കര്‍മ്മങ്ങള്‍ ഉപേക്ഷിച്ചല്ല, സത്യജ്ഞാനത്തിലുറച്ച നിഷ്കാമ കര്‍മ്മത്തിലൂടെയാണ് കര്‍മ്മസന്യാസം സാധിക്കേണ്ടതെന്ന കഴിഞ്ഞ അധ്യായത്തിലെ പ്രഖ്യാപനത്തെയാണ് കൃഷ്ണന്‍ ഈ ആധ്യായത്തില്‍ വിശദമാക്കുന്നത്.
അതീവ രഹസ്യവും (എളുപ്പത്തില്‍ എല്ലാവര്‍ക്കും ലഭ്യമാകുന്നതല്ലെന്ന സൂചന) അത്യുത്തമവുമായ അറിവായ ആ യോഗവിദ്യയെക്കുറിച്ചാണ് പ്രതിപാദ്യം:
സൂര്യന് ഞാന്‍ നല്‍കിയ ഈ യോഗവിദ്യ മനുവിനും ഇക്ഷ്വാകുവിനും പകര്‍ന്ന് കിട്ടി. പരമ്പരയായി രാജര്‍ഷികളും അറിഞ്ഞ ഈ വിദ്യ, കാലാന്തരത്തില്‍ നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആ രഹസ്യവും ഉത്തമവുമായ അറിവാണ് എന്‍റെ ഭക്തനും സുഹൃത്തുമായ നിനക്ക് ഞാന്‍ പറഞ്ഞു തരുന്നത്.
സൂര്യനുണ്ടായി എത്രയോ ശേഷമാണ് അങ്ങയുടെ ജനനം, എന്ന അര്‍ജ്ജുനന്‍റെ സ്വാഭാവികസംശയം കൃഷ്ണന്‍ തീര്‍ക്കുന്നത് ഇങ്ങനെ: എന്‍റെയും നിന്‍റെയും അനവധി ജന്മനങ്ങള്‍ കഴിഞ്ഞു പോയിരിക്കുന്നു. അവയെ ഞാന്‍ (യോഗേശ്വരനായവന്‍) അറിയുന്നു, (ഇനിയും യോഗിയായിട്ടില്ലാത്ത) നീ അറിയുന്നില്ല.
ജനനവും മരണവുമില്ലാത്ത സര്‍വ്വഭൂത ഈശ്വരനായ ഞാന്‍ എന്‍റെ പ്രകൃതിയായ മായയാല്‍ പ്രത്യക്ഷമാവുന്നു, ജന്മമെടുക്കുന്നു. ധര്‍മ്മത്തിനു ച്യുതിയും അധര്‍മ്മത്തിനു അഭ്യുന്നതിയും ഉണ്ടാകുമ്പോഴൊക്കെ എല്ലാ യുഗങ്ങളിലും ഇതു സംഭവിക്കുന്നു.
എന്‍റെ ജന്മകര്‍മ്മങ്ങളെക്കുറിച്ച് ഇത്തരത്തില്‍ ശരിയാക്കി മനസ്സിലാക്കി, ആസക്തി, ഭയം, ക്രോധം എന്നിവയില്‍ നിന്നു മോചനം നേടി പരിശുദ്ധരായ എത്രയോ സാധകര്‍ എന്‍റെയീ ഭാവത്തെ പ്രാപിച്ചിരിക്കുന്നു.
എല്ലാവരും അവരവരുടെ പ്രകൃതിക്കനുസരിച്ച് ചെയ്യുന്ന എല്ലാ ഉപാസനകളും എന്നിലേക്കുള്ള മാര്‍ഗ്ഗങ്ങള്‍ തന്നെ. മനുഷ്യലോക സിദ്ധമായ കര്‍മ്മഫലങ്ങള്‍ നേടാന്‍ പലരും ദേവകളെ ആരാധിക്കുന്നു. ഇത്തരത്തില്‍ തന്നെ ഗുണ, കര്‍മ്മ ബന്ധിതമായ നാലു വര്‍ണ്ണങ്ങളായി തരം തിരിഞ്ഞതും ഞാന്‍ കാരണമെങ്കിലും എന്നെ അതിന്‍റെയൊന്നും കര്‍ത്താവല്ലാതെയണ് ശരിയായി മനസ്സിലാക്കേണ്ടത്.
