അര്‍ജ്ജുനന്‍റെ തീരുമാനം മാറ്റിയെടുക്കാന്‍ കൃഷ്ണന്‍ ഇത്തരമൊരു മൌഢ്യം നിനക്കു ചേരില്ലെന്നും മറ്റും പറഞ്ഞു നോക്കിയിട്ടും, തന്‍റെ തീരുമാനത്തിലുറച്ചു നില്‍ക്കാന്‍ ഭീഷ്മാചാര്യരെപ്പോലെയുള്ളവരെയും ഗുരുജനങ്ങളെയുമൊക്കെ വധിക്കുന്നതെങ്ങനെ, തുടങ്ങിയ വാദങ്ങള്‍ അര്‍ജ്ജുനന്‍ തുടര്‍ന്നും നിരത്തുന്നുണ്ട്. എന്നാല്‍ ഒരു ഘട്ടത്തില്‍ ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ച് താന്‍ ആശയക്കുഴപ്പത്തിലാണെന്നും ആശയക്കുഴപ്പത്തിലാണെന്നും തന്‍റെ ശിഷ്യത്വം സ്വീകരിച്ചു തന്നെ ഉപദേശിക്കണമെന്നും, അതു വരെ താന്‍ യുദ്ധം ചെയ്യുന്നില്ലെന്നും പറയുന്നതോടെ, കൃഷ്ണന്‍ തന്‍റെ ഗീതോപദേശം ആരംഭിക്കുകയായി.
– (അധ്യായം രണ്ട്; ശ്ലോകങ്ങള്‍ 1-10)
രണ്ടാം അധ്യായത്തിലെ പതിനൊന്നാം ശ്ലോകം മുതല്‍ ശ്രീ കൃഷ്ണന്‍ ഗീതോപദേശം തുടങ്ങുകയാണ്:
നാമോരോരുത്തരിലുമുള്ള ‘ഞാന്‍’ എന്ന ആത്മാവ് ഒരിക്കലും ഇല്ലാതിരുന്നിട്ടില്ല, ഇല്ലാതാവുകയുമില്ല. മരണസമയത്ത് ആ ദേഹി ഈ ദേഹം വിട്ട് മറ്റൊന്നിലേക്ക് മാറുന്നേയുള്ളു. അതിനെക്കുറിച്ച് വിഷമിക്കാതിരിക്കുക. ദേഹത്തിനു മാത്രമേ നാശമുള്ളു, ആത്മാവിനില്ല. ആത്മാവ് ജനിക്കുന്നുമില്ല, മരിക്കുന്നുമില്ല. അതിനെ ആര്‍ക്കും കൊല്ലാനോ, മുറിപ്പെടുത്താനോ ഒന്നും സാധിക്കില്ല.
സത്യമായ (സത്) ഒന്നു ഒരിക്കലും ഇല്ലാതാവുകയോ, ഇല്ലാത്ത ഒന്ന് (അസത്) ഉണ്ഡാവുകയോ ചെയ്യില്ല. നിത്യമായ സത്യത്തെ അസത്യമായവയില്‍ നിന്ന് വേര്‍തിരിച്ചറിയുന്നവനാണ് തത്വജ്ഞാനി.
ജന്മമെടുത്ത എല്ലാ ജീവ ശരീരങ്ങളും വസ്തുവകകളും അവ്യക്തമായ അക്ഷരത്തില്‍ നിന്ന് താത്ക്കാലികമായി പ്രകടമായി വീണ്ടും അതിലേക്കു തിരിച്ചു പോകുന്നവയാണ്. സ്വാഭാവികവും ഒഴിവാക്കാനാവാത്തതുമായ ഈ പരിണതിയെക്കുറിച്ച് എന്തിനു ദു:ഖിക്കണം?
ക്ഷത്രിയനായ നിന്‍റെ ധര്‍മ്മം യുദ്ധം ചെയ്യലാണ്. ധര്‍മ്മ യുദ്ധം നയിക്കുക എന്ന നിന്‍റെ ധര്‍മ്മത്തില്‍ നിന്നു വ്യതിചലിക്കുന്നതാണ് പാപം. ജയ പരാജയങ്ങളെക്കുറിച്ചോ, കഷ്ട നഷ്ടങ്ങളെക്കുറിച്ചോ, ചിന്തിക്കാതെ ധര്‍മ്മമെന്ന നിലയില്‍ നീ യുദ്ധം ചെയ്യുക.
