കണ്ടു മറന്നൊരാ മുഖമിന്നു വീണ്ടുമേ
അറിയാതെ മുന്നിൽ കടന്നു വന്നു
പതറാതെ തളരാതെ നെഞ്ചിടിപ്പിടറാതെ
കൺപീലി നനയാതെ നോക്കിനിന്നു
കാലത്തിൻ കളിവഞ്ചി തത്തിക്കളിക്കുന്നു
ഓർമ്മതൻ ഓളപ്പരപ്പുകളിൽ
കെട്ടുപൊട്ടിപ്പോയ പട്ടം കണക്കെയീ
മനമങ്ങു പൊങ്ങിപ്പറന്നിടുന്നു
ഒത്തൊരുമിച്ചു നടന്നൊരാ കാലത്തിൻ
സൗരഭ്യമെങ്ങും നിറഞ്ഞപോലെ
കൊച്ചുപിണക്കങ്ങൾ തഴുകിയുറക്കിയ
നൊമ്പരപ്പൂക്കൾ വിരിഞ്ഞപോലെ
കുളിരായി പിന്നെ കനലായ് വളർന്നൊരാ
കുയിൽനാദമപ്പോൾ ഒഴുകിവന്നു
കമ്പികൾ പൊട്ടിയ ഹൃദയത്തിൻ തംബുരു
ശ്രുതി ചേർത്തിടാതെ മറഞ്ഞുനിന്നു
എന്തു വിളിക്കണം എന്തു പറയണം
എന്നോർത്തു നേരം കടന്നുപോയി
വാക്കുകളില്ലല്ലോ നിർമ്മലപ്രണയത്തിൻ
നേർക്കാഴ്ചയായിപ്പിറന്നുവീഴാൻ.
This Post Has 4 Comments
നല്ല കവിത!
സത്യമാണ് – ഹൃദയം കവർന്ന പ്രണയത്തെ വാക്കുകളിലാക്കാൻ കഴിയുകയില്ല. ❤️🙏
വളരെ നന്നായിട്ടുണ്ട് ശ്രീനി ♥️
നന്നായിട്ടുണ്ട് ശ്രീനി
നന്നായിട്ടുണ്ട് ശ്രീനി