പുരാണകാല ആഹാരരീതിയും ത്രിശങ്കുവും…

രാമായണത്തിലെ മുഖ്യകഥാപാത്രങ്ങളായ ശ്രീരാമനും സീതയും സസ്യാഹാരികളായിരുന്നോ അതോ മാംസവും കഴിക്കുമായിരുന്നോ?

ഈ അന്വേഷണം നടത്തുന്നത് പുരാണകാലത്തെ ശ്രേഷ്ഠരെന്ന് കരുതപ്പെടുന്ന ജനങ്ങളുടെ ആഹാരരീതികളും മറ്റും മനസ്സിലാക്കാനാണ്.

അപ്പോൾ മറ്റൊരു ചോദ്യവും ഇടയിൽ വന്നു – ‘പുരാണകാലം’ എന്നൊരു കാലമുണ്ടായിരുന്നോ??

പഴയ കഥകളിൽ നമ്മൾ സങ്കല്പിക്കുന്ന കാലം എന്നേ അതിനർത്ഥമുള്ളൂ. കഥകളിൽ പറയുന്ന കാര്യങ്ങളിൽ പലതും അതെഴുതിയ കാലഘട്ടങ്ങളിൽ നിലനിന്നിരുന്ന സംഭവങ്ങളാവാൻ സാധ്യതയുണ്ട്. കഥകളും ചരിത്രവും തമ്മിൽ അത്രയൊക്കെ ബന്ധം നമുക്ക് അനുമാനിക്കാൻ കഴിയും.

അപ്പോൾ ആദ്യത്തെ ചോദ്യത്തിലേക്ക് മടങ്ങിപ്പോവാം – ശ്രീരാമനും സീതയും ഫലമൂലാദികളും സസ്യങ്ങളും മാത്രമല്ല, മാംസവും കഴിക്കുമായിരുന്നു.

സീതാദേവി മാംസം വെലിയത്ത് ഉണക്കാൻ ഇട്ടിരുന്ന സംഭവം അദ്ധ്യാത്മരാമായണത്തിൽ ഇങ്ങനെ വർണ്ണിക്കുന്നുണ്ട്-

‘പലലമതു പരിചിനൊടുണക്കുവാൻ ചിക്കി ഞാൻ

പാർത്തതും കാത്തിരുന്നീടും ദശാന്തരേ’

(പലലം എന്നാൽ മാംസം എന്നർത്ഥം.)

അപ്പോൾ അക്കാലത്തെ ബ്രാഹ്മണരോ? അവർ മാംസം കഴിച്ചിരുന്നോ?

അവരും കഴിച്ചിരുന്നതായി സൂചനകളുണ്ട്, അദ്ധ്യാത്മരാമായണത്തിൽ തന്നെ.

‘ഒട്ടുനാളുണ്ടു മാംസം കൂട്ടിയുണ്ടിട്ടു

മൃഷ്ടമായുണ്ണേണമിന്നു നമുക്കെടോ?

ഛാഗമാംസം വേണമല്ലോ, കറി മമ

ത്യാഗിയല്ലോ ഭവാൻ ബ്രാഹ്മണസത്തമൻ.’

ഛാഗം എന്നാൽ ആട് എന്നർത്ഥം. ബ്രാഹ്മണനായ ശുകനോടാണ് ഒരു അതിഥി ഇപ്രകാരം പറയുന്നത്.

അപ്പോൾ ഏതോ ഒരു കാലത്ത് എല്ലാവരും മാംസാഹാരം കഴിച്ചിരുന്നതായി മനസ്സിലാക്കാം. അങ്ങനെയെങ്കിൽ ഏതു കാലം മുതലാവും വടക്കേ ഇന്ത്യയിലെ ഹൈന്ദവ സമൂഹം സസ്യാഹാരികളായി മാറിയത്?

