിക്കും തെളിഞ്ഞുവരിക.

ചിലതൊക്കെ ഇവിടെ ചിന്തിക്കാനുണ്ട്. താല്കാലികമായി പ്രണയം മനസ്സിലില്ലാത്ത ആളുകളുണ്ടാവുമെങ്കിലും, ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിച്ചിട്ടില്ലാത്ത ആരെങ്കിലും കാണുമോ ഈ ഭൂമുഖത്ത്? അതുണ്ടാവാൻ പ്രയാസമാണ്.

മനസ്സിൽ തോന്നുന്ന പ്രണയം ആരോടും തുറന്നു പറയാൻ ധൈര്യമുള്ളവരോ? അവരെയും കണ്ടെത്താൻ ബുദ്ധിമുട്ടാണ്.

അപ്പോൾ ഛായാമുഖി വളരെ സൂക്ഷിച്ചേ കൈകാര്യം ചെയ്യാൻ പാടുള്ളൂ! ഒരാൾ നോക്കുമ്പോൾ തെളിഞ്ഞുവരുന്ന രൂപം അടുത്തു നിന്ന് കാണുന്ന മറ്റുള്ളവരുടെ ഹൃദയം പോലും തകർത്തേക്കാം!

അങ്ങനെ ഹൃദയം തകർന്നവരുടെ കഥയാണ് ഛായാമുഖിക്ക് മഹാഭാരതത്തിൽ പറയാനുള്ളത്.

വനവാസകാലത്ത് ഭീമൻ വിവാഹം ചെയ്ത ഹിഡിംബിയായിരുന്നത്രേ അതിൽ നോക്കിയതായി പറയപ്പെടുന്ന ആദ്യത്തെയാൾ. അപ്പോൾ തെളിഞ്ഞുവന്നത് ഭീമൻ്റെ രൂപമായിരുന്നു.

ഭീമനും പിന്നീട് അതിൽ നോക്കി. അപ്പോൾ കണ്ടത് ദ്രൗപദിയുടെ ഛായയായിരുന്നത്രേ! അതു കണ്ട ഹിഡിംബി ഭാരിച്ച ഹൃദയവുമായി നടന്നു മറയുന്ന കാഴ്ചയാണ് പിന്നീടുണ്ടാവുന്നത്.

ഭീമന് തൻ്റെ ഭാര്യമാരിൽ ദ്രൗപദിയോടായിരുന്നു ഏറ്റവും പ്രണയമെന്നത് സുവ്യക്തമാണ്. അതു മനസ്സിലാക്കിത്തരുന്ന കഥകൾ പലതുമുണ്ട് മഹാഭാരതത്തിൽ. ദ്രൗപദിയുടെ ഏതാഗ്രഹവും സാധിച്ചുകൊടുക്കാൻ ഭീമനായിരുന്നു എപ്പോഴും മുന്നിലുണ്ടായിരുന്നത്. ദ്രൗപദിക്കായി കല്യാണസൗഗന്ധികം നേടിയെടുക്കുന്നതു മുതൽ കൗരവസഭയിൽ അവളെ അപമാനിച്ചവരെ വധിക്കുന്നതടക്കം, ഭീമൻ ദ്രൗപദിയുടെ മനസ്സറിഞ്ഞ് എന്നും കൂടെനിന്നിട്ടുണ്ട്.

മറ്റാരും ദ്രൗപദിയെ അത്രകണ്ട് പ്രണയിച്ചിട്ടുണ്ടാവില്ല!

എന്നാൽ ദ്രൗപദി ആ കണ്ണാടിയിൽ നോക്കിയപ്പോഴോ? അപ്പോൾ അതിൽ കണ്ടത് അർജ്ജുനനെയാണ്!

അതറിഞ്ഞപ്പോൾ ഭീമസേനന് ആശാഭംഗമുണ്ടായോ? അറിയില്ല. ഭീമനെപ്പോലെ ബുദ്ധിമാനായ ഒരാൾക്ക് ജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചയും ഉണ്ടെങ്കിൽ ആ വിഷമത്തെ മറികടക്കാൻ കഴിഞ്ഞിരിക്കാം!

സ്നേഹം കൊടുക്കുന്നയിടത്തു നിന്നായിരിക്കില്ല തിരിച്ചുകിട്ടുന്നതെന്ന വലിയൊരു സന്ദേശം ഈ കഥയിൽ നിന്ന് നമുക്ക് കിട്ടുന്നുണ്ട്.

അതു തന്നെ ധാരാളം! ഏതൊരു കഥയിൽ നിന്നും എന്തെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ആ കഥയെ എന്നെന്നും മനസ്സിൽ സൂക്ഷിക്കാം!

