എന്താണ് മായ?
നമ്മൾ എവിടെയോ നില്ക്കുകയാണെന്ന് നമുക്കറിയാം. നമുക്കു ചുറ്റും എന്തൊക്കെയോ സംഭവിക്കുന്നുണ്ടെന്നും അറിയാം.
എന്നാൽ നമ്മൾ ‘മനസ്സിലാക്കിയിരിക്കുന്ന യാഥാർത്ഥ്യവും’, സത്യത്തിൽ നടക്കുന്നതും തമ്മിൽ എത്രയോ അന്തരമുണ്ട്!
നമ്മുടെ ജീവൻ എവിടെ നിന്നു വന്നെന്ന് നമുക്കറിയില്ല. മറ്റേതെങ്കിലും ജീവിതത്തിൻ്റെ തുടർച്ചയാണോ ഈ ജീവിതമെന്നും അറിയില്ല. ഈ ജന്മം കഴിഞ്ഞ് നമ്മളെങ്ങോട്ടു പോകുമെന്നും നമുക്കറിയില്ല.
അപ്പോൾ നമുക്ക് നമ്മളെപ്പറ്റി എന്താണ് അറിയുന്നത്? – സത്യത്തിൽ ഒന്നുമറിയില്ല!
ചുറ്റും കാണുന്നതു മാത്രമാണ് യാഥാർത്ഥ്യമെന്ന് കരുതി നമ്മൾ ജീവിച്ചു പോകുന്നു.
സത്യത്തിൽ നിന്ന് വിട്ടകന്ന് നമ്മൾ കാണുന്നതും മനസ്സിലാക്കുന്നതും ഒക്കെ മായയാണ്.
നമ്മുടെ മനസ്സിനെ അതിൽ നിന്ന് പിൻവലിക്കാൻ കഴിയില്ല എന്നതാണ് അതിൻ്റെ പ്രത്യേകത. മനസ്സിനോടൊപ്പം നമ്മളും അതിൽ കുടുങ്ങി ത
ന്നെ കിടക്കും. അതാണ് മായയുടെ ശക്തി!
ഒരു ദിവസം നാരദമഹർഷി വിഷ്ണുഭഗവാനോട് ജീവിതത്തിൻ്റെ രഹസ്യത്തെപ്പറ്റി ചോദിച്ചു. ജീവിതം എന്നത് മായ കാരണം നമുക്കുണ്ടാവുന്ന ഒരു തോന്നൽ മാത്രമാണെന്ന് ഭഗവാൻ മറുപടി കൊടുത്തു.
എന്നാൽ ഇതുകൊണ്ട് നാരദൻ തൃപ്തനായില്ല. ഇപ്പോഴത്തെ അവസ്ഥയിൽ മായയെ അനുഭവിച്ചറിയണമെന്ന് അദ്ദേഹം വാശിപിടിച്ചു.
മഹാവിഷ്ണു നാരദനെയും കൂട്ടി ഗരുഡൻ്റെ പുറത്തിരുന്ന് ഒരിടത്തേക്ക് യാത്രയായി.
വൈകുണ്ഠത്തിൽ നിന്നവർ ഭൂമിയിലേക്കു വന്നു. മനോഹരങ്ങളായ വനങ്ങളും നദികളുമൊക്കെ കടന്ന് ഒടുവിൽ കന്യാകുബ്ജത്തിലെത്തിച്ചേർന്നു. അവിടെ ഒരു സുന്ദരമായ പൊയ്ക കണ്ടപ്പോൾ അതിൻ്റെ കരയിൽ ഇറങ്ങാൻ അവർ തീരുമാനിച്ചു.
അവിടെ കുറച്ചു നടന്നതിനു ശേഷം ഒരു മരച്ചുവട്ടിൽ അവരല്പം വിശ്രമിച്ചു.
ആ തടാകത്തിൽ കുളിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഒന്ന് മുങ്ങിക്കുളിച്ചു വരാൻ വിഷ്ണുഭഗവാൻ നാരദനോടു പറഞ്ഞു.
നാരദൻ സന്തോഷത്തോടെ ‘മഹതി’ എന്ന തൻ്റെ വീണയും മാൻതോലും കരയിൽ വെച്ച് ആചമനം ചെയ്ത് വെള്ളത്തിൽ ഇറങ്ങി മുങ്ങി…
*
നാരദൻ എന്ന പേര് എങ്ങനെയാണുണ്ടായത്?