അതിനുള്ള ഉത്തരം പറയാൻ ചരിത്രകാരന്മാർക്കോ നരവംശശാസ്ത്രജ്ഞർക്കോ കഴിയുമായിരിക്കും. അതവർക്കു വിടാം.

ഇങ്ങനെ ഒരിടത്തു നിന്ന് കിട്ടുന്ന സൂചനകളിൽ നിന്ന് പഠനം നടത്തി ഗതകാലത്തെപ്പറ്റിയുള്ള അറിവുകൾ ശേഖരിക്കുന്നതാണ് പഠനത്തിനായി കണ്ടെത്താവുന്ന നല്ല ഒരു മാർഗ്ഗം.

എന്തായാലും മാംസാഹാരം ഉപേക്ഷിച്ച് സസ്യാഹാരം മാത്രമായി ജീവിക്കാൻ തീരുമാനിച്ച ഒരു ജനതയെ ശ്ലാഘിക്കാതെ വയ്യ. മറ്റു ജീവികളുടെ വേദനയിൽ തങ്ങൾ പങ്കാളികളാവില്ല എന്ന ഉറച്ച തീരുമാനമെടുക്കാൻ നന്മയുള്ള മനസ്സുകൾക്കേ കഴിയൂ!

‘അപ്പോൾ സസ്യങ്ങൾക്കും ജീവനില്ലേ?’ എന്നൊരു പ്രതിവാദം ഉയർന്നു വന്നേക്കാം.

സസ്യങ്ങൾക്കും ജീവനുണ്ട്, എന്നാൽ അവയ്ക്ക് വേദനയുണ്ടെന്ന് കരുതാൻ കഴിയില്ല.

‘വേദന’ എന്നത് പ്രതികരിക്കാനോ അല്ലെങ്കിൽ ജീവൻ രക്ഷപ്പെടുത്താനോ വേണ്ടി ജീവികൾക്ക് അനുഭവിക്കേണ്ടിവരുന്ന ശാരീരികമായ വിഷമവും പ്രേരകശക്തിയും ആണ്. അപ്പോൾ നിന്നയിടത്തു നിന്ന് അനങ്ങാൻ കഴിയാത്ത സസ്യങ്ങൾക്ക് വേദനയുണ്ടെന്ന് അനുമാനിക്കാൻ കഴിയില്ല.

ഉപയോഗമില്ലാത്ത ഒന്നും പ്രകൃതി ജീവികൾക്ക് കൊടുക്കില്ലല്ലോ! ഉപയോഗിക്കാത്ത കണ്ണുകളുടെ കാഴ്ചശക്തി പോലും പരിണാമം വഴി ജീവിവർഗ്ഗങ്ങൾക്ക് നഷ്ടപ്പെട്ടു പോകുന്നു. അപ്പോൾ വേദനയോട് പ്രതികരിക്കാനോ ഓടി രക്ഷപ്പെടാനോ കഴിയാത്ത സസ്യങ്ങൾക്ക് വേദന ഉണ്ടാവില്ല.

‘സസ്യങ്ങൾക്കും വികാരമുണ്ട്’ എന്നൊക്കെ പലയിടത്തും വായിച്ചിട്ടുണ്ട്. ഉണ്ടാവാം. എന്നാലും അവയുടെ “വികാരവിചാരങ്ങൾ” ആ ജീവിവർഗ്ഗത്തിന് എത്രത്തോളം പ്രതികരിക്കാൻ കഴിയും എന്നതിൻ്റെ അളവിൽ മാത്രമേ ഉണ്ടാവുകയുള്ളൂ!

മറ്റു ജീവികളെ ആഹാരമാക്കുന്നതിലെ ദുഃഖാവസ്ഥ അവ അനുഭവിക്കേണ്ടിവരുന്ന വേദനയും മരണവെപ്രാളവും മറ്റുമാണ്.

അങ്ങനെ നോക്കുമ്പോൾ ആ വേദനയ്ക്ക് ഉത്തരവാദികളാവാതെ സ്വമനസ്സാലേ സസ്യാഹാരം തിരഞ്ഞെടുത്തവർ വലിയ മനസ്സിൻ്റെ ഉടമകളാണെന്നു വേണം കരുതാൻ.