– (അധ്യായം രണ്ട്; ശ്ലോകങ്ങള്‍ 11-38)
നിത്യ-അനിത്യ, സത്യ-അസത്യ വിവേകത്തിലൂന്നിയ സാംഖ്യമാര്‍ഗ്ഗമാണ് ഇതുവരെ പറഞ്ഞു തന്നത്. അതിലൂടെ വേര്‍തിരിച്ചറിഞ്ഞ സത്യത്തെ സ്വാംശീകരിച്ചു കര്‍മ്മങ്ങള്‍ നടത്താനുള്ള യോഗമാര്‍ഗ്ഗത്തെക്കുറിച്ചും പറഞ്ഞു തരാം:
അറിവില്ലാത്തവര്‍ സ്വര്‍ഗ്ഗം, പുനര്‍ജ്ജന്മ നേട്ടങ്ങള്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍ വച്ച് പലതരം ക്രിയാകര്‍മ്മങ്ങള്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. അത്തരം മനസ്സുകള്‍ ഒരിക്കലും ഏകാഗ്രതയിലേക്ക് എത്തുന്നില്ല. സത്വ, രജോ, തമോ ഗുണങ്ങളിലൂന്നിയ ഭൌതിക ലക്ഷ്യങ്ങളാണവ പ്രതിനിധാനം ചെയ്യുന്നത്. ആ തൃഗുണങ്ങള്‍ക്ക് ഉപരിയായ ശുദ്ധ ബോധ തലത്തിലേക്ക് ഉയര്‍ന്ന്, നിത്യമായ ആ ആത്മാവിലുറച്ചു നില്‍ക്കുകയാണ് വേണ്ടത്.
കര്‍മ്മത്തിലേ നിനക്ക് അധികാരമുള്ളൂ, കര്‍മ്മ ഫലത്തിലില്ല. ആ കര്‍മ്മത്തിനു കാരണക്കാരന്‍ നീയാണെന്ന സംഗത്തില്‍ നിന്ന് നീ മുക്തനാവണം. അതേ സമയം അതു കര്‍മ്മത്തിനോടുള്ള അലംഭാവമായി മാറുകയും ചെയ്യരുത്. കര്‍മ്മഫലത്തിനോട് സംഗത്വമില്ലാതെ സ്വകര്‍മ്മത്തില്‍ അചഞ്ചലമായ ആ സ്ഥിതിയാണ് യോഗം. കര്‍മ്മത്തിലുള്ള ആ കൌശലമത്രേ യോഗം! അത്തരമൊരു യോഗി എല്ലാ ക്ലേശങ്ങള്‍ക്കുമതീതനായിത്തീരുന്നു.
അത്തരമൊരു ‘സ്ഥിതപ്രജ്ഞ’നായ യോഗിയുടെ ലക്ഷണങ്ങളറിയാനുള്ള അര്‍ജ്ജുനന്‍റെ ആഗ്രഹത്തിനുത്തരമായി കൃഷ്ണന്‍ പറയുന്നു:
സ്വാര്‍ത്ഥമായ ആഗ്രഹങ്ങള്‍ വെടിഞ്ഞ് ആത്മസാക്ഷാത്കാരത്തില്‍ സന്തുഷ്ടനായ, ക്ലേശ, ഭയ, കോപ, സുഖ, ദു:ഖങ്ങളില്‍ മനസ്സ് ചഞ്ചലമാകാത്ത, ഏതവസരത്തിലും നിസ്സംഗനായിരിക്കുന്ന, ഇന്ദ്രിയ നിയന്ത്രണം സ്വായത്തമാക്കിയ ഒരാളാണ് അത്തരമൊരു സ്ഥിതപ്രജ്ഞനായ യോഗി.
ഇന്ദ്രിയങ്ങള്‍ ഏതൊരുവന്‍റെയും മനസ്സിനെ ചഞ്ചലപ്പെടുത്താനും വിഷയങ്ങളില്‍ ആഗ്രഹവും, അഭിനിവേശവും ജനിപ്പിക്കാനും അവയില്‍ നിന്നു കോപമുളവാക്കാനും ശക്തിയുള്ളവയാണ്. അത്തരം കോപം, വിവേകത്തെ മറച്ച് ബുദ്ധിയെ നശിപ്പിച്ചു സ്വയം നാശത്തിലേക്ക് നയിക്കാന്‍ പ്രാപ്തമാണ്.
എന്നാല്‍ ഇന്ദ്രിയങ്ങളെ അടക്കി വിഷയങ്ങള്‍ക്കിടയിലൂടെ നിസ്സംഗനായി നീങ്ങാന്‍ സാധിക്കുന്നവന്‍ നിത്യമായ ആനന്ദത്തെയും ശാന്തിയെയും പ്രാപിക്കുന്നു. ഇത്തരം ബ്രഹ്മിസ്ഥിതിയെ പ്രാപിച്ച് മരണകാലത്തെങ്കിലും ആത്മാവില്‍ ഉറച്ചിരിക്കാനാവുന്നവര്‍ മോക്ഷം നേടുന്നു.