‘നാരം’ എന്നാൽ ജലം എന്നർത്ഥം. ജലം ദാനം ചെയ്യുന്നവനാണ് ‘നാരദൻ’. ജലത്തിന് പലപ്പോഴും ജീവനോളം പ്രാധാന്യമുണ്ട് എന്നും കണക്കാക്കണം!
‘ശങ്കരാഭരണം’ എന്ന സംഗീതപ്രധാനമായ തെലുഗു സിനിമയിൽ ഒരു പാട്ടിൻ്റെ രണ്ടു വരികൾ ഇങ്ങനെയാണ്-
‘നാരദ നീരദ മഹതീനിനാദ
ഗമകിതശ്രാവണഗീതമൂ’
‘നാരദം’ എന്ന പദത്തിനോട് തുല്യമായ അർത്ഥമാണ് നീരദത്തിനും. നീര് (ജലം) ദാനം ചെയ്യുന്നതാണ് ‘നീരദം’. മേഘത്തിന് അങ്ങനെയാണ് നീരദം എന്ന പര്യായം കിട്ടിയത്.
‘മഹതീനിനാദ’ – നാരദൻ്റെ ‘മഹതി’ എന്ന വീണയിലെ നാദം.
*
അതവിടെ നില്ക്കട്ടെ, നാരദന് എന്തു സംഭവിച്ചെന്ന് നോക്കാം.
നാരദൻ ആ തടാകത്തിൽ ഇറങ്ങി മുങ്ങിയതോടെ ആ ജലത്തിൻ്റെ കുളിർമയിൽ ഒരല്പം മതിമറന്നു. ആ സുഖനിർവൃതിയിൽ അദ്ദേഹത്തിൻ്റെ നാവിലും മനസ്സിലും സദാ നിറഞ്ഞിരുന്ന ‘നാരായണമന്ത്രം’ ഒരല്പനേരത്തേക്ക് അപ്രത്യക്ഷമായി.
ആ സമയം മതിയായിരുന്നു, മായയ്ക്ക് അദ്ദേഹത്തെ പിടികൂടാൻ!
നാരദന് അതുവരെയുണ്ടായിരുന്ന ഓർമ്മകളൊക്കെ നിലച്ചു. അദ്ദേഹത്തിൻ്റെ തോന്നലിൽ സ്വന്തം രൂപവും മനസ്സുമൊക്കെ ഒരു സ്ത്രീയുടേതായി മാറി.
ആ നിമിഷം മുതൽ നാരദൻ ഒരു സ്ത്രീയാണ്. താൻ ആരാണെന്ന് മനസ്സിലാവാതെ അവൾ തടാകത്തിൽ നിന്ന് പുറത്തുവന്ന് പ്രകൃതിസൗന്ദര്യം നോക്കി നിന്നു.
ആ സമയം താലധ്വജൻ എന്ന രാജാവ് കുതിരപ്പുറത്ത് അതിലേ വന്നു. അദ്ദേഹത്തിന് ആ യുവതിയെ ഇഷ്ടമായി. ‘സൗഭാഗ്യസുന്ദരി’ എന്നദ്ദേഹം അവൾക്ക് പേരിട്ടു. തുടർന്നുള്ള അവരുടെ സംഭാഷണം അനുരാഗത്തിലും, പിന്നീടത് ദാമ്പത്യത്തിലും കലാശിച്ചു.
അവർക്ക് ധാരാളം കുട്ടികൾ ജനിച്ചു. കാലം പിന്നെയും മുന്നോട്ടു പോയി. അവരുടെ മക്കളും വിവാഹിതരായി. താമസിയാതെ കൊച്ചുമക്കളും ജനിച്ചു.
അങ്ങനെ വലിയ കുടുംബവും രാജ്യവും സമ്പൽസമൃദ്ധിയുമൊക്കെയായി സന്തോഷത്തോടെ അവർ കഴിയുമ്പോൾ അവിടെ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ദൂരദേശത്തെ ഒരു രാജാവും അദ്ദേഹത്തിൻ്റെ സൈന്യവും അവരെ ആക്രമിച്ചു.