ഈയിടെ ലോകത്തെവിടെയും സസ്യാഹാര രീതിയിലേക്ക് (vegan) മാറുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. സാവധാനത്തിലാണെങ്കിലും മാനവരാശി നന്മയിലേക്ക് നീങ്ങുന്നതിൻ്റെ ലക്ഷണമായി വേണം അതിനെ കണക്കാക്കാൻ.

എന്നാൽ മാംസഭുക്കുകളായ ജീവികളെയും നമുക്ക് കുറ്റപ്പെടുത്താൻ കഴിയില്ല. അവയ്ക്ക് പ്രകൃതി കൊടുത്തിട്ടുള്ള സ്വാഭാവികമായ ആഹാരരീതിയാണ് മറ്റു ജീവികളെ പിടിച്ച് ഭക്ഷണമാക്കുക എന്നത്. പ്രകൃതി അതിൻ്റെ സന്തുലിതാവസ്ഥ നിലനിർത്താൻ വേണ്ടിയാണ് ഇങ്ങനെയുള്ള ഒരു ജീവചക്രം നിർമ്മിച്ചിട്ടുള്ളതും.

അപ്പോൾ ഈ കഥയിലെ ശരിക്കുള്ള വില്ലൻ അല്ലെങ്കിൽ വില്ലത്തി ആരാണ്? – മറ്റാരുമല്ല, പ്രകൃതി തന്നെയാണ്!

പുരാണത്തിൽ നിന്ന് തുടങ്ങിയ എഴുത്ത് ഫിലോസഫിയിൽ എത്തി. അതാണ് വേണ്ടതും! നമ്മെ ചിന്തിക്കാനും പുരോഗമിക്കാനും പ്രേരിപ്പിക്കാത്ത പുരാണങ്ങളും മതങ്ങളും ഗ്രന്ഥങ്ങളും ഒന്നും മാനവികമല്ല!

*

കഥയിലേക്ക് തിരിച്ചുവരാം. ശ്രീരാമൻ ജനിച്ച സൂര്യവംശത്തിൽ അദ്ദേഹത്തിനു മുമ്പ് ജീവിച്ചിരുന്ന സത്യവ്രതൻ എന്നു പേരുള്ള ഒരു രാജാവുണ്ടായിരുന്നു.

അങ്ങനെ പറഞ്ഞാലൊന്നും ആളെ മനസ്സിലാവില്ല. അദ്ദേഹത്തിനൊരു വിളിപ്പേരുണ്ട് – ത്രിശങ്കു. ‘ത്രിശങ്കുസ്വർഗ്ഗത്തിൻ്റെ’ പേരിലെങ്കിലും അദ്ദേഹത്തെപ്പറ്റി കേട്ടിട്ടുള്ളവർ ധാരാളം കാണും!

സത്യവ്രതൻ വിവേകിയായും വിവേകശൂന്യനായും സ്വാർത്ഥനായുമൊക്കെ ഒരേ സമയം അറിയപ്പെട്ടിരുന്നു. ഒരിക്കൽ ഒരു വിവാഹം നടക്കുന്ന വേദിയിൽ നിന്ന് വധുവിനെ അയാൾ ബലമായി പിടിച്ചുകൊണ്ടു പോയിട്ടുണ്ട്.

അതിൻ്റെ പേരിൽ പിതാവായ മഹാരാജാവ് കുപിതനാവുകയും സത്യവ്രതനെ കൊട്ടാരത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ജീവിക്കാൻ മറ്റു വഴികളില്ലാതെ അയാൾ കാട്ടുമൃഗങ്ങളെ വേട്ടയാടിയും കായ്കനികൾ ഭക്ഷിച്ചും കഴിഞ്ഞു പോന്നു.