ദ്രൗപദിക്ക് അർജ്ജുനനോടുണ്ടായിരുന്ന ഗാഢപ്രണയം തെളിയിക്കുന്ന കഥകളും ധാരാളമുണ്ട്. അർജ്ജുനൻ സുഭദ്രയെ വിവാഹം കഴിച്ചപ്പോൾ ദ്രൗപദി അസ്വസ്ഥയായ സംഭവം പ്രസിദ്ധമാണ്.

പാണ്ഡവരുടെ ജീവിതയാത്രയുടെ അവസാനം ഓരോ ആളും മറിഞ്ഞുവീണ് മരിക്കുമ്പോൾ, അവർക്ക് ഉടലോടെ സ്വർഗ്ഗത്തിലെത്താൻ കഴിയാഞ്ഞതിൻ്റെ കാരണം യുധിഷ്ഠിരൻ വിവരിക്കുന്നുണ്ട്. ദ്രൗപദിയുടെ മരണകാരണം പറഞ്ഞത് അവൾ അഞ്ചു ഭർത്താക്കന്മാരെയും ഒരുപോലെ സ്നേഹിക്കുന്നതിനു പകരം അർജ്ജുനനെ കൂടുതൽ സ്നേഹിച്ചു എന്നതാണ്.

ദ്രൗപദിയുടെ മനസ്സിൻ്റെ ആഴങ്ങളിൽ അർജ്ജുനനാണ് ഇടംപിടിച്ചതെങ്കിൽ അർജ്ജുനൻ്റെ പ്രണയം ആരോടായിരുന്നു?

അത് സുഭദ്രയോടായിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
*
പിന്നീടും പലരും ഛായാമുഖിയിൽ നോക്കിയിട്ടുള്ളതായി പറയുന്നുണ്ട്.

ഭീമൻ അതിൽ നോക്കിയപ്പോൾ ദ്രൗപദിയുടെ രൂപമാണ് കണ്ടതെന്ന് പറഞ്ഞല്ലോ. ഭീമനും കീചകനും തമ്മിലുള്ള യുദ്ധം നടക്കുമ്പോൾ ഭീമൻ്റെ പ്രഹരമേറ്റ കീചകൻ ഒരു തവണ വന്നു വീഴുന്നത് ഛായാമുഖിയുടെ സമീപത്താണ്. മരണം മുന്നിൽക്കണ്ട അവസ്ഥയിലും കീചകൻ അതിലൊന്നു നോക്കി. അപ്പോൾ തെളിഞ്ഞുവന്നതും ദ്രൗപദിയുടെ രൂപമാണ്!

മാനുഷികമായ വികാരങ്ങളൊന്നുമില്ലാതെ അനേകം സ്‌ത്രീകളെ പ്രാപിച്ചിരുന്ന കീചകൻ പോലും ഒടുവിൽ പ്രണയിക്കാൻ തുടങ്ങിയിരുന്നത്രേ!

കീചകൻ ഛായാമുഖിയിൽ നോക്കുന്നതും, ദ്രൗപദിയുടെ രൂപം തെളിഞ്ഞുവരുന്നതും ഭീമൻ കണ്ടു. അവർ രണ്ടുപേരും പ്രണയിക്കുന്നത് ഒരാളെത്തന്നെയാണ്. അവൾക്കാണെങ്കിൽ അവരിരുവരോടുമല്ല പ്രണയമുള്ളത്!

എന്നാൽ അവരിൽ ഒരാൾ മറ്റെയാളെ വധിക്കുന്നു! എന്തെങ്കിലും ഔചിത്യമില്ലായ്മയുണ്ടോ അതിൽ?

ഒരിക്കലുമില്ല! ഭീമൻ എല്ലാമറിഞ്ഞുകൊണ്ട് തൻ്റെ പ്രണയിനിയും ഭാര്യയുമായ ദ്രൗപദിയോടുള്ള കടമ നിർവ്വഹിക്കുന്നു!

ആലോചിച്ചു നോക്കിയാൽ എത്രയോ വലിയ മനസ്സിനുടമയാണ് ഭീമൻ!
*
അതവിടെ നില്ക്കട്ടെ, കൃഷ്ണൻ എപ്പോഴെങ്കിലും ഛായാമുഖിയിൽ നോക്കിയിട്ടുണ്ടോ? ഉണ്ടാവില്ല!

വെറുതെയൊന്ന് ചിന്തിച്ചുനോക്കാം – അദ്ദേഹം നോക്കിയാൽ ആരെയാവും കാണുക?