യുദ്ധത്തിൽ ധാരാളം നാശനഷ്ടങ്ങളുണ്ടായി. അവരുടെ മക്കളും കൊച്ചുമക്കളുമൊക്കെ കൊല്ലപ്പെട്ടു. താലധ്വജന് യുദ്ധഭൂമിയിൽ നിന്ന് പിന്തിരിഞ്ഞോടുകയല്ലാതെ നിവർത്തിയുണ്ടായിരുന്നില്ല. അദ്ദേഹം ഓടി കൊട്ടാരത്തിലെത്തി സൗഭാഗ്യസുന്ദരിയെ കണ്ടു.
ശത്രുക്കൾ പോയപ്പോൾ അവർ രണ്ടുപേരും പടക്കളത്തിലിറങ്ങി മക്കളുടെയും കൊച്ചുമക്കളുടെയും മൃതശരീരങ്ങൾ കണ്ടു.
അവർക്ക് ദുഃഖം സഹിക്കാനായില്ല. പൊട്ടിക്കരഞ്ഞുകൊണ്ട് അവിടെ നിന്ന അവരുടെയടുത്ത് ഒരു വൃദ്ധബ്രാഹ്മണൻ എവിടെയോ നിന്ന് എത്തിച്ചേർന്നു. അത് മഹാവിഷ്ണുവായിരുന്നു.
അദ്ദേഹം പലതും പറഞ്ഞ് അവരെ സാന്ത്വനിപ്പിച്ചു. അദ്ദേഹത്തോടൊപ്പം നടന്ന് അവർ വീണ്ടും ആ പൊയ്കയുടെ തീരത്തെത്തി.
സൗഭാഗ്യസുന്ദരിയോട് ആ സരസ്സിൽ മുങ്ങി വരാൻ വൃദ്ധബ്രാഹ്മണൻ അവശ്യപ്പെട്ടു.
അതിനനുസരിച്ച് വെള്ളത്തിൽ മുങ്ങിയ ആ സ്ത്രീ പൊങ്ങി വന്നത് നാരദനായിട്ടാണ്!
അദ്ദേഹം കണ്ടത് മഹതി എന്ന തൻ്റെ വീണയും മാൻതോലും പിടിച്ച് തന്നെക്കാത്തു കരയിൽ നില്ക്കുന്ന വിഷ്ണുഭഗവാനെയാണ്!
സത്യത്തിൽ നാരദൻ ഒന്ന് മുങ്ങി പൊങ്ങി വരുന്ന സമയമേ എടുത്തുള്ളൂ. അതിനിടയിൽ നടന്ന മായയാണ് ബാക്കിയൊക്കെ!
ഏതാനും നിമിഷത്തേക്കു മാത്രം നമ്മൾ കാണുന്ന സ്വപ്നങ്ങൾക്ക് വലിയ വലിയ ജീവിതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളതു പോലെയാണ് മായ!
നമ്മൾ ഉണർന്നെഴുന്നേല്ക്കുമ്പോൾ സ്വപ്നം അപ്രത്യക്ഷമാവും. കുറേ വർഷങ്ങൾക്കു ശേഷം നമ്മളും ഈ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാവും.
സ്വപ്നത്തിൻ്റെ ഓർമ്മകൾ പതുക്കെ നമ്മളിൽ നിന്ന് ഇല്ലാതാവുന്നതു പോലെ ശതാബ്ദങ്ങൾക്കപ്പുറം നമ്മുടെ ഓർമ്മകളും ഈ ഭൂമുഖത്തു നിന്ന് ഇല്ലാതാവും.
അപ്പോൾ ഏതായിരുന്നു മിഥ്യയും സത്യവും?
വീണ്ടും ഒരു ഉത്തരമേ നമുക്കുള്ളൂ – “അറിയില്ല”!
*
എഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണം വായിച്ചിട്ടുണ്ടെങ്കിൽ നമ്മൾ ഇതും വായിച്ചിരിക്കും – ശ്രീരാമൻ ജനിച്ചപ്പോൾ അദ്ദേഹം വിഷ്ണുരൂപത്തിൽ നാല് കൈകളോടെയാണ് ജനിച്ചത്. മാതാവായ കൗസല്യയുടെ ആഗ്രഹമനുസരിച്ചാണ് അദ്ദേഹം ഒരു സാധാരണ ശിശുവായി രൂപം മാറിയത്.