അക്കാലത്ത് വിശ്വാമിത്ര മഹർഷി ഒരു നദീതീരത്ത് തപസ്സു ചെയ്യുകയായിരുന്നു. അതു കാരണം അദ്ദേഹത്തിൻ്റെ ഭാര്യയും മൂന്നു കുട്ടികളും ആഹാരത്തിനു പോലും വഴിയില്ലാതെ ബുദ്ധിമുട്ടി. ഇതറിഞ്ഞ സത്യവ്രതൻ അവരെ രക്ഷിക്കാൻ തീരുമാനിച്ചു.

സത്യവ്രതൻ വേട്ടയാടുന്ന മൃഗങ്ങളുടെ പച്ചമാംസം ദിവസവും വിശ്വാമിത്രൻ്റെ ആശ്രമത്തിനു സമീപത്തുള്ള ഒരു വൃക്ഷത്തിൽ അദ്ദേഹത്തിൻ്റെ കുടുംബത്തിനു വേണ്ടി അയാൾ കെട്ടിത്തൂക്കി കൊടുക്കുമായിരുന്നു.

നോക്കണം, അക്കാലത്ത് മാംസാഹാരം എത്രയോ സാധാരണമായിരുന്നു എന്ന്!

അന്നും സൂര്യവംശത്തിൻ്റെ കുലഗുരു വസിഷ്ഠൻ തന്നെയായിരുന്നു. തന്നെ കൊട്ടാരത്തിൽ നിന്ന് പുറത്താക്കിയതിൻ്റെ അമർഷം സത്യവ്രതന് വസിഷ്ഠനോടുണ്ടായിരുന്നു. ഒരു ദിവസം വേട്ടയാടാനിറങ്ങിയ സത്യവ്രതൻ വസിഷ്ഠൻ്റെ ആശ്രമത്തിലെത്തി അവിടെയുണ്ടായിരുന്ന നന്ദിനി എന്ന പശുവിനെ മോഷ്ടിച്ചു. അതിനെ ആഹാരമാക്കുകയും ചെയ്തു.

ഇതറിഞ്ഞ വസിഷ്ഠന് കോപം സഹിക്കാനായില്ല. സത്യവ്രതൻ ചെയ്ത മൂന്ന് പാപങ്ങൾ (അന്യൻ്റെ ഭാര്യയെ അപഹരിക്കൽ, പിതൃകോപം ഏറ്റുവാങ്ങൽ, പശുമാംസാഹാരം എന്നിവ) മൂന്ന് ആണികളായി അയാളെ പീഡിപ്പിച്ചുകൊണ്ടിരിക്കും എന്ന് വസിഷ്ഠൻ ശപിച്ചു.

ആണിക്ക് ‘ശങ്കു’ എന്നും അർത്ഥമുണ്ട്. അങ്ങനെ മൂന്ന് ആണികൾ ഏറ്റുവാങ്ങിയ സത്യവ്രതൻ ‘ത്രിശങ്കു’ എന്ന പേരിൽ അറിയപ്പെട്ടു.

*

കാലം കടന്നുപോയി… ത്രിശങ്കുവായി മാറിയ സത്യവ്രതന് ഇതിനകം മാനസാന്തരം വന്നിരുന്നു. ചെയ്തുപോയ തെറ്റുകളുടെ പേരിൽ അയാൾ കഠിനമായി പശ്ചാത്തപിച്ചു. അയാൾ ഒരു യാഗം നടത്താൻ ആഗ്രഹിച്ചിരുന്നെങ്കിലും ത്രിശങ്കുവിനു വേണ്ടി അതു ചെയ്തുക്കൊടുക്കാൻ ആരും തയ്യാറായില്ല. നിസ്സംഗതയോടെ അയാൾ ഒരു ദേവീഭക്തനായി മാറി.

ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ത്രിശങ്കു ആത്മഹത്യ ചെയ്യാനും ഒരിക്കൽ ശ്രമിച്ചു. ആ സമയം ദേവി പ്രത്യക്ഷയായി അയാളെ അതിൽ നിന്നു പിന്തിരിപ്പിച്ചു.

ഈ സമയം ത്രിശങ്കുവിനെ കൊട്ടാരത്തിൽ നിന്നു പുറത്താക്കിയ അദ്ദേഹത്തിൻ്റെ പിതാവിനും പശ്ചാത്താപം തോന്നിയിരുന്നു. ത്രിശങ്കുവിനെ കണ്ടെത്താൻ അദ്ദേഹം കാട്ടിലേക്ക് മന്ത്രിമാരെയും മറ്റും അയച്ചു.

ത്രിശങ്കുവിനെ കണ്ടെത്തി കൊട്ടാരത്തിലെത്തിച്ച് അടുത്ത രാജാവായി വാഴിച്ച ശേഷം അദ്ദേഹത്തിൻ്റെ പിതാവ് തപസ്സിനായി കാട്ടിലേക്കു പോയി.

*

മുമ്പ് തപസ്സു ചെയ്യാൻ പോയ വിശ്വാമിത്രനും അതുല്യമായ തപശ്ശക്തിയൊക്കെ ആർജിച്ച് ഇതിനകം തിരിച്ചെത്തിയിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ പറഞ്ഞാണ് ത്രിശങ്കു തൻ്റെ കുടുംബത്തെ പട്ടിണിയിൽ നിന്ന് രക്ഷിച്ച വിവരം വിശ്വാമിത്രൻ അറിയുന്നത്.

വിശ്വാമിത്രന് ത്രിശങ്കുവിനോട് വലിയ കടപ്പാട് തോന്നി. മുമ്പൊരിക്കൽ ത്രിശങ്കു ഉടലോടെ സ്വർഗ്ഗത്തിലേക്ക് പോകാൻ ആഗ്രഹിച്ചിരുന്നതായി വിശ്വാമിത്രനറിയാം.

അദ്ദേഹത്തെ ഉടലോടെ സ്വർഗ്ഗത്തിലേക്ക് അയക്കാൻ വിശ്വാമിത്രൻ തയ്യാറായി. അതിനായുള്ള യാഗവും വിശ്വാമിത്രൻ തുടങ്ങി!

യാഗം ശക്തിപ്പെട്ടതോടെ ത്രിശങ്കു ഉടലോടെ മേല്പോട്ട് ഉയർന്നു. മുകളിലേക്ക് യാത്ര ചെയ്ത് അദ്ദേഹം സ്വർഗ്ഗത്തിൻ്റെ കവാടം വരെയെത്തി.

എന്നാൽ ത്രിശങ്കുവിനെപ്പോലെ ‘പേരുദോഷം’ കേട്ടയാളെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാൻ ഇന്ദ്രനും മറ്റുള്ള ദേവന്മാരും തയ്യാറായില്ല. ഇന്ദ്രൻ അദ്ദേഹത്തെ തള്ളി താഴെയിട്ടു!

തല കീഴായാണ് അദ്ദേഹം താഴേക്ക് പതിച്ചത്. പേടിച്ചരണ്ട ത്രിശങ്കു വിശ്വാമിത്രനെ വിളിച്ച് കരഞ്ഞു.

എന്നാൽ വിശ്വാമിത്രൻ്റെ തപശ്ശക്തി ഇന്ദ്രന് ഊഹിക്കാവുന്നതിനും അപ്പുറമായിരുന്നു! ത്രിശങ്കു അവിടെ നില്ക്കട്ടെ എന്ന് വിശ്വാമിത്രൻ ആജ്ഞാപിച്ചു!