പ്രണയങ്ങളെ അതിജീവിക്കുകയും ജയിക്കുകയും ചെയ്തയാളാണ് കൃഷ്ണൻ! നമ്മൾ ജയിച്ചിട്ടുള്ള ഒന്നും നമ്മുടെ മനസ്സിനെ ഭരിക്കുന്ന അവസ്ഥ ഉണ്ടാവുന്നില്ല. പ്രണയം അതിൻ്റെ തനതായ നിലയിൽ മനസ്സിൻ്റെ മേൽ ആധിപത്യം സ്ഥാപിക്കുന്ന ഒരു വികാരമാണ്.

അപ്പോൾ കേവലം പ്രണയമാവില്ല കൃഷ്ണൻ്റെ മനസ്സിനെ സ്വാധീനിച്ചിട്ടുണ്ടാവുക. പ്രണയത്തേക്കാൾ വലിയ സൗഹൃദങ്ങളും, പിന്നെ തന്നിലുള്ള അചഞ്ചലമായ ഭക്തിയുമാവും അദ്ദേഹത്തിൻ്റെ മനം കവർന്നിട്ടുണ്ടാവുക!

അപ്പോൾ പ്രണയത്തേക്കാൾ മഹത്തായ വികാരങ്ങളുണ്ടെങ്കിൽ അതിനെപ്പറ്റിയും ഒന്നു ചിന്തിച്ചു നോക്കണമല്ലോ! നിസ്വാർത്ഥമായ, തിരിച്ചൊന്നും ആഗ്രഹിക്കാത്ത സ്നേഹം പ്രണയത്തെക്കാൾ എത്രയോ പവിത്രമാണ്.

ഉദാഹരണത്തിന്, അമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്നേഹവും വാത്സല്യവും – അതിനേക്കാൾ എത്രയോ താഴെയാവും ‘പ്രണയം’ എന്ന വാക്കുകൊണ്ട് നമ്മളുദ്ദേശിക്കുന്ന വികാരത്തിൻ്റെ പവിത്രത!

പരിശുദ്ധമായ ഏതൊരു പ്രണയവും ‘ഭീമൻ്റെ പ്രണയം’ പോലെ നിസ്വാർത്ഥമല്ലേ എന്നൊരു ചോദ്യം ഒരുപക്ഷേ ഇവിടെ ഉയർന്നുവന്നേക്കാം. കഥകളിൽ അങ്ങനെയുണ്ടാവാമെങ്കിലും, പ്രായോഗിക ലോകത്ത് ‘നിസ്വാർത്ഥപ്രണയം’ എന്നൊന്നുണ്ടോ എന്ന കാര്യം സംശയമാണ്.

യാഥാർത്ഥ്യങ്ങൾ മായക്കാഴ്ചകളാൽ മറച്ചുവെയ്ക്കപ്പെടാൻ പാടുള്ളതല്ലല്ലോ!
*
ഛായാമുഖിയുടെ കഥ വാസ്തവത്തിൽ മഹാഭാരതത്തിലുള്ളതാണോ?

മഹാഭാരതത്തിൽ അങ്ങനെയൊരു കഥയില്ല എന്നതാണ് സത്യം! അതിലെ കഥകളുടെ വഴിയിലൂടെ സഞ്ചരിച്ച പ്രശാന്ത് നാരായണന്‍ എന്നയാളുടെ ഭാവനയിൽ വിടർന്ന മറ്റൊരു കഥയാണ് ‘ഛായാമുഖി’.

എന്നിരുന്നാലും ഛായാമുഖിയിലെ സാധ്യതകളെ നമുക്കൊരിക്കലും തള്ളിക്കളയാനാവുന്നതല്ല – അത് നമുക്ക് പകർന്നുതരുന്ന സന്ദേശവും!

This Post Has 18 Comments

  1. Geetha TV

    👌

    1. Raj Purushothaman

      Thanks chechi!

  2. Anonymous

    അനായാസം കഥ പറയുന്നു എന്നല്ല , പാടിപ്പോകുന്നു രചയിതാവ് !!
    നന്നായി ഛായാമുഖി കണ്ണാടി ഇക്കാലത്തു ഇല്ലാത്തതു 😂
    ഇല്ലാതെതന്നെ ഇത്രയും കോലാഹലങ്ങൾ !
    നല്ല രചന ✨🤩

  3. ആശ തിലകൻ

    അനായാസം കഥ പറയുന്നു എന്നല്ല , പാടിപ്പോകുന്നു രചയിതാവ് !! ഛായാമുഖി കണ്ണാടി ഇക്കാലത്തു ഇല്ലാത്തതു നന്നായി 😂ഇല്ലാതെതന്നെ ഇത്രയും കോലാഹലങ്ങൾ ! നല്ല രചന ✨🤩👍

    1. Raj Purushothaman

      Thanks for the descriptive comment and the motivation, Ashachechi!