ഭഗവാനെ നേരിൽ കണ്ട കൗസല്യ അദ്ദേഹത്തെ വന്ദിച്ചു സ്തുതിക്കുന്നുണ്ട്. അപ്പോൾ അവരുടെ വലിയൊരു ആഗ്രഹം പറയുന്നത് എഴുത്തച്ഛൻ്റെ വരികളിൽ ഇപ്രകാരമാണ്-
‘വിശ്വമോഹിനിയായ നിന്നുടെ മഹാമായ
വിശ്വേശ! മോഹിപ്പിച്ചീടായ്ക മാം ലക്ഷ്മീപതേ!’
വിശ്വമോഹിനിയായ നിൻ്റെ മഹാമായ എന്നെ മോഹിപ്പിക്കാതിരിക്കണം എന്നാണ് ആ അമ്മ മകനോട് ആവശ്യപ്പെടുന്നത്!
അതേ ഗ്രന്ഥം തന്നെ വായിച്ച് നമ്മൾ മുന്നോട്ടു പോകുമ്പോൾ ഗുരുവായ വസിഷ്ഠനും ഇതേ കാര്യം ശ്രീരാമനോട് ആവശ്യപ്പെടുന്നത് കാണാം.
‘യോഗേശ! തേ മഹാമായാഭഗവതി
ലോകൈകമോഹിനി മോഹിപ്പിയായ്ക മാം
ആചാര്യനിഷ്കൃതികാമൻ ഭവാനെങ്കി-
ലാശയം മായയാ മോഹിപ്പിയായ്ക മേ.’
ഈ ആചാര്യനു നീ ഗുരുദക്ഷിണ തരാൻ ആഗ്രഹിക്കുന്നെങ്കിൽ നിൻ്റെ മായ എന്നെ മോഹിപ്പിക്കാതിരിക്കണം എന്നാണ് വസിഷ്ഠനും ശ്രീരാമനോട് ആവശ്യപ്പെടുന്നത്!
കാരണം വസിഷ്ഠമഹർഷിക്കറിയാം, അദ്ദേഹത്തിൻ്റെ പിതാവായ ബ്രഹ്മാവ് പോലും മായയിൽ നിന്ന് രക്ഷപ്പെടാനാവാതെ മോഹസമുദ്രത്തിൽ നീന്തി നടക്കുകയാണെന്ന്!
എഴുത്തച്ഛൻ്റെ തന്നെ ഹരിനാമകീർത്തനത്തിലെ വരികളിൽ അതും പറയുന്നുണ്ട്-
‘അംഭോജസംഭവനുമൻപോടുനീന്തിബത
വൻമോഹവാരിധിയിലെന്നേടമോർത്തു മമ’
……….
അത്ര ശക്തയാണ് മായ!
This Post Has 18 Comments
Knower of thoughts gets caught in the net of thoughts and forgets for a while it’s real nature! Great writing!
Thank you so much!
Well written and informative.
Thank you so much!
The writing captivates by introducing bits of not so well known information and slowly leads the reader to elevating insights from our ancient philosophy. Hearty Congratulations 👏👏👏
Thank you so much!
Very nicely written Raj
Thank you so much, Santhosh!
Thank you so much, Dr. Betsy!
Nicely written these interesting stories from mythology Raj. So true Life is an illusion😊
Thank you so much, Dhanya!
സുഖമായി വായിച്ചു ആസ്വദിച്ചു !
മായാമോഹചെളിയിൽ ബോധമാകുന്ന താമര വിരിയിക്കാൻ കഴിയുന്നതാണല്ലോ മനുഷ്യജന്മത്തിന്റെ ലക്ഷ്യം .
പുതിയ ആശയങ്ങളും , കഥകളും തുടർന്നും വായിക്കാൻ ആഗ്രഹമുണ്ട് 😍👍
Thank you so much, Ashachechi!
Beautiful writing💐Keep it up!
Thank you so much!
Come out of your 🐚🌊 shell
Frankly speaking, I really enjoyed it
Keep going 💪🎈🎉
Thank you so much, Amrithachechi!
Come out of your 🐚🌊 shell
Frankly speaking, I really enjoyed it
Keep going 💪🎈🎉