അങ്ങനെ ത്രിശങ്കു ഭൂമിക്കും സ്വർഗ്ഗത്തിനും ഇടയിൽ കുടുങ്ങിപ്പോയി. മുകളിലേക്ക് പോകാൻ ഇന്ദ്രനും താഴേക്ക് വരാൻ വിശ്വാമിത്രനും അദ്ദേഹത്തെ അനുവദിച്ചില്ല. ഇതിനുള്ളിൽ ത്രിശങ്കു നില്ക്കുന്നിടത്ത് ഒരു സ്വർഗ്ഗം അദ്ദേഹത്തിനു മാത്രമായി വിശ്വാമിത്രൻ സൃഷ്ടിച്ചും കൊടുത്തു!

അങ്ങനെയാണ് അവിടെയും ഇവിടെയും ഇല്ലാതെ കുടുങ്ങിപ്പോകുന്ന അവസ്ഥയെ ‘ത്രിശങ്കുസ്വർഗ്ഗം’ എന്ന് വിളിച്ചുതുടങ്ങിയത്!

വിശ്വാമിത്രൻ വിട്ടില്ല. ത്രിശങ്കുവിനായി മാത്രം സൃഷ്ടിച്ച സ്വർഗ്ഗത്തിൽ അദ്ദേഹം ഇന്ദ്രനെയും മറ്റുള്ള ദേവന്മാരെയും കൂടി സൃഷ്ടിക്കാനൊരുങ്ങി.

അതോടെ ഇന്ദ്രൻ തോൽവി സമ്മതിച്ചു! അതങ്ങനെയാണല്ലോ – ആർക്കും സഹിക്കാനാവാത്ത അവസ്ഥ അവനവൻ്റെ ‘അപരൻ’ ഇറങ്ങുന്നതു തന്നെയാണ്!

ത്രിശങ്കുവിനെ തങ്ങളുടെ സ്വർഗ്ഗത്തിൽത്തന്നെ സ്വീകരിക്കാൻ അങ്ങനെ ഇന്ദ്രനും ദേവന്മാരും തയ്യാറായി. ഇന്ദ്രൻ തന്നെ ത്രിശങ്കുവിൻ്റെ അടുത്തെത്തി അദ്ദേഹത്തെ സ്വർഗ്ഗത്തിലേക്ക് ആനയിച്ചു.

ത്രിശങ്കു അങ്ങനെ പ്രശസ്തനായെങ്കിൽ അതിനേക്കാൾ പ്രശസ്തനായ ഒരു പുത്രൻ അദ്ദേഹത്തിനുണ്ടായിരുന്നു.

സത്യസന്ധതയുടെ പേരിൽ ലോകം വാഴ്ത്തുന്ന ഹരിശ്ചന്ദ്രൻ ത്രിശങ്കുവിൻ്റെ പുത്രനാണ്!

മുമ്പു പറഞ്ഞതുപോലെ, അയോദ്ധ്യയിൽ ശ്രീരാമൻ്റെ പൂർവ്വികരായ രാജാക്കന്മാരായിരുന്നു ഇവരെന്നതും ശ്രദ്ധേയമാണ്.

കഥകളോടൊപ്പം ചിന്തകളും തുടരട്ടെ!

This Post Has 26 Comments

  1. ആശ തിലകൻ

    കഥകളുടെ വേരുകൾ തേടിയിറങ്ങി വായനയുടെ നവരസങ്ങളെ അനായാസമായി എഴുതി ഫലിപ്പിക്കാൻ നല്ല കഴിവുണ്ട് എഴുത്തുകാരന് !
    എല്ലാ ആശംസകളും നേരുന്നു !
    അടുത്ത വായനക്കായി കാത്തിരിക്കുന്നു ….

    1. Raj Purushothaman

      Thank you! 🙂🙏

  2. എം.ശിവദാസൻ

    സാക്ഷാൽ ശ്രീരാമചന്ദ്രനോ ഇനി മറ്റു വല്ലവരുമൊക്കെ മാംസാഹാരം കഴിച്ചെന്നു വെച്ച് നാം അതു കഴിക്കണമെന്നുണ്ടോ? ഇല്ല എന്നു തന്നെയാണു എൻ്റെ അഭിപ്രായം.. ഞാൻ ഒരു സസ്യാഹാരിയാണു എന്നുകൂടി പറഞ്ഞുകൊള്ളുന്നു.