  4. കുഞ്ഞൂസ്

    ഛായാമുഖി , ഉള്ളിലേക്കു നോക്കാനും സ്വയം വിശകലനം ചെയ്യാനും പ്രേരിപ്പിക്കുന്നു രാജ്.

    1. Raj Purushothaman

      പലപ്പോഴും നമ്മുടെ ഉള്ള് കാണാൻ തന്നെയാണ് പ്രയാസമെന്ന് തോന്നിയിട്ടുണ്ട്.

      But then, we excuse us, being selfish.

      Thanks for the comment! 🙂

  5. Santha

    “ഛായാമുഖി “യുടെ സാദ്ധ്യതകളും സന്ദേശവും 👌

    1. Raj Purushothaman

      Thanks chechi! 🙂

  6. Santhosh Gangadharan

    ഛായാമുഖിയെ പറ്റി പറഞ്ഞുതന്നതിന് നന്ദി. നന്നായി എഴുതി ഫലിപ്പിച്ചു.

    1. Raj Purushothaman

      Thank you sir!

  7. Sangeetha

    നല്ലൊരു സന്ദേശം കഥയിലൂടെ മനോഹരമായി എഴുതി ഫലിപ്പിച്ചിരിക്കുന്നു 👏

    1. Raj Purushothaman

      Thank you Sangeetha!

      1. Anonymous

        ഛായാമുഖി ഒത്തിരി ചിന്തിപ്പിക്കുന്ന കഥ തന്നെ….അതു പരിചയപ്പെടുത്തിയ രാജ് തീർത്തും പ്രശംസനീയൻ …..ഏറ്റവും interesting ആയതു ഭഗവാൻ കൃഷ്ണൻ അതിൽ നോക്കിയാൽ എങ്ങിനെ ഇരിക്കും എന്നതാണ്. ….ആരെയാവും കാണുക? കാണുന്ന ആളെ കണ്ടു പിടിക്കാൻ പ്രയാസമാവും….ഒരു മുഖം മാത്രമായി കാണില്ല… .
        അത്ര തന്നെ……
        thank you so much for your other evaluations. …🙏🙏🙏

        1. Raj Purushothaman

          Thank you chechi!

  8. Anonymous

    Im VIJAYALEKSHMY. .nót anonymus…😂😂😂

  9. വിവേക്

    “എല്ലാത്തിലുമെല്ലാം ഞാനാണെന്നും…” അങ്ങിനെ നോക്കുമ്പോൾ കൃഷ്ണൻ ഛായാമുഖിയിൽ നോക്കിയാലും അദ്ദേഹത്തെ തന്നെയല്ലേ കാണൂ?! അദ്ദേഹം നോക്കിയിട്ടുണ്ടാവില്ല, അതിനെല്ലാം അതീതനല്ലേ?
    ഗാന്ധാരിയോ, ധൃതരാഷ്ട്രരോ നോക്കിക്കാണുമോ? അവർക്ക്‌ എന്തു കാഴ്ചയാകും കിട്ടിക്കാണുക, സുയോധനനെയോ?
    നന്നായി എഴുതി,നന്ദി🙏🏻
    പ്രശാന്ത് നാരായണനെ പരാമർശിച്ചതിലും നന്ദി, നേരിട്ട് പരിചയമില്ലെങ്കിലും തിരുവനന്തപുരത്തു വീ ടിനടുത്തായിരുന്നു അദ്ദേഹത്തിന്റെ താമസം. ഛായാമുഖിയുടെ കാര്യത്തിൽ അദ്ദേഹത്തിനെ ആക്ഷേപിക്കുന്ന സ്ഥിതി വരെ ഉണ്ടായി, വേണ്ട വിധത്തിൽ അംഗീകരിക്കപ്പെടാതെ അദ്ദേഹം കടന്നു പോകുകയും ചെയ്തു…

    1. Raj Purushothaman

      നന്ദി വിവേക്, വായിച്ച് ഇത്രയും എഴുതിയതിന്! പ്രശാന്ത് നാരായണനെ അറിയുമെന്നറിഞ്ഞതിൽ സന്തോഷം. അദ്ദേഹം ആക്ഷേപിക്കപ്പെട്ടതിൽ വിഷമമുണ്ട്. ❤️

Leave a Reply