– (അധ്യായം രണ്ട്; ശ്ലോകങ്ങള്‍ 39-72)
ബുദ്ധി കൊണ്ട് വേര്‍തിരിച്ചറിഞ്ഞു (സത്യത്തെ അസത്യത്തില്‍ നിന്ന്, നിത്യമായതിനെ അനിത്യമായതില്‍ നിന്ന്, ശരിയായ ‘ഞാന്‍’ എന്ന സ്വത്വത്തെ ശരീരത്തില്‍ നിന്ന്, തുടങ്ങി) അറിയുന്ന മാര്‍ഗ്ഗത്തെയാണ് സാംഖ്യമെന്ന് ഇവിടെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ അത്തരം അറിവിനെ ഒരു അനുഭവമാക്കി സ്വജീവിതത്തില്‍ സ്വാംശീകരിച്ച് അങ്ങനെ തന്‍റെ ആത്മാവില്‍ അഥവാ പ്രപഞ്ചത്തിന്‍റെ അടിസ്ഥാന സത്തയില്‍ അടിയുറച്ചു നിന്ന് തന്‍റെ കര്‍മ്മങ്ങള്‍ നിസ്സംഗമായി എന്നാല്‍ അത്യധികം കുശലതയോടും ശ്രദ്ധയോടും ചെയ്യുന്ന മാര്‍ഗ്ഗത്തെ യോഗമെന്നും. സാംഖ്യം, യോഗം എന്ന പേരില്‍ പ്രസിദ്ധമായ ഷഡ്ദര്‍ശനങ്ങളിലെ ഭാരതീയ വൈദിക ദര്‍ശനങ്ങളുടെ നേരിട്ടുള്ള ഒരു പ്രതിപാദനമല്ല ഇവിടുള്ളത് എന്നു പരിശോധിച്ചാല്‍ കാണാം.
നിന്‍റെയും ചുറ്റുമുള്ള ഈ യോദ്ധാക്കളുടേയും എല്ലാ ചരാചരങ്ങളുടേയും സത്യമായ ഉണ്മ, സ്വത്വം നിത്യമായ ഒന്നാണെന്നും അത് താല്‍ക്കാലികമായ ശരീരങ്ങളില്‍ നിന്നു ഭിന്നമാണെന്നും, അത് കൊണ്ട് ആ സത്യമായതിനെ കൊല്ലാനോ ഇല്ലാതാക്കാനോ സാധിക്കില്ലെന്നും മനസ്സിലാക്കി, ആ അറിവില്‍ ഉറച്ച് നിന്‍റെ കര്‍മ്മമായ, ധര്‍മ്മമായ യുദ്ധം അങ്ങേയറ്റം ശ്രദ്ധയോടും, ഉത്സാഹത്തോടും, കുശലതയോടും ചെയ്യാനാണ് ശ്രീകൃഷ്ണന്‍ ഈ അധ്യായത്തിലൂടെ അര്‍ജ്ജുനനോട് ഉപദേശിക്കുന്നത്.
അര്‍ജ്ജുനന്‍റെ മൌഢ്യം ഒഴിവാക്കി തിരിച്ചു യുദ്ധോത്സുകതയിലേക്ക് കൊണ്ടു വരാന്‍ വേണ്ട ആത്യന്തിക ഉപദേശം ഈ അധ്യായത്തിലുണ്ട്. ജീവിത സാഹചര്യങ്ങളില്‍ മൌഢ്യമോ സംശയമോ മൂലം കര്‍മ്മത്തില്‍ നിന്നു പിന്മാറാനോ, വ്യതിചലിക്കാനോ തുടങ്ങുന്ന ഏതൊരാള്‍ക്കുമുള്ള ആത്യന്തിക ഉപദേശം ഇതു തന്നെ. അതാവണം, ഈ അധ്യായത്തിന് കൈ വന്നിട്ടുള്ള ഏറിയ പ്രാധാന്യത്തിനു കാരണവും.
ബാക്കി അധ്യായങ്ങള്‍ അറിവില്ലായ്മയില്‍ നിന്നും വിഷാദത്തില്‍ നിന്നും പുറത്തു വരുന്ന അര്‍ജ്ജുനന്‍ ചോദിക്കുന്ന തുടര്‍ ചോദ്യങ്ങളില്‍ നിന്നാണ് ഉണ്ടാവുന്നത്.