സപത്നിയിൽ നിന്നുള്ള ദുഃഖം!

‘സാപത്ന്യോൽഭവദുഃഖമെത്രയും കഷ്ടം! കഷ്ടം!

താപത്തെസ്സഹിപ്പതിനാളല്ല നീയുമെടോ!’

എഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണത്തിൽ ശ്രീരാമൻ ശൂർപ്പണഖയോട് പറയുന്നതാണ് ഈ വരികൾ.

ആകാശമാർഗ്ഗത്തിൽ സഞ്ചരിച്ചിരുന്ന ശൂർപ്പണഖ ശ്രീരാമനെ കണ്ട് മോഹിച്ച് അദ്ദേഹത്തോട് വിവാഹാഭ്യർത്ഥന നടത്തിയപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

അർത്ഥം ഇതാണ് – ഒരാൾക്ക് ഒന്നിലധികം ഭാര്യമാരുണ്ടാകുന്ന അവസ്ഥയിൽ, ഒരു പത്നിക്ക് സപത്നിയിൽ നിന്നുണ്ടാവുന്ന ദുഃഖം (സാപത്ന്യോൽഭവദുഃഖം) സഹിക്കാൻ പ്രയാസമാണ്!

ശൂർപ്പണഖയെ ഇത് പറഞ്ഞു മനസ്സിലാക്കാൻ ശ്രീരാമൻ ഉപയോഗിച്ച വാക്കുകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് – “താപത്തെസ്സഹിപ്പതിനാളല്ല നീയുമെടോ” (ആ ദുഃഖം സഹിക്കാൻ നിനക്കും കഴിയില്ല).

‘നിനക്കും കഴിയില്ല’ എന്നദ്ദേഹം പറയണമെങ്കിൽ മറ്റൊരാളുടെ അനുഭവം ശ്രീരാമൻ നേരിട്ട് കണ്ടിട്ടുണ്ടാവണമല്ലോ! ആരുടേതാവാം അത്?

അതദ്ദേഹത്തിൻ്റെ മാതാവായ കൗസല്യാദേവിയുടെ അനുഭവം തന്നെയാണ്!

ദശരഥൻ്റെ മറ്റൊരു പത്നിയായ കൈകേയി കാരണമാണല്ലോ ശ്രീരാമന് രാജ്യമുപേക്ഷിച്ച് വനവാസം നടത്തേണ്ടിവന്നത്.

ആ അവസരത്തിൽ കൗസല്യ ദീർഘനേരം വിലപിക്കുന്നുണ്ട്. അതിനിടയിൽ ശ്രീരാമനോട് ഇങ്ങനെയും പറയുന്നു-

‘നാടുവാഴേണം ഭരതനെന്നാകിൽ നീ

കാടുവാഴേണമെന്നുണ്ടോ വിധിമതം?

എന്തു പിഴച്ചിതു കൈകേയിയോടു നീ

ചിന്തിക്ക ഭൂപനോടും കുമാരാ! ബലാൽ

……….

എന്നുടെ വാക്യത്തെ ലംഘിച്ചു ഭൂപതി-

തന്നുടെ വാചാ ഗമിക്കുന്നതാകിലോ,

ഞാനുമെൻ പ്രാണങ്ങളെ ത്യജിച്ചീടുവൻ

……….’

(എൻ്റെ വാക്ക് ചെവിക്കൊള്ളാതെ പിതാവിൻ്റെ വാക്കു മാത്രം കേട്ട് നീ കാട്ടിൽ പോയാൽ എൻ്റെ ജീവൻ നഷ്ടപ്പെടും എന്നാണ് ആ അമ്മയുടെ വിലാപം.)

ഒരു സ്ത്രീക്കും സഹിക്കാവുന്നതല്ല, തൻ്റെ ഭർത്താവിൻ്റെ മറ്റൊരു ഭാര്യ മൂലം സ്വന്തം മകൻ നാടുവിട്ട് കാട്ടിൽ പോകേണ്ടിവരുന്ന അവസ്ഥ!