– (അധ്യായം നാല്; ശ്ലോകങ്ങള്‍ 1-15)
ദാര്‍ശനികര്‍ പോലും വേര്‍തിരിച്ചറിയാതെ കുഴങ്ങുന്ന കര്‍മ്മം, അകര്‍മ്മം എന്നിവയെക്കുറിച്ചു കൃഷ്ണന്‍ തുടര്‍ന്നു വിശദമാക്കുന്നു:
കര്‍മ്മത്തില്‍ അകര്‍മ്മവും അകര്‍മ്മത്തില്‍ കര്‍മ്മവും കാണുന്നവനാണ് ശരിയായ ജ്ഞാനിയും, യോഗിയും, ശരിയായ പണ്ഠിതനും. കര്‍മ്മ ഫലത്തില്‍ ആസക്തിയില്ലാത്തവനും, നിത്യ സംതൃപ്തനുമായ ഒരുവന്‍ കര്‍മ്മത്തില്‍ വ്യാപരിച്ചാലും ഒന്നും ചെയ്യുന്നില്ല, കര്‍മ്മ ദോഷങ്ങളാല്‍ ബാധിക്കപ്പെടുന്നുമില്ല. യജ്ഞഭാവനയോടെയുള്ള അത്തരം കര്‍മ്മങ്ങള്‍, പ്രകൃതിയുടെ ഭാഗമായി ലയിച്ചു ചേരുന്നു.
യാഗാഗ്നിയും അതില്‍ അര്‍പ്പിക്കുന്ന ഹവിസ്സും, അര്‍പ്പിക്കാനുള്ള പാത്രങ്ങളും അര്‍പ്പിക്കുന്ന ആളും അര്‍പ്പിക്കുന്ന ആ ക്രിയയും എല്ലാം ബ്രഹ്മം തന്നെ. പലരും ഈ യജ്ഞങ്ങള്‍ പല രീതിയില്‍, പല സങ്കല്‍പ്പങ്ങളില്‍ നടത്തുന്നു, എന്നു മാത്രം. വേദങ്ങളില്‍ വിരചിതങ്ങളായ വിവിധതരം യജ്ഞങ്ങളേയും ഹോമങ്ങളെയും പ്രതിപാദിച്ച്, അവയെല്ലാം കര്‍മ്മങ്ങളില്‍ നിന്നുത്ഭവിക്കുന്നവയാണെന്ന് കൃഷ്ണന്‍ വ്യക്തമാക്കുന്നു. ദ്രവ്യത്താലുള്ള അത്തരം യജ്ഞങ്ങളേക്കാള്‍ ജ്ഞാനത്താലുള്ള യജ്ഞം ശ്രേഷ്ഠം തന്നെ. ആ ജ്ഞാനത്തിലാണ് എല്ലാ കര്‍മ്മങ്ങളും ചെന്നവസാനിക്കുന്നത്.
ആത്മജ്ഞാനം നേടിയ ഗുരുക്കളില്‍ നിന്ന് അതീവ ശ്രദ്ധയോടും, സംശയനിവാരണത്താലും, ഗുരുശുശ്രൂഷയിലൂടെയും വേണം ആ ജ്ഞാനം നേടേണ്ടത്. ആ ജ്ഞാനം നേടിയ ഒരാളെ ഒന്നും മോഹിപ്പിക്കില്ല. അയാള്‍ എല്ലാ ചരാചരങ്ങളെയും തന്നിലും ഈശ്വരനിലും കാണുന്നു. ആ ജ്ഞാനം എല്ലാ പാപങ്ങളെയും കര്‍മ്മബന്ധനങ്ങളെയും ഭസ്മമാക്കാന്‍ കഴിവുള്ളതാണ്.
ജ്ഞാനത്താല്‍ സംശയങ്ങളെ നിഗ്രഹിച്ചു യോഗത്താല്‍ കര്‍മ്മത്തെ സന്യസിച്ച ആത്മജ്ഞാനിയെ കര്‍മ്മങ്ങള്‍ ബന്ധിക്കുന്നേയില്ല. അതുകൊണ്ട്, ആത്മജ്ഞാനമായ വാളിനാല്‍ അജ്ഞാനത്താലുള്ള സംശയങ്ങളെ ഛേദിച്ച് യോഗത്തിലുറച്ച് നീ എഴുന്നേല്‍ക്കൂ.