    1. Raj Purushothaman

      അങ്ങയുടെ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്.
      Thanks for reading and posting the comment. 🙂🙏

  3. Anonymous

    interesting to read the story. കേട്ടു മറന്നു പോയ കഥകളെ ഓർമിപ്പിച്ചതിന്നു നന്ദി 🙏

    1. Raj Purushothaman

      Thank you! 🙂🙏

  4. Santha

    ഒട്ടേറെ ചിന്തകളുടെ വിത്തുകൾ പാകിയ അവതരണം … keep writing 💐

    1. Raj Purushothaman

      Thank you! 🙂🙏

  5. AMRITHA MOHAN

    You are Great 👍
    Thank you for your Valuable information ℹ️
    Once more you have proven your Greatness
    Obviously, I could say that you are well – talented.
    Proud of you 👏 to be a great Writer

    1. Raj Purushothaman

      Thank you! 🙂🙏

  6. AMRITHA MOHAN

    You are Great 👍
    Thank you for your Valuable information ℹ️
    Once more you have proven your Greatness
    Obviously, I could say that you are well – talented.
    Proud of you 👏 to be a great Writer

    1. Anitha Renahan

      Wonderful presentation 👌👏👏👏proud of you Raj🥺 keep writing……

      1. Raj Purushothaman

        Thank you! 🙂🙏

  7. AMRITHA MOHAN T

    You are Great 👍
    Thank you for your Valuable information ℹ️
    Once more you have proven your Greatness
    Obviously, I could say that you are well – talented.
    Proud of you 👏 to be a great Writer

  8. Geetha TV

    ഗവേഷണപരമായ എഴുത്ത്. ശ്രേഷ്ഠം. അഭിനന്ദനങ്ങൾ.

    1. Raj Purushothaman

      Thank you! 🙂🙏

  9. Anonymous

    👍

    1. Raj Purushothaman

      Thank you! 🙂🙏

    2. Anitha Renahan

      Wonderful presentation 👌👏👏👏proud of you Raj🥺 keep writing……

      1. Raj Purushothaman

        Thank you! 🙂🙏

  10. Siny Lenin

    Beautiful presentation! I already know little bit of this story, but now it is very clear. I can even imagine each situation in this story. Feel like reading more on this.
    Waiting more from you 🙂

    1. Raj Purushothaman

      Thank you! 🙂🙏

  11. Dhanya

    Good to read these stories again through this well atriculated topic Raj. My family debate on this same story about eating non veg food.. that even Lord SriRam was a non vegetarian😅 But I made a conscious decision to become vegetarian 14 years back.. no regrets on that..

    1. Raj Purushothaman

      Thank you Dhanya. I understand you adopted vegetarian lifestyle from a non-veg background (?)
      Hope you didn’t have any health problems because of that! Sometimes such changes could be risky because of the deficiencies that may result (typical of any change in the food habit).

  12. Deepa

    Very informative article indeed. ഇത് വായിച്ചപ്പോൾ പുരാണങ്ങളിലെ കുറെ കാര്യങ്ങൾ വളരെ എളുപ്പം മനസ്സിലായി. കുറെ കാര്യങ്ങൾ കേട്ട് മറന്നവയാണ്. കുറെ complicated കാര്യങ്ങൾ വളരെ ലളിതമായി എഴുതി! Very nice! 👍👏. Plants are less evolved than animals. As you said, nature is the culprit. Carnivorous animals are supposed to kill their preys. However human beings are much more evolved than animals due to their ability to discriminate. Yes, we as human beings should make the right choices.
    Very nice article 👍.

    1. Raj Purushothaman

      Thanks Deepa! This comment makes me feel that you totally enjoyed reading. It’s a great inspiration! 🙂🙏

Leave a Reply