*

ചുരുക്കിപ്പറഞ്ഞാൽ ഒരാൾക്ക് ഒരു ഭാര്യയിൽ കൂടുതലായാൽ കുടുംബങ്ങളിൽ ഉണ്ടാകാവുന്ന ദുരന്തമാണ് ഇവിടെ പരാമർശിക്കപ്പെട്ടിട്ടുള്ള വിഷയം. വലിയൊരു സാമൂഹിക വിഷയമാണിത്.

അതിലേക്ക് കടക്കുന്നതിനു മുമ്പ് ഒരു ചോദ്യം – നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും എക്കാലത്തേക്കും പ്രസക്തമായ ഇത്തരം സാമൂഹികപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടിട്ടുണ്ടോ?

ഉണ്ട്, പക്ഷേ അത് മനസ്സിലാവാൻ വായനക്കാരായ നമ്മുടെ ബുദ്ധി കൂടി ഉണർന്നു പ്രവർത്തിക്കണം.

നമ്മുടെ പുരാണങ്ങൾ പരിശോധിച്ചാൽ ബഹുഭാര്യാത്വവും അംഗീകരിക്കപ്പെട്ടിട്ടുള്ളതായി കാണാം. എത്രയോ മഹാരഥന്മാർക്ക് ഒന്നിലധികം ഭാര്യമാരുണ്ട്.

അതോടൊപ്പം ബഹുഭാര്യാത്വത്തിനെതിരായി ശ്രീരാമൻ ശൂർപ്പണഖയോടു പറയുന്ന ഈ വചനങ്ങളും കേൾക്കാം. കൗസല്യാദേവിയുടെ അനുഭവങ്ങളും വായിക്കാം.

ഇവയിൽ ഏതെടുക്കണം, ഏതു വിടണം എന്നു തീരുമാനിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം നമ്മുടേതാണ്. ആരും നമ്മളിൽ ഒന്നും അടിച്ചേല്പിക്കുന്നില്ല.

ഏതു മതഗ്രന്ഥവും വായിക്കുമ്പോൾ നമ്മുടെ ഈ വിവേചനശക്തി സദാ ഉണർന്നിരിക്കേണ്ടതുണ്ട്.

*

ഈ സന്ദർഭത്തിൽ ഭാരതീയ പുരാണങ്ങളുടെ പൊതുവെയുള്ള സ്വീകാര്യതയെപ്പറ്റിയും ഒരല്പം ചിന്തിക്കേണ്ടതുണ്ട് – ഇന്നും നിലനില്ക്കുന്ന നമ്മുടെ പുരാതന ഗ്രന്ഥങ്ങളിൽ പലതും മഹാമനീഷികളാണ് രചിച്ചിട്ടുള്ളതെങ്കിലും, പില്ക്കാലങ്ങളിൽ മറ്റുള്ളവർ അതു തിരുത്തിയിട്ടുണ്ടാവാൻ സാധ്യതയുണ്ട്. സ്വന്തം കാര്യലാഭത്തിനു വേണ്ടി ആളുകൾക്ക് അങ്ങനെ എന്താണ് ചെയ്തുകൂടാത്തത്! എത്രയോ തലമുറകൾ കൈമാറി വന്നതാണ് നമ്മുടെ പുരാണങ്ങൾ! ഇക്കാലമത്രയും ആരും അതിൽ മായം കലർത്തിയിട്ടില്ലെന്ന് കരുതുന്നത് തെറ്റാവും.

അപ്പോൾ അവയുടെ വിശ്വാസ്യതയെ ഒരല്പം കരുതലോടെ വേണം നമ്മൾ സ്വീകരിക്കുവാൻ.