– (അധ്യായം നാല്; ശ്ലോകങ്ങള്‍ 16-42)
ഗീതയിലുടനീളം ‘ഞാന്‍, എന്‍റെ’ എന്നൊക്കെ കൃഷ്ണന്‍ പറയുന്നത് സാന്ദര്‍ഭികമായി വേണം നാം മനസ്സിലാക്കാന്‍. അതിന്‍റെ ഒരു ഉദാഹരണം ഈ അധ്യായത്തിന്‍റെ തുടക്കത്തില്‍ തന്നെ കാണാം: സൂര്യനു ഞാന്‍ ഈ യോഗവിദ്യ ഉപദേശിച്ചു എന്നും സര്‍വ്വ ഭൂത ഈശ്വരനായ ഞാന്‍ എന്നും പറയുന്നിടത്ത് പരമേശ്വരന്‍ എന്ന തലത്തില്‍ (അഹം ബ്രഹ്മാസ്മി എന്നുറച്ച ബോധത്തില്‍) നിന്നാണത് പറയുന്നത്. എന്നാല്‍ അനവധി ജന്മങ്ങളെ ഞാന്‍ അറിയുന്നു, നീ അറിയുന്നില്ല എന്നു പറയുന്നിടത്ത് അര്‍ജ്ജുനനുമായി സംസാരിക്കുന്ന യോഗിയായ കൃഷ്ണനായാണ് പറയുന്നത്.
അവതാരം എന്ന സങ്കല്‍പത്തിലേക്ക് ചേര്‍ത്തു വയ്ക്കാവുന്ന ഒരു പ്രസ്താവം ഈ അധ്യായത്തില്‍ പറയുന്നുണ്ട്. എന്നാല്‍ അത് പത്തോ അങ്ങനെ ചുരുക്കം ചില പ്രത്യേക അവതാരങ്ങള്‍ മാത്രമല്ലെന്ന് അതില്‍ തന്നെ വ്യക്തമാണ്. ഈ സത്യം മനസ്സിലാക്കിയ ജന്മങ്ങള്‍ പലതും യോഗേശ്വര തലത്തിലേക്കുയര്‍ന്ന് ആ ഭാവം പ്രാപിച്ചിട്ടുണ്ടെന്നും പറയുന്നു. യോഗേശ്വരന്മാരായി ജന്മമെടുത്തവരും ജീവിതത്തിന്‍റെ പ്രത്യേകഘട്ടത്തില്‍ ആ ഭാവം പ്രാപിച്ചവരും അക്കൂട്ടത്തിലുണ്ടെന്നു പറയുമ്പോള്‍, ഓരോ ജന്മവും ആ ഒരു സാധ്യത പേറുന്നവ തന്നെയാണെന്നു കൂടിയാവണമല്ലോ വിവക്ഷ.
എല്ലാത്തിനും കാരണം ഈശ്വരനെങ്കിലും കര്‍മ്മങ്ങളുണ്ടാകുന്നത് ഗുണ/വാസനാ ബന്ധിതമായിട്ടാണെന്നും, അതിന്‍റെയൊന്നും കര്‍തൃത്വം ഈശ്വരനില്ലെന്നുമാണ് പറയുന്നത്. അത്തരം ഒരു സാക്ഷി ഭാവത്തില്‍ യോഗത്തിലൂടെ എത്തിയ ഒരുത്തന്‍ കര്‍മ്മത്തിലും അകര്‍മ്മത്തെ കാണുന്നു. അതായത് കര്‍മ്മങ്ങളില്‍ കുശലതയോടെ വ്യാപരിക്കുമ്പോഴും അതൊന്നും ‘ഞാന്‍ ചെയ്യുന്നു’ എന്ന കര്‍തൃത്വം എറ്റെടുക്കുന്നില്ല. അതെല്ലാം ഈ ശരീരത്തിന്‍റെ ഗുണ-വാസനാ ബന്ധിതമായി സംഭവിക്കുന്നതാണല്ലോ. അവ പ്രകൃതിയുടെ ഭാഗങ്ങളായ യജ്ഞങ്ങള്‍ മാത്രമാണ്. ആ അറിവിലൂടെയാണ്, ജ്ഞാനത്തിലൂടെയാണ് കര്‍മ്മ സന്യാസം നേടേണ്ടത്. അങ്ങനെയാണ് കര്‍മ്മങ്ങളില്‍ നിന്നു മുക്തി നേടേണ്ടത്. അതാണ് ഈ അധ്യായത്തിന്‍റെ മുഖ്യ സന്ദേശം.