അതുകൊണ്ട് അന്യരോടുള്ള വെറുപ്പോ വിദ്വേഷമോ അയിത്തമോ പോലെയുള്ള മനുഷ്യത്വരഹിതമായ കാര്യങ്ങൾ എവിടെയെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ അവയെല്ലാം മാറ്റിവെക്കുക. എന്നിട്ട് നമ്മുടെ ഗ്രന്ഥങ്ങളിലെ മുത്തുകൾ മാത്രം പെറുക്കിയെടുക്കുക.

*

അതവിടെ നില്ക്കട്ടെ, സപത്നിയിൽ നിന്നുള്ള ദുഃഖമാണല്ലോ വിഷയം. അതോടു ചേർക്കാൻ ഒരു സംഗതി കൂടി പറയാം.

മക്കളുണ്ടാവാൻ ദശരഥമഹാരാജാവ് പുത്രകാമേഷ്ടിയാഗം നടത്തിയത് നമുക്കറിയാം. അതിനൊടുവിൽ സ്വർണ്ണപ്പാത്രത്തിൽ പായസവുമായി അഗ്നിഭഗവാൻ പ്രത്യക്ഷനായി.

പ്രസാദമായി കിട്ടിയ പായസത്തിൻ്റെ പകുതി മഹാരാജാവ് കൗസല്യയ്ക്കും, ബാക്കി പകുതി കൈകേയിക്കും കൊടുത്തു.

കൗസല്യാദേവി തനിക്കു കിട്ടിയ പായസത്തിൻ്റെ പകുതി സുമിത്രയ്ക്കു കൊടുത്തു. അതു കണ്ട് കൈകേയിയും തനിക്കു കിട്ടിയതിൽ പകുതി സുമിത്രയ്ക്കു കൊടുത്തു.

 

അങ്ങനെ ചെയ്തില്ലായിരുന്നെങ്കിലോ?

സുമിത്രാദേവി മാത്രം ഒന്നും കിട്ടാതെ തഴയപ്പെട്ടു പോകുമായിരുന്നു. മറ്റൊരു വലിയ ദുഃഖത്തിൽ കലാശിക്കുമായിരുന്നു ആ സംഭവവും!

ദശരഥമഹാരാജാവ് മാത്രമല്ല, പുരാണങ്ങളിലും ജീവിതത്തിലും ഒന്നിലധികം ഭാര്യമാരുള്ള ഭർത്താക്കന്മാരൊക്കെയും സ്നേഹം പങ്കിടുന്നതിൽ പോലും തുല്യത കൈവരിച്ചിട്ടുള്ളവർ ആവില്ല!

തൻ്റെ ഭാര്യമാരിൽ കൈകേയിയോടായിരുന്നത്രേ ദശരഥന് ഏറ്റവും പ്രിയം. ശ്രീരാമനെ യുവരാജാവായി അഭിഷേകം ചെയ്യാൻ അദ്ദേഹം തീരുമാനിച്ചപ്പോൾ കൗസല്യാദേവിയുടെ മനസ്സു പിടഞ്ഞത് എഴുത്തച്ഛൻ ഇങ്ങനെ വർണ്ണിക്കുന്നുണ്ട്-

‘കാമുകനല്ലോ നൃപതി ദശരഥൻ

കാമിനി കൈകേയീചിത്തമെന്തീശ്വര!’

*

ഇതിൽ നിന്നൊക്കെ നമ്മൾ എന്താണ് മനസ്സിലാക്കേണ്ടത്? സാംസ്കാരികമായി ഉന്നതി പ്രാപിച്ച ഒരു സമൂഹത്തിനു ചേർന്നത് ആധികളില്ലാത്ത കുടുംബ ജീവിതമാണ്.

അതിന് ഉതകുന്നത് ഒരു പുരുഷന് ഒരു സത്രീ എന്ന, ഇന്നത്തെ പരിഷ്കൃതസമൂഹം അംഗീകരിച്ച വ്യവസ്ഥിതി തന്നെയാണ്. ഇനിയുള്ള കാലങ്ങളിലും അതിനു വ്യത്യാസമുണ്ടാവില്ലെന്ന് പ്രത്യാശിക്കാം.

ശ്രീരാമനെക്കൂടാതെയും ഏകപത്നീവ്രതത്തിൽ ഉറച്ചു നിന്നിട്ടുള്ള പൗരാണിക നായകന്മാർ ഏറെയുണ്ട് നമുക്ക്. ശ്രീപരമേശ്വരൻ അവരിൽ മുഖ്യനാണ്.

പിന്നെയൊരാൾ മഹാബലിയാണ്. നമ്മുടേതെന്ന് നമ്മൾ അഹങ്കരിക്കുന്ന മഹാബലിക്ക് അങ്ങനെ ഗുണങ്ങൾ എത്രയോ ഉണ്ട്!

അടുത്ത മന്വന്തരത്തിലെ ഇന്ദ്രനായി വിഷ്ണുഭഗവാൻ അവരോധിച്ച മഹാബലി ആ സ്ഥാനത്തിനപ്പോൾ എന്തുകൊണ്ടും യോഗ്യനാണ്!

This Post Has 16 Comments

  1. Dhanya

    Good Read as always Raj😊 Allengilum 2 -3 times oke marriage cheyunavarde deiryam sammathikanam😅

    1. Raj Purushothaman

      Thank you Dhanya! Yes, you’re right. 😅

  2. Subhash

    നന്നായി വിശകലനം ചെയ്തിരിക്കുന്നു !!
    എഴുത്തു തുടരുക

    1. Raj Purushothaman

      Thanks for the encouragement Subhash! 😊

  3. ആശ തിലകൻ

    ഇന്നത്തെയെന്നല്ല , എന്നത്തെയും സാമൂഹ്യപ്രശ്നം തന്നെയാണ് ഇവിടെ ചൂണ്ടിക്കാണിച്ചിട്ടുള്ളത് . ഈ സമീപനം നന്നായിട്ടുണ്ട് !
    എഴുത്തു തുടരട്ടെ ….

    1. Raj Purushothaman

      Thank you Ashachechi! 😊

  4. Mini

    Interesting!

    1. Raj Purushothaman

      Thank you Minichechi! 😊

  5. Betsy Paul C

    The way in which the narration takes the reader from a nuanced understanding of Rama’s words to Soorpanakha to Rama’s psychological buildup from his past experiences and from there to general observations on monogamy and morality is quite captivating. Keep writing. All the best 👍

    1. Raj Purushothaman

      Thank you Dr. Betsy! 😊

  6. Santha Warriar

    എക്കാലത്തും പ്രസക്തമായ ഒരു വിഷയത്തെ രാജ് ഭംഗിയായി വിശകലനം ചെയ്തു 👏🏻👍
    എഴുത്ത് തുടരൂ 💐

    1. Raj Purushothaman

      Thank you Santhachechi! 😊

  7. Deepa

    All your articles so far (including the present one) are very well researched, vey well written and thought provoking 👌. You have raised many valid points in the article. I fully agree to your point that monogamy should be the rule for everyone. “ഏതു മതഗ്രന്ഥവും വായിക്കുമ്പോൾ നമ്മുടെ ഈ വിവേചനശക്തി സദാ ഉണർന്നിരിക്കേണ്ടതുണ്ട്” എന്ന് പറഞ്ഞത് വളരെ ശെരിയാണ്. Keep writing 👏🙏

    1. Raj Purushothaman

      Thank you Deepa! 😊

  8. Haseena Mehfil

    ബഹുഭാര്യത്വം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. പുരാണങ്ങളിലും അത്‌ വിമർശിക്കപ്പെട്ടിരുന്നു എന്നറിയുമ്പോൾ സന്തോഷം .

    1. Raj Purushothaman

      Thank you Haseena! 🙂

Leave